top of page
Writer's pictureEditor

അമലോത്ഭവ മാതാവ്


അമലോത്ഭവം എന്നതിനു നിർമ്മലമായ ജനനം എന്നു വാച്യാർത്ഥം. മറിയം ഉത്ഭവത്തിന്റെ ആദ്യനിമിഷത്തിൽ തന്നെ ‘ജന്മപാപ’ ത്തിന്റെ എല്ലാ മാലിന്യങ്ങളിലും നിന്നു സംരക്ഷിക്കപ്പെട്ടു എന്ന വിശ്വാസമാണ് ഈ പ്രയോഗം ഉൾക്കൊള്ളുന്നത്.

അതു ദൈവം മറിയത്തിനു കനിഞ്ഞരുളിയ സവിശേഷകൃപയാണ്. സമയത്തിന്റെ പൂർത്തിയിൽ സംഭവിക്കാനിരുന്ന യേശുവിന്റെ രക്ഷാകര ദൗത്യത്തിന്റെ യോഗ്യതയുടെ മുൻകൂർ ദാനമാണത്. 1854 ഡിസംബർ എട്ടിന് മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചപ്പോൾ, ഒമ്പതാം പിയൂ സ് പാപ്പ പ്രത്യേകം എടുത്തു പറഞ്ഞ കാര്യങ്ങൾ മുകളിൽ പറഞ്ഞവയാണ്. മറിയത്തിന്റെ ജീവിതം തുടങ്ങുന്നതേ പരിശുദ്ധാത്മാവിലാണ് എന്നാണ് ഈ വിശ്വാസസത്യം നമ്മെ പഠിപ്പിക്കുന്നത്. സഭ പണ്ടുമുതലേ വിശ്വസിച്ചുപോന്ന ഒരു വിശ്വാസത്തിന്റെ ഔദ്യോഗിക വിളംബരം മാത്രമായിരുന്നു മാർപാപ്പയുടെ പ്രഖ്യാപനം.

ഈ വിശ്വാസത്തിനു സഭ നൽകുന്ന യുക്തി ഇതാണ്: ആദത്തിന്റെ പാപം നിമിത്തം എല്ലാ മനുഷ്യരും ഉത്ഭവപാപത്തോടെയാണു ജനിക്കുന്നത്. മറിയവും ഈ നിയമത്തിനു വിധേയയായി ഉത്ഭവപാപത്തോടെയാണു ജനിച്ചിരുന്നത് എങ്കിൽ, പാപംകൊണ്ടു മലിനമായൊരു ഉദരത്തിൽ ആകുമായിരുന്നു യേശുവിന്റെ ഉത്ഭവം. അത് അവിടുത്തെ പരിശുദ്ധിക്കു നിരക്കാത്ത കാര്യമാകുമല്ലോ. അതുകൊണ്ട്, യേശുവിന്റെ രക്ഷാകരദൗത്യത്തിന്റെ യോഗ്യത മുൻകൂറായി നൽകി, ദൈവം മറിയത്തെ ഉത്ഭവത്തിന്റെ പ്രഥമനിമിഷംമുതലേ അമലയായി കാത്തുരക്ഷിച്ചു. ‘ദൈവത്തിന് അതു കഴിയുമായിരുന്നു; അതു യുക്തമായിരുന്നു; അതുകൊണ്ട് അവിടുന്ന് അങ്ങനെ ചെയ്തു.’

