ഉത്തരവാദിത്യമുള്ള രക്ഷിതാക്കളുടെ ഒരു ദുഃഖമാണ് മക്കളെ നല്ലവരും ദൈവമക്കളും ആയി വളർത്തിക്കൊണ്ടുവരാൻ സമയവും ആരോഗ്യവും ചിലവഴിക്കുന്നതിനിടയിലും മക്കളിൽ ചിലരെങ്കിലും ജീവിതത്തിൻ്റെ ഒരു പ്രത്യേക ഘട്ടത്തിൽ വഴിപിഴച്ചു ധൂർത്തപുത്രരായി മാറുന്നുവെന്നത്. എന്താണിതിന് കാരണം? മാതാപിതാക്കളുടെ പ്രശ്നമല്ല, മറിച്ചു അടിസ്ഥാനപരമായി എല്ലാവരും സ്വതന്ത്ര-പ്രവര്‍ത്തനാധികാരമുള്ളവരാണ് (free agents) എന്നതാണ്. അതിനാൽ നന്മ്മചെയ്യാനായി ആരെയും നിര്ബന്ധിക്കാനാവില്ല. എല്ലാവരും സ്വതന്ത്ര-പ്രവര്‍ത്തനാധികാരമുള്ളവരാകയാൽ നൻമ്മയോ തിൻമ്മയോ എന്നത് ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്.
യേശു യുദാസിനെ ശിഷ്യനാകാനായി തിരഞ്ഞെടുത്തപ്പോൾ അവൻ തീർച്ചയായും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട യോഗ്യതയുള്ള ഒരു വ്യക്തിയായിരുന്നു. പക്ഷെ, ദിവസങ്ങൾ കഴിഞ്ഞുപോയപ്പോൾ പണം സൂക്ഷിപ്പുകാരനായ അവൻ്റെ അത്യാഗ്രഹം അവനെ വിശുദ്ധിയുടെ വഴികളിൽ നിന്നും വ്യതിചലിപ്പിച്ചു. എല്ലാമറിയാമായിരുന്നിട്ടും യേശു എപ്പോഴും യൂദാസിൻ്റെ സ്വതത്രമനസിനെ (free-will) ബഹുമാനിച്ചിരുന്നു. അതുകൊണ്ടാണ് യൂദാസ് തന്നെ ഒറ്റികൊടുക്കുമെന്നറിയാമായിരുന്നിട്ടും അവനെ യേശു ശിഷ്യത്വത്തിൽ നിന്നും പുറത്താക്കാതിരുന്നത്.
തൻ്റെ സ്‌നേഹത്തെ തള്ളിപ്പറയുന്നവരെപോലും ദൈവം തിരസ്കരിക്കുകയില്ല. യുദാസിനെപോലെ പലവിധത്തിൽ ദൈവത്തിൻ്റെ സ്നേഹത്തെ തിരസ്കരിക്കുന്നവരാണ് നാം. യേശുവിൻ്റെ അനുയായികൾ എന്ന് അഭിമാനിക്കുന്ന നാം തുച്ഛമായ ലാഭത്തിനുവേണ്ടി, ഒരു നിമിഷത്തെ സുഖത്തിനുവേണ്ടി, കച്ചവടത്തിലെ താല്ക്കാലിക ലാഭത്തിനുവേണ്ടി, സ്ഥാനമാനങ്ങൾക്കുവേണ്ടി അവൻ്റെ സ്നേഹത്തെ ഒറ്റിക്കൊടുത്ത നിമിഷങ്ങൾ ഏറെയുണ്ട് ജീവിതത്തിൽ. വിശുദ്ധവാരം ഓർമ്മകളെ വിശുദ്ധികരിക്കാനും ദൈവസ്നേഹത്തെ പാപത്തിലൂടെ ഒറ്റിക്കൊടുത്ത നിമിഷങ്ങളെക്കുറിച്ചു പശ്ചാത്തപിക്കാനും പ്രായശ്ചിത്തം ചെയ്യാനുമുള്ള ദിനങ്ങളാകട്ടെ. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS
Comments