top of page
  • ഫാ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ

പരിശുദ്ധ മറിയത്തിന്റെ സ്വർഗാരോപണവും ജറുസലേമിലെ കല്ലറയും എഫേസോസിലെ വീടും


പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണത്തെക്കുറിച്ച് സഭയുടെ ഔദ്യോഗിക പ്രഖ്യാപനം കാണുന്നത് 1950 നവംബർ ഒന്നിന് പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ മുനിഫിചെന്തിമൂസ് ദൈവവൂസ് (ഏറ്റവും ദയാനിധിയായ ദൈവം) എന്ന അപ്പസ്‌തോലിക പ്രമാണത്തിലാണ്.

1950 ലെ ജൂബിലിയോടനുബന്ധിച്ച് റോമിൽ പത്രോസിന്റെ ദേവാലയമുറ്റത്ത് ഒന്നിച്ചു കൂടിയിരുന്ന അഞ്ചുലക്ഷത്തോളം വരുന്ന ജനത്തിന് മുമ്പിൽനിന്ന് മാർപാപ്പ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചു. ”അമലോത്ഭവ ദൈവമാതാവ്, നിത്യകന്യകയായ മറിയം, അവളുടെ ഭൗമിക ജീവിതം പൂർത്തിയാക്കിയതിനുശേഷം ആത്മശരീരങ്ങളോടുകൂടി സ്വർഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു.” ഈ അപ്പസ്‌തോലിക പ്രമാണത്തിലെ വാക്കുകളിൽ പരിശുദ്ധ മറിയത്തെ സംബന്ധിച്ച് കത്തോലിക്കാ സഭയുടെ മറ്റ് മൂന്ന് വിശ്വാസ സത്യങ്ങളും ഉൾക്കൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. മറിയം അമലോത്ഭവയാണ് (ഒമ്പതാം പീയൂസ് മാർപാപ്പ, 1854 ഡിസംബർ എട്ട്), മറിയം ദൈവമാതാവാണ് (431 ലെ എഫേസൂസ് സാർവത്രിക സൂനഹദോസ്) എന്നിവയാണ് മറിയത്തെ സംബന്ധിച്ചുള്ള മറ്റു വിശ്വാസ സത്യങ്ങൾ.

കത്തോലിക്കാസഭയുടെ വേദപാഠപുസ്തകം 966 ഖണ്ഡികയിൽ ഇപ്രകാരം പറയുന്നു: ‘അമലോത്ഭവയായ കന്യക, ഉത്ഭവ പാപത്തിന്റെ എല്ലാ കറകളിൽനിന്നും മോചിതയായവൾ, അവളുടെ ഭൗമിക ജീവിതം അവസാനിച്ചപ്പോൾ, ആത്മശരീരങ്ങളോടെ സ്വർഗീയ മഹത്വത്തിലേക്ക് എടുക്കപ്പെടുകയും സകലത്തിന്റെയും രാജ്ഞിയായി ദൈവത്താൽ ഉയർത്തപ്പെടുകയും ചെയ്തു.

അങ്ങനെ അവൾ തന്റെ പുത്രനും നാഥന്മാരുടെ നാഥനും മരണത്തെയും പാപത്തെയും വിജയിച്ചവനുമായവനോട് കൂടുതൽ പൂർണമായി താതാത്മ്യപ്പെടുകയും ചെയ്തു. പരിശുദ്ധ കന്യകയുടെ സ്വർഗാരോപണം, അവളുടെ പുത്രന്റെ ഉത്ഥാനത്തിലുള്ള അനന്യമായ പങ്കുചേരലും, എല്ലാ വിശ്വാസികളും പങ്കുചേരാനുള്ള പുനരുത്ഥാനത്തിന്റെ മുൻകൂട്ടിയുള്ള പങ്കുചേരലുമാണ്.

പരിശുദ്ധ മറിയത്തിന്റെ സ്വർഗാരോപണം വിശ്വാസ സത്യമായി സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചത് 1950-ൽ ആണെങ്കിലും ഇത് കത്തോലിക്കാ സഭ അക്കാലത്ത് കണ്ടുപിടിച്ച ഒരു സത്യമോ പുതിയ വെളിപ്പെടുത്തലുകളോ അല്ല. ആദ്യ നൂറ്റാണ്ട് മുതൽ സഭാമക്കൾ വിശ്വസിച്ചിരുന്നതും ആഘോഷിച്ചിരുന്നതുമായ ഒരു സത്യം സഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് ഇതിലൂടെ ചെയ്തത്.

