നമുക്കു സ്വസ്ഥരാകാം


അസ്വസ്ഥതയുടെ ആള്‍രുപങ്ങളായി പലരും മാറിയിരിക്കുന്നു. സഹജരോടുള്ള അവഗണനയും, അസംതൃപ്തിയും, അനുഭാവപൂര്‍ണ്ണമല്ലാത്ത ഇടപെടലുകളും അസ്വസ്ഥതയ്ക്ക്‌ തെളിവായി നിലകൊള്ളുന്നു. ഏതിനെയും എന്തിനെയും അടിച്ചമര്‍ത്തുന്നതിനുള്ള ശ്രമങ്ങളും ഇതിൻ്റെ പിന്നാമ്പുറങ്ങളാണ്‌. അപരൻ്റെ സ്വാതന്ത്ര്യത്തിലും വ്യക്തിപരതയിലും കൈകടത്തുന്നതും, മുന്നോട്ടുള്ള പ്രയാണത്തിന്‌ തടസ്സം സൃഷ്ടിക്കുന്നതും സാമൂഹിക മാനദണ്ഡങ്ങള്‍ക്ക്‌ വിധേയരാകാതെ സ്വാര്‍ത്ഥതയുടെ മലകയറുന്നതും സ്വസ്ഥത ഇല്ലായ്മയുടെ വെളിപ്പെടുത്തലുകളാണ്‌. അതുകൊണ്ടുതന്നെ തിരസ്കരിക്കപ്പെടുന്നതും തിരസ്്കൃതനാകുന്നതും മഹാപാതകങ്ങളായി നാം കരുതേണ്ടതുണ്ട്‌. വൈകാരിക ബന്ധങ്ങളില്ലാത്ത, സ്വസുഖവും താല്പര്യവും മാത്രം മുന്നില്‍ കണ്ട്‌ പ്രയത്നിക്കുന്ന വ്യക്തികളുടെ കൂട്ടമായി മാത്രം നമ്മുടെകുടുംബങ്ങള്‍ അധപ്പതിച്ചിരിക്കുന്നു. പരസ്പരം സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും മറവി സംഭവിച്ചിരിക്കുന്നു. അതുമൂലം കുടുംബങ്ങളില്‍ നിന്നും രൂപീകരിക്കപ്പെടേണ്ട സ്വഭാവ ഗുണങ്ങള്‍ അന്യമായി തീര്‍ന്നിരിക്കുന്നു. അരുതുകളുടെ ആജ്ഞകളല്ല, ചേര്‍ത്തുനിറുത്തിയുള്ള ഉപദേശങ്ങളാണ്‌ യുവാക്കളുടെ വഴി തെളിക്കേണ്ടത്‌. ശൈശവത്തില്‍ തന്നെ നടക്കേണ്ടവഴി പരിശീലിപ്പിക്കുക (പ്രഭാഷകന്‍ 22:6) എന്ന വചനം മാതാപിതാക്കളും ഹൃദിസ്ഥമാക്കേണ്ടതുണ്ട്‌. സ്വന്തം ഇഷ്ടങ്ങള്‍ നേടി എടുക്കുന്നതിനുള്ള പരിശീലനങ്ങളല്ല, മറ്റുള്ളവരെ സ്നേഹിക്കാനും ആദരിക്കാനും ഉള്ളപഠനങ്ങള്‍ ആകണം ആദ്യത്തേത്‌. ഹൃദയത്തില്‍ നല്ല നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും (മത്തായി 6:21) സജ്ജരാക്കണം. അങ്ങനെ സ്വസ്ഥമാര്‍ന്ന ജീവിതത്തിന്‌ വഴികാട്ടികളാകണം.

അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണമെന്ന (യോഹ: 3:30) യേശുവിനോടുള്ള സ്നാപകൻ്റെ നിലപാട്‌ ശ്രദ്ധേയമാക്കേണ്ടതുണ്ട്‌. നിസ്വാര്‍ത്ഥമായ മനസ്സിൻ്റെ ഉള്ളറകളില്‍ നിന്നുംപൊട്ടിപ്പുറപ്പെടുന്ന ലാവാ പ്രവാഹമാണത്‌. തന്നെക്കാള്‍ വലിയവനെ അംഗീകരിക്കാനുള്ള കരുത്തിൻ്റെ കരുതലുമാണത്‌. വെളിപാടുകളെ വെളിച്ചത്തുകൊണ്ടുവരാനുള്ള മനസ്സിൻ്റെ എളിമയും കൂടെയുണ്ടതില്‍. വ്യക്തികളെ വ്യക്തമായി സമൂഹത്തിനു മുമ്പില്‍ അംഗീകരിക്കുവാനും അവതതരിപ്പിക്കുവാനുമുള്ള മാനസിക പക്വതയാണ്‌ ഈ വാക്യത്തില്‍ നിറഞ്ഞുതുളുമ്പുന്നത്‌. യേശുവിൻ്റെ ദൈവീകതക്ക്‌, മനുഷ്യാവതാരത്തിനുള്ള ചൂണ്ടുപലകയാണ്‌ സ്നാപകൻ്റെ വാക്കുകള്‍. യേശുവിനോടുള്ള സ്നാപകൻ്റെ മനോഭാവം നമുക്കും ആര്‍ജ്ജിക്കാം. മറ്റുള്ളവരെ സ്നേഹാദരങ്ങളോടെ സമീപിക്കാനും, അവൻ്റെ വിലയാര്‍ന്ന ജീവനെ മഹത്വവത്ക്കരിക്കാനും നമുക്ക്‌ ശ്രമിക്കാം. അങ്ങനെ നമുക്കും സ്വസ്ഥരാകാം.

#editorial

65 views0 comments

Our Lady Of Assumption Church

Vlathankara,Vlathankara P.O.

Thiruvananthapuram

Kerala, India Pin : 695134

  • Facebook Social Icon
  • WhatsApp

© 2020 BY SWARGAROPITHAMATHA CHURCH