top of page
  • Writer's pictureEditor

ഏപ്രിൽ 01 യോഹ 20:1-9 (ഉത്ഥാനത്തിരുനാൾ)



ക്രൈസ്തവവിശ്വാസത്തിൻ്റെ മർമ്മപ്രധാനരഹസ്യമാണ് യേശുവിൻ്റെ ഉത്ഥാനം. യേശു ഉയിത്തെഴുന്നേറ്റുവെന്നതിന് ശാസ്‌ത്രീയതെളിവുകൾ ഒന്നും ഇല്ല എങ്കിലും അവൻ്റെ ഉത്ഥാനം ശിഷ്യരിൽ ഉണ്ടാക്കിയ പരിവർത്തനങ്ങളുടെ സുവിശേഷ വിവരണങ്ങളും ചരിത്രവര്‍ണ്ണനകളും ഉത്ഥാനത്തിൻ്റെ നിഷേധിക്കാനാവാത്ത തെളിവുകളാണ്.


ഒന്നാമതായി, പൊടുന്നനെയും അഗാധമായും ശിഷ്യരിൽ ഉണ്ടായ പരിവർത്തനങ്ങളുടെ സുവിശേഷ വിവരങ്ങളാണ്. യേശുവിൻ്റെ ഉത്ഥാനത്തിനുമുമ്പുള്ള ശിഷ്യർ ഭീരുക്കളായിരുന്നുവെങ്കിൽ ഉത്ഥാനശേഷം സ്വപ്‌നതുല്യമായ പരിവർത്തനത്തിലൂടെ ധീരന്മാരായിട്ടാണ് അവർ ജനമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. യഹൂദരോടുള്ള ഭയം നിമിത്തം സെഹിയോൻ ഊട്ടുശാലയിൽ ഒളിച്ചിരുന്ന ശിഷ്യർ പെന്തക്കുസ്താതിരുനാളിൽ പരിശുദ്ധാതമാവിനെ സ്വീകരിച്ചു ഉത്ഥിതനെ പ്രഘോഷിക്കാൻ ജനമധ്യത്തിലേക്ക്‌ ഇറങ്ങുന്നു. മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസ് യഹൂദരുടെ കോടതിയായ സൻഹെദ്രിൻ്റെ മുൻപിൽ ക്രിസ്തുവിനെ പ്രഘോഷിക്കാൻ ധൈര്യം കാണിക്കുന്നു. ചുരുക്കത്തിൽ പൂച്ചകളായിരുന്നവർ പുലികളായി പുറത്തുവരുകയാണ്. ഭീരുക്കളായി ഒളിച്ചോടിയവർക്ക്‌ എവിടെ നിന്നും കിട്ടി ഈ ധൈര്യം. തീർച്ചയായും ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിലുള്ള വിശ്വാസമാണ്.


രണ്ടാമതായി, അപോസ്തോലന്മാരുടെ സാക്ഷ്യം ജീവിതത്തിലുള്ള സ്ഥിരതയാണ്. ഉത്ഥാനശേഷം ശിഷ്യർ പോയിടത്തെല്ലാം ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് പ്രഘോഷിച്ചു. പ്രഘോഷിച്ച വിശ്വാസസത്യത്തിനായി അവർ ജീവൻ ത്യജിച്ചു. പന്ത്രണ്ടിൽ പതിനൊന്നുപേരും രക്തസാക്ഷികളായി മരിച്ചു. അതിക്രൂരമായ പീഡനങ്ങൾക്കിടയിലും മരണത്തിൻ്റെ വക്കിലും അവരിൽ ഒരുവനെങ്കിലും ചഞ്ചലിക്കുന്നതായി ചരിത്രം സാക്ഷ്യപെടുത്തുന്നില്ല. തീർച്ചയായും ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന വിശ്വാസമാണ് ഈ അചഞ്ചലധൈര്യം അവർക്ക് നൽകിയത്.


അപ്പസ്തോലന്മാരും ആദിമക്രൈസ്തവസമൂഹവും ശൂന്യമായ കല്ലറയെകുറിച്ചല്ല സാക്ഷ്യപെടുത്തിയത്, മറിച്ചു അത്ഭുതാവഹമായ പരിവർത്തിത ജീവിതത്തിലൂടെയും അചഞ്ചലമായ സുവിശേഷസാക്ഷ്യത്തിലൂടെയും അവന് സാക്ഷികളായി. എല്ലാം പൊതുവായി കണ്ടും കൊടുത്തും ആദിമസമുഹം ഒരു “ഉത്ഥിതസമൂഹം’ ആയി മാറി. കല്ലറയുടെ അന്ധകാരത്തിൽ നമ്മെ അടച്ചിടുന്ന തിൻമ്മകൾ, തഴക്കദോഷങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയിൽ നിന്നും ഉയിർത്തെഴുന്നേറ്റ് “ഉത്ഥിത ക്രൈസ്തവൻ” ആയി ജീവിക്കാം . ആമ്മേൻ.


ഫാ. ജെറി വള്ളോംകുന്നേൽ MCBS



26 views0 comments

Comments


bottom of page