സഭയുടെ ആദ്യ നൂറ്റാണ്ടുകൾ മുതലുള്ള വിശ്വാസ പാരമ്പര്യത്തിലും സഭ പിതാക്കന്മാരുടെയും വേദശാസ്ത്ര പണ്ഡിതന്മാരുടെയും പഠിപ്പിക്കലുകളിലും വിവിധ സഭകളുടെ പ്രാചീനമായ ആരാധന ക്രമങ്ങളിലും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണത്തെക്കുറിച്ചുളള പ്രതിപാദനങ്ങൾ കാണുവാൻ സാധിക്കും.

നൂറ്റാണ്ടുകളായുള്ള സഭയുടെ ഈ വിശ്വാസം വലിയ ഒരുക്കത്തിന്റെയും പഠനത്തിന്റെയും ശേഷമാണ് കത്തോലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. മറിയത്തിന്റെ സ്വർഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിക്കണമെന്ന് അനേകായിരങ്ങളിൽനിന്ന് മാർപാപ്പയ്ക്ക് ലഭിച്ച കത്തുകളും ആവശ്യങ്ങളും മാനിച്ച് 1946 മുതൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ഈ പ്രഖ്യാപനത്തിനുവേണ്ടി ഒരുങ്ങുകയായിരുന്നു. അദ്ദേഹം 1946 മെയ് ഒന്നാം തിയതി എല്ലാ മെത്രാന്മാർക്കും ഇതിനെ സംബന്ധിച്ചുള്ള രണ്ട് ചോദ്യങ്ങൾ അയച്ചുകൊടുത്തു. അത് ഇപ്രകാരമായിരുന്നു.

1. ”ബഹുമാന്യരായ സഹോദരന്മാരേ, നിങ്ങളുടെ ജ്ഞാനവും വിവേചനവും പരിശുദ്ധ കന്യകയുടെ ശരീരത്തോടുകൂടിയുള്ള സ്വർഗാരോപണം ഒരു വിശ്വാസ സത്യമായി നിർദേശിക്കുവാനും നിർവചിക്കുവാനും സാധിക്കുന്നതാണെന്ന് വിധിക്കുന്നോ?

2. നിങ്ങളും നിങ്ങൾക്കും ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന വൈദികരും ജനങ്ങളും അത് ആഗ്രഹിക്കുന്നുവോ? 1236 ൽ 1210 മെത്രാന്മാരും ഈ ചോദ്യങ്ങൾക്ക് ‘അതെ’ എന്ന ഉത്തരം നൽകി. ഇപ്രകാരം ഐകകണ്‌ഠേന ലഭിച്ച നിർദേശത്തിന്റെയും സഭയുടെ ആദ്യനൂറ്റാണ്ട് മുതലുള്ള ജീവിക്കുന്ന പാരമ്പര്യത്തിന്റെയും പിൻബലത്തിലാണ് മാർപാപ്പ മറിയത്തിന്റെ സ്വർഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. ഈ അപ്പസ്‌തോലിക പ്രമാണത്തിൽ മറിയത്തിന്റെ സ്വർഗാരോപണത്തെ സംബന്ധിച്ചുള്ള വിശുദ്ധ ഗ്രന്ഥാടിസ്ഥാനവും ആദിമ സഭയിൽ നിന്നുമുള്ള പാരമ്പര്യങ്ങളും ആരാധനക്രമ പ്രാർത്ഥനകളും സഭാപിതാക്കന്മാരുടെ സാക്ഷ്യങ്ങളും മാർപാപ്പ ഉദ്ധരിക്കുന്നുണ്ട്.

