തപസ്സിലെ മൂന്നാം വാരത്തിലെ വെള്ളിയാഴ്ച. മാര്‍ച് 9-Ɔο തിയതി വെള്ളിയാഴ്ച അനുതാപത്തിന്‍റെ ശുശ്രൂഷ നടത്തണമെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.
ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് “24 മണിക്കൂര്‍ കര്‍ത്താവിനൊപ്പം,” എന്ന ഈ തപസ്സുകാലത്തെ അനുരഞ്ജനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും ദിനത്തെക്കുറിച്ച് വത്തിക്കാനിലെത്തിയ ആയിരങ്ങളെയും ലോകത്തെയും പാപ്പാ ഫ്രാന്‍സിസ് അറിയിച്ചത്. ഈ വര്‍ഷം തപസ്സുകാലത്തെ മൂന്നാംവാരത്തിലെ വെള്ളിയാഴ്ച, മാര്‍ച്ച് 9-നാണ് ഈ അനുഷ്ഠനം. ദേവാലയങ്ങളില്‍ 24-മണിക്കൂറോ, അല്ലെങ്കില്‍ അജപാലനപരമായി ഇണങ്ങുന്ന ഒരു സമയക്രമത്തില്‍ പരിശുദ്ധകുര്‍ബ്ബാനയുടെ ആരാധനയോടെ നടത്തപ്പെടുന്ന അനുതാപശുശ്രൂഷയാണ് ഈ ദിനത്തിന്‍റെ പ്രത്യേകത. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അന്നേദിവസം താന്‍ അനുതാപശുശ്രൂഷയും ആരാധനയും നടത്തിക്കൊണ്ട് “24 മണിക്കൂര്‍ കര്‍ത്താവിനോടൊപ്പം,” എന്ന വാര്‍ഷിക തപസ്സുകാല പരിപാടി അനുഷ്ഠിക്കുമെന്നും പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ അറിയിച്ചു.
അനുരഞ്ജനത്തിനും മാനസാന്തരത്തിനുമുള്ള അവസരമായി കുമ്പസാരിക്കാനുള്ള അവസരം ജനങ്ങള്‍ക്ക് ആ നാളില്‍ ലഭ്യമാക്കണമെന്നതും കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച ഈ അനുഷ്ഠാനത്തിന്‍റെ ശ്രദ്ധേയമായ ഭാഗമാണ്. ദൈവികകാരുണ്യം സകലര്‍ക്കും ലഭ്യാമാകുന്നൊരു ദിവസമാകട്ടെ, 24 മണിക്കൂര്‍ കര്‍ത്താവിനൊപ്പം, "24 Hours with the Lord" എന്ന് പാപ്പാ ഫ്രാന്‍സിസ് ആശംസിച്ചു.