
സന്യാസി പതിവുപോലെ പൂജാമുറിയിൽ കയറിയപ്പോൾ അവിടിരുന്ന സ്വർണത്തളിക കാണാനില്ല. ശിഷ്യരിൽ ആരെങ്കിലുമാകും എടുത്തതെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. എടുത്തത് ആരാണെങ്കിലും രഹസ്യമായി പറയാൻ ഗുരു നിർദേശിച്ചു. അന്നുരാത്രി എല്ലാവരുടെയും മുൻപിൽവച്ച് ഒരു ശിഷ്യൻ കാൽക്കൽ വീണു ക്ഷമ ചോദിച്ചു. ഗുരു ചോദിച്ചു – നീ എന്തിനാണു പരസ്യമായി ക്ഷമ ചോദിച്ചത്? ശിഷ്യൻ പറഞ്ഞു – ഞാൻ ഇതു പരസ്യമായി ചെയ്‌തില്ലെങ്കിൽ എല്ലാവരും പരസ്‌പരം സംശയിക്കും. അത് ആശ്രമത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും. ഗുരു ശിഷ്യനെ അനുഗ്രഹിച്ചു. ശിഷ്യൻ പിന്നീട് ഗുരു ആയി.
തെറ്റു പറ്റിയവർ ഗുരുവാകണം. അവർക്കു മാത്രമേ വീണവന്റെ മനസ്സ് അറിയാൻ പറ്റൂ; വീണിടത്തു നിന്ന് എഴുന്നേൽക്കേണ്ടത് എങ്ങനെയാണെന്നും തിരിച്ചുനടക്കേണ്ടത് എവിടേക്കാണെന്നും പറഞ്ഞുകൊടുക്കാൻ കഴിയൂ. കുറ്റപ്പെടുത്തുന്നവരെക്കാൾ കുറ്റമറ്റവരാകാൻ പ്രചോദനം നൽകുന്ന വഴികാട്ടിയായി ഗുരു രൂപപ്പെടണം. ചൂണ്ടുവിരലുകളല്ല, ചൂണ്ടുപലകകളാണു നമുക്കാവശ്യം.
രഹസ്യമായി ചെയ്യുന്ന ഓരോ കുറ്റത്തിനും പരസ്യമായ ചില പ്രതിഫലനങ്ങൾ ഉണ്ടാകാം. നിരപരാധികൾ ചോദ്യം ചെയ്യപ്പെടും. കൂട്ടുത്തരവാദിത്തം സഹകുറ്റവാളികളെ രൂപപ്പെടുത്തും. ഒരാളെ ജീവിതകാലം മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്തുക എന്നതിനെക്കാൾ വലിയ എന്തു ക്രൂരതയാണ് ഉള്ളത്.
തനിച്ചു ചെയ്‌ത തെറ്റുകൾ നിഷേധിക്കുന്നതു തന്റേടം, തനിയെ പരിഹരിക്കുന്നതു തന്ത്രം, ഏറ്റു പറയുന്നതു താഴ്‌മ, തിരുത്തുന്നത് ആർജവം. തെറ്റു ചെയ്യുന്നതിനെക്കാൾ മുന്നൊരുക്കവും മനോബലവും വേണം ചെയ്‌ത തെറ്റു തിരുത്താൻ.