ചരിത്രം
തെക്കൻ കേരളത്തിലെ അതിപുരാതനവും അതിപ്രശസ്തവുമായ തീർത്ഥാടന കേന്ദ്രമാണ് നെയ്യാറ്റിൻകര രൂപതയിലെ വ്ളാത്താങ്കരയിൽ സ്ഥിതിചെയ്യുന്ന സ്വർഗ്ഗാരോപിത മാതാവിൻ്റെ നാമധേയത്തിലുള്ള ഫെറോനാ ദൈവാലയം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാറിൻ്റെ ഓളങ്ങളാൽ തഴുകി തലോടപ്പെടുന്ന ചെങ്കൽ ഗ്രാമത്തിലെ പ്രശാന്തസുന്ദര സ്ഥലമാണ് വ്ളാത്താങ്കര.
പരിശുദ്ധ മറിയത്തെ വാഴ്ത്തുന്നതിനു വേണ്ടി അനുദിനമെത്തിയിരുന്ന ഭക്തരെ അനുസ്മരിപ്പിക്കുന്നതിനായി പൂർവ്വികർ വിശ്വാസപൂർവ്വം വിളിച്ചിരുന്ന "വാഴ്ത്താൻകര" പിൽക്കാലത്ത് ലോപിച്ച് 'വ്ളാത്താങ്കര' ആയതെന്നാണ് കരുതപ്പെടുന്നത്. വയലേലകളും തെങ്ങിൻ തോപ്പുകളും കുളങ്ങളും നീർച്ചാലുകളും നിറഞ്ഞ കാനാൻദേശാനുഭവം നിറഞ്ഞു നിൽക്കുന്ന വ്ളാത്തങ്കര മണ്ണിൽ 1790 ൽ ബെൽജിയം കർമ്മലീത്ത മിഷണറിമാരാണ് ഒരു സ്ഥിരമായ ദൈവാലയം പണികഴിപ്പിച്ചത്. എങ്കിലും 16-ാം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗം മുതൽ തന്നെ സ്വർഗ്ഗാരോപിത മാതാവിൻ്റെ നാമധേയത്തിൽ ഒരു പ്രാർത്ഥനാ സമൂഹം ഇവിടെ ഉണ്ടായിരുന്നു എന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു.
ചരിത്ര സ്മരണ
പതിനാറാം നൂറ്റാണ്ടിൻ്റെ ഉത്തരാര്‍ദ്ധത്തില്‍ ഭാരതീയ സന്യാസ വേഷധാരിയായ ഒരു വിദേശ മിഷണറി ഈ നാട്ടിലെത്തി. പൂച്ചെടികളും, മുച്ചൂട്ടാനും കുന്താലന്‍പുല്ലും വളര്‍ന്നു കിടന്നിരുന്ന തെങ്ങിന്‍ തോട്ടത്തില്‍ വേനല്‍ ചൂടിൻ്റെ കാഠിന്യത്താല്‍ ക്ഷീണിതനായ അദ്ദേഹം, ക്ഷീണമകറ്റാന്‍ ഒരു തെങ്ങിന്‍ ചുവട്ടില്‍ ചാരിയിരുന്നു. കുളിര്‍കാറ്റേറ്റ് ആലസ്യത്തിൻ്റെ മയക്കത്തില്‍ അദ്ദേഹം ഒരു ദര്‍ശനം കണ്ടു. അഭൗമ സൗന്ദര്യവും സ്വര്‍ഗ്ഗാലംകൃതയുമായ ഒരു സ്ത്രീ, അനേകം മാലാഖമാരുടെ അകമ്പടിയോടെ തൻ്റെ അരുകിലേയ്ക്ക് വരുന്നു. അവൾ അരുള്‍ ചെയ്തു: "ഞാന്‍ നിത്യകന്യകയും സ്വര്‍ഗ്ഗാരോപിതയുമായ കന്യകാ മറിയമാണ്. ഇത് എൻ്റെ വാസഗ്രഹമാണ്. ഉവിടെ എനിക്ക് ഒരു ഭവനം പണിയണം”. ദര്‍ശനത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്ന അദ്ദേഹം തൻ്റെ ചുറ്റും കുറച്ച് കുട്ടികളും മുതിര്‍ന്നവരും കൂടിനില്‍ക്കുന്നതാണ് കണ്ടത്. സാധുക്കളായ ആ കര്‍ഷകരുടെ ആഥിത്യം സ്വീകരിച്ച് ആ സ്ഥലത്തില്‍ ഏതാനും നാള്‍ അദ്ദേഹം താമസിച്ചു കൊണ്ട് ഒരു പ്രാര്‍ത്ഥനാ സമൂഹം രുപപ്പെടുത്തി. ഇന്ന് ദൈവാലയം സ്ഥിതിചെയ്യുന്ന ഈ സ്ഥലം കന്യകയുടെ വാസസ്ഥലം എന്നര്‍ത്ഥം വരുന്ന 'കന്യകാവ്' പുരയിടം എന്ന് പാരമ്പര്യമായി അറിയപ്പെടുന്നു. ആ വിദേശമിഷണറി വീരമാമുനി എന്നറിയപ്പെട്ട കോൺസ്റ്റന്റൈൻ ജോസഫ് ബെഷ് ആണെന്ന് ചരിത്ര രേഖയില്‍ കാണിക്കുന്നു. ഈ ദേശത്ത് ആദ്യകാലത്ത് മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് മധുര ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഈശോ സഭാ മിഷണറിമാരാണ്. 1698 കാലഘട്ടത്തില്‍ കത്തോലിക്കാ വിശ്വാസികളുടെ വലിയൊരുസമൂഹം ഈ ഭാഗത്ത് രൂപംകൊണ്ടിരുന്നുവെന്ന് രേഖയുണ്ട്. ഈ മിഷണറിമാരുടെ സുവിശേഷ പ്രവര്‍ത്തനഫലമായി 1760-ല്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഒരു രാജകുടുംബാംഗമായ അഭ്രാമി എന്ന സ്ത്രീ പാറശ്ശാല പ്രദേശത്ത് സ്വർഗ്ഗാരോപിത മാതാവിൻ്റെ നാമധേയത്തിലുള്ള ഒരു ദൈവാലയം സ്ഥാപിച്ചതായി രേഖയുണ്ട്. എന്നാല്‍ പാറശ്ശാല - നെയ്യാറ്റിന്‍കര പ്രദേശത്ത് സ്വർഗ്ഗാരോപിതമാതാവിൻ്റെ നാമധേയത്തിലുള്ള ഒരേഒരു ദൈവാലയം വളാത്താങ്കരയിലാണുതാനും. അതുകൊണ്ടുതന്നെ ഈ ദൈവാലയം ക്രൈസ്തവ വിശ്വാസത്തിൻ്റെ ഈറ്റില്ലവും, നെയ്യാറ്റിന്‍കര ലത്തീൻ രൂപതയുടെ ആദ്യ ക്രൈസ്തവ ആസ്ഥാനവുമായി അറിയപ്പെടുന്നു.
