മോൺ.വി.പി.ജോസ്

Dec 8, 2019

സ്നേഹമായി ഈശോ ജനിക്കട്ടെ!

"എന്താണ് സ്നേഹം എന്നുചോദിച്ചാൽ
 

 
ഇമ്മാനുവേലൊരു ചൊല്ലുചൊല്ലും
 

 
ഇങ്ങോട്ടു വാങ്ങുന്നതല്ല സ്നേഹം
 

 
അങ്ങോട്ട് നല്കുന്നതാണു സ്നേഹം"

ദൈവസ്നേഹത്തിൻ്റെ ഏറ്റവും വലിയ ഉത്സവമാണ് ക്രിസ്മസ്. സ്വർഗം നൽകുന്ന സുരക്ഷിതത്വം വിട്ടുപേക്ഷിച്ച് ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേലായി മനുഷ്യപുത്രൻ മന്നിൽ ഭൂജാതനായതിൻ്റെ ഓർമ്മ പുതുക്കലാണല്ലോ അത്. ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ് അവിടുന്ന്. ഏശയ്യാ പ്രവാചകനിലൂടെ പിതാവായ ദൈവം അരുളിച്ചെയ്തു: "അതിനാൽ കർത്താവുതന്നെ നിനക്ക് അടയാളം തരും യുവതി ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും അവൻ ഇമ്മാനുവേൽ എന്ന് വിളിക്കപ്പെടും" (ഏശയ്യാ 7:14). ഇമ്മാനുവേലായ ഈ ദൈവസ്നേഹത്തെ വി.യോഹന്നാൻ അവതരിപ്പിച്ചു; "വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു" (യോഹ1:14).

അവിടുത്തെ ഈ മനുഷ്യാവതാരം ഒന്നും നേടാനല്ല തന്നെ തന്നെ മുഴുവനായും നൽകാനാണ്. അങ്ങനെയെങ്കിൽ ക്രിസ്മസ് സ്നേഹത്തിൻ്റെ ഉത്സവമാകുന്നത് പങ്കുവയ്ക്കുന്ന സ്നേഹമുള്ളിടത്താണ്. ആ സ്നേഹം ആദ്യം അവതരിക്കേണ്ടത് ഓരോരുത്തരുടെയും ഉള്ളിലാണ്. പിന്നെ കുടുംബത്തിലും സമൂഹത്തിലും. അതുകൊണ്ടാണ് പോപ്പ് അലക്‌സാണ്ടർ പറഞ്ഞത് ആയിരം തവണ ആയിരം പുൽക്കൂട്ടിൽ ഉണ്ണിഈശോ പിറന്നാലും നിൻ്റെ മനസ്സിൽ ഒരു തവണയെങ്കിലും ഈശോ ജനിക്കുന്നില്ലെങ്കിൽ ആ ക്രിസ്മസ് കൊണ്ട് അർത്ഥവുമില്ല.

"മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുമ്പോൾ

മനസ്സിൽ ദൈവം ജനിക്കുന്നു;

മനുഷ്യൻ മനുഷ്യനെ വെറുക്കുമ്പോൾ

മനസ്സിൽ ദൈവം മരിക്കുന്നു."

സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി മരിച്ച്, ദൈവത്തിൻ്റെ ഇഷ്ടത്തിനുവേണ്ടി ജീവിക്കാൻ തയ്യാറാകുമ്പോഴാണ് നമ്മുടെ ഉള്ളിൽ ദൈവപുത്രന് ജീവിക്കാനാവുന്നത് - അവിടുന്ന് എൻ്റെ ജീവിതത്തിൽ "ഇമ്മാനുവേൽ" ആകുന്നത്. സ്വന്തം ഇഷ്ടങ്ങളെ മാറ്റിവച്ച് കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി, മാതാപിതാക്കൾക്കുവേണ്ടി, സഹോദരങ്ങൾക്കുവേണ്ടി- ജീവിക്കാൻ തയാറാക്കുമ്പോൾ കുടുംബത്തിൽ ഈശോ ജനിക്കുന്നു. സമൂഹത്തിലെ അംഗങ്ങൾ നിഷ്കളങ്കരായി സ്നേഹിക്കാൻ തയ്യാറാകുമ്പോൾ - സത്യത്തിനും നീതിക്കും സാക്ഷ്യം വഹിക്കാൻ, തിന്മക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കാൻ, അപരൻ്റെ വളർച്ചക്ക് വളമായി മാറാൻ, കത്തുന്ന മെഴുകുതിരിയുടെ ദൗത്യം ഏറ്റെടുക്കാൻ തയ്യാറാകുമ്പോൾ- സമൂഹത്തിൽ ഈശോ ജനിക്കും. ഓർക്കുക മനസ്സിൽ ദൈവം ജനിക്കുമ്പോൾ കുടുംബത്തിലും സമൂഹത്തിലും ജനിക്കും. അത് അന്ധകാരത്തിൻ്റെ കൂരിരുൾ മാറ്റി പ്രകാശത്തിൻ്റെ പൊൻകിരണം വിതറുന്നു. അത് സ്വീകരിക്കലിൻ്റെതല്ല, കൊടുക്കലിൻ്റെ സ്നേഹമാണ്. ആയതിനാൽ വ്യക്തിബന്ധങ്ങളെ അകറ്റുന്ന തിന്മയുടെയും വിഘടനത്തിൻ്റെയും വിദ്വേഷത്തിൻ്റെയും മതിൽ കെട്ടുകളെ തകർത്ത്, നിഷ്കളങ്കതയുടെ നിസ്വാർത്ഥ സ്നേഹത്തിനു ഉടമകളായി തിരുപ്പിറവി ആഘോഷങ്ങൾ അർത്ഥപൂർണമാക്കാം.