അതല്ല, അവള്‍ ഉത്ഭവ പാപത്തിലാണ് ജനിച്ചിരുന്നതെങ്കില്‍, തന്റെ അടിമയായി ഉത്ഭവപാപത്തില്‍ പിറന്ന ഒരു സാധാരണ സ്ത്രീയില്‍ നിന്നാണ് യേശു ജനിച്ചതെന്ന് സാത്താന് പില്‍ക്കാലത്ത് വമ്പു പറയുവാന്‍ അവസരം കിട്ടുമായിരുന്നു. എങ്കില്‍, മരുഭൂമിയിലെ പരീക്ഷണത്തില്‍ യേശുവിനു നേരെ സാത്താന്‍ പ്രസ്തുത തൊടുന്യായം കൂടി എടുത്ത് വാളുപോലെ വീശുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. ”തന്റെ സന്തതി സാത്താന്റെയും അവന്റെ സന്തതികളുടെയും തല തകര്‍ക്കുമെന്ന്” (ഉല്‍ 3:15) സൃഷ്ടിയുടെ സമാരംഭത്തില്‍ പ്രവചിക്കപ്പെട്ട ദൗത്യനിര്‍വഹണത്തിന് ദൈവം തെരഞ്ഞെടുത്ത മറിയത്തിന് ഉത്ഭവപാപത്തില്‍ ജനിച്ച് സാത്താന് വിധേയയാകുവാന്‍ സാധിക്കുമായിരിന്നുവോ? ഉത്ഭവപാപത്തില്‍ ഉരുവായ ഒരാളില്‍നിന്ന് പരമപരിശുദ്ധ ദൈവപുത്രന്‍ ജന്മമെടുക്കുക എന്നത് അചിന്തനീയവും അനുചിതവും അസംഭ്യവമായ വൈരുദ്ധ്യവുമാണ്. മാത്രവുമല്ല, മണ്‍രൂപ നിര്‍മ്മിതികളായ ആദവും ഹവ്വായും ദൈവനിശ്വസനത്താല്‍ അവിടുത്തെ ആത്മാവിനെ നേരിട്ട് സ്വീകരിച്ച് ഉത്ഭവപാപം കൂടാതെ സൃഷ്ടിക്കപ്പെട്ടവരാണ്. പക്ഷേ, പിന്നീട് അനുസരണക്കേടു കാട്ടി പാപശിക്ഷ ഏറ്റുവാങ്ങിയ ഹവ്വായെക്കാള്‍ ഉത്കൃഷ്ഠയാണ് രണ്ടാം ഹവ്വായായ മറിയം. അതിനാല്‍ അവള്‍ ഉത്ഭവപാപത്തിന് ഉപരിയസ്തിത്വം-അമലോത്ഭവാസ്ഥ-ഉള്ളവളായിരിക്കണമല്ലോ. സായംസന്ധ്യകളില്‍ തേടി വന്നിരുന്ന ദൈവത്തിന്റെ സാന്നിധ്യ,സ്വരങ്ങളില്‍നിന്ന് പാപശേഷം ഓടിയൊളിച്ചവളാണ് ഹവ്വായെങ്കില്‍ ദൈവസന്നിധിയിലെ സ്വര്‍ഗസ്വരവുമായി വന്ന ഗബ്രിയേല്‍ മാലാഖയ്ക്ക്, ‘ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ’ എന്ന സമ്മോഹനമായ സമ്മതഗീതം പാടിയവളാണ് മറിയം. അവളുടെ ഔന്നത്യവും ദൗത്യവും സംബന്ധിച്ച് അമലോത്ഭവയായി സൃഷ്ടിക്കപ്പെടുക എന്നത് യഥാക്രമം അനുയോജ്യവും അനുപേക്ഷണീയവുമായിരുന്നു.

വി.ഗ്രന്ഥത്തിൽ തെളിവുണ്ടോ?

വി.ഗ്രന്ഥത്തിൽ മറിയത്തിന്റെ അമലോത്ഭവത്തിനു വാച്യമായ തെളിവില്ല; എങ്കിലും ഈ വിശ്വാസത്തിന്റെ യുക്തി ഭദ്രമായി അനുമാനിക്കാൻ മതിയായ സന്ദർഭമുണ്ടുതാനും. ആദ്യത്തേത് ഉൽപത്തി 3:15 ആണ്. നന്മതിന്മകളുടെ വൃക്ഷത്തിന്റെ ഫലത്തിൽ നിന്നു ഭക്ഷിക്കരുത് എന്ന കല്പന ലംഘിച്ച ആദത്തെയും ഹവ്വയേയും ദൈ വം ചോദ്യം ചെയ്തു. ദൈവം തനിക്കു കൂട്ടു നൽകിയ സ്ത്രീ തന്നെ ചതിച്ചുവെന്ന് ആദവും പാമ്പ് തന്നെ പറ്റിച്ചുവെന്ന് ഹവ്വയും ബോധിപ്പിച്ചു.

