യേശുവിന്റെ പുനരുത്ഥാനം ഒരു വിവാദവിഷയമാണ്. അവിശ്വാസികള്‍ അത് നിഷേധിക്കുന്നു, വിശ്വാസികള്‍ അത് തെറ്റിദ്ധരിക്കുന്നു. നിഷേധിക്കലും തെറ്റിദ്ധാരണയും നീക്കി പുനരുത്ഥാനത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കാനാണിവിടെ ശ്രമിക്കുന്നത്. യേശുവിന്‍റെ ചരിത്രം എഴുതുന്നവര്‍ മഹാത്യാഗിയെന്നും മഹാന്മാരില്‍ മഹാനെന്നും അവിടുത്തെ വിശേഷിപ്പിക്കാറുണ്ട്. യേശുവിന്‍റെ കുരിശുമരണത്തിന്‍റെ ക്രൂരതയും യേശുവിന്‍റെ അവാച്യമായ ശാന്തതയും വര്‍ണ്ണിക്കാന്‍ മത്സരിക്കുന്നവര്‍പോലും ഉത്ഥാനത്തെപ്പറ്റി ഒന്നും പറയാതെ അഥവാ യേശു പുനരുത്ഥാനം ചെയ്തുവെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നുവെന്ന് മാത്രം പറഞ്ഞു അതിന്‍റെ സത്യാവസ്ഥയെ പറ്റി വ്യക്തമാക്കാതെ അവസാനിപ്പിക്കുകയാണ് പതിവ്. അതിനാല്‍ നമുക്ക് ഇങ്ങനെ ആരംഭിക്കാം – ഒരു ചോദ്യം ചോദിച്ചുകൊണ്ട്: യേശു യഥാര്‍ത്ഥമായും ഉയര്‍ത്തെഴുന്നേറ്റോ?
യേശുവിന്‍റെ ഉയിര്‍പ്പ് ക്രിസ്ത്യാനികളുടെ വിശ്വാസവിഷയമാണെന്നതു സത്യം. പക്ഷേ അത്രമാത്രം പറഞ്ഞവസാനിപ്പിക്കാന്‍ കഴിയുന്നതല്ല യേശുവിന്‍റെ ഉയിര്‍പ്പ് എന്ന വിഷയം. യേശുവിന്‍റെ ഉയിര്‍പ്പ് മനുഷ്യയുക്തിയുടെ അനിവാര്യതയാണ്. എന്നു വച്ചാല്‍ എന്താണര്‍ത്ഥം? യേശുവിന്‍റെ മരണം മനുഷ്യയുക്തിരാഹിത്യത്തിന്‍റെ ആത്യന്തിക ബിന്ദുവായിരിക്കുന്നതിനാല്‍ യേശുവിന്‍റെ ഉയിര്‍പ്പ് മനുഷ്യയുക്തിയുടെ അനിവാര്യതയായിത്തീര്‍ന്നിരിക്കുന്നു.
ഇങ്ങനെ ഇതു വിശദീകരിക്കാം. യേശുവിന്‍റെ കുരിശുമരണത്തില്‍ സംഭവിച്ചത് യുക്തിരാഹിത്യത്തിന്‍റെ ആത്യന്തികബിന്ദുവാണെന്ന് പറഞ്ഞില്ലേ. എന്തിനാണ് യേശുവിനെ വധിച്ചത് ? ആരാണ് ഈശോയെ മരണത്തിന് വിധിച്ചത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം കൂടി ഇങ്ങനെ ഒരു വാക്യത്തില്‍ ഉത്തരം പറയാം. ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും പരിശുദ്ധനും, നൂറുശതമാനം നിരപരാധിയും, തന്നെ സമീപിച്ച എല്ലാവര്‍ക്കും നന്മചെയ്തവനും ആയവനെ, അവന്‍ നിരപരാധിയാണെന്ന് വ്യക്തമായി അറിയാമായിരുന്ന ന്യായധിപതി – അതും ലോകത്തിലെ അന്നത്തെ ഏറ്റവും ഉയര്‍ന്ന സാമ്രാജ്യത്തിന്‍റെ ചക്രവര്‍ത്തിയുടെ – ലോകത്തിന് നിയമം സംഭാവന ചെയ്ത റോമര്‍ ജനതയുടെ ചക്രവര്‍ത്തിയുടെ – നൂറു അപരാധികള്‍ ശിക്ഷിക്കപ്പെടാതെപോയാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്ന് വിധിക്കുന്ന നിയമസംഹിത ലോകത്തിനു സംഭാവന ചെയ്ത ജനതയുടെ ചക്രവര്‍ത്തിയുടെ ഔദ്യോഗിക പ്രതിനിധി നല്കിയ ഏറ്റവും ക്രൂരമായ കുരിശുമരണത്തോളം ഏറ്റവും ക്രൂരമായ മറ്റൊരു ശിക്ഷയുമില്ല – ശിക്ഷയാണ് യേശുവിന്‍റെ കുരിശുമരണം.
