top of page
  • ഫാ. ജോസഫ് ഇലഞ്ഞിമറ്റം

മനുഷ്യന്‍റെ കാലുപിടിക്കുന്ന ദൈവം


എന്താണു പെസഹാവ്യാഴ്ച്ചയുടെ പ്രത്യേകത എന്നു ചോദിച്ചാല്‍ താലത്തില്‍ വെള്ളമെടുത്തു എന്ന ഗാനത്തിന്‍റെ അകമ്പടിയോടെ വികാരിയച്ചന്‍ ഇടവകക്കാരായ പന്ത്രണ്ടു പേരുടെ കാലുകള്‍ കഴുകുന്ന ദിവസം എന്നായിരിക്കും മിക്കവരുടെയും ഉത്തരം. എന്നാല്‍ ഈ കാലുകഴുകല്‍ ശുശ്രൂഷയ്ക്ക് കുര്‍ബാനയോട് ചേര്‍ന്ന് നമ്മുടെ ആത്മീയവും ഭൗതികവുമായുള്ള ജീവിതത്തില്‍ നിന്നും അടര്‍ത്തിമാറ്റാനാവാത്ത ഒരു ബന്ധമുണ്ട് എന്നത് നമ്മുടെ മനസില്‍ പതിഞ്ഞിട്ടുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. കാലുകഴുകലിനും അപ്പം മുറിച്ചുള്ള പെസഹാ ആചരണത്തിനും യഹൂദപശ്ചാത്തലമാണുള്ളത്. വീട്ടില്‍ വരുന്ന അതിഥിയുടെ കാല്‍കഴുകി ബഹുമാനിക്കുന്നത് യഹൂദരുടെ ആതിഥ്യമര്യാദയുടെ ശൈലിയാണ്(ലൂക്കാ 7, 44). അത് ചെയ്യേണ്ടത് സേവകന്‍റെ ചുമതലയാണ്. പെസഹായാകട്ടെ ആദ്യം വിളവെടുപ്പു മഹോത്സവവും തുടര്‍ന്ന് ഈജിപ്തില്‍ നിന്നുള്ള കടന്നുപോക്കിന്‍റെ (പുറ 12, 18) സ്മരണയാചരണവുമായിരുന്നു. പിന്നീടത് ദൈവവുമായുള്ള ഉടമ്പടി ബന്ധം പുതുക്കുന്നതിന്‍റെ ഭാഗമായി പാപപരിഹാരബലിയര്‍പ്പണത്തിന്‍റെ ആചരണമായി തീര്‍ന്നു(സംഖ്യ 28, 22). മതനിഷ്ഠയുള്ള ഏതൊരു യഹൂദനെയും പോലെ നീസാന്‍ മാസം പെസഹാ ആചരിക്കുന്ന ഈശോ യഹൂദപെസഹായ്ക്ക് കാല്‍കഴുകലും ചേര്‍ത്ത് കുര്‍ബാനയെന്ന പുതിയൊരു അര്‍ത്ഥം നല്കുകയാണ്. സമാന്തരസുവിശേഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി യോഹന്നാന്‍റെ സുവിശേഷത്തില്‍ അന്ത്യത്താഴവിവരണമില്ല. പകരം പതിമൂന്നാം അധ്യായത്തിലെ കാല്‍കഴുകലിന്‍റെ വിവരണത്തില്‍ നിന്നും പുതിയ പെസഹാ അഥവാ കുര്‍ബാനയുടെ അര്‍ത്ഥം നാം കണ്ടെത്തിക്കോളണം എന്ന് യോഹന്നാന്‍ വ്യംഗ്യമായി അവതരിപ്പിക്കുകയാണ്. യഹൂദരെ സംബന്ധിച്ച് കാല്‍കഴുകല്‍ ഭവനത്തിലേയ്ക്ക് ശുദ്ധിയോടെ പ്രവേശിക്കാനുള്ള ചിട്ടയാണ്. സ്വര്‍ഗ്ഗീയ ഭവനത്തിലേയ്ക്ക് പാപമെല്ലാം മായ്ച്ച് ഈശോ നമ്മെ ശുദ്ധീകരിച്ചു കയറ്റുന്നതു തന്നെയാണ് വി.കുര്‍ബാനയും(യോഹ 13, 8). ഈശോ കാലു കഴുകിയത് ആരുടെയൊക്കെയാണ് എന്ന് അറിയുമ്പോള്‍ എന്താണ് കുര്‍ബാന എന്താണ് കുര്‍ബാനയായിത്തീരല്‍ എന്നതിന്‍റെയൊക്കെ ആഴവും പരപ്പും നമുക്കു മനസിലാവും. അവന്‍ കാലുകഴുകിയത് ഒറ്റിക്കൊടുത്തവന്‍റെയും തള്ളിപ്പറയാനിരിക്കുന്നവന്‍റെയും കഷ്ടത വന്നപ്പോള്‍ ഇട്ടിട്ടു പോകാനിരിക്കുന്നവന്‍റെയുമൊക്കെയാണ്. ഉപദ്രവിക്കുന്നവരെയും