ദിവ്യ പി. ദേവ്

May 18, 2021

അവളൊരു സുവിശേഷമാകുമ്പോൾ!

അവർക്ക് പകരം എന്നെ കൊന്നോളൂ എന്നു പറയാൻ ചങ്കുറപ്പ് കാട്ടിയും അന്നും ഇന്നും 'അവൾ' സുവിശേഷമായി മാറി..
 
ജീവന്റെ തുടിപ്പുണർത്തുന്നതും സ്നേഹത്തിന്റെ നനവ് സമ്മാനിക്കുന്നതുമാണ് സ്ത്രീയെ സംബന്ധിച്ച ഏതൊരു വിചാരവും ഓർമയും...ഭാരമില്ലാതെ ഗർഭപാത്രം ചുമന്നും സ്വയം തൊട്ടിലായി മാറി സംരക്ഷണ വലയം തീർത്തും കരുതലും കരുണയും ആവോളം നല്കി പോറ്റി വളർത്തിയും ശുശ്രൂഷിക്കാൻ മിടുക്കുകാട്ടിയും വേണമെങ്കിൽ അവർക്ക് പകരം എന്നെ കൊന്നോളൂ എന്നു പറയാൻ ചങ്കുറപ്പ് കാട്ടിയും അന്നും ഇന്നും 'അവൾ' സുവിശേഷമായി മാറി..
 
കാൽവരിയിൽ സ്വന്തം ജീവൻ പണയപ്പെടുത്തി കുരിശിനെ പരിണയിച്ച് അവൻ നേടി തന്ന രക്ഷയിലൂടെ അനേകർക്കവൻ സുവിശേഷമായി മാറി. പുതിയൊരു യുഗത്തിനും തുടക്കമിട്ടു. അവൻ നേടിത്തന്ന രക്ഷയും ജീവനും അനേകർക്ക് പകർന്നുകൊടുക്കുവാനുള്ള സന്നദ്ധത പ്രകടിപ്പിക്കുവാൻ നമുക്ക് ആകുന്നുണ്ടോ? സുവിശേഷമായവൻ സുവിശേഷമാകാനും സുവിശേഷമേകാനും നമ്മെ വിളിക്കുന്നു. തീക്ഷ്ണമായി കരങ്ങൾ വിരിച്ച് സന്നദ്ധത പ്രകടിപ്പിക്കുമ്പോൾ പ്രകാശത്തിന്റെ മക്കളായി നാം മാറുകയല്ലേ? ദൈവരാജ്യ വിസ്തൃതിക്കായി യേശുവിന്റെ ശുശ്രൂഷയുടെ പിൻതുടർച്ചക്കാരാകാൻ പുരുഷനൊപ്പം സ്ത്രീക്കും ആകുമെന്ന് മ്യാൻമാറിലെ സന്ന്യാസിനി നമ്മെ ഓർമിപ്പിക്കുന്നു. ക്രിസ്തുവിൽ പ്രകാശിക്കുന്ന ഇത്തരത്തിലെ ഒട്ടനവധിപേർ നമുക്കുചുറ്റുമുണ്ട്. അടുക്കളയിലെ വിയർപ്പൊഴുക്ക് തുടങ്ങി കലാപഭൂമിയിലെ മുട്ടിന്മേലുള്ള ആ നില്പ് വരെ അത് പരന്നു കിടക്കുന്നു...ജീവൻ സമൃദ്ധമായി നല്കാൻ വന്ന അവന്റെ കാൽവരി യാത്രയാണ് ഓരോ ദിവസവും അവൾ നടത്തുന്നതും നടത്തേണ്ടതും...കുടുംബത്തിലും സമൂഹത്തിലും സഭയിലും അവൾക്ക് നല്കാവുന്ന സംഭാവനകൾ കാരുണ്യത്തിന്റേതാണ്..
 