അപ്പോൾ ദൈവം സർപ്പത്തോടു പറഞ്ഞു: ”നിങ്ങളെ ഞാൻ ശത്രുക്കളാക്കും, നിന്നെയും സ്ത്രീയെയും, നിന്റെ സന്തതികളെയും അവളുടെ സന്തതികളെയും. അവളുടെ സന്തതി നിന്റെ തല തകർ ക്കും; നീ അവളുടെ സന്തതിയുടെ കുതികാലിൽ കടിക്കുകയും ചെയ്യും” (ഉൽപ.3:15). സർപ്പത്തിന്റെ തല തകർക്കുന്ന സ്ത്രീ യുടെ ഈ സന്തതി ആരാകാം? തല തകർക്കുക എന്നാൽ, പൂർണ്ണമായി തോൽപിക്കുക എന്നാണല്ലോ അർത്ഥം. പിശാചിനെ പൂർണ്ണമായി തോൽപിക്കുന്നവൻ മിശിഹായാണെന്ന് ഊഹിക്കാൻ പ്രയാസമില്ല.

എന്നാൽ തന്റെ സന്തതിയെപ്പോലെ, പിശാചിന്റെ ശത്രുവായിത്തീരുന്ന സ്ത്രീയാരാണ്? യേശു ആദിമാതാപിതാക്കളുടെ പരമ്പരയിലെ സന്തതിയാണെന്നതുകൊണ്ട് ആ സ്ത്രീ ഹവ്വയാകുമോ? ഹവ്വ പക്ഷേ, പിശാചിന് അധീനയായ വളാണല്ലോ. അവൾക്കു പിശാചുമായുണ്ടാകുന്ന ശത്രുത എത്രയായാലും പൂർണ്ണമാകില്ല. ആ നിലയ് ക്ക് ആ സ്ത്രീ ഹവ്വയല്ല.

അപ്പോൾ പിന്നെ, യേശുവിന്റെ അമ്മയായ മറിയംതന്നെയാണ് ആ സ്ത്രീ. മറിയവും പിശാചും തമ്മി ൽ ശത്രുത പൂർണ്ണമാകണമെങ്കിൽ, ഉത്ഭവത്തിന്റെ പ്രഥമനിമിഷം മുതലേ അവൾ പിശാചിൽ നിന്ന്, പാപത്തിൽ നിന്ന് സ്വതന്ത്രയായേ തീരൂ. അമലോത്ഭവയായേ തീരു. അങ്ങനെ ദൈവം മറിയത്തെ ഉത്ഭവനിമിഷം മുതലേ പരിശുദ്ധാത്മാവിനെക്കൊണ്ടു നിറച്ചു.

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രസ്താവിക്കുന്നു; രക്ഷകനായ ക്രിസ്തുവിന്റെ കൃപ മറിയത്തില്‍ മുന്‍കൂട്ടി പ്രവര്‍ത്തിച്ചു. ഉത്ഭവപാപത്തില്‍ നിന്നും എല്ലാവിധ പാപങ്ങളില്‍ നിന്നും അത് അവളെ സംരക്ഷിച്ചു. അവള്‍ ഒന്‍പതുമാസക്കാലം യേശു വസിക്കുന്ന വിശുദ്ധ സക്രാരിയും യേശുവിന് യോഗ്യമായ വാസസ്ഥാനവുമായി വര്‍ത്തിച്ചു. സഭ വിട്ടുപോയ മാര്‍ട്ടിന്‍ ലൂഥര്‍ മറിയത്തിന്റെ അമലോത്ഭവ സത്യത്തിന്റെ വക്താവായിരുന്നു. അദ്ദേഹം എഴുതി; ”മറിയത്തിന്റെ ഉത്ഭവം, ഉത്ഭവപാപം കൂടാതെ സംഭവിച്ചു. ജീവന്റെ ആദ്യനിമിഷം മുതല്‍ അവള്‍ വിശുദ്ധയായി ജീവിച്ചു തുടങ്ങി. സകല പാപങ്ങളില്‍നിന്നും അവള്‍ മുക്തയായിരുന്നു”.

