1. മറിയത്തിന് യേശുവിനെക്കൂടാതെ മറ്റു മക്കളുണ്ടായിരുന്നോ?
ഇല്ല; മറിയത്തിന്‍റെ ഏകപുത്രന്‍ യേശു ആണ്. ആദിമസഭയില്‍പ്പോലും മറിയത്തിന്‍റെ നിത്യകന്യാത്വം അംഗീകരിച്ചിരുന്നു. യേശുവിന് ഒരേ അമ്മയില്‍ നിന്നുള്ള സഹോദരീ സഹോദരന്മാര്‍ ഉണ്ടായിരിക്കാനുള്ള സാധ്യത അത് തള്ളിക്കളഞ്ഞിരുന്നു. യേശുവിന്‍റെ മാതൃഭാഷയായ അറമായാ ഭാഷയില്‍ ഒരേ പിതാവില്‍ നിന്നുള്ള സന്താനങ്ങളെയും (Siblings), സഹോദരീസഹോദരന്മാരുടെ സന്താനങ്ങളെയും (Cousins) സൂചിപ്പിക്കാന്‍ ഒരു പദമേ ഉള്ളൂ. അതിനാൽ, സുവിശേഷങ്ങളില്‍ യേശുവിന്‍റെ "സഹോദരീ സഹോദരന്മാര്‍" എന്നു പറയുമ്പോള്‍ യേശുവിന്‍റെ ഉറ്റ ബന്ധുക്കളെയാണ് പരാമര്‍ശിക്കുന്നത്. 2. മറിയത്തെ 'ദൈവത്തിന്‍റെ അമ്മ' എന്ന് വിളിക്കുന്നത് തെറ്റല്ലേ?
അല്ല. മറിയത്തെ ദൈവത്തിന്‍റെ അമ്മയെന്ന് വിളിക്കുന്ന ഏതു വ്യക്തിയും അതുവഴി അവളുടെ പുത്രന്‍ ദൈവമാണെന്ന് ഏറ്റുപറയുകയാണ്. ജനനത്തിനുശേഷം ദൈവം ആയിത്തീര്‍ന്ന ഒരാള്‍ക്ക് ജന്മം കൊടുക്കുകയല്ല മറിയം ചെയ്തത്. പിന്നെയോ അവളുടെ ഗര്‍ഭപാത്രത്തില്‍ വച്ചുപോലും അവളുടെ ശിശു ദൈവത്തിന്‍റെ യഥാര്‍ത്ഥ പുത്രനാണ്. ഈ വിവാദം ഒന്നാമതായി മറിയത്തെ സംബന്ധിച്ചുള്ളതല്ല. പിന്നെയോ യേശു ഒരേ സമയത്ത് യഥാര്‍ത്ഥ മനുഷ്യനും യഥാര്‍ത്ഥ ദൈവവുമാണോ എന്ന പ്രശ്നം സംബന്ധിച്ചുള്ളതാണ്. 3. മറിയത്തിന്‍റെ "അമലോത്ഭവം" എന്നതിന്‍റെ അര്‍ത്ഥമെന്താണ്?
അനന്യമായ ദൈവകൃപയാലും സര്‍വശക്തനായ ദൈവത്തിന്‍റെ ആനുകൂല്യത്താലും മനുഷ്യവംശത്തിന്‍റെ രക്ഷകനായ യേശുക്രിസ്തുവിന്‍റെ യോഗ്യതകളെ മുന്‍നിറുത്തിയും പരിശുദ്ധ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്‍റെ ആദ്യനിമിഷം മുതല്‍ ഉത്ഭവപാപത്തിന്‍റെ പാപമാലിന്യങ്ങളില്‍ നിന്നും പരിരക്ഷിക്കപ്പെട്ടു."(മറിയത്തിന്‍റെ അമലോത്ഭവത്തെ കുറിച്ചുള്ള 1854-ലെ വിശ്വാസ പ്രഖ്യാപനം) 4. മറിയം ദൈവത്തിന്‍റെ ഒരു ഉപകരണം മാത്രമായിരുന്നോ?
മറിയം ദൈവത്തിന്‍റെ കേവലം നിഷ്ക്രിയമായ ഒരു ഉപകരണത്തെക്കാള്‍ കൂടുതലായിരുന്നു. ദൈവത്തിന്‍റെ മനുഷ്യാവതാരം അവളുടെ സജീവമായ സമ്മതം കൊണ്ടുകൂടിയാണ് സംഭവിച്ചത്. ദൈവപുത്രനെ ഗര്‍ഭം ധരിക്കുമെന്ന് മാലാഖ മറിയത്തോടു പറഞ്ഞപ്പോള്‍ അവള്‍ മറുപടി പറഞ്ഞു: "നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ" (ലൂക്കാ 1:38). അങ്ങനെ മനുഷ്യവംശത്തിനു യേശു വഴിയുണ്ടായ വീണ്ടെടുപ്പ് ദൈവത്തില്‍ നിന്നുള്ള ഒരഭ്യര്‍ത്ഥനയും മറിയത്തിൽ നിന്നുള്ള ഒരു സ്വതന്ത്രസമ്മതവും കൊണ്ട് ആരംഭിക്കുകയും പരിശുദ്ധാത്മാവിനാൽ അവൾ ഗർഭം ധരിക്കുകയും ചെയ്തു. അങ്ങനെ അസാധാരണമായ ഒരു മാര്‍ഗത്തിലൂടെ മറിയം നമുക്ക് "രക്ഷയിലേക്കുള്ള കവാടം" ആയിത്തീര്‍ന്നു. 5. മറിയം എന്തുകൊണ്ടാണ് നമ്മുടെയും അമ്മയായിരിക്കുന്നത്?