ഇതാണ് യേശുവിന്‍റെ കുരിശു മരണമെങ്കില്‍ അതിനോടു, ചേര്‍ത്ത് മനുഷ്യ മനസാക്ഷി ചിലചോദ്യങ്ങള്‍ ചോദിക്കുക തന്നെ വേണം. ഇത്രയും അധാര്‍മ്മികമായ ഒരു പ്രവൃത്തി ഔദ്യോഗികമായി, ഭരണാധിപന്‍റെ വിധിയുടെ ഫലമായി എന്നെങ്കിലും എവിടെങ്കിലും നടന്നിട്ടുണ്ടോ ? ഇല്ല എന്നത് ചരിത്രം നല്‍കുന്ന വ്യക്തമായ ഉത്തരമാണ്. അതിനോടു ചേര്‍ത്തു ഇതുകൂടി ചോദിക്കാം: എങ്കില്‍ ദൈവത്തിന് ഈ പ്രവര്‍ത്തിയുടെ മുമ്പില്‍ നിഷ്ക്രിയനായിരിക്കാന്‍ പറ്റുമോ. ഇല്ലാ എന്നല്ലാതെ മറ്റെന്ത് ഉത്തരമാണുള്ളത്. ദൈവം നിഷ്ക്രിയനായിരുന്നില്ല എന്ന പ്രഖ്യാപനമാണ് യേശു ഉയര്‍ത്തെഴുന്നേറ്റു എന്ന പ്രഖ്യാപനം.
ചരിത്രപരമായ അറിവും ദൈവവിശ്വാസവും യേശുവിന്‍റെ ഉയിര്‍പ്പിലുള്ള വിശ്വാസത്തില്‍ പരസ്പരം കണ്ടുമുട്ടുന്നു. യേശുവിന്‍റെ കുരിശുമരണം ആരുടേയും സങ്കല്‍പ്പസൃഷ്ടിയല്ല. അത് ചരിത്രത്തിലെ മായിച്ചു കളയാനാകാത്ത സത്യമാണ്. എങ്കില്‍ ആ സത്യത്തോട് ദൈവത്തിന് പ്രതികരിക്കാതിരിക്കാന്‍ സാധിക്കുകയില്ലെന്നുകൂടി പറയേണ്ടിവരും. ദൈവം പ്രതികരിച്ച വിധിയാണ് യേശുവിന്‍റെ ഉയിര്‍പ്പ്. മനുഷ്യന്‍റെ ഭാഗത്തുനിന്ന് പ്രവര്‍ത്തിച്ച എറ്റവും വലിയ അധാര്‍മികതയ്ക്ക് ദൈവം നല്കിയ സ്വഭാവികമായ മറുപടിയാണ്, യേശുവിനെ ഉയിര്‍പ്പിച്ചത്. യേശുവിന്‍റെ പുനരുത്ഥാനത്തില്‍ ഏറ്റുപറയുകയെന്നത് ദൈവവിശ്വാസിക്ക് വളരെ എളുപ്പമാണ്. പുനരുത്ഥാനത്തെ നിഷേധിക്കുകയാണ് പ്രയാസം കാരണം അതില്‍ യുക്തിരാഹിത്യമുണ്ട്.