മംഗളവാർത്താവേളയിലെ ദൈവദൂതന്റെ സംബോധനയുടെ അർത്ഥമതാണ്: ”ദൈവകൃപ നിറഞ്ഞവളേ സ്വസ്തി; കർത്താവു നിന്നോടു കൂടെ!” (ലൂക്കാ 1:29). ”നന്മ നിറഞ്ഞവളേ സ്വസ്തി; കർത്താവു നിന്നോടുകൂടെ.” മറിയത്തിന്റെ സന്ദർശനവേളയിൽ എലിസബത്ത് പരിശുദ്ധാത്മാവിനെക്കൊണ്ടു നിറഞ്ഞു. സ്‌നാപകൻ പരിശുദ്ധാത്മാവിനാൽ പവിത്രനാക്കപ്പെട്ടു (ലൂ ക്കാ 1:41). അവരേക്കാൾ പരിശുദ്ധ അമ്മയെ ഉത്ഭവ നിമിഷം മുതലേ തന്നെ യേശു ആത്മാവിനെക്കൊണ്ടു നിറച്ചു. അതാണ് ഈ വിശ്വാസം നമ്മെ പഠിപ്പിക്കുന്നത്.

വി.ഗ്രന്ഥത്തിലെ സമാന്തരങ്ങൾ:

ജറമിയാ പ്രവാചകൻറെ പുസ്തകത്തിൽ കാണാം. കർത്താവു പ്രവാചകനോടു പറഞ്ഞു: ”മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുമ്പേ ഞാൻ നി ന്നെ വിശുദ്ധീകരിച്ചു. ജനതകൾ ക്കു പ്രവാചകനായി ഞാൻ നിന്നെ നിയോഗിച്ചു” (ജറെ.1:5). ദൈവത്തിന്റെ പ്രവാചകരെ കർത്താവ് വിശുദ്ധീകരിക്കുന്നതാണ് ഈ രംഗങ്ങളിൽ കാണുന്നത്. കാരണം അവർ കർത്താവിന്റെ വചനം പ്രഘോഷിക്കാനുള്ളവരാണ്. എങ്കിൽ നിത്യവചനത്തിനു മാനുഷിക ജീവൻ നൽകി, ലോകത്തിനു പ്രദാനം ചെയ്യാൻ നിയോഗിക്കപ്പെട്ട മറിയത്തെ ദൈവം എങ്ങനെയെല്ലാം വിശുദ്ധീകരിക്കില്ല!

അങ്ങനെ മാതൃഗർഭത്തിൽ രൂപംകൊണ്ട ആദ്യനിമിഷം മുതലേ ദൈവത്തിന്റെ സവിശേഷമായ ഇടപെടൽമൂലം മറിയം പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു. മറിയം യേശുവിനു മാനുഷിക ജീവൻ നൽകി; യേശു അമ്മയ്ക്ക് ആത്മീയജീവൻ കൊടുത്തു. നമുക്കൊ ക്കെ പരിശുദ്ധാത്മാവിനെ ലഭിക്കുന്നത് ജ്ഞാനസ്‌നാനത്തിലാണല്ലോ. ഈ നിയമത്തിന് മറ്റൊരപവാദമാണ് സ്‌നാപകൻ എന്നു മുകളിൽ സൂചിപ്പിച്ചുവല്ലോ.

ഈ ദിനത്തിന്റെ സന്ദേശം: നമ്മുടെ മുമ്പിൽ ദൈവം വയ്ക്കു ന്ന വിശുദ്ധിയുടെ അത്യുദാത്തമാതൃകയാണ് പരിശുദ്ധമറിയം. പാപത്തിന്റെ സ്പർശനമേൽക്കാത്തവളാണല്ലോ അവൾ. ഇതൊരു വിശ്വാ സ സത്യമാണ്. മറ്റൊരു വിശ്വാസ സത്യമാണ്, ഉത്ഭവപാപവും കർമ്മപാപമുണ്ടെങ്കിൽ അതും പരിഹരിക്കപ്പെടുന്ന കൂദാശയാണ് ജ്ഞാനസ്‌നാനം എന്നത്. വിശ്വാസപ്രമാണത്തിൽ നാമത് ഏറ്റുചൊല്ലുന്നു. അതിനർത്ഥം, മറിയത്തിന് ജനനത്തിന്റെ ആദ്യനിമിഷത്തിൽ കിട്ടിയ നൈർമ്മല്യം, ആത്മാവിലുള്ള ജീവിതം, സ്‌നാപകന് ഉത്ഭവത്തിന്റെ ആറാം മാസത്തിൽ കിട്ടിയ വിശുദ്ധി, നമുക്കൊക്കെ ജ്ഞാനസ്‌നാനത്തിലൂടെ ലഭിക്കുന്നു എന്നാണ്.

