സാധു എന്ന ഗുരു മരണശയ്യയിലാണ്. അറിവുണ്ടെങ്കിലും അധികം അറിയപ്പെടാത്ത ആളായിരുന്നു അദ്ദേഹം. അടുത്തിരുന്ന ശിഷ്യൻമാരിൽ ഒരാൾ ചോദിച്ചു: ‘‘ഗുരോ, അങ്ങ് ദൈവത്തോടു പ്രാർഥിച്ചോ അങ്ങയെ പ്രശസ്തനാക്കണമെന്ന്?’’ ഗുരു കണ്ണുതുറന്നു പറഞ്ഞു: ‘‘ഞാൻ മരിക്കുന്ന സമയത്ത് ഇങ്ങനെയൊന്നും സംസാരിക്കരുത്. കാരണം, ദൈവം എന്നോടു ചോദിക്കില്ല നീയെന്തുകൊണ്ടു പ്രശസ്തനായില്ല എന്ന്. പക്ഷേ, അദ്ദേഹം ചോദിക്കും, സാധൂ നീ എന്തുകൊണ്ട് യഥാർഥ സാധു ആയില്ല എന്ന്.
ആരായിത്തീരണം എന്ന ചോദ്യത്തിന് ഏതെങ്കിലും തൊഴിൽമേഖലയുടെ പേരു പറയാനും പിന്നെ, അതു സ്വപ്നം കണ്ട് ആ വഴിയിലൂടെ സഞ്ചരിക്കാനും പരിശീലനം നേടിയവരാണ് നാം. ആരെങ്കിലുമായിത്തീരുന്നതിനെക്കാൾ പ്രധാനം അവനവനായിത്തീരുന്നതാണ്. വിഷമകരവും അതുതന്നെ. എന്തെങ്കിലുമായിത്തീർന്നോ എന്നതിനെക്കാൾ പ്രസക്തം ആകേണ്ടത് ആകാൻ കഴിഞ്ഞോ എന്നതാണ്.
ഓരോ സൃഷ്ടിയിലും അനന്യത കാത്തുസൂക്ഷിച്ച ഈശ്വരന് മനുഷ്യനിൽ നിന്നു മാത്രം കേൾക്കേണ്ടിവരുന്നത് തുല്യത നൽകാത്തതിനെക്കുറിച്ചുള്ള പരാതികളാണ്. അപരന്റെ സമ്പത്തും സമൃദ്ധിയും സൗന്ദര്യവും സ്വന്തമാക്കാനാണ് പ്രാർഥനകളേറെയും. മറ്റുള്ളവരെ മറികടക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർക്ക് സ്വന്തം മുഖവും ദൗത്യവും നഷ്ടമാകും. ജീവിതത്തോടു നീതി പുലർത്താൻ ജീവിതത്തിന്റെ നിയോഗമറിയണം.
അറിയപ്പെടുന്നവരെല്ലാം അറിവുള്ളവരാകണമെന്നില്ല, പ്രത്യേകിച്ച് ആത്മജ്ഞാനമുള്ളവരാകണമെന്ന്. അജ്ഞാതരെല്ലാം അജ്ഞരാണെന്നും അർഥമില്ല. സ്വയമറിയുന്നവനു ചുറ്റും ഒറു തേജോവലയമുണ്ടാകും. അതിന്റെ വെളിച്ചത്തിൽ അനേകർ സ്വയം തിരിച്ചറിവുള്ളവരാകും.