മറിയം നമ്മുടെ അമ്മയാണ്. കാരണം, കര്‍ത്താവായ യേശു അവളെ നമുക്ക് അമ്മയായി തന്നു. "സ്ത്രീയെ ഇതാ നിന്‍റെ മകന്‍... ഇതാ, നിന്‍റെ അമ്മ" (യോഹ 19:26-27) എന്നു പറഞ്ഞുകൊണ്ട് മുഴുവന്‍ സഭയെയും യേശു മറിയത്തിനു ഭരമേല്‍പ്പിക്കുന്നു. അങ്ങനെ മറിയം നമ്മുടെയും അമ്മയാണ്. നമുക്ക് അവളെ വിളിച്ചപേക്ഷിക്കുകയും നമുക്കുവേണ്ടി ദൈവത്തോട് മാധ്യസ്ഥം യാചിക്കാന്‍ അപേക്ഷിക്കുകയും ചെയ്യാം. 6. വിശുദ്ധരുടെ ഐക്യത്തില്‍ കന്യകാമറിയത്തിനു ഇത്ര വിശിഷ്ടമായ സ്ഥാനമുണ്ടായിരിക്കുന്നത് എന്തുകൊണ്ട്?
മറിയം ദൈവമാതാവാണ്. അവള്‍ യേശുവുമായി ഭൂമിയില്‍ അവഗാഢം ഐക്യപ്പെട്ടിരുന്നു. മറ്റൊരാളും അങ്ങനെ ഐക്യപ്പെട്ടിരുന്നില്ല. മറ്റൊരാള്‍ക്കും അതു സാധ്യമായിരുന്നുമില്ല. ആ ഉറ്റബന്ധം സ്വര്‍ഗ്ഗത്തില്‍ ഇല്ലാതാകുന്നില്ല. മറിയം ആത്മാവോടും ശരീരത്തോടും കൂടെ ദൈവത്തിന്റെ രക്ഷാകര പദ്ധതിക്കു സ്വയം സമര്‍പ്പിച്ചു. അതുകൊണ്ട് അവള്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു. അവൾ സ്വര്‍ഗ്ഗറാണിയാണ്. മറിയത്തെപ്പോലെ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. 7. കന്യകാമറിയത്തിന് യഥാര്‍ത്ഥത്തില്‍ നമ്മെ സഹായിക്കാന്‍ കഴിയുമോ?
ഉവ്വ്. മറിയം നമ്മെ സഹായിക്കുന്നുവെന്ന് സഭയുടെ ആരംഭം മുതല്‍ അനുഭവം പഠിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിന് ദശലക്ഷക്കണക്കിന് ആളുകള്‍ സാക്ഷ്യം വഹിക്കുന്നു. മറിയം യേശുവിന്‍റെ അമ്മയാകയാല്‍ നമ്മുടെയും അമ്മയാണ്. നല്ല അമ്മമാര്‍ എപ്പോഴും അവരുടെ മക്കള്‍ക്കു വേണ്ടി നിലകൊള്ളും. തീര്‍ച്ചയായും ഈ അമ്മ അപ്രകാരം ചെയ്യുന്നു. ഭൂമിയിലായിരിക്കെ അവള്‍ മറ്റുള്ളവര്‍ക്കുവേണ്ടി യേശുവുമായി മാധ്യസ്ഥം വഹിച്ചു. ഉദാഹരണത്തിന്, കാനായില്‍ വച്ച് ഒരു മണവാളനെയും മണവാട്ടിയെയും സംഭ്രമത്തില്‍ നിന്നു രക്ഷിച്ചു. പെന്തക്കുസ്താദിവസം ഊട്ടുശാലയില്‍ അവള്‍ ശിഷ്യരുടെയിടയില്‍ പ്രാര്‍ത്ഥിച്ചു. അവള്‍ക്കു നമ്മോടുള്ള സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. അതുകൊണ്ട് നമ്മുടെ ജീവിതത്തിന്‍റെ രണ്ടു സുപ്രധാന നിമിഷങ്ങളില്‍ അവള്‍ നമുക്കായി വാദിക്കുമെന്ന് തീര്‍ച്ചയാക്കാം: "ഇപ്പോഴും മരണനേരത്തും".