പുതിയ നിയമത്തിലൂടെ കടന്നുപോയാല്‍ ഇതു മനസ്സിലാക്കാന്‍ പ്രയാസമില്ല യേശുവിന്‍റെ സ്നാനവും ഉയിര്‍പ്പും തമ്മില്‍ വലിയ ബന്ധമുണ്ട്. പാപമില്ലാത്തവന്‍ പാപികളോടൊപ്പം വന്ന് വെറും മനുഷ്യനായ യോഹന്നാനില്‍ നിന്ന് സ്നാനം സ്വീകരിച്ചു. യേശുവിന്‍റെ ആ സ്വയം എളിമപ്പെടുത്തലിന് സ്വര്‍ഗ്ഗം തുറന്നു “നീ എന്‍റെ പ്രിയ പുത്രനാണ്” എന്ന് പ്രഖ്യാപിച്ചുകൊണ്ട് ദൈവം മറുപടി നല്‍കി. യേശുവിന്‍റെ എളിമപ്പെടുത്തലിന്‍റെ മുമ്പില്‍ സ്വര്‍ഗ്ഗത്തിനു നിശ്ചലമായിരിക്കാന്‍ കഴിയുകയില്ലെന്നു അങ്ങനെ വെളിപ്പെട്ടു. മനുഷ്യന്‍റെ അധാര്‍മികത പരമപരിശുദ്ധനെ ഏറ്റവും വലിയ കുറ്റവാളിയെന്നു മുദ്രകുത്തി കുരിശില്‍ തൂക്കികൊല്ലുകയും കബറില്‍ അടക്കുകയും ചെയ്തു. ഇവിടെയും നിഷ്ക്രിയനായിരിക്കാന്‍ സാധിക്കാതിരിക്കുന്ന ദൈവം കബറിന്‍റെ വലിയ കല്ല് ഉരുട്ടിമാറ്റി യേശുവിനെ ഉയിര്‍പ്പിച്ചു. അങ്ങനെ യേശുവിന്‍റെ ഉയിര്‍പ്പിലുള്ള വിശ്വാസം ദൈവവിശ്വാസത്തിന്‍റെ യുക്തിപരമായ വ്യാപനമാണെന്നു (faith in the resurrection of Jesus is the logical extension of faith in God) പറയാം.
ഉയിര്‍പ്പ് ഭൂതകാലത്തിലേക്കുള്ള തിരികെ പോകലല്ല; ഭാവിയിലേക്കുള്ള കുതിപ്പാണ്. യേശു ഉയിര്‍ത്തുവെന്ന് പറഞ്ഞാല്‍ മരണത്തിനുമുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് യേശുതിരികെ പോയി എന്ന് ചിന്തിക്കാന്‍ പാടില്ല. അങ്ങനെ ചിന്തിക്കുന്നവരുണ്ട്. അത് അബദ്ധമാണ്.
നാലു സുവിശേഷങ്ങളും ഏതാണ്ട് ഒരു പോലെ വിവരിക്കുന്ന സംഭവങ്ങള്‍ വളരെ കുറച്ചുമാത്രമേയുള്ളു. നാലു സുവിശേഷങ്ങളിലും വളരെ വ്യത്യസ്തത പുലര്‍ ത്തുന്ന വിവരണമാണ് ഉയിര്‍പ്പുവിവരണം. എന്നാല്‍ ഉയിര്‍പ്പിനെപ്പറ്റിയുള്ള വിവരണത്തില്‍ നാലു പേരും യോജിക്കുന്ന ഒരു ഭാഗമുണ്ട്. അത് ശൂന്യമായ കല്ലറയെപ്പറ്റിയുള്ള വിവരണമാണ്. ഇത് പൊതുവായതും ചരിത്രപരവും ആര്‍ക്കും കണ്ടു മനസ്സിലാക്കാവുന്നതുമാണ്. ഉയിര്‍ത്തെഴുന്നേറ്റ യേശുവിന്‍റെ പ്രത്യക്ഷീകരണങ്ങളില്‍ വ്യക്തിപരമായ അംശങ്ങള്‍ കലര്‍ന്നിട്ടുണ്ട്. എന്നാല്‍ അങ്ങനെയല്ല ശൂന്യമായ കല്ലറ. അത് വ്യക്തിപരമല്ല. എല്ലാവര്‍ക്കും കാണാവുന്നതാണ്. അതിനാലാണ് നാലു സുവിശേഷകരും ശൂന്യമായ കല്ലറയെപ്പറ്റി പറയുന്നത്. ഇത് യേശുവിന്‍റെ ഉയിര്‍പ്പിന്‍റെ സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്നു. ഉയിര്‍പ്പ് എന്നത് ആത്യന്തികമായി അവസ്ഥാഭേദം പ്രാപിക്കലാണ്. സ്ഥലകാല പരിമിതികള്‍ക്കു ഉള്‍പ്പെട്ട ശരീരം സ്ഥലകാലാതീതമായ അവസ്ഥ പ്രാപിക്കുന്നതാണ് പുനരുത്ഥാനം.
