top of page
  • Writer's pictureEditor

പെന്തക്കുസ്താക്കാര്‍ക്ക് കൂദാശകള്‍ നല്കാമോ?

ചോദ്യം പെന്തക്കുസ്താ വിഭാഗങ്ങള്‍ നല്‍കുന്ന മാമ്മോദീസ സാധുവാണോ? മരണാസന്ന നിലയിലും മറ്റ് അത്യാവശ്യ സന്ദര്‍ഭങ്ങളിലും കത്തോലിക്കാ പുരോഹിതന് ഇക്കൂട്ടര്‍ക്ക് കുമ്പസാരം, വിശുദ്ധ കുര്‍ബാന, രോഗീലേപനം എന്നീ കൂദാശകള്‍ നല്‍കാമോ?


ഉത്തരം ചോദ്യത്തിന് പ്രത്യക്ഷമായ ഉത്തരം നല്കുന്നതിനുമുമ്പ് പെന്തക്കുസ്താ വിഭാഗങ്ങളുടെ ചരിത്രത്തെക്കുറിച്ച് സമാന്യമായ അറിവ് ഉണ്ടായിരിക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു.


അപ്പസ്റ്റോലിക് ഫെയ്ത്ത് മിഷന്‍ 20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ അമേരിക്കയില്‍ ലോസ് ഏഞ്ചല്‍സിലെ സെക്കന്‍റ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഒരുകൂട്ടം വിശ്വാസികളെ പുറത്താക്കുകയുണ്ടായി. ആത്മീയ നവീകരണത്തിനുവേണ്ടിയുള്ള നിരന്തരമായ അവരുടെ മുറവിളിയായിരുന്നു ഇപ്രകാരമൊരു നടപടിക്ക് ബാപ്റ്റിസ്റ്റ് സഭയെ പ്രേരിപ്പിച്ചത്. 19-ാം നൂറ്റാണ്ട് മുതല്‍ നവീകരണത്തിന് വേണ്ടിയുള്ള ഈ മുറവിളി വിവിധ പ്രൊട്ടസ്റ്റന്‍റ് സഭാവിഭാഗങ്ങളില്‍ ശക്തമായിരുന്നു. സുവിശേഷപ്രസംഗങ്ങളും പ്രാര്‍ത്ഥനായോഗങ്ങളും സംഘടിപ്പിച്ച് പ്രത്യേകതരത്തിലുള്ള പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും നവീകരണവാദക്കാര്‍ ഊന്നല്‍ നല്‍കി പോന്നു. ഇത് പലരിലും മതതീക്ഷ്ണത ഉളവാക്കാന്‍ കാരണമായി. അപ്പസ്റ്റോലിക് ഫെയ്ത്തുമിഷന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നിന്നും പുറത്താക്കപ്പെട്ട ചെറിയസമൂഹം 1905-ല്‍ വില്യം സെയ്മൂര്‍ എന്നയാളുടെ നേതൃത്വത്തില്‍ ഒരുമിച്ചു കൂടാന്‍ തുടങ്ങി. അത്തരം യോഗങ്ങളില്‍ അവര്‍ ഒരു പുതിയ പെന്തക്കുസ്തായെപ്പറ്റി പ്രസംഗിക്കുകയും പരിശുദ്ധാത്മാവിന്‍റെ കൃപ വര്‍ഷിക്കപ്പെടുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. കാലക്രമേണ കൂടുതല്‍ പേര്‍ ഇത്തരം യോഗങ്ങളില്‍ സംബന്ധിക്കാന്‍ തുടങ്ങി. തത്ഫലമായി അപ്പസ്റ്റോലിക് ഫെയ്ത്ത് മിഷന്‍ നിലവില്‍വന്നു. ഇവരുടെ പ്രത്യേക തരത്തിലുള്ള സഭാശുശ്രൂഷ ആരംഭിച്ചത് 1906 ഏപ്രില്‍ 14-നാണ്. ഈ ശുശ്രൂഷയില്‍ പങ്കെടുത്തവര്‍ക്ക് വ്യക്തിപരമായി പെന്തക്കുസ്താനുഭവം ഉണ്ടായെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. പരിശുദ്ധാത്മാവില്‍ മാമ്മോദീസ സ്വീകരിച്ചവരുടെ ഒരു സമൂഹമായി ഇവര്‍ മാറി. നൂറ് വര്‍ഷം പിന്നിട്ടപ്പോള്‍ ഏറെ പെന്തക്കുസ്താ വിഭാഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവയില്‍ ചിലത് പ്രാദേശിക ഗ്രൂപ്പുകളും മറ്റ് ചിലത് അന്തര്‍ ദേശീയ ഗ്രൂപ്പുകളുമാണ്. ഈ ഗ്രൂപ്പുകളെല്ലാം പെന്തക്കുസ്തായാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവ തമ്മില്‍ തമ്മില്‍ അടിസ്ഥാനപരമായി ഘടനാപരമായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ അരൂപിയിലുള്ള മാമ്മോദീസ (Baptism in Spirit) യില്‍ നിന്നുയിര്‍ക്കൊള്ളുന്ന ആദ്ധ്യാത്മിക ഐക്യമാണ് വിവിധ പെന്തക്കുസ്താ വിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. പെന്തക്കുസ്താ സഭാവിഭാഗങ്ങള്‍ക്കുപുറമെ അനവധി പെന്തക്കുസ്താ ഗ്രൂപ്പുകളും വിവിധ സഭകളിലും സഭാസമൂഹങ്ങളിലും ഉണ്ട്. 2005ലെ കണക്കനുസരിച്ച് ലോകത്തില്‍ 500 മില്ല്യണ്‍ പെന്തക്കുസ്താക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.