അപ്പസ്‌തോലിക പ്രമാണത്തിൽ പറയുന്നത് മറിയത്തിന്റെ ഭൗമികവാസത്തിന് ശേഷം സ്വർഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്നാണ്. ഇവിടെ മറിയം മരിച്ചിട്ടില്ലെന്നോ ഉണ്ടെന്നോ പഠിപ്പിക്കുകയല്ല പ്രാധാന്യം. വിശ്വാസ സത്യമായി സഭ പഠിപ്പിക്കുന്നത് മറിയം ഇഹലോക ജീവിതത്തിനുശേഷം ആത്മശരീരങ്ങളോടുകൂടെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്നാണ്. എങ്ങനെ, എവിടെ എന്നത് പ്രത്യേകം പറയുന്നില്ല. മരണത്തോടെയാകാം, അല്ലെങ്കിൽ കല്ലറയിൽ നിന്നുമാകാം. മറിയത്തിന്റെ ഇഹലോക ജീവിതത്തിന്റെ അവസാനത്തെ, ‘മരണം’ എന്ന് സഭ വിളിക്കുന്നുമില്ല. കാരണം മരണവും മണ്ണിനോട് ചേരുന്നതും പാപത്തിന്റെ ഫലവുമാണ് (ഉൽപ. 3:14-20; റോമ 5:12).

അമലോത്ഭവയായ മറിയം പാപത്തിനടിമപ്പെട്ട മനുഷ്യന്റെ സഹചമായ വിധത്തിലുള്ള മരണത്തിന് കീഴ്‌പ്പെട്ടില്ല. മറിച്ച് അവളുടെ ജീവിതാവസാനം തന്നെ പുനരുത്ഥാനത്തിലുള്ള പങ്കാളിത്തമായിരുന്നു. അതിനാൽ ആദിമ സഭയിൽ തന്നെ മറിയത്തിന്റെ ഇഹലോക ജീവിതാവസാനത്തെ ‘മറിയത്തിന്റെ ഉറക്കം’ എന്നാണ് വിളിച്ചിരുന്നത്. ഉത്ഥിതനായ ഈശോയ്ക്ക് രൂപമാറ്റം സംഭവിച്ച ശരീരമായിരുന്നു എന്നാണ് വിശുദ്ധ സുവിശേഷത്തിൽ നിന്നു മനസിലാക്കാൻ സാധിക്കുന്നത്. ഇഹലോക ജീവിതത്തിനവസാനം മിശിഹായുടെ ഉത്ഥാന മഹത്വത്തിൽ പങ്കാളിയായ മറിയത്തിന്റെ ശരീരത്തിനും ഈ രൂപമാറ്റം സംഭവിച്ചിരിക്കണം എന്നും മനസിലാക്കാം.

അപ്പോക്രിഫൽ പുസ്തകങ്ങളായ യാക്കോബിന്റെ സുവിശേഷം, തോമായുടെ സുവിശേഷം എന്നീ ഗ്രന്ഥങ്ങളിൽ പരിശുദ്ധ മറിയത്തിന്റെ സ്വർഗാരോപണത്തെക്കുറിച്ചുള്ള വിവരണങ്ങൾ ഉണ്ട്. അപ്പോക്രിഫൽ പുസ്തകത്തിലെ വിവരണമനുസരിച്ച് പരിശുദ്ധ മറിയം ഈശോയുടെ മരണത്തിനുശേഷം സെഹിയോൻ മാളികയോട് ചേർന്നു ജീവിക്കുകയും അവിടെ മരിക്കുകയും ജോസഫാത്ത് താഴ്‌വാരത്ത് അടക്കുകയും ചെയ്തു. അടക്കിയ സമയത്ത് അപ്പസ്‌തോലനായ തോമസ് അവിടെ ഇല്ലായിരുന്നു എന്നും പിന്നീട് തോമസിന് മറിയത്തെ കാണുന്നതിനുവേണ്ടി കല്ലറ തുറന്നപ്പോൾ അവിടെ ശരീരം കണ്ടില്ല. അങ്ങനെ മറിയം ശരീരത്തോടുകൂടി സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന വിശ്വാസം ഉണ്ടായി.

മരിച്ചടക്കിയതിന് ശേഷം മൂന്നു ദിവസത്തേക്ക് കല്ലറ തുറക്കുകയും മൃതശരീരം തൈലം പൂശുകയും ചെയ്യുന്നത് അക്കാലത്ത് സാധാരണമായിരുന്നു. ഈശോയുടെ മരണശേഷം സ്ത്രീകൾ ആഴ്ചയുടെ ഒന്നാം ദിവസം കല്ലറയിങ്കലേക്ക് പോകുന്നത് അവിടുത്തെ കല്ലറ തുറന്ന് മൃതശരീരം തൈലം പൂശുന്നതിനുവേണ്ടിയായിരുന്നു (മർക്കോ. 16:2-3, മത്താ. 28:1, ലൂക്കാ 24:1, യോഹ. 20:1). ലാസറിന് പുനർജീവൻ നൽകുന്ന അവസരത്തിൽ നാല് ദിവസമായതിനാൽ കല്ലറ തുറക്കുന്നതിന് തടസം പറയുന്നതും നാം കാണുന്നു (യോഹ. 11:39).