ഈ സ്നേഹത്തിൻ്റെ ഏറ്റവും വലിയ സവിശേഷത ആരെയും മാറ്റി നിർത്താതെ എല്ലാവർക്കും നന്മയായി മാറുക എന്നതാണ്. കുരിശിൽ കിടക്കുമ്പോൾപോലും അവിടുന്ന് തന്നെ വേദനിപ്പിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചില്ലേ: "പിതാവേ, അവരോട് ക്ഷമിക്കണമേ; അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല." (ലൂക്ക 23:24)

ഗുരു പുഴത്തീരത്തിരുന്ന് വെള്ളപ്പൊക്കത്തിൽ ഒഴുകിവരുന്ന ജീവികളെ രക്ഷിക്കുകയായിരുന്നു. അവസാനം ഒഴുകിവന്നത് ഒരു തേളായിരുന്നു. തേളിനെ എടുത്ത് കരക്കുവിട്ടപ്പോഴേക്കും തേൾ ഗുരുവിൻ്റെ കൈയിൽ കടിച്ചു. പെട്ടെന്ന് കൈ കുടഞ്ഞ ഗുരുവിൻ്റെ മുഖത്ത് നോക്കി അതുവരെ കൗതകത്തോടെ നോക്കിനിന്ന ശിഷ്യൻ ചോദിച്ചു: ഇത്രയും കാലമായിട്ടും തേളിനെ പിടിച്ചാൽ അത് കടിക്കും എന്ന് ഗുരുവിന് അറിയില്ലേ? ഗുരു ശാന്തനായി പറഞ്ഞു : കടിക്കുക എന്നത് തേളിൻ്റെ പ്രകൃതമാണ്; രക്ഷിക്കുക എന്നത് എൻ്റെ ദൗത്യവും.

തിരിഞ്ഞുകടിച്ച് ആരാച്ചാരന്മാരായി മാറുന്ന ശത്രു പക്ഷത്ത് നിൽക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഗുരു തന്നെയാണ് നമുക്ക് മാതൃക. നിന്നെ വേദനിപ്പിക്കുന്നവരെ, ഒറ്റപ്പെടുത്തുന്നവരെ, വിമർശിക്കുന്നവരെ, സംശയിക്കുന്നവരെ, അവഗണിക്കുന്നവരെ, അവഹേളിക്കുന്നവരെ, മുഖത്ത്നോക്കി തെറിവിളിക്കുന്നവരെ, ചെയ്യാത്തകുറ്റം ചുമത്തി താറടിക്കുന്നവരെ, ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ നോക്കി ചിരിക്കാൻ സാധിക്കുമ്പോൾ, അവർക്ക് നന്മ ചെയ്തുകൊടുക്കുമ്പോൾ , അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ സാധിക്കുമ്പോൾ, അവരെ ആത്മാർഥമായി സ്‌നേഹിക്കുമ്പോൾ നമ്മുടെ മനസുകളിൽ ഈശോ പിറക്കും. അപ്പോൾ യേശുവിൻ്റെ പിറന്നാൾ ആഘോഷങ്ങൾക്ക് അർത്ഥമുണ്ടാകും.

അർത്ഥവത്തായി ക്രിസ്മസ് ആഘോഷിക്കാൻ നിങ്ങൾക്ക് കഴിയട്ടേയെന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.

സ്നേഹാശംസകളോടെ ,

ജോസച്ചൻ

#christmas

    1270
    0