ഐതീഹ്യങ്ങള്‍
1915-ല്‍ സ്വതന്ത്ര ഇടവകയായ വ്ളാത്താങ്കരയില്‍ കര്‍മ്മലീത്ത മിഷനറിയായ ഫാ.ജോണ്‍ ഡമിഷന്‍ ചുമതലയേറ്റു. 1922 വരെ വികാരിയായിരുന്ന അദ്ദേഹത്തിനുശേഷം 1928 വരെ ഫാ.പി.എല്‍.ക്രിസ്ത്യന്‍ സേവനം അനുഷ്ഠിച്ചു. 1928 മുതല്‍ 1949 വരെ ഫാ.ജറാര്‍ഡ് ഒ.സി.ഡി ഇടവകവികാരിയായിരുന്നു. വെളുത്ത താടിരോമങ്ങളാല്‍ അലംകൃതനായ ശാന്തനും സൗമനും തേജസുറ്റവനുമായ അച്ചൻ്റെ സാന്നിദ്ധ്യം ഇടവകയ്ക്ക് ഉണര്‍വായതായി പൂര്‍വികര്‍ പങ്കുവയ്ക്കുന്നു. അച്ചൻ്റെ കാലഷട്ടത്തില്‍ വിശ്വാസത്തിൻ്റെ ആഴങ്ങളില്‍ എത്തപ്പെട്ട ജനങ്ങള്‍ക്ക് ധാരാളം അത്ഭുതങ്ങൾ ദര്‍ശിക്കാന്‍ കഴിഞ്ഞുവെന്ന് പാരമ്പര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
1) ചില വെള്ളിയാഴ്ചകളില്‍ അര്‍ദ്ധരാത്രിയില്‍ ദൈവാലയ മണി മുഴങ്ങിയിരുന്നെന്നും അതുശ്രവിച്ച് ദൈവാലയത്തില്‍ എത്തുന്ന വിശ്വാസികള്‍ക്ക് 12 മെഴുകുതിരികള്‍, ഇന്നു ആര്‍ത്താരയില്‍ കാണുന്ന തടിയില്‍ തീര്‍ത്ത മെഴുകുതിരിക്കാലുകളില്‍ കത്തി ജ്വലിച്ചു നില്‍ക്കുന്നതായി കാണാന്‍ കഴിഞ്ഞിരുന്നതായും പൂര്‍വ്വീകരുടെ വായ്മൊഴിയില്‍ നിന്നും ലഭ്യമാണ്. തൻ്റെ തിരുക്കുമാരനായ യേശു നാഥൻ്റെയും പരി.അമ്മയുടെയും നിറസാന്നിദ്ധ്യം ഈ ദൈവാലയത്തില്‍ എന്നുമുണ്ടായിരുന്നു എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
2) ചില സന്ധ്യാസമയങ്ങളില്‍ ദൈവാലയത്തിനുചുറ്റും നടന്നുകൊണ്ട് നിശബ്ദനായി പ്രാര്‍ത്ഥിച്ചിരുന്ന ജറാള്‍ഡ് അച്ഛൻ്റെ മുന്നിലൂടെ വെളുത്ത കുതിരപ്പുറത്ത് ആയുധധാരിയായ ഒരാള്‍ സഞ്ചരിച്ചിരുന്നതായി പലരും സാക്ഷ്യഷെടുത്തിയിട്ടുണ്ട്. വി.ഗിവര്‍ഗ്ഗീസിൻ്റെ സാന്നിദ്ധ്യം പല പ്രതിസന്ധികളിലും - വെള്ളപ്പൊക്കം, കൃഷിനാശം, വെട്ടുകിളി ശല്യം മറ്റ് മാറാ രോഗങ്ങള്‍ എന്നിവയിൽ നിന്ന് ജനങ്ങള്‍ക്ക് അഭയയേകി എന്ന വിശ്വാസം ഇന്നും ജനങ്ങളുടെ ഇടയില്‍ സുദൃഢമാണ്. ഇങ്ങനെയുള്ള ധാരാളം അത്ഭുതങ്ങൾ ഈ ദൈവാലയവുമായി ബന്ധപ്പെടുത്തി ഇന്നും ജനങ്ങളുടെ ഉടയില്‍ പ്രചാരത്തിലുണ്ട്.
