top of page

യേശു സത്യമായും ഉയിർത്തെഴുന്നേറ്റോ ?

  • Writer: Editor
    Editor
  • Apr 7, 2018
  • 2 min read

Updated: Jan 31, 2022


പെസഹാക്കാലം രണ്ടാം ഞായർ (ദൈവകരുണയുടെ ഞായർ )

ഒന്നാം വായന: അപ്പോ 4:32-35 രണ്ടാം വായന: 1 യോഹ 5:1-6 സുവിശേഷം: വി.യോഹന്നാൻ 20,19-31


ദിവ്യബലിയ്ക്ക്  ആമുഖം

നാം ഇന്ന് തിരുസഭയോടൊപ്പം ചേർന്ന് ദൈവ കരുണയുടെ തിരുനാൾ ആഘോഷിക്കുകയാണ്.  ദൈവകരുണയുടെ സ്രോതസ്സായ യേശു അപ്പോസ്തലന്മാർക്കു പ്രത്യക്ഷപ്പെടുന്നതും, വി.തോമസ് അപ്പോസ്തലൻ ആദ്യം സംശയിച്ചെങ്കിലും പിന്നീട് യേശുവിൽ ആഴമേറിയ വിശ്വാസം പ്രഖ്യാപിക്കുന്നതും ഇന്നത്തെ സുവിശേഷം വിവരിക്കുന്നു.  ആദിമ ക്രൈസ്തവസഭ ഒരു ഹൃദയവും ഒരാത്മാവുമായി കൂട്ടായ്മയിൽ ജീവിക്കുന്നതും നാം ഇന്നത്തെ ഒന്നാം വായനയിൽ ശ്രവിക്കുന്നു.  ദൈവകരുണയ്ക്ക് യോഗ്യരാകുവാനും നിർമ്മലമായ ഹൃദയത്തോടെ ഈ ദിവ്യബലി അർപ്പിക്കുവാൻ നമുക്ക് നമ്മുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് മനസ്തപിക്കാം

ദൈവവചന പ്രഘോഷണ കർമ്മം


യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,

ഉത്ഥാനത്തിന് ശേഷം ശിഷ്യന്മാർക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്ന യേശു അവർക്ക് സമാധാനം ആശംസിക്കുകയാണ്.  ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും അനുസ്മരിക്കുന്ന ഓരോ ദിവ്യബലിയിലും ഈ സമാധാനം നാം സ്വീകരിക്കാറുണ്ട്, പരസ്പരം നൽകാറുമുണ്ട് കാരണം യേശുവിനറിയാം അന്നും ഇന്നും നമുക്കാവശ്യം ക്രിസ്തു നൽകുന്ന സമാധാനമാണെന്ന്.  ശിഷ്യന്മാരിൽ നിശ്വസിച്ചുകൊണ്ട് അവർക്ക് യേശു പരിശുദ്ധാത്മാവിനെ നല്കി നമ്മെ അനുസ്മരിപ്പിക്കുന്നത് ഉൽപ്പത്തി പുസ്തകത്തിൽ മനുഷ്യനെ രൂപപ്പെടുത്തി അവന്റെ നാസാരന്ധ്രങ്ങളിലേയ്ക്ക് നിശ്വസിക്കുന്ന ദൈവത്തെയാണ് (ഉൽപ്പത്തി2,7).  പഴയ നിയമത്തിൽ ദൈവത്തിന്റെ നിശ്വാസം മനുഷ്യന് ജീവൻ നൽകുന്നു.  പുതിയ നിയമത്തിൽ യേശുവിന്റെ നിശ്വാസം നമുക്ക് പുതുജീവൻ നൽകുന്നു.