കത്തോലിക്കാ സഭയുമായുള്ള ബന്ധം പെന്തക്കുസ്താ വിഭാഗങ്ങള്‍ക്ക് കത്തോലിക്കാ സഭയുടെയും കൂദാശകളുടെയും രക്ഷാകര മൂല്യത്തെ അംഗീകരിക്കുന്നതിന് പ്രയാസമുണ്ട്. അതുപോലെ പെന്തക്കുസ്താ രോഗശാന്തി ശുശ്രൂഷകളും പ്രവചനങ്ങളും ആദ്ധ്യാത്മിക ദാനങ്ങളും മറ്റും കത്തോലിക്കര്‍ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. കത്തോലിക്കാ സഭയുടെ ഘടനാപരമായ സംവിധാനങ്ങളോടും പ്രാര്‍ത്ഥനാരീതികളോടും പെന്തക്കുസ്താക്കാര്‍ എതിര്‍പ്പ് വച്ചു പുലര്‍ത്തുന്നു.


1972-ല്‍ കത്തോലിക്കാ- പെന്തക്കുസ്താ അന്തര്‍ദേശീയ സംഭാഷണം ആരംഭിച്ചിട്ടുണ്ട്. ഏതാണ്ട് 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെന്തക്കുസ്താക്കാരുടെ ആദ്ധ്യാത്മികതയേയും പ്രേഷിതത്ത്വത്തേയും സംബന്ധിച്ച് കത്തോലിക്കര്‍ക്ക് വലിയ അറിവില്ലായിരുന്നു. അതുപോലെതന്നെ കത്തോലിക്കാസഭയുടെ ആദ്ധ്യാത്മിക സമ്പത്തിനേക്കുറിച്ചും പ്രേഷിത ഉണര്‍വിനേക്കുറിച്ചും പെന്തക്കുസ്താക്കാര്‍ക്കും അറിവില്ലായിരുന്നു. ഇത് രണ്ട്കൂട്ടര്‍ക്കും പരസ്പരം ആശങ്കയും എതിര്‍പ്പും വച്ചുപുലര്‍ത്തുന്നതിന് കാരണമായി. എന്നാല്‍ ഇന്ന് ഇരുവിഭാഗത്തിലേയും ബന്ധപ്പെട്ടവര്‍ ആരംഭിച്ചിരിക്കുന്ന സംഭാഷണങ്ങള്‍ (Dialogue) ഇരുകൂട്ടര്‍ക്കും പരസ്പരം മനസ്സിലാക്കാനും തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാനും സഹായകമായിട്ടുണ്ട്. ഇത്രയും ആമുഖമായി പ്രതിപാദിച്ചുകൊണ്ട് ഉന്നയിച്ച ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് കടക്കാം.


