top of page

മഴപ്പെയ്ത്ത്

  • Jayaprakash
  • Aug 3, 2022
  • 1 min read

Updated: Oct 8, 2022



മഴപ്പെയ്ത്തു തുടരുകയാണ് ...

ദുരിതങ്ങളും ദുരിതാശ്വാസങ്ങളും തുടങ്ങിക്കഴിഞ്ഞു. ദുരിത വാഹകർ ക്യാമ്പുകളിലും മറ്റുള്ളവർ സുഖവാസത്തിലുമാണ്. പക്ഷേ സുവിശേഷങ്ങളിൽ മഴയെക്കുറിച്ചുള്ള പ്രതിപാദ്യങ്ങളില്ല എന്നത് സവിശേഷമായി നിലനില്ക്കുന്നു. മഴ സുഖകരമായ അവസ്ഥ ആയതിനാലാവാമത്. ജീവിതത്തിന്റെ കാണാപ്പുറങ്ങളിൽ വേദന അനുഭവിക്കുന്നവന് എന്തു സുഖമാണ് ഉള്ളത്. അന്നന്നിടം തള്ളിനീക്കുവാൻ കഷ്ടപ്പാടിന്റെ കയങ്ങൾ നീന്തിക്കയറാൻ പെടാപാടുപെടുന്നവന് എന്താണ് സുഖകരമായുള്ളത്. എന്നാൽ അവിടെയൊക്കെയും സുഖമായി തീർന്നവൻ ഉണ്ട് എന്നത് വിസ്മയമാണ്. സുവിശേഷത്തിലെ മഴയായി അവനുള്ളപ്പോൾ മറ്റൊരു മഴയുടെ ആവശ്യമില്ലല്ലോ. ഗുരുവിന്റെ ആശ്രമത്തിൽ ഒരിക്കലൊരതിഥി എത്തി. ഗുരുവിനോടല്പം നീരസമുള്ള അയൽ രാജ്യത്തു നിന്നുമൊരാൾ. ഗുരു താമസ സൗകര്യമൊരുക്കി. അതിഥി തൃപ്തനായി. രാവിലെ പോകുന്നതിനു മുമ്പ് മുറിയിൽ മലവിസർജ്ജനം നടത്തി ധന്യമാക്കിയിട്ട് അതിഥി അവിടം വിട്ടു. പോകുന്ന വഴിക്കാണ് വാൾ മറന്നു വച്ച കാര്യം ഓർത്തത്. തിരികെ വന്ന് വാളെടുക്കാൻ എത്തിയ അതിഥിക്ക് സുസ്മേര വദനനായി ഗുരു വാൾ നല്കി. ശിഷ്യന്മാർ ഗുരുവിനോട് നിരസമുള്ളവരായി. ഗുരു അവരോടു പറഞ്ഞു, അവനോടു കോപിച്ചാൽ ഞാനും അവനും തമ്മിൽ എന്തു വ്യത്യാസം. ജാള്യതയോടെ മാനസിക സംഘർഷത്തോടെ എന്തു സംഭവിക്കും എന്ന് നിശ്ചയമില്ലാതെ തിരികെ എത്തിയ അതിഥിയുടെ മനസ്സിൽ നനുനനുത്ത മഴയായി പെയ്തിറങ്ങിയ ഗുരു .....

സുവിശേഷത്തിലെ ഗുരുവും അങ്ങനെ തന്നെയല്ലേ... അപരന്റെ ജീവിതത്തിൽ മഴയായി പെയ്തിറങ്ങിയവൻ.....

പിന്നെ മറ്റൊരു മഴ ആവശ്യമുണ്ടോ...

സുവിശേഷത്തിലെ മഴയെ ഈ മഴക്കാലത്ത് നമുക്കും മനസ്സിലേറ്റാം ....

ഒരത്ഭുതമായി...🙏


ജെ പി ചെങ്കൽ

 
 
 

Yorumlar


bottom of page