മത്തായി സുവിശേഷകൻ യേശുവിന്റെ വംശാവലി അവതരിപ്പിക്കുന്നതിൽ "ജോസഫ് മറിയത്തിന്റെ ഭർത്താവായിരുന്നു. അവളിൽ നിന്ന് യേശു ജനിച്ചു." എന്ന് പറയുകവഴി ജോസഫിന് ക്രിയാത്മകമായ പങ്കില്ലെന്നും എന്നാൽ മറിയത്തിന് പ്രധാന ദൗത്യമുണ്ടെന്നും വ്യക്തമാക്കുന്നു. ദൈവത്തിന്റെ അസാധാരണമായ ഇടപെടലിലൂടെ സംഭവിച്ച ഒന്നാണ്‌ യേശുവിന്റെ ജനനം. ഇവിടെ മറിയത്തിന്റെ സ്വയാർപ്പണവും വിട്ടുകൊടുക്കലുമാണ് ശ്രദ്ധേയമാകുന്നത്. മറിയം ഒരു മാധ്യമമായി മാറുകയാണ്. മാനുഷിക ശക്തിയിൽ ആശ്രയിക്കാതെ ദൈവിക ശക്തിയിൽ ആശ്രയിക്കാനും അതുവഴി ദൈവത്തിന്റെ രക്ഷ ഒഴുകി ഇറങ്ങാനുള്ള ഒരു ചാലാക്കി ജീവിതങ്ങളെ സമർപ്പിക്കാനും അമ്മ ഓരോ സ്ത്രീകളോടും ആവശ്യപ്പെടുന്നു. സ്ത്രീകളിൽ ഏറ്റവും അസാധാരണമായ മറിയത്തിന്റെ മാതൃകയാണ് ഓരോ സ്ത്രീയും അനുനിമിഷം നിവർത്തിക്കേണ്ടത്. മറിയത്തിലൂടെ യേശു ഭൂജാതനായപ്പോൾ ഇസ്രായേൽ ജനത പ്രതീക്ഷിച്ചിരുന്ന രക്ഷ സദ്വാർത്തയായി അവർ കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. പ്രസവ വേദന കടിച്ചമർത്തി ഒരു കുഞ്ഞിന് ഒരമ്മ ജന്മം നല്കുമ്പോൾ എത്രയോപേർക്ക് അത് ആഹ്ലാദത്തിന് കാരണമാകുന്നു. അവരെ കൊല്ലരുത്: അവർക്ക് പകരം വേണമെങ്കിൽ എന്നെ കൊന്നോളൂ എന്നു പറഞ്ഞു കരങ്ങൾ വിരിച്ചു പിടിച്ച മ്യാൻമാറിലെ ആൻ റോസ് എന്ന സന്ന്യാസിനിയുടെ മനസ്സിൽ വിരിഞ്ഞ വികാരവും എന്തായിരിക്കും. തന്റെ പിന്നിൽ തടിച്ചു കൂടിയിരിക്കുന്നവരുടെ മരണ വാർത്ത അശുഭവാർത്തയായി ഒരിക്കലും മാറാതിരിക്കാൻ ആഗ്രഹിച്ച ആ സന്ന്യാസിനിയുടെ ജീവിതവും ഒരു സുവിശേഷമായി മാറിയ പോലെ! ദൈവഹിതാനുസരണം ജീവിതത്തെ ക്രമപ്പെടുത്തിയവർക്കാണിങ്ങനെ പ്രകാശിക്കാൻ സാധിക്കുന്നത്. തീക്ഷ്ണമായ ഇടപെടലുകളും വിശുദ്ധമായ ജീവിതവും അതിൽ ഉറച്ചു നില്ക്കാനുള്ള ചങ്കുറപ്പുമാണ് ഓരോ സ്ത്രീയെയും കൂടുതൽ മനോഹരിയാക്കുന്നത്...
 
അവൾ ഉൾപ്പെടുന്ന ഇടങ്ങളെ ഏറെ മനോഹരമാക്കാൻ അവൾക്കല്ലാതെ മറ്റാർക്കും സാധിക്കില്ല.
 