പെന്തക്കുസ്താ വിഭാഗക്കാര്‍ നല്‍കുന്ന മാമ്മോദീസ സാധുവാണ്. മാമ്മോദീസയുടെ അവസരത്തില്‍ അവര്‍ ഉപയോഗിക്കുന്ന ത്രിത്വൈക ഫോര്‍മുല (Trinitarian Formula) ശരിയായിട്ടുള്ളതാണ്. മാമ്മോദീസയുടെ ഫലദായകത്വത്തെക്കുറിച്ചുള്ള അവരുടെ പ്രബോധനവും ശരിയായിട്ടുള്ളതുതന്നെ. മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തി പാപത്തിന് മരിച്ച് ക്രിസ്തുവിനോട് ഐക്യപ്പെടുന്നുവെന്ന് അവരും പഠിപ്പിക്കുന്നു. തന്മൂലം പെന്തക്കുസ്താ വിഭാഗങ്ങള്‍ നല്‍കുന്ന മാമ്മോദീസ സാധുവായി കണക്കാക്കാവുന്നതാണ്.


കൂദാശാപരികര്‍മ്മം : വ്യവസ്ഥകള്‍ എന്നാല്‍ കുമ്പസാരം, വി. കുര്‍ബാന, രോഗീലേപനം എന്നീ കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിന് അകത്തോലിക്കാ വിഭാഗത്തില്‍പെട്ടവര്‍ക്ക് കത്തോലിക്കാസഭ ചില വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണയായി കത്തോലിക്കര്‍ തങ്ങളുടെ പുരോഹിതരില്‍ നിന്നു മാത്രമേ കൂദാശകള്‍ സ്വീകരിക്കാന്‍ പാടുള്ളു. അതുപോലെതന്നെ കത്തോലിക്കാ പുരോഹിതര്‍ കത്തോലിക്കര്‍ക്കേ കൂദാശകള്‍ പരികര്‍മ്മം ചെയ്യുവാന്‍ പാടുള്ളു. തന്മൂലം കത്തോലിക്കാപുരോഹിതന് അകത്തോലിക്കാ വിഭാഗത്തില്‍പെട്ടവര്‍ക്ക് കുമ്പസാരം, കുര്‍ബാന, രോഗീലേപനം എന്നീ കൂദാശകള്‍ പരികര്‍മ്മം ചെയ്യണമെങ്കില്‍ അവര്‍ ഈ കൂദാശകള്‍ സംബന്ധിച്ച് കത്തോലിക്കാസഭയുടെ വിശ്വാസവുമായി പൊരുത്തപ്പെടുന്ന വിശ്വാസമുള്ളവരും പ്രസ്തുത കൂദാശകള്‍ സ്വീകരിക്കാന്‍ വേണ്ട ഒരുക്കമുള്ളവരുമായിരിക്കണം. ഇത്തരം സാഹചര്യങ്ങളിലും കത്തോലിക്കാ പുരോഹിതര്‍ക്ക് അവരുടെ രൂപതാദ്ധ്യക്ഷന്‍റെ അനുവാദം ആവശ്യമാണ് (CCEO c.671/4;CIC.c.8 44/5).


തെറ്റുകള്‍ ഏറ്റുപറയുകയും, തിരുത്തുകയും ചെയ്യുമ്പോഴാണ് മാനസാന്തരം ഉണ്ടാകുന്നതെന്ന് പെന്തക്കുസ്താക്കാരും വിശ്വസിക്കുന്നു. എന്നാല്‍ കത്തോലിക്കാസഭ പഠിപ്പിക്കുന്നതുപോലെ മാമ്മോദീസയ്ക്ക് ശേഷം ചെയ്തിട്ടുള്ള പാപങ്ങള്‍ക്ക് പൊറുതിയാചിച്ചുകൊണ്ട് പാപങ്ങള്‍ വ്യക്തി പരമായി പുരോഹിതനോട് ഏറ്റുപറയണമെന്നതിനെപ്പറ്റി അവര്‍ ഒന്നും പറയുന്നില്ല. അതുപോലെ തന്നെ കുമ്പസാരമെന്ന കൂദാശയിലുള്ള വിശ്വാസവും പെന്തക്കുസ്താക്കാര്‍ പ്രകടിപ്പിക്കുന്നില്ല.