നമ്മുടെ നാശമാശ്രഹിക്കുന്നവരെയും അത്യാവശ്യങ്ങളില്‍ കൂടെ നില്ക്കാത്തവരെയുമൊക്കെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും സ്നേഹിച്ച് അവരെ രക്ഷിക്കുക അഥവാ അവര്‍ക്ക് ശുശ്രൂഷ ചെയ്യുക എന്നതാണ് കുര്‍ബാനയും കുര്‍ബാനയാവലും. ഈ മനുഷ്യരുടെയെല്ലാം പാപങ്ങള്‍ക്കുവേണ്ടി അവന്‍ മരിക്കാനും കൂടി തയ്യാറായപ്പോള്‍ കാല്‍കഴുകലും അപ്പമായി സ്വയം മുറിച്ചു കൊടുക്കലും പൂര്‍ണ്ണമാകുന്നു. ഈശോ അപ്പമായി മുറിയപ്പെട്ടതുപോലെ മറ്റുള്ളവര്‍ക്കായി നാമും ജീവിതം മുറിച്ചു കൊടുക്കണം എന്നു പറയുന്നതിന്‍റെ അര്‍ത്ഥമെന്താണ്? ജീവിതം എന്നത് നാം ജീവിക്കുന്ന ദിവസങ്ങളുടെ മണിക്കൂറുകളുടെ സെക്കന്‍ഡുകളുടെ ഒക്കെ ആകെത്തുകയാണ്. അത് സ്വന്തം നേട്ടങ്ങള്‍ക്കും സുഖങ്ങള്‍ക്കും മാത്രമായി ഒരാള്‍ ചിലവഴിക്കുമ്പോള്‍ കുര്‍ബാനയും മുറിയപ്പെടലും കാല്‍കഴുകലുമൊക്കെ അയാളില്‍ നിന്നും മൈലുകള്‍ അകലെയാണ്. അതേസമയം തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഒരപ്പന്‍ കഷ്ടപ്പെടുന്നതത്രയും കുടുംബത്തിനുവേണ്ടിയാവുമ്പോള്‍ ഒരമ്മ രാപകല്‍ അധ്വാനിക്കുന്നത് വീട്ടിലുള്ളവര്‍ക്കു വേണ്ടിയാകുമ്പോള്‍ ഒരു സന്യാസിനി അഗതികള്‍ക്കും അനാഥക്കുഞ്ഞുങ്ങള്‍ക്കും ജീവിതം മാറ്റിവയ്ക്കുമ്പോള്‍ ഒരു വൈദികന്‍ തന്‍റെ ഇടവകജനത്തിനു എല്ലാമെല്ലാമാകുമ്പോള്‍ - അവിടെയെല്ലാം ജീവിതങ്ങള്‍ കുര്‍ബാനയാകുന്നു. ഇതു തന്നെയാണ് സ്വയം ചെറുതായുള്ള കാല്‍കഴുകലും. ഇതിനോടു കൂട്ടി വായിക്കേണ്ടതാണ് അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിച്ച് രോഗത്തിനും ശിക്ഷാവിധിക്കും അര്‍ഹരാകുന്നവരെപറ്റി വി. പൗലോസ് ശ്ളീഹാ കോറിന്തോസിലെ സഭയെ ഓര്‍മപ്പെടുത്തുന്നത്. കോറിന്തോസിലെ പ്രമാണിമാര്‍ സാധാരണക്കാരെ ഗൗനിക്കാതെ അഗാപ്പെ തങ്ങളുടേതു മാത്രമാക്കി മാറ്റിയപ്പോള്‍ കുര്‍ബാനയുടെ പങ്കുവയ്ക്കല്‍ എവിടെ എന്ന് ശ്ളീഹാ വിമര്‍ശനമുയര്‍ത്തുകയാണ് (1 കോറി 11, 22). കുര്‍ബാനയുടെ ചൈതന്യമായ പങ്കുവയ്ക്കല്‍ മനോഭാവമില്ലാതെ അന്യരോടു ക്ഷമിക്കാന്‍ തയ്യാറാകാതെ എന്തിന് വീട്ടിലുള്ള പ്രിയപ്പെട്ടവരുടെ പോലും കുറവുകള്‍ സഹിക്കാന്‍ മനസില്ലാതെ കുര്‍ബാന സ്വീകരിക്കുന്നവരെപ്പറ്റിയാണ് പൗലോസ് ശ്ളീഹായുടെ വിമര്‍ശനം. ഈ പെസഹായ്ക്ക് ഇടവകപള്ളിയില്‍ വികാരിയച്ചന്‍ മുട്ടുകുത്തി കാലുപിടിച്ച് അത് കഴുകുമ്പോള്‍ അതിന് കല്പിതമായ മറ്റൊരു അര്‍ത്ഥംകൂടി കൂട്ടിച്ചേര്‍ക്കുകയാണ്. ഒരു