യാക്കോബിന്റെ സുവിശേഷം എന്ന അപ്പോക്രിഫൽ പുസ്തകമനുസരിച്ച് മറിയം ഈശോയുടെ മരണത്തിനുശേഷം അപ്പസ്‌തോലനായ യോഹന്നാന്റെ കൂടെ (യോഹ. 19:27) എഫേസൂസിലേക്ക് പോയി എന്നും അവിടെ കുറച്ച് കാലം താമസിച്ചതിനുശേഷം ജറുസലേമിലേക്ക് തിരിച്ചു വരുകയും ജറുസലേമിൽ സെഹിയോൻ മലയിൽ മരിച്ച് ജോസഫാത്ത് താഴ്‌വാരത്ത് അടക്കപ്പെടുകയും ചെയ്തു എന്നാണ്.

നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജറുസലേമിൽ നിന്നുമുള്ള തിമോത്തി എന്ന സഭാ പിതാവിന്റെ വേദോപദേശത്തിൽ മറിയത്തിന്റെ സ്വർഗാരോപണത്തെ സൂചിപ്പിച്ചുകൊണ്ട് പറയുന്നുണ്ട്, ”അവളുടെ ഉദരത്തിൽ വസിച്ചവൻ അവളെ ആരോപണത്തിന്റെ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.” നാലാം നൂറ്റാണ്ട് മുതൽ പൗരസ്ത്യസഭകളിൽ മറിയത്തിന്റെ സ്വർഗാരോപണതിരുനാൾ ആചരിച്ചിരുന്നതായി കരുതപ്പെടുന്നു. ആദ്യം പൗരസ്ത്യ സഭകളിലും ആറാം നൂറ്റാണ്ടോടുകൂടി പാശ്ചാത്യ സഭകളിലും സ്വർഗാരോപണ തിരുനാൾ ആചരിച്ചിരുന്നു. പ്രാചീനമായ ബൈസെന്റൈൻ ആരാധന ക്രമത്തിൽ പരിശുദ്ധ മറിയത്തിന്റെ സ്വർഗാരോപണ തിരുനാളിനോടനുന്ധിച്ചുള്ള പ്രാർത്ഥനകൾ ഉണ്ട്. കാൽസിഡോണിയൻ സൂനഹദോസിൽ ജറുസലേമിലുള്ള മറിയത്തിന്റെ ശൂന്യമായ കല്ലറയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

ദമാസ്‌ക്കസിൽ നിന്നുമുള്ള വിശുദ്ധ ജോൺ (755) പറയുന്നത്, ”മറിയത്തിന്റെ ശരീരം സാധാരണ രീതിയിൽ അടക്കിയെങ്കിലും അവളുടെ ശരീരം അവിടെ ആയിരിക്കുന്നതിനോ അഴുകുന്നതിനോ ഇടയായില്ല. അവൾ സ്വർഗീയ ഭവനത്തിലേക്ക് എടുക്കപ്പെട്ടു” എന്നാണ്.

പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വർഗാരോപണവുമായി ബന്ധപ്പെട്ട് രണ്ടു സ്ഥലങ്ങളാണ് ഇന്ന് വണങ്ങപ്പെടുന്നത്. ജറുസലേമിലുള്ള മറിയത്തിന്റെ കല്ലറയും എഫേസോസിലെ ദേവാലയവും.സ്വർഗാരോപണത്തെ സംബന്ധിച്ചുള്ള രണ്ട് പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ രണ്ടു സ്ഥലങ്ങൾ വണങ്ങപ്പെടുന്നത്. ജറുസലേം പാരമ്പര്യവും എഫേസോസ് പാരമ്പര്യവും.