വിശുദ്ധ കുര്‍ബ്ബാനയില്‍ അപ്പവും വീഞ്ഞും ക്രിസ്തുവിന്‍റെ ശരീരവും രക്തവുമായി മാറുന്ന പദാര്‍ത്ഥഭേദത്തെ (Transsubstantiation) പെന്തക്കുസ്താക്കാര്‍ പാടെ നിഷേധിക്കുന്നു. യേശുവിന്‍റെ അന്ത്യ അത്താഴത്തിന്‍റേയും കുരിശിലെ ബലിയുടെയും സമ്യക്കും പ്രതീകാത്മകവുമായ പുനരാവിഷ്കരണമാണ് വിശുദ്ധ കുര്‍ബ്ബാനയെന്ന കത്തോലിക്കാ സഭയുടെ കാഴചപ്പാട് അവര്‍ക്കില്ല. വി. കുര്‍ബ്ബാന, ബലിയും കാഴ്ചയും വിരുന്നുമാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുമ്പോള്‍ പെന്തക്കുസ്താക്കാര്‍ ഇതൊരു അനുസ്മരണം (memorial) മാത്രമാണെന്ന് പഠിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ മരണത്തിന്‍റേയും അവിടുത്തെ രണ്ടാമത്തെ ആഗമനത്തിന്‍റേയും ക്രിസ്തുവിനോടും ക്രിസ്തീയ വിശ്വാസികളുടെ സമൂഹത്തോടുമുള്ള ഐക്യത്തിന്‍റെയും ഓര്‍മ്മയാണ് അവര്‍ക്കിത്.


ദൈവികമായ രോഗശാന്തിക്ക് വലിയ പ്രാധാന്യം നല്‍കുന്നവരാണ് പെന്തക്കുസ്താക്കാര്‍. രോഗികളുടെ മേല്‍ കൈകള്‍വച്ച് രോഗശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കിലും അവര്‍ രോഗശാന്തി ശുശ്രൂഷ (Healing rite) പരോക്ഷമായി നിഷേധിക്കുന്നവരാണ്.

കുമ്പസാരം, വി.കുര്‍ബാന, രോഗീലേപനം എന്നീ കൂദാശകളെ സംബന്ധിച്ചുള്ള പെന്തക്കുസ്താക്കാരുടെ വിശ്വാസത്തെപ്പറ്റിയാണ് ഇതുവരേയും പ്രതിപാദിച്ചത്. ഈ കൂദാശകള്‍ സംബന്ധിച്ച് അവരുടെ വിശ്വാസം കത്തോലിക്കാസഭയുടെ വിശ്വാസവുമായി പൊരുത്തപ്പെട്ടുപോകാത്തതിനാല്‍, കത്തോലിക്കാ പുരോഹിതര്‍ പെന്തക്കുസ്താ വിശ്വാസികള്‍ക്ക് മേല്‍പ്പറഞ്ഞ കൂദാശകള്‍ പരികര്‍മ്മം ചെയ്യുവാന്‍ പാടുള്ളതല്ല.


വിവാഹത്തിനുള്ള വ്യവസ്ഥകള്‍ കത്തോലിക്കനായ ഒരു വ്യക്തി പെന്തക്കുസ്താ വിഭാഗത്തില്‍ മാമ്മോദീസാ സ്വീകരിച്ച ഒരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ കത്തോലിക്കാ വിശ്വാസത്തിനെതിരായവ തിരസ്ക്കരിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും പ്രസ്തുത വിവാഹത്തില്‍ നിന്നുണ്ടാകുന്ന കുട്ടികള്‍ക്ക് മാമ്മോദീസ നല്‍കി കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ത്തിക്കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുകയും വേണം (CCEO. c.814; CIC. c. 1125/1). എന്നാല്‍ കത്തോലിക്കാ സഭയുടേതുപോലുള്ള നിയതമായ ഭരണക്രമമോ ആരാധനാരീതികളോ ഇല്ലാതെ സ്വതന്ത്രമായി ആരാധിക്കുകയും സ്തുതിക്കുകയും ചെയ്തു നടക്കുന്ന ഗ്രൂപ്പുകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചിലര്‍ തല്പരരായിരിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ സഭ ഉപേക്ഷിച്ച് ഇത്തരം ഗ്രൂപ്പുകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചിലരെങ്കിലും തയ്യാറായിയെന്നുവരാം. തന്മൂലം പെന്തക്കുസ്താക്കാരുമായി വിവാഹം നടക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടതാണ്.

42 views0 comments

Bình luận


bottom of page