Editor

Mar 30, 2018

മാർച്ച് 30 യോഹ 18:1 -19:42 (ദുഃഖവെള്ളി)

“എല്ലാം പൂർത്തിയായി” (വാക്യം 30) 

ജീവിതത്തിൽ എന്തിൻ്റെയെങ്കിലും  “പൂർത്തീകരണം” (accomplishment) എന്നതുകൊണ്ട് സാധാരണയായി അർത്ഥമാക്കുന്നത് ജീവിതത്തിൽ തുടങ്ങിവച്ച ഒരു പദ്ധതിയുടെ നിവർത്തികരണം  പ്രതിസന്ധികളിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും സാധിക്കുക എന്നതാണ്. കുരിശിൽ കിടന്നുകൊണ്ട് എല്ലാം പൂർത്തിയായി എന്ന് യേശു പറയുമ്പോൾ പുറമെ അവൻ ഒന്നുംതന്നെ പൂർത്തിയാക്കിയതായി കാണാനില്ല. ഒരു പക്ഷെ കുറെ പരാജയങ്ങളുടെ പൂർത്തീകരണമായി തോന്നാം. കാരണം പന്ത്രണ്ട്‌ ശിഷ്യരിൽ ഒരുവൻ ഒറ്റികൊടുത്തു, മറ്റൊരുവൻ തള്ളിപ്പറഞ്ഞു, ബാക്കിയുള്ളവരിൽ ഒരുവനൊഴികെ എല്ലാവരും ഓടിയൊളിച്ചു.

കുരിശിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു മരിച്ച ഒരുവൻ എങ്ങനെ ദൈവമാകും എന്നും  അവൻ ദൈവപുത്രനായിരുന്നുവെങ്കിൽ ശത്രുക്കൾ ചുറ്റും കൂടിയപ്പോൾ അവൻ്റെ ദൈവികശക്തി എവിടെയായിരുന്നുവെന്നും ലോകം ചോദിക്കും. കുരിശിൻ്റെ നിശ്ചലതയിലും ക്രൂശിതൻ്റെ നിശ്ശബ്ദതയിലും ദൈവത്തിൻ്റെ അന്തസത്ത എന്തെന്ന് വെളിപ്പെടുന്നുണ്ട്. ക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവം ഒരു ശക്തിയല്ല, മറിച്ചു സ്നേഹമാണ്. അതെ, ദൈവം സ്നേഹമാകുന്നു! ഇതാണ് ദുഃഖവെള്ളി ഓർമ്മിപ്പിക്കുന്ന ദൈവിക സത്യം.  ശക്തിയായിരുന്നുവെങ്കിൽ പാപം ചെയ്ത മനുഷ്യകുലത്തെ ആ ശക്തി ഭസ്മമാക്കിയേനെ!  പാപം മൂലം സ്നേഹിക്കപെടാനായ് അർഹതയൊന്നുമില്ലാതിരുന്ന മനുഷ്യകുലത്തെ കുരിശുമരണത്തോളം സ്നേഹിച്ച സ്നേഹമാണത്.

സ്നേഹത്തിൻ്റെ ഏറ്റവും മഹത്തരമായ പ്രകാശനത്തിലൂടെ പൂർത്തിയായ രക്ഷാകര ദൗത്യമാണ് കുരിശിൽ ഇതൾവിരിയുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBSa

    190
    1