ഫാ. അനുരാജ്

Dec 25, 2020

​സ്വയം സമ്മാനമാവുക

Updated: Dec 16, 2021

സ്വയം സമ്മാനമാവുക എന്നതാണ് ഒരാൾക്ക് നൽകാൻ കഴിയുന്ന അമൂല്യ സമ്മാനം. വിലപിടിപ്പുള്ള പൊതിക്കെട്ടുകളേക്കാൾ വിലമതിക്കാനാകാത്ത സാന്നിധ്യമാണ് യഥാർത്ഥ സമ്മാനം.

ദൈവം സ്വയം സമ്മാനമായതിന്റെ, സാന്നിധ്യത്താൽ ദൈവം നമ്മോടുകൂടെ (എമ്മാനുവേൽ) ആയതിന്റെ ഓർമ്മയാണ് ക്രിസ്മസ്.

ദൈവം നൽകിയ ഈ സമ്മാനം സ്വീകരിക്കാനും നാം തന്നെ ഒരു സമ്മാനമാകാനും ക്രിസ്മസ് നമ്മെ ഓർമിപ്പിക്കുന്നു.

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ !

ഈ കാലയളവിൽ നാം ഏറ്റവും കൂടുതൽ കേൾക്കുന്ന വചനങ്ങളിൽ ഒന്നാണ്


 
"ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍െറ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്‍െറ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു. ...ഇതായിരിക്കും നിങ്ങള്‍ക്ക്‌
 
അടയാളം: പിള്ളക്കച്ചകൊണ്ട്‌ പൊതിഞ്ഞ്‌, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. ...ദൂതന്‍മാര്‍ അവരെവിട്ട്‌, സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്‍മാര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു."

(cf. ലൂക്കാ 2:10-16)

ഇവിടെ രണ്ട് കാര്യങ്ങൾ നമ്മുടെ സവിശേഷ ശ്രദ്ധ ക്ഷണിക്കുന്നു. 1) ഇടയന്മാർക്ക് നൽകിയ "അടയാളം" 2) "...അവർ അതിവേഗം പോയി..."

1) അടയാളം : "പിള്ളക്കച്ചകൊണ്ട്‌ പൊതിഞ്ഞ്‌, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും". അസാധാരണമായി ഒന്നുമില്ല. അത്ഭുതകരമായ വസ്തുതകളോ പ്രതാപം വർണിക്കുന്ന വാക്കുകളോ ഇല്ല. മറ്റെല്ലാ കുഞ്ഞുങ്ങളെയും പോലെ പരസഹായം കൂടാതെ ഒന്നും ചെയ്യാൻ സാധിക്കാത്ത, അമ്മയുടെ കരുതലും മനുഷ്യരുടെ സ്നേഹവും ആവശ്യമായ, എന്നാൽ അല്പം വ്യത്യസ്തമായി തൊട്ടിലിനു പകരം പുൽത്തൊട്ടിയിൽ കിടക്കുന്ന, ഒരു കുഞ്ഞ്. അതെ, ദൈവത്തിന്റെ അടയാളം സഹായം ആവശ്യമായ ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു കുഞ്ഞിന്റേതാണ് - ലാളിത്യമാണ്.


 
ഇന്നും നമ്മൾ ദൈവത്തെ കണ്ടുമുട്ടുന്നത് ദരിദ്രരിലും സഹായം ആവശ്യമായിരിക്കുന്നവരിലും തന്നെയാണ്. യേശു തന്നെ പഠിപ്പിച്ചതും അതാണല്ലോ : "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌ " (മത്താ 25 : 40). അതെ, എളിയ സഹോദരർക്ക് മുന്നിൽ നിറ സാന്നിധ്യമാകാൻ നമുക്ക് കഴിഞ്ഞാൽ നാം അവർക്ക് ഒരു സമ്മാനമാകും.

നമ്മുടെ സഹായം ധനം കൊണ്ട് മാത്രമല്ല, നമ്മുടെ ദയ, അറിവ്, പ്രാർത്ഥന, നമ്മുടെ സമയം, ഒരു വാക്ക് എന്തിനേറെ നമ്മുടെ ഒരു പുഞ്ചിരി പോലും സഹായമാണ്, സമ്മാനമാണ്.

സമ്മാനങ്ങൾ വിശിഷ്ടമാകുന്നത് അത് നൽകുന്നവരുടെ വൈശിഷ്ട്യം കൊണ്ടാണ്. ആഗ്രഹിക്കാതെ ലഭിക്കുന്ന സമ്മാനങ്ങൾക്കും പ്രതീക്ഷിക്കാത്തവർക്ക് നൽകുന്ന സമ്മാനങ്ങൾക്കും ഒരു സ്വാഭാവിക വിശുദ്ധിയുണ്ട്. ഈ വിശുദ്ധിയിലേക്കാണ് ദൈവം നമ്മെയെല്ലാവരെയും ക്ഷണിച്ചിരിക്കുന്നത്.

2) ".. അവർ അതിവേഗം പോയി...":

തീർച്ചയായും അസാധാരണമായ സംഭവത്തെ പറ്റിയാണ് ഇടയന്മാർ കേട്ടത്. അതുകൊണ്ടു തന്നെ അത് കണ്ടറിയാനുള്ള കൗതുകം ബദ്‌ലഹേം വരെ പോകാൻ അവരെ ഭാഗികമായെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ട് എന്നത് നിസംശയമാണ്. എന്നിരുന്നാലും അരുൾചെയ്യപ്പെട്ട വചനത്തോട് പ്രതികരിക്കാൻതക്ക തുറവി ഉള്ളവരായിരുന്നു അവർ എന്നതിൽ സംശയമില്ല. അത്, ആ രാത്രിയിൽ തന്നെ, ലോക രക്ഷകനെ കാണാനുള്ള ഭാഗ്യത്തിന് അവരെ അർഹരാക്കുകയും ചെയ്തു.

അനുദിന ജീവിതത്തിൽ വചനത്തോടും ദൈവിക കാര്യങ്ങളോടുള്ള നമ്മുടെ മനോഭാവം എന്താണ് ? ദൈവിക കാര്യങ്ങൾ സൗകര്യപൂർവ്വം മാറ്റി വെക്കപ്പെട്ടുന്നുണ്ടോ?

മനുഷ്യനായി അവതരിച്ച വചനത്തെ ശ്രവിക്കാൻ (ബൈബിൾ വായന) കൂദാശയിലൂടെ അവിടത്തെ സ്വീകരിക്കാൻ (ദിവ്യബലി) എന്തുമാത്രം പ്രാധാന്യം നാം നൽകുന്നു? എന്റെ മുൻഗണനാ പട്ടികയിൽ ഇവയുടെ സ്ഥാനം എവിടെയാണ്?

അലസതയുടെയും വിമുഖത യുടെയും മനോഭാവം ഒരുക്കി അത്ഭുതങ്ങൾക്കായി പ്രാർത്ഥിക്കുന്നവർ ആകാതെ ദൈവീക കാര്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നവർ ആകാം. അങ്ങനെ ഇടയന്മാർ തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേള്‍ക്കുകയുംചെയ്‌ത സകല കാര്യങ്ങളെയുംകുറിച്ച്‌ ദൈവത്തെ മഹത്വപ്പെടുത്തുകയും സ്‌തുതിക്കുകയുംചെയ്‌തുകൊണ്ട്‌ തിരിച്ചുപോയതുപോലെ (ലൂക്കാ 2:20) നമുക്കും ദൈവത്തിന്റെ വാഗ്ദാനങ്ങൾ കണ്ട് മടങ്ങാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കാം.

    380
    2