"യാത്രാമധ്യേ അവർ താമസിച്ചിരുന്ന സ്ഥലത്ത് കർത്താവ് പ്രത്യക്ഷനായി മോശയെ വധിക്കാനൊരുങ്ങി" (പുറപ്പാട് 4:24) ഉടനെ കല്ക്കത്തി എടുത്ത് തന്റെ പുത്രന്റെ അഗ്രചർമം സിപ്പോറ മുറിക്കുകയാണ്. അങ്ങനെ വിമോചന നായകനായ മോശയെ നമുക്ക് ലഭിച്ചില്ലേ…?
 
നല്ല നേതാക്കന്മാരും നല്ല അപ്പനും അമ്മയും വൈദികരും സന്യസ്ഥരുമെല്ലാം ഒരു നല്ല അമ്മയുടെ ശിക്ഷണത്തിലും സമയോചിതമായ ഇടപെടൽ കൊണ്ടും ഉണ്ടായിട്ടുള്ളവരാണ്. ഭക്ത്യാഭ്യാസങ്ങൾ മുറതെറ്റാതെ ചൊല്ലാനും ചൊല്ലിപ്പിക്കാനും അമ്മ തന്നെ വേണം. ജപമാലയില്ലാതെ ഒരു നിമിഷം പോലും എന്റെ അമ്മച്ചിയെ കുറിച്ചോർക്കാനാകില്ല.
 
നാവിൽ എപ്പോഴും ജപമണികൾ മുഴങ്ങിക്കൊണ്ടിരിക്കും.
 
അവളോളം കല്പനകളൊക്കെ പാലിക്കാനും കുരിശു വരക്കാൻ പഠിപ്പിക്കാനും ആർക്കാണ് സാധിക്കുക! "നിങ്ങൾ പാലിക്കേണ്ട ഉടമ്പടി ഇതാണ്: നിങ്ങളിൽ പുരുഷന്മാർ എല്ലാവരും പരിശ്ചേദനം ചെയ്യണം" (ഉൽപ്പത്തി 17:10). സമയോചിതമായ സിപ്പോറയുടെ ഇടപെടൽ മോശയെ നേടിതന്നില്ലേ? ദൈവത്തിന്റെ ഉടമ്പടി കാത്തു പാലിക്കാൻ ആ സമയം അവൾ ഓർത്തില്ലായിരുന്നെങ്കിൽ ഈജിപ്തിൽ നിന്നുള്ള വിമോചനം മോശയുടെ കരങ്ങളാൽ സാധ്യമാകുമായിരുന്നോ?
 
"സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും" (മത്തായി 12:50). യേശുവിന്റെ ഇത്തരത്തിലെ പ്രതികരണം മറിയത്തെ താഴ്ത്തിപറയാനാണ് എന്ന് പലരും ചിന്തിക്കുന്നുണ്ടാകും.
 
എന്നാൽ ദൈവഹിതം അനുസരിച്ചു പ്രവർത്തിച്ചതിനാൽ തനിക്ക് ജന്മമേകി എന്നതിലുപരി മറിയം യേശുവിന്റെ ഉത്തമ ശിഷ്യയായി മാറുന്നു...സ്ത്രീകളിൽ അതിമനോഹരിയായും ശ്രേഷ്ഠയായും ഉയർത്തപ്പെടുന്നു. ദൈവഹിതം മനസ്സിലാക്കി മകന്റെ സഹനത്തിലും അമ്മ പങ്കുചേരുന്നു. സ്വന്തം പദ്ധതികളും സ്വപ്നങ്ങളും വിജയം കാണാൻ പലതും ചെയ്തു കൂട്ടുന്ന നമുക്ക് ദൈവഹിതാനുസരണം ജീവിക്കുന്നതിന്റെ മഹനീയത അമ്മ പറഞ്ഞുതരുന്നു. കുടുംബത്തിലും സമൂഹത്തിലും സഭയിലും സുവിശേഷമായി മാറാൻ അമ്മ നല്കുന്ന തീക്ഷ്ണത ഏറെ വലുതാണ്.
 
