വിശുദ്ധവാരത്തിൽ ദൈവപുത്രൻ്റെ ഹൃദയഭേദിച്ച രണ്ടു സംഭവങ്ങളാണ് “ഒറ്റുകൊടുക്കൽ” (betrayal), “തള്ളിപറയൽ” (denial) എന്നിവ. സമാഗതമാകുന്ന ഈ രണ്ടു ദുരന്തങ്ങളെക്കുറിച്ചു ഒറ്റുകാരനായ യുദാസിനും
തള്ളിപറയാൻ പോകുന്ന പത്രോസിനും തങ്ങളുടെ വീഴ്ചകളെ പുനർവിചിന്തനം ചെയ്‌തു വീഴ്ചയിൽ നിന്നും തങ്ങളെ തന്നെ രക്ഷിക്കാനുള്ള ഒരു അവസരം നൽകുകയാണ് യേശു.
കാരണം ദൈവീകപദ്ധതിയിൽ ആരും നശിച്ചുപോകാനായി വിധിക്കപ്പെട്ടില്ല, യൂദാസ്‌പോലും! യേശു അന്ത്യത്താഴവേളയിൽ ഒരു കഷണം അപ്പം അവൻ്റെ വായിൽ വച്ചുകൊടുത്തു അവനെ രക്ഷയിലേക്കു ക്ഷണിച്ചുവെങ്കിലും അവൻ്റെ അത്യാഗ്രഹം, ഒറ്റുകൊടുക്കൽ പ്രക്രിയയിലൂടെ നാശത്തിലേക്കുള്ള അവൻ്റെ വിധി നിർണ്ണയിച്ചു. യൂദാസ് അപ്പം സ്വീകരിച്ച ശേഷം പുറത്തേക്കു പോയസമയം ‘ അപ്പോൾ രാത്രിയായിരുന്നു’ ( വാക്യം 30) എന്ന സുവിശേഷ പരാമർശം യൂദാസിൻ്റെ മനഃപൂർവ്വമായ അന്ധകാരത്തിൻ്റെ അഥവാ തിൻമയുടെ തെരഞ്ഞെടുപ്പിനെ സൂചിപ്പിക്കുന്നു.
തങ്ങളുടെ വീഴ്ചകളോട് യുദാസിൻ്റെയും പത്രൊസിൻ്റെയും പ്രതികരണങ്ങൾ വ്യത്യസ്ഥങ്ങളായിരുന്നു. ഭയം മൂലം പത്രോസ് വീണുവെങ്കിലും അവൻ ദൈവകാരുണ്യത്തിൽ ആശ്രയം വച്ച് എഴുന്നേറ്റ് ദൈവസന്നിധിയിലേക്കു വീണ്ടും ഓടിയടുത്തു. പക്ഷെ മനസാന്തരത്തിന് ഒരു സാധ്യതയും കൊടുക്കാതെ യൂദാസ് ദൈവകാരുണ്യത്തിൽ നിന്നും ഓടിയകന്നു നാശത്തിൽ നിപതിച്ചു!
പത്രോസും യൂദാസും സമാന സ്വഭാവമുള്ള തെറ്റുകളാണ് ചെയ്തത്. വീഴ്ചകൾക്കിടയിൽ യുദാസിനെപോലെ കുറ്റബോധം (guilt) കൊണ്ട് ദൈവത്തിൽ നിന്നും ഓടിയകലാതെ പത്രോസിനെപോലെ അനുതാപമനസ്ഥിതിയോടെ (repentance) ദൈവകാരുണ്യത്തിലേക്ക് ഓടിയടുക്കാം.
ചുരുക്കത്തിൽ, മനുഷ്യത്വത്തിൽ അന്തർലീനമായിരിക്കുന്ന പാപത്തോടുള്ള ചായ്ച്ചിലുകൾക്കും വീഴ്ചകൾക്കും ഇടയിലും മനുഷ്യൻ്റെ വിധി നിർണയിക്കുന്നത് അവൻ്റെ പാപമല്ല, മറിച്ചു ദൈവകാരുണ്യത്തോടുള്ള മനോഭാവമാണ്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS
Comments