top of page
  • Writer's pictureEditor

ദയാവധം മൗലിക അവകാശമോ?


കാരുണ്യവധം നിയമവിധേയമാക്കിക്കൊണ്ടുള്ള സുപ്രീം കോടതിവിധി ഏറെ സങ്കീർണ്ണതകളും അതിലേറെ ആശങ്കയുണർത്തുന്നതാണ്. ഒരു വ്യക്തിക്ക് ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉള്ളതുപോലെതന്നെ മരിക്കാനും അവകാശമുണ്ട് എന്നുപറയുന്നത് തികഞ്ഞ വൈരുദ്ധ്യമാണ്. കാരണം, മനുഷ്യ ജീവൻ അതിന്റെ ആരംഭം മുതൽ സ്വാഭാവികമായ അന്ത്യംവരെ ആദരിക്കപ്പെടണം എന്നതുതന്നെ. ആ അർത്ഥത്തിൽ മനുഷ്യജീവന്റെ അമൂല്യതയ്ക്കും മഹത്വത്തിനും എതിരായുള്ള വിധിയാണിത്. കാരുണ്യവധം എന്ന സങ്കല്പം സൂചിപ്പിക്കാൻ വൈദ്യശാസ്ത്രം ‘എവുത്തനേഷ്യ’ എന്ന ഗ്രീക്കുപദമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ മൂലാർത്ഥം സമാധാനപരവും മാന്യവുമായ മരണം എന്നാണ്. കാരുണ്യവധത്തെ രണ്ടായി വീക്ഷിക്കാം. > രോഗിയുടെ ജീവിതം നീട്ടിക്കൊണ്ടുപോകാൻ സഹായിക്കുന്ന പരിചരണവും ചികിത്സയും നിർത്തിവയ്ക്കുകവഴി മരണം ത്വരിതപ്പെടുത്തൽ. ഇതു പരോക്ഷമായ കാരുണ്യവധമാണ് > ഡോക്ടറുടെയോ മറ്റോ സഹായത്തോടെ മരണത്തെ ത്വരിതപ്പെടുത്താൻ സഹായകമാകുന്ന ഉപാധികൾ സ്വീകരിക്കൽ. ഇത് പ്രത്യക്ഷമായ കാരുണ്യവധമാണ് . ഇന്ത്യയിൽ ഇപ്പോൾ നിയമപ്രാബല്യം ലഭിച്ചിരിക്കുന്നത് പരോക്ഷമായ കാരുണ്യവധത്തിനാണ്. ദയാവധത്തിന്റെ കാര്യത്തിൽ പാർലമെന്റ് വ്യക്തമായ നിയമനിർമ്മാണം നടത്തണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതുവരെ സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങൾ നിലനില്ക്കും. ഈ വിധിക്ക് രണ്ടു പ്രധാന ഉപാധികളുണ്ട്.

> വ്യക്തിയുടെ സമ്മതപത്രം. > അതാതു സ്ഥലങ്ങളിലെ ഹൈക്കോടതിയുടെയും ജില്ലാ ബോർഡിന്റെയും അനുവാദവും സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽവച്ചു നടത്തണമെന്ന ഉപാധിയും.

ഒന്നാമത്തെ ഉപാധി ഉയർത്തുന്ന പ്രധാന വെല്ലുവിളി ധാർമ്മികതയുടേതാണെങ്കിൽ രണ്ടാമത്തെ ഉപാധി ഉയർത്തുന്ന വെല്ലുവിളി നിയമത്തിന്റെ വലിയ തോതിലുള്ള ദുരുപയോഗം ആണ്.

സമ്മതപത്രം ഉയർത്തുന്ന ധാർമ്മികപ്രശ്‌നം ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ജീവിതം നീട്ടിക്കൊണ്ടുപോകുന്ന അവസ്ഥയിൽ തനിക്ക് ദയാവധം ആകാമെന്ന് വ്യക്തി തന്റെ ആരോഗ്യാവസ്ഥയിൽ എഴുതി നൽകിയ സമ്മതമാണിത്. ഇതിന് ഒരു മറുവശമുണ്ട്. അതു ധാർമ്മികതയുടേതാണ്. ഒരു വ്യക്തി തന്റെ സ്വതന്ത്രമായ തീരുമാനഫലമായി രൂപപ്പെടുത്തിയതല്ല സ്വന്തം ജീവൻ. അതുകൊണ്ടുതന്നെ ഒരു കാരണവശാലും അതിന് വിരാമമിടാനും ആ വ്യക്തിക്ക് അവകാശമില്ല. കാരുണ്യവധം നടത്താനുള്ള നിയമാനുവാദം നൽകിയതിലൂടെ ഇതൊരു ധാർമിക പ്രശ്‌നമായി കാണേണ്ടതില്ല എന്ന സന്ദേശം കൂടി നൽകുന്നു. ഒരു വ്യക്തിക്ക് അന്തസോടെ മരിക്കാനുള്ള അവകാശം ഉറപ്പുവരുത്തണമെന്നു വാദിക്കുമ്പോൾ രോഗവും മറ്റും മൂലം ജീവിതം ദുഃഖപൂർണ്ണവും ദുരിതം നിറഞ്ഞതുമാകുമ്പോൾ മരണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്കുണ്ട് എന്നുകൂടി സ്ഥാപിക്കപ്പെടുന്നു. കാരുണ്യവധം അതു രോഗിയുടെ അഭ്യർത്ഥനപ്രകാരമാണെങ്കിൽപോലും ആത്മഹത്യാപരവും ‘കൊല്ലരുത് ‘എന്ന ദൈവകല്പനയുടെ ലംഘനവുമാണ്. ദയാവധത്തെ മതത്തിന്റെയോ ധാർമ്മികതയുടെയോ ചട്ടക്കൂട്ടിൽ മാത്രം കാണേണ്ട ഒന്നല്ല. ഇതു മനുഷ്യത്വവുമായി ബന്ധപ്പെട്ട ഒരു വിഷയം കൂടിയാണ്. രോഗംമൂലമോ പ്രായാധിക്യംമൂലമോ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരവില്ലെന്നു കരുതുന്നവരെ നമുക്ക് മരണത്തിലേക്ക് തള്ളിവിടാനാകുമോ?