യേശു യഥാർത്ഥത്തിൽ ഉയിർത്തെഴുന്നേറ്റോ? എന്ന് സംശയിക്കുന്നവരുടെ പ്രതിനിധിയായി വി.തോമസ് അപ്പോസ്തലൻ ഇന്നത്തെ സുവിശേഷത്തിൽ നിറഞ്ഞ് നില്ക്കുന്നു. വി. യോഹന്നാന്റെ സുവിശേഷത്തിൽ വി.തോമസ് അപ്പോസ്തലന് സവിശേഷമായ സ്ഥാനമാണുള്ളത്.  ഒരവസരത്തിൽ “നമുക്കും അവനോടൊപ്പം പോയി മരിക്കാം” എന്ന് പറഞ്ഞ് കൊണ്ട് അവൻ തന്റെ ധീരത പ്രകടിപ്പിക്കുന്നു (യോഹ 11,16).  മറ്റൊരവസരത്തിൽ “കർത്താവെ നീ എവിടേയ്ക്ക് പോകുന്നുവെന്ന് ഞങ്ങൾക്കറിഞ്ഞുകൂട പിന്നെ വഴി ഞങ്ങൾ എങ്ങനെയറിയും? (യോഹ 14,5).  എന്ന് പറഞ്ഞുകൊണ്ട്  യേശുവിനെ പിൻതുടരുന്നതെങ്ങനെയെന്ന് ആത്മാർത്ഥമായി ചോദിക്കുന്നു.  അവസാനമായി മറ്റുള്ളവരുടെ സാക്ഷ്യത്തെക്കാളും ഉത്ഥിതനായ യേശുവിനെ നേരിട്ടു കാണുവാൻ ആഗ്രഹിക്കുന്നു.  വി.തോമസിനെ കുറിച്ചുള്ള ഈ സംഭവങ്ങൾ വിവരിച്ചുകൊണ്ട് ‘വളരുന്ന’ ‘അന്വേഷിക്കുന്ന’ ‘കണ്ടെത്തുന്ന’ വിശ്വാസം എന്താണെന്ന് സുവിശേഷകൻ ആദിമ ക്രൈസ്തവസഭയേയും നമ്മെയും പഠിപ്പിക്കുന്നു. ക്രൂശിതനായ യേശുവിന്റെ ആണിപ്പഴുതുകളേയും, പാർശ്വത്തെയും ഉത്ഥിതനായ യേശുവിൽ കാണുവാൻ ആഗ്രഹിക്കുന്ന വി.തോമസ് തങ്ങൾ അനുഗമിച്ച യേശു തന്നെയാണ് ഉത്ഥാനം ചെയ്തതെന്ന് ഉറപ്പുവരുത്തുന്നു.  പലപ്പോഴും സംശയത്തെ വിശ്വാസത്തിന്റെ ശത്രുവായി കാണുന്നുണ്ടങ്കിലും സംശയം വിശ്വാസത്തിന്റെ മുന്നോടിയാണ്.  അതുകൊണ്ട് തന്നെ വി.തോമസിന്റെ സംശയത്തെ യേശു അനുഭാവപൂർവ്വം കാണുകയും അവൻ എന്താണൊ കാണുവാൻ ആഗ്രഹിച്ചത് അത് അവന് കാണിച്ചു കൊടുക്കുകയും ചെയ്യുന്നു.  യേശുവിനറിയാം ഉത്ഥിതനെ കാണാത്തവന് ഉത്ഥാനത്തെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും പ്രയാസമാണെന്ന്.  ”എന്റെ കർത്താവെ, എന്റെ ദൈവമെ” എന്നുള്ള ഏറ്റുപറച്ചിലിൽ യേശുവിലുള്ള അഗാധമായ സ്നേഹവും, വിശ്വാസവും, യേശുവിനെ അവിശ്വസിച്ചതിലുള്ള കുറ്റബോധവും നിറഞ്ഞ് നിൽക്കുന്നു.


കാര്യങ്ങളെ സൂഷ്മമായി നിരീക്ഷിക്കുന്ന, യുക്തിയുടെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്ന, അത്ഭുതങ്ങളും അടയാളങ്ങളും കാണാതെ ഞാൽ വിശ്വസിക്കില്ല എന്ന് വാശിപിടിക്കുന്ന, ഈ ലോകത്തിലെ ഭയപ്പെടുത്തുന്ന സംഭവവികാസങ്ങളിൽ ദൈവം എവിടെയെന്നന്വേഷിക്കുന്ന ആധുനിക മനുഷ്യന്റെ പ്രതിനിധിയാണ് വി.തോമസ് അപ്പോസ്തലൻ.  അന്ന് വി.തോമസിനോട് പറഞ്ഞത് യേശു ഇന്ന് നമ്മോടും പറയുകയാണ്.  ”നീ എന്നെ കണ്ടത്കൊണ്ട് വിശ്വസിച്ചു; കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ”.

Comments


bottom of page