"Bloom where you are planted"(നട്ടിടത്ത് പുഷ്പിക്കുക)എവിടെ ആയിരിക്കുന്നുവോ അവിടെ സുവിശേഷത്തിന്റെ ഇടമായി കണ്ട് ജോലി ചെയ്യാനും പുഷ്പിക്കാനും നമുക്കു സാധിക്കണം.
 
കുരിശിൻ ചുവട്ടിൽ വച്ച് "സ്‌ത്രീയേ, ഇതാ നിന്റെ മകൻ" എന്ന് ഉരുവിട്ടുകൊണ്ട് മനുഷ്യകുലത്തെ മുഴുവൻ യേശു മറിയത്തിന് ഭരമേല്പ്പിക്കുന്നു. ഈ ഭരമേല്പ്പിക്കലിനെ മറിയം ദൈവാനുഗ്രഹമായി കണ്ടു. നമ്മുടെയൊക്കെ അനുദിന ജീവിതത്തിൽ ഉണ്ടാകുന്ന ഭരമേൽപ്പിക്കലുകളെ സന്തോഷപൂർവം സ്വീകരിക്കുന്നതിന് നമുക്ക് സാധിക്കുന്നുണ്ടോ?
 
ജോലി കൂടി പോയി എന്ന് പരിഭവം കാട്ടുന്നതിനു പകരം സന്തോഷത്തോടും സ്നേഹത്തോടും തീക്ഷ്ണതയോടും കൂടി ജോലികാര്യങ്ങൾ നിർവഹിക്കുമ്പോൾ അത് ഭാരമാകുന്നില്ല. മറിച്ച് അനുഗ്രഹമായി മാറുന്നു. ഒരു ഗുരുവിനോട് ശിഷ്യൻ ചോദിക്കുകയാണ്: അല്ലയോ ഗുരോ, അങ്ങേക്ക് എങ്ങനെ എപ്പോഴും സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നു? ഗുരുവിന്റെ ഉത്തരം ചിന്തിപ്പിക്കുന്നതാണ്: സന്തോഷിക്കാൻ കുഞ്ഞു കുഞ്ഞു കാരണങ്ങൾ കണ്ടെത്തുകയാണ് പ്രധാനം...
 
നമ്മുടെ മുന്നിൽ ഒത്തിരി ഒത്തിരി കാരണങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ദൈവം തമ്പുരാൻ നല്കിയ നിരവധിയായ അനുഗ്രഹങ്ങളെ ഒന്നു ചികഞ്ഞെടുക്കാൻ ശ്രമിച്ചാൽ ആഹ്ലാദത്തിന്റെ വൻമതിൽ തന്നെ സൃഷ്ടിക്കാൻ നമുക്കു സാധിക്കും.
 