വൈദികനെന്ന പേരില്‍ നിങ്ങളെല്ലാവരോടുമുള്ള ക്ഷമായാചന കൂടിയായി ഇതിനെ കാണണേ. ഏതെങ്കിലുമൊക്കെ തരത്തില്‍ വേദനിപ്പിച്ചതിന് മുറിപ്പെടുത്തിയ വാക്കുകള്‍ക്ക് ദുര്‍മാതൃകയ്ക്ക് സഭയ്ക്കെതിരേ ഇന്നുയരുന്ന എല്ലാ ആരോപണങ്ങളെ പ്രതിയും ഇതൊരു ക്ഷമാപണമാണ്. മാമോദീസാ മുക്കിയ ആദ്യ വെെദികന്‍ മുതല്‍ ഇന്നലെ കുമ്പസാരിപ്പിച്ച അച്ചന്‍ വരെ എല്ലാ വൈദികരെയും ഓര്‍ത്തു പ്രാര്‍ഥിക്കാനും കൂടിയുള്ള ദിവസമാണിന്ന്. സാധിക്കുമെങ്കില്‍ പരിചയമുള്ള എല്ലാ അച്ചന്‍മാരോടും ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ട് അച്ചാ എന്ന് ഫോണില്‍ വിളിച്ചോ മെസേജ് അയച്ചോ ഈ ദിനത്തിന്‍റെ ആശംസകളും നേരൂ. കാരണം ഇത് ഈശോ കുര്‍ബാന സ്ഥാപിച്ചതിന്‍റെ മാത്രമല്ല പൗരോഹിത്യം സ്ഥാപിച്ചതിന്‍റെ കൂടി ഓര്‍മയാചരണമാണ്. ഇതെന്‍റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍ എന്ന് പറഞ്ഞ് ശിഷ്യന്‍മാരെ കുര്‍ബാനയര്‍പ്പിക്കാന്‍ ഈശോ ചുമതലപ്പെടുത്തിയ ദിവസംകൂടിയാണിന്ന് (ലൂക്കാ 22, 19). ഓരോ കുര്‍ബാനയും ഈജിപ്തില്‍ നിന്നുള്ള കടന്നു പോകലിനു മുന്നോടിയായി ഇസ്രായേല്‍ ജനം തിടുക്കത്തില്‍ പെസഹാ ഭക്ഷിച്ചതുപോലൊരു യാത്രയ്ക്കൊരുക്കമായുള്ള ഭക്ഷണമാണ്. വി.കുര്‍ബാന എന്നത് ഒരു മുഴുനേര വിരുന്നല്ല അഥവാ ഫുള്‍ മീല്‍ ആല്ല; അത് ലഘുഭക്ഷണത്തിലും ചെറുതാണ്. കാരണം നമ്മുടെ യാത്ര ഇനി കുറച്ചുദൂരം കൂടിയേ ഉള്ളൂ എന്നു ഓര്‍മിപ്പിക്കാനാണ്. അതേസമയം നമുക്കീ യാത്രാഭക്ഷണം കൂടിയേതീരൂ താനും. ജസെബെലിന്‍റെ ക്രോധത്തില്‍ നിന്നും മരുഭൂമിയിലേയ്ക്ക് ഓടിരക്ഷപെട്ട ഏലിയാ പ്രവാചകന്‍ മുള്‍ച്ചെടിയുടെ തണലില്‍ എനിക്കീ ജീവിതം മടുത്തു മരിച്ചാല്‍ മതിയെന്നും പുലമ്പിക്കൊണ്ട് തളര്‍ന്നവശനായി മയങ്ങുന്ന രംഗം രാജാക്കന്‍മാരുടെ ഒന്നാം പുസ്തകം രേഖപ്പെടുത്തുന്നുണ്ട്. ദൈവദൂതന്‍ അദ്ദേഹത്തെ വിളിച്ചുണര്‍ത്തി ദൈവമൊരുക്കിയ കല്ലില്‍ ചുട്ട അപ്പം കാട്ടിയിട്ടു പറഞ്ഞു: ''എഴുന്നേറ്റ് ഭക്ഷിക്കുക; എന്തെന്നാല്‍ യാത്ര ദുഷ്കരമാണ്'' (1 രാജാ 19, 7). പ്രവാചകന്‍ അത് ഭക്ഷിച്ച് നാല്പതു നാള്‍ യാത്രചെയ്ത് കര്‍ത്താവിന്‍റെ മലയായ ഹൊറേബിലെത്തുന്നു. ജീവിതയാത്രയില്‍ തളര്‍ന്നവശരായ നമ്മളോടും കുര്‍ബാന സ്ഥാപനത്തിന്‍റെ ഈ തിരുനാള്‍ ദിവസം ഈശോയ്ക്ക് പറയാനുള്ളതും ഇതു തന്നെയാണ്: ''എഴുന്നേറ്റ് ഭക്ഷിക്കുക; എന്തെന്നാല്‍ യാത്ര ദുഷ്കരമാണ്.''


31 views0 comments

Recent Posts

See All
bottom of page