ജറുസലേം പാരമ്പര്യമനുസരിച്ച് മറിയം ഈശോയുടെ മരണശേഷം സെഹിയോൻ മലയോട് ചേർന്നു ജീവിച്ചു എന്നും അവിടെവച്ച് മരിച്ച മറിയത്തെ അന്നത്തെ പൊതു സംസ്‌കാരസ്ഥലമായ കെദ്രോൺ താഴ്‌വാരത്ത് സംസ്‌കരിക്കുകയും അവിടെനിന്ന് സ്വർഗത്തിലേക്ക് എടുക്കപ്പെടുകയും ചെയ്തു എന്നതാണ്. ഈ പാരമ്പര്യം ആദിമ നൂറ്റാണ്ട് മുതൽ ജറുസലേമിൽ നിൽക്കുന്നതും അഷോക്രിഫൽ പുസ്തകത്തിൽ വിവരിക്കുന്നതുമാണ്. മറിയത്തിന്റെ കല്ലറ ഇവിടെ ഉണ്ട് എന്നതാണ് ഈ പാരമ്പര്യത്തിന് പ്രാധാന്യം കൂടുതൽ ലഭിക്കുന്നതിന് കാരണം. ആദിമകാലം മുതൽ മറിയത്തിന്റെ ശൂന്യമായ കല്ലറ വണങ്ങിപ്പോന്നിരുന്നു.

മറിയത്തിന്റെ കല്ലറ ഉൾപ്പെടുത്തി ഒരു ദേവാലയം ആദ്യമായി നിർമിക്കുന്നത് അഞ്ചാം നൂറ്റാണ്ടിലാണ്. 422-458 കാലഘട്ടത്തിൽ ജറുസലേമിലെ പാത്രിയർക്കായിരുന്ന യുവാനെസിന്റെ കാലത്ത് കെദ്രോൺ താഴ്‌വാരത്ത് ഒരു ദേവാലയവും അതിന്റെ ക്രിപ്റ്റിൽ മറിയത്തിന്റെ കല്ലറയും ഉണ്ടായിരുന്നതായി ചരിത്രത്തിൽ കാണാം. ബൈസെന്റൈയിൻ ചക്രവർത്തിയായിരുന്ന തെയഡോഷ്യസാണ് ഇവിടെ ദേവാലയം നിർമിച്ചത്. 1009 ൽ ഇസ്ലാമിക രാജാവായിരുന്ന ഹക്കീമിന്റെ ആക്രമണത്തിൽ ഈ ദേവാലയം നശിപ്പിക്കപ്പെടുന്നതുവരെയും ഈ ദേവാലയം നിലനിന്നിരുന്നു. 1130 ൽ കുരിശുയുദ്ധക്കാർ ഇവിടെ ദേവാലയം പുനഃരുദ്ധരിച്ചു. ഇന്നും ഈ ദേവാലയവും ഈ ദേവാലയത്തിനുള്ളിലുള്ള ശൂന്യമായ കല്ലറയും കാണുവാൻ സാധിക്കും. പതിനാലാം നൂറ്റാണ്ടുമുതൽ ഈ ദേവാലയം ഫ്രാൻസിസ്‌കൻ വൈദികരുടെ കൈവശമായിരുന്നു.

1757 ൽ തുർക്കികളുടെ ഭരണകാലത്ത് ഈ ദേവാലയം ഓർത്തഡോക്‌സ് സഭകൾക്ക് കൈമാറി. ഇന്ന് ഗ്രീക്ക് ഓർത്തഡോക്‌സ്, അർമേനിയൻ ഓർത്തഡോക്‌സ് എന്നീ സഭകളുടെ അധീനതയിലാണ്. ഈ കല്ലറയും ദേവാലയവും പരിശുദ്ധ കന്യകയുടെ സ്വർഗാരോപണത്തിന്റെ ചരിത്ര അവശേഷമായി ഇന്നും നിലനിൽക്കുന്നു. എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഇസ്ലാമികളും ഈ പുണ്യസ്ഥലം വണങ്ങിപ്പോരുന്നു.

എഫേസോസ് പാരമ്പര്യമനുസരിച്ച്. പരിശുദ്ധ ദൈവമാതാവ് എഫേസോസിലേക്ക് അപ്പസ്‌തോലനായ യോഹന്നാന്റെ കൂടെ പോയെന്നും അവിടെവച്ച് ഇഹലോകവാസം അവസാനിക്കുകയും സ്വർഗത്തിലേക്ക് എടുക്കപ്പെടുകയും ചെയ്തുവെന്നാണ്. പരിശുദ്ധ മറിയം എഫേസോസിലേക്ക് പോയതായി അപ്പോക്രിഫൽ പുസ്തകത്തിലുണ്ട്. എന്നാൽ മറിയം തന്റെ ജീവിതാവസാനത്തോടെ ജറുസലേമിലേക്ക് തിരിച്ചുപോന്നു എന്നും ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആദിമ സഭയിൽ എഫേസോസിൽ മറിയത്തിന്റെ നാമത്തിൽ ദേവാലയമുണ്ടായിരുന്നു.