വിശ്വസത്തിൻ്റെ പൊന്‍കിരണങ്ങള്‍
1949 മുതല്‍ 1990 വരെ ബഹുമാനപ്പെട്ട മോണ്‍സിഞ്ഞോന്‍ മാനുവല്‍ അന്‍പുടയോനച്ചന്‍ ഇടവക ഭരണം നടത്തി. അദ്ധ്യാത്മികവും ഭൗതികവുമായ വളര്‍ച്ചയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു ഈ 21 വര്‍ഷങ്ങള്‍. യേശുവിൻ്റെ നിറചൈതന്യത്തോടെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന അന്‍പുടയോന്‍ അച്ചന്‍ ജനങ്ങളുടെ അന്‍പിൻ്റെ (സ്‌നേഹത്തിൻ്റെ) ഉടയവനായി മാറി. അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം ഇമ്മാനുവേല്‍, ദൈവം നമ്മോടുകൂടെ, ആയി ജനം അനുഭവിച്ചു. ഈ സമയത്ത് പരിരുദ്ധ അമ്മയോടുള്ള ഭക്തി ജനങ്ങളില്‍ കുടുതല്‍ സുദൃഡമായി. ഇന്ന് മാതാവിനോടുള്ള ഭക്തിയിലും വിശ്വാസത്തിലും പ്രോജ്വലിച്ചുനില്‍ക്കുന്ന ഒരു വന്‍ ജനസമൂഹമാണ് വ്ളാത്താങ്കരയിലുള്ളത്. ഇടവക ജനങ്ങളുടെയും തീര്‍ത്ഥാടകരുടെയും സൗകര്യാര്‍ത്ഥം 1989 സെപ്തംബര്‍ എട്ടാം തീയതി മാതാവിൻ്റെ ജനന തിരുനാളിൻ്റെ അന്ന് പഴയ ദൈവാലയം പൊളിച്ചുമാറ്റി പുതിയ ദൈവാലയം പണിചെയ്യാനാരംഭിച്ചു. അന്നത്തെ ഇടവക വികാരിയായിരുന്ന റവ. ഫാ. ജി. എഫ്. സേവ്യറിൻ്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച പുതിയ ദേവാലയത്തിൻ്റെ വെഞ്ചരിപ്പു കർമ്മം 1991 ജൂലൈ 20-ാം തീയതി തിരുവനന്തപുരം അതിരുപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. സുസൈപാക്യം നിര്‍വ്വഹിച്ചു. വ്ളാത്താങ്കരയെയും സമീപ പ്രദേശങ്ങളെയും ആത്മീയതയുടെ നെറുകയിലെത്തിച്ച് തല ഉയര്‍ത്തി നില്‍ക്കുന്ന ഈ ദൈവാലയത്തിലെ ഇപ്പോഴത്തെ വികാരി മോൺസിഞ്ഞോർ വി. പി. ജോസും സഹവികാരി റവ. ഹാ. ടോണി മാത്യു വുമാണ്.
അനുഗ്രഹപൂമഴ
പ്രശ്നങ്ങളെ അത്ഭുതങ്ങളായി കാണാനുള്ള മനസ്സുമായി ദൈവത്തിങ്കലേക്കു തിരിയുന്ന ഏവനും ശാശ്വത പരിഹാരം ലഭിക്കും എന്ന തിരിച്ചറിവിൽ ഈ ദൈവാലയത്തിൽ എത്തുന്ന ഏവർക്കും അനുഗ്രഹ പൂമഴയുടെ കുളിർമയിൽ ശാന്തിയുടെ നിർവൃതി അടയാനാകും എന്ന അനുഭവമാണ് തീർത്ഥാടകരെ ഇവിടേക്ക് ആകർഷിക്കാനുള്ള മുഖ്യ ഘടകം.
തളർന്ന മനസുമായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് ഇവിടെ എത്തുന്ന വിശ്വാസികൾ പ്രധാനമായും കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പത്തികൾ, മംഗല്യഭാഗ്യം ലഭിക്കാത്തവർ, ത്വക്ക് രോഗികൾ, ക്യാൻസർ മുതലായ മാരക രോഗത്താൽ പീഡിപ്പിക്കപ്പെടുന്നവർ, സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവർ അനുഗ്രഹീതരായി ആഗ്രഹ പൂർത്തീകരണം നേടുമെന്നത് ദിനംപ്രതി ധാരാളം പേർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതു കൊണ്ട് തന്നെ തീർത്ഥാടകരുടെ എണ്ണം ദിനം തോറും വർദ്ധിച്ചു വരുന്നു.