ശിഷ്യന്മാരുടെ മുമ്പില്‍ രൂപാന്തരീകരണം പ്രാപിച്ചുകൊണ്ട് യേശു ഉയിര്‍പ്പ് എന്താണെന്ന സൂചന നല്കിയിരുന്നു. ആറു ദിവസം കഴിഞ്ഞ്…. അവന്‍ അവരുടെ മുമ്പില്‍ വച്ച് രൂപാന്തരപ്പെട്ടു (മര്‍ക്കോസ് 9:2). രൂപാന്തരപ്പെട്ട യേശുവിനെ മലമുകളില്‍ പിടിച്ചുനിര്‍ത്താമെന്നു വിചാരിച്ച് പത്രോസ് ഇങ്ങനെ പറയുന്നു. “നാം ഇവിടെയായിരിക്കുന്നത് നല്ലതാണ്.” “ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം…(9:5).” ഈ പ്രസ്താവന അജ്ഞതയുടെ ഫലമാണെന്ന് സുവിശേഷകന്‍ എടുത്തു പറയുന്നു. “എന്താണ് പറയേണ്ടതെന്ന് അവന് അറിഞ്ഞു കൂടായിരുന്നു” (9:6) രൂപാന്തരം പ്രാപിച്ചവനെ ഉള്‍ക്കൊള്ളാന്‍ ഒരു സ്ഥലത്തിനും സാധിക്കുകയില്ല. പുനരുത്ഥാനം ഒരു രൂപാന്തരീകരണമാണ്. കല്ലറയ്ക്ക് അവനെ ഉള്‍കൊള്ളാന്‍ കഴിയുകയില്ല. സ്ഥലകാലസീമകളെ അതിലംഘിക്കുന്നതാണ് പുരുത്ഥാന ജീവിതം. അതിനാല്‍ ശൂന്യമായ കല്ലറയാണ് പുനരുത്ഥാനത്തിന്‍റെ അതിശക്തമായ തെളിവ്. ഏതെങ്കിലും പ്രത്യക്ഷീകരണമല്ല.
യേശുവിന്‍റെ പുനരുത്ഥാനം വിശ്വാസികളുടെ പുനരുത്ഥാനത്തിന്‍റെ മുന്‍കുറിയാണ്. അതായത് യേശുവിന് സംഭവിച്ചത് നമുക്കെല്ലാം സംഭവിക്കും, കാലാന്ത്യത്തില്‍ യേശുവിന്‍റെ പുനരാഗമനത്തില്‍. യേശുവിന്‍റെ പുനരുത്ഥാനവും നാം പ്രാപിക്കാനിരിക്കുന്ന പുനരുത്ഥാനവും തമ്മില്‍ സത്താപരമായ വ്യത്യാസമില്ല. സമയത്തിന്‍റെ വ്യത്യാസമേയുള്ളു. യേശു ഉയിര്‍ത്തെഴുന്നേറ്റുകഴിഞ്ഞു. അങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നവരുടെ കൂട്ടത്തിലെ ആദ്യജാതനായിത്തീര്‍ന്നു. നാം ഉയിര്‍ത്തെഴുന്നേല്‍ക്കും അങ്ങനെ ആദ്യജാതനായ യേശുവില്‍ നാമും ദൈവമക്കളുടെ മഹത്വം പ്രാപിക്കും. അതുകൊണ്ടുതന്നെ മരിച്ചവരെല്ലാം ഉയിര്‍ക്കുമെന്ന് വിശ്വസിക്കുന്നവര്‍ക്ക് യേശുവിന്‍റെ ഉയിര്‍പ്പില്‍ വിശ്വസിക്കുക വളരെ എളുപ്പമുള്ളതാണ്.
യേശുവിന്‍റെ ഉയിര്‍പ്പ് ശക്തിയുടെ സന്ദേശമാണ്. വിശ്വസിക്കുന്നവന് അസാധ്യമായി ഒന്നുമില്ല എന്ന സന്ദേശമാണത്. യേശു ഉയിര്‍ത്തുവെന്ന വിശ്വാസമാണ് പൗലോസ് ശ്ലീഹായെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്; “എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും” (ഫിലി 4:13).
യേശുവിന്‍റെ ഉയിര്‍പ്പ് യുഗാന്ത്യത്തിന്‍റെ ഉദ്ഘാടനമാണ്. ഈ ലോകവും ഭൗതികയാഥാര്‍ത്ഥ്യങ്ങളെല്ലാം തന്നെയും രൂപാന്തരീകരണം പ്രാപിക്കുമെന്നും മനുഷ്യന്‍ തിരുജീവനില്‍ പ്രവേശിക്കുമെന്നുമുള്ള സന്ദേശമാണ് യേശുവിന്‍റെ ഉയിര്‍പ്പ് നല്‍കുന്നത്. നിത്യതയുടെ നാളെ ഇന്നേ ആരംഭിച്ചിരിക്കുന്നു. നമ്മുടെ ഉയിര്‍പ്പിലൂടെ നിത്യതപൂര്‍ണ്ണമായും അനുഭവവേദ്യമാകും. അതാണ് ഉയിര്‍പ്പിന്‍റെ സന്ദേശം.
റവ. ഡോ. ഫിലിപ്പ് ചെമ്പകശ്ശേരി