431 ലെ എഫേസോസ് സൂനഹദോസ് നടന്നത് അവിടെയുണ്ടായിരുന്ന ദൈവമാതാവിന്റെ നാമത്തിലുള്ള ദേവാലയത്തിലായിരുന്നു. ഇന്ന് എഫേസോസിൽ ഈ ദേവാലയത്തിന്റെ തകർക്കപ്പെട്ടതിനുശേഷമുള്ള അവശിഷ്ടങ്ങൾ മാത്രമേ കാണുവാനുള്ളൂ. മറിയത്തിന്റെ സ്വർഗാരോപണം എഫേസോസിൽ നടന്നതായി ആദിമസഭ കരുതിയിരുന്നതായി സാക്ഷ്യപ്പെടുത്തലുകൾ ഒന്നുമില്ല.

എന്നാൽ, ആധുനിക ലോകത്ത് എഫേസോസിനടുത്ത് മറിയത്തിന്റെ വീട് സ്വർഗാരോപണത്തിന്റെ സ്ഥലമായി വണങ്ങിപ്പോരുന്നു. ഇതിന്റെ അടിസ്ഥാനം അഗസ്റ്റീനിയൻ സന്യാസിനിയും മിസ്റ്റിക്കുമായ വാഴ്ത്തപ്പെട്ട കത്രീന എമ്മെറിക് (1774-1824) എന്ന ജർമൻകാരിക്ക് ലഭിച്ച ദർശനമാണ്. 12 വർഷക്കാലം ഭക്ഷണം കഴിക്കാതെ പാനീയവും വിശുദ്ധ കുർബാനയും മാത്രമായി ജീവിക്കുകയും പഞ്ചക്ഷതധാരണിയുമായിരുന്നു വിശുദ്ധ കത്രീന എമ്മെറിക്.

2004 ൽ ജോൺ പോൾ രണ്ടാമൻ പാപ്പ അവരെ വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിച്ചു. അവർക്ക് ലഭിച്ച ദർശനങ്ങളിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ ലോക ജീവിതത്തിലെ അവസാന നിമിഷങ്ങളെക്കുറിച്ചുള്ള ദർശനങ്ങൾ ഉണ്ടായിരുന്നു. കത്രീന എമ്മെറിക്കിന് ലഭിച്ച ദർശനമനുസരിച്ച് എഫേസോസിൽ നിന്നും വളരെ അകലെയല്ലാതെ ബുൾ ബുൾ ഡഗ് മലയിൽ മറിയത്തിന്റെ വീട് ഉണ്ടെന്നും ആ വീട്ടിലാണ് മറിയം താമസിച്ചിരുന്നതെന്നും മറിയം അവിടെനിന്ന് സ്വർഗത്തിലേക്ക് എടുക്കപ്പെടുകയും ചെയ്തു എന്നാണ്. മറിയത്തിന്റെ വീട് അപ്പസ്‌തോലനായ യോഹന്നാൻ നിർമിച്ചതാണെന്നും ആ സ്ഥലത്തിന്റെയും വീടിന്റെയും ഏറ്റവും ചെറിയ വിവരണങ്ങൾ പോലും കത്രീന എമ്മെറിക് പറയുന്നുണ്ട്.

ഒരിക്കൽ പോലും സ്വന്തം രാജ്യത്തുനിന്ന് പുറത്തു പോയിട്ടില്ലാത്ത കത്രീന എമ്മെറിക് മറ്റൊരു രാജ്യത്തുള്ള ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന ഒരു പ്രദേശത്തെക്കുറിച്ച് എഫേസോസിനടുത്ത് മറിയം താമസിച്ചിരുന്ന സ്ഥലം കൃത്യമായി പറയുന്നുണ്ട്. ‘പരിശുദ്ധ കന്യകയുടെ ജീവിതം’ എന്ന പുസ്തകത്തിൽ വിവരിക്കുന്നതനുസരിച്ച് ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന ആ പ്രദേശത്ത് അന്വേഷണത്തിന്റെ ഫലമായി എഫേസോസിനടുത്ത് കത്രീന എമ്മെറിക് പറഞ്ഞതനുസരിച്ചുള്ള സ്ഥലവും പറഞ്ഞവിധത്തിലുള്ള വീടും കണ്ടെത്തി.