ജ്ഞാനസ്‌നാനശേഷമുള്ള നമ്മു ടെ ജീവിതം മറിയത്തിന്റെയും സ്‌നാപകന്റെയും ജീവിതത്തോട് ഒത്തുപോകുന്നോ എന്നതാണ് ചി ന്താർഹമായ വിഷയം. ഇല്ലെന്നാണു മറുപടിയെങ്കിൽ, നാം തന്നെ തെറ്റുകാർ. സത്യസന്ധമായി പറഞ്ഞാൽ തെല്ലൊന്നു മനസു വയ് ക്കുന്നെങ്കിൽ ഇപ്പോൾ നാം വരുത്തിക്കൂട്ടുന്ന നിരവധി വീഴ്ചകൾ ഉപേക്ഷിച്ച്, കൂടുതൽ സംശുദ്ധമായ ജീവിതം നയിക്കാൻ നമുക്കു കഴിയും എന്നതിൽ സംശയമേയില്ല. അതിനുള്ള ദൈവകൃപ നമുക്കെല്ലാവർക്കുമുണ്ട്. നമ്മുടെ പ്രകൃതിയുടെ ദൗർബല്യംകൊണ്ട് ചിലപ്പോഴൊക്കെ അബദ്ധം പിണഞ്ഞേക്കാം. അവയെക്കുറിച്ചു നമുക്ക് പശ്ചാത്തപിക്കുക. പക്ഷേ, ചെയ്യു ന്ന തെറ്റുകളേറെയും മനഃപൂർവ്വം ചെയ്യുന്നവയും അതിനാൽ തന്നെ ഒഴിവാക്കാവുന്നവയുമാണ് എന്നതാണു സത്യം.

പാപികൾ മാത്രമല്ല, നിരവധി നല്ല മനുഷ്യരുമുണ്ട് നമ്മുടെ ചുറ്റിലും. അവരിൽ നിന്നു പ്രചോദനമുൾ ക്കൊള്ളുകയും മറ്റുള്ളവർക്കു മാതൃക നൽകി ജീവിക്കുകയും ചെ യ്യേണ്ട നമ്മൾ, ചുറ്റിലും അരങ്ങേറുന്ന ദൈവസ്‌നേഹത്തിനു നിരക്കാത്ത പ്രവർത്തികൾ ചെയ്യാനാ ണ് ശ്രമിക്കാറ്. അവർക്കൊക്കെ ആകാമെങ്കിൽ, എന്തേ നമുക്കുമായിക്കൂടാ; നാം മാത്രമെന്തിന് പു ണ്യം പറഞ്ഞു നടക്കുന്നു എന്നൊക്കെയാണു നമ്മുടെ ചിന്ത. നമ്മുടെ സ്വാർത്ഥത കണ്ടെത്തുന്ന നീതിമത്കരണമാണത്.

വിശുദ്ധി ആകാശകുസുമമൊന്നുമല്ല. ആരാണു വിശുദ്ധർ? ചിരിക്കാൻ കഴിയാത്ത ചുറ്റുപാടുകളിൽ ചിരിച്ചവർ, ക്ഷമിക്കാൻ പ്രയാസമേറിയ സാഹചര്യത്തിൽ ക്ഷമയോടെ വർത്തിച്ചവർ, അലസരായിക്കഴിയാൻ താൽപര്യമുണർന്നപ്പോൾ കഠിനമായി അദ്ധ്വാനിച്ചവർ, സം സാരിക്കാൻ തിടുക്കംകൊണ്ടപ്പോൾ നിശബ്ദരായി നിന്നവർ, വിയോജിക്കാൻ വ്യഗ്രതയുണർന്നപ്പോൾ ഒന്നിച്ചുനിന്നവർ-അവരാണു വിശുദ്ധർ. നമുക്കുമാകാം, ഇതൊക്കെ മനസുണ്ടെങ്കിൽ. യേശുവിനെ അനുകരിക്കുകയും ദൈവസാന്നിദ്ധ്യബോധത്തിൽ ജീവിക്കുകയും ചെയ്യുക. അതാണു വിശുദ്ധിയുടെ കാതൽ. അമലയായി പിറന്ന്, ജീവി തം മുഴുവൻ അമലയായി ജീവിച്ച അമ്മ നമുക്കു മാതൃകയും പ്രചോദനവുമാകട്ടെ.



Tags:

2,759 views0 comments
bottom of page