ദുരുപയോഗം എന്ന വെല്ലുവിളി ദയാവധത്തിന് സാധ്യത നൽകുന്ന നിയമം ഏറെ ദുരുപയോഗത്തിന് കാരണമാകുമെന്നതിൽ സംശയമില്ല. അംഗവൈകല്യമുള്ളവരെയും രോഗികളെയും വൃദ്ധരെയും വധിക്കുന്നത് നിഷ്ഠൂരമാണ്. അവർക്ക് ശുശ്രൂഷ ചെയ്യുന്നതിലാണ് യഥാർത്ഥ മാനുഷികത അടങ്ങിയിരിക്കുന്നത്. മാറാരോഗം മൂലം കുടുംബത്തിനും സമൂഹത്തിനും ഭാരമായി തീർന്നവരുടെ ജീവിതത്തിന് ഈ പ്രവണത വലിയ ഭീഷണിയാണ.് അവരുടെ ജീവിതം അവസാനിപ്പിക്കാൻ ഉറ്റബന്ധുക്കൾപോലും തയ്യാറായെന്നുവരും. ദയാവധത്തിന്റെ ലേബലിലായിരിക്കും ഈ കൊലപാതകങ്ങൾ ഇനി നടക്കുക. വൃദ്ധരെയും മാതാപിതാക്കളെയും ആദരിക്കുന്ന നമ്മുടെ സംസ്‌കാരത്തിൽ ദയാവധത്തിന്് നിയമാനുമതി നൽകുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. രോഗിയുടെ മരണം തികച്ചും ഉറപ്പാകുന്ന നിമിഷത്തിൽ ഉദ്ദേശിക്കുന്ന ഫലത്തോട് ആനുപാതികമല്ലാത്ത അസാധാരണവും ഭാരിച്ചതുമായ ചികിത്സ വേണ്ടെന്നു വച്ച് അയാൾക്ക് സ്‌നേ ഹവും പരിചരണവും നൽകി സമാധാനപൂർവ്വം മരിക്കാൻ അനുവദിക്കുന്നതും ദയാവവധം നടത്തുന്നതും ഒന്നല്ല. സാധാരണ ശുശ്രൂഷയും മരുന്നും ഭക്ഷണവും രോഗിക്ക്് ഒരിക്കലും ഇല്ലാതാക്കാനാവില്ല. രോഗികൾക്ക് സ്‌നേഹോഷ്മളമായ പരിചരണം നൽകാൻ കടമയുണ്ടെന്ന സങ്കല്പമാണ് ഇതുമൂലം തകരുന്നത്. രോഗികളുടെ ആത്മഹത്യാനിരക്ക് ഭീതിജനകമാംവിധം ഇതുമൂലം വർദ്ധിക്കും. എന്തിനു താൻ മറ്റുള്ളവർക്ക് ഭാരമായി ജീവിക്കണമെന്ന ചോദ്യം തീരാരോഗിയെയോ അംഗവൈകല്യമുള്ളവരെയോ അലട്ടും. ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളിൽ, ദയാവധത്തിന് കൂട്ടുനില്ക്കുന്നത് ആത്മഹത്യക്ക് സഹായം ചെയ്യുന്നതുപോലെയാണ്. ഇത്തരത്തിൽ രോഗികളെ മരിക്കാൻ അനുവദിക്കുന്ന സഹായങ്ങളെ ‘തെറ്റായ അനുകമ്പ’ എന്നാണ് പാപ്പ വിശേഷിപ്പിക്കുന്നത്. മനുഷ്യന് അതുല്യമായ അന്തസും മഹത്വവും നൽകുന്നത് അവൻ ദൈവത്തിന്റെ പ്രതിച്ഛായ ഉൾക്കൊള്ളുന്നവനാണ് എന്നുള്ളതുകൊണ്ടാണ്. അവിടെ ദരിദ്രനെന്നോ സമ്പന്നനെന്നോ രോഗിയെന്നോ ആരോഗ്യവാനെന്നോ ഉള്ള വ്യത്യാസം പാടില്ല. മാറാരോഗികൾക്കും മരണാസന്നർക്കും മറ്റും ആവശ്യമായ ശുശ്രൂഷയും പരിചരണവും ലഭിക്കാൻ ദൈവദത്തമായ അവകാശമുണ്ട്. യഥാർത്ഥത്തിൽ ഇതു ലഭ്യമാക്കുന്നതിലാകണം ഭരണാധികാരികളുടെയും സ

മൂഹത്തിന്റെയും ശ്രദ്ധ പതിയേണ്ടത്. ഈ കടമ നിർവഹിക്കേണ്ടതിനു പകരം കാരുണ്യവധം നിയമവിധേയമാക്കി രോഗികളെ കൊല്ലുന്നത് മനുഷ്യജീവനോടുള്ള വലിയ വെല്ലുവിളിയും നിരുത്തരവാദിത്വപരമായ സമീപനവുമാണ്.

ഫാ. പോൾ മാടശേരി (ലേഖകൻ കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറിയും കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി ഡയറക്ടറുമാണ്)

27 views0 comments

Recent Posts

See All
bottom of page