നമ്മുടെ കടമകളും ഉത്തരവാദിത്വങ്ങളും ഭാരമാകാതിരിക്കാൻ അവയെ അനുഗ്രഹമായി സ്വീകരിക്കുകയാണ് വേണ്ടത്. ഏതൊരു ജോലിയും സന്തോഷത്തോടെ ചെയ്യുക എന്നത് ഏറെ പ്രധാനമാണ്. ഒരു കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നതും പ്രസവിക്കുന്നതും മുലയൂട്ടുന്നതും കുളിപ്പിക്കുന്നതും പഠിപ്പിക്കുന്നതും അന്നമൊരുക്കുന്നതും വിളമ്പുന്നതും ഒക്കെ ഭാരമാകാതിരിക്കട്ടെ. ഓർമിക്കാം: ഭരമേല്പിക്കലുകൾ ഒരിക്കലും ഭാരമല്ല. ഭാരപ്പെടുമ്പോൾ പരിഭവങ്ങളും കൂടുന്നു. പരിഭവങ്ങൾ കൂടി പിരിമുറുക്കവും ക്ഷീണവും രോഗങ്ങളും നമ്മെ പിടികൂടാം. അതിന് ഇടം കൊടുക്കാതിരിക്കാം. എല്ലാത്തിലും ക്രമവും അടുക്കും ചിട്ടയും വരുത്താൻ അവൾക്കോളം ആർക്കും കഴിയില്ലെന്ന് തോന്നുന്നു. നമ്മുടെ കുടുംബങ്ങളിൽ, സമൂഹത്തിൽ, സഭയിൽ താളവും ക്രമവും നല്കുന്ന അവളുടെ ചലനം ഉറപ്പാക്കാം. അവളെന്നും സുവിശേഷമായി നിലകൊള്ളാൻ അവളെയും കൂടെകൂട്ടാം… ചെറിയൊരു കൈയ്യടി അർഹിക്കുന്ന പക്ഷം അത് അവൾക്ക് നല്കുക… അപരന്റെ സുഖദുഃഖങ്ങളിൽ പങ്കുചേർന്നും ആവശ്യഘട്ടങ്ങളിൽ കൂടുതൽ വിയർപ്പൊഴുക്കിയും സ്വജീവൻ തന്നെ പകുത്തു നല്കാൻ അതവൾക്ക് ധൈര്യം നല്കും...
 
യേശുവിന്റെ ദാഹം തിരിച്ചറിഞ്ഞ ഒരു ധീരവനിതയെ നമുക്ക് സുപരിചിതമാണ്. കല്കട്ടയിലെ തെരുവോരങ്ങളിലും
 
പുഴുക്കളരിക്കുന്ന മനുഷ്യരിലേക്കും പ്രകാശം പോലെ ഓടിയെത്തിയ മദർ തെരേസാ. "എനിക്ക് ദാഹിക്കുന്നു" എന്ന യേശുവിന്റെ വാക്കുകൾ ഹൃദയം കൊണ്ട് കേൾക്കാൻ തയ്യാറായപ്പോൾ അവളുടെ ജീവിതം പുഷ്പവാടിയായി ഉയർന്നത് കണ്ടോ! ആ പുഴുക്കളരിക്കുന്ന ശരീരം അവൾക്കൊരിക്കലും ഭാരമാകാത്തത് എന്തേ? വിശക്കുന്നവന് അപ്പമാകേണ്ടതാണ് എന്റെ ജീവിതം...
 
കനൽ ജീവിതങ്ങളിൽ കരുണയായി പെയ്തിറങ്ങേണ്ടതാണ് എന്റെ ജീവിതം...
 
കൊടും ചൂടിൽ വിയർപ്പായി സ്നേഹത്തിന്റെ അപ്പമായി മാറേണ്ടതാണ് എന്റെ ജീവിതം..
 
മുറിപ്പെട്ടവന്റെ മുറിവുണക്കി വൈദ്യനായി മാറേണ്ടതാണ് എന്റെ ജീവിതം...
 
കരുണയും സ്നേഹവും കരുതലും അവളുടെ ഭാവങ്ങളാണ്. സ്ത്രൈണത അവനിൽ നിറഞ്ഞു തുളുമ്പിയിരുന്നത് പോലും എനിക്കും നിനക്കും അപ്പമാകാനും വിളമ്പാനും ക്ഷമിക്കാനും താങ്ങാകാനും ഒക്കെ ആയിരുന്നില്ലേ?
 
എന്നെ കൊന്നോളൂ; വേണമെങ്കിൽ അവർക്കുപകരം എന്നെ കൊന്നോളൂ...ഈ വാക്കുകൾ കാൽവരി ചിന്ത ഉണർത്തുന്നു..എനിക്ക് വേണ്ടി കുരിശ് ഏറ്റുവാങ്ങിയവനെ.....
 

    350
    1