അത് ആദ്യനൂറ്റാണ്ടുകളിൽ ഉപയോഗിച്ചിരുന്നതായും പിന്നീട് ഉപേക്ഷിക്കപ്പെട്ടതാണെന്നും മനസിലാക്കി. ആ സ്ഥലവും വീടും കത്രീന എമ്മെറിക് ദർശനത്തിൽ പറയുന്ന വിധത്തിൽ കൃത്യമായുള്ളതുമായിരുന്നു. കത്രീന എമ്മെറിക്കിന്റെ ദർശനത്തിൽ മറിയത്തിന്റെ അവസാന നിമിഷങ്ങൾ എഫേസോസിലുള്ള വീട്ടിലാണ് സംഭവിച്ചതെന്ന് പറയുന്നുണ്ട്. 1891 ൽ ഈ സ്ഥലം വീടും കണ്ടെത്തുന്നതിനുശേഷം ഈ സ്ഥലം പ്രത്യേകമായി പരിശുദ്ധ മറിയത്തിന്റെ വീടായും സ്വർഗാരോപണത്തിന്റെ സ്ഥലമായും വണങ്ങിപ്പോരുന്നു. ക്രൈസ്തവരും ഇസ്ലാമികളുമായ തീർത്ഥാടകർ ധാരാളമായി അവിടേക്ക് എത്തുന്നു. ഇന്ന് തുർക്കി ഗവൺമെന്റിന്റെ കൈവശമാണ് ഈ തീർത്ഥാടകകേന്ദ്രം. 1891 മുതലാണ് ആധുനിക ലോകത്തിൽ മറിയത്തിന്റെ സ്വർഗാരോപണത്തിന്റെ സ്ഥലമായി എഫേസോസ് വണങ്ങപ്പെടുന്നത്.

ജറുസലേം പാരമ്പര്യവും എഫേസോസ് പാരമ്പര്യവും ഒന്നിച്ച് കാണുമ്പോൾ ഏതാണ് ശരി എന്ന ചോദ്യം സ്വഭാവികമാണ്. പൂർണമായും ശരിയായിട്ടുള്ളതാണ് സഭ വിശ്വാസ സത്യമായി പഠിപ്പിക്കുന്നത്.

”മറിയം ഭൗമിക ജീവിതത്തിനുശേഷം ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു.” ജറുസലേം പാരമ്പര്യവും എഫേസോസ് പാരമ്പര്യവും ഇത് ഏറ്റുപറയുന്നുണ്ട്. ജറുസലേം പാരമ്പര്യത്തിന് ആദിമ സഭയിൽ നിന്നുള്ള സാക്ഷ്യങ്ങളും ചരിത്രത്തിൽ എന്നും വണങ്ങി പോന്നിരുന്ന മറിയത്തിന്റെ ശൂന്യമായ കല്ലറയും സ്വർഗാരോപണത്തിന്റെ ദേവാലയവുമുണ്ട്. ഇനി ദർശനത്തിന്റെ കാര്യമെടുത്താലും മിസ്റ്റിക്കുകളായിരുന്ന വിശുദ്ധ ബ്രിജീത്തയുടെ ദർശനത്തിലും മരിയ വൾത്തോർത്തയുടെ ദർശനത്തിലും പരിശുദ്ധ കന്യകാമറിയം ഈശോയുടെ മരണശേഷം സെഹിയോൻ മലയിൽ താമസിച്ചിരുന്നു എന്നും അവിടെനിന്ന് എഫേസോസിലേക്ക് പോയെങ്കിലും അവിടെ നിന്ന് തിരിച്ച് ജറുസലേമിലേക്ക് വന്നുവെന്നും സെഹിയോൻ മലയിൽ മരിച്ചു എന്നും തുടർന്ന് ജോസഫാത്ത് താഴ്‌വാരത്ത് സംസ്‌കരിച്ചുവെന്നും അവിടെനിന്നും ആത്മശരീരങ്ങളോടെ സ്വർഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന പാരമ്പര്യമാണ് പൊതുവെ ചരിത്രകാരന്മാർ അംഗീകരിച്ചു പോരുന്നത്.

221 views0 comments

Recent Posts

See All
bottom of page