1. സമ്പൂര്‍ണ്ണ ദാരിദ്യനിര്‍മ്മാര്‍ജ്ജനം ഒരു വിദൂരസ്വപ്നം
ഒക്ടോബര്‍ 16-Ɔο തിയതി ബുധനാഴ്ച യുഎന്‍ അതിന്‍റെ ഭക്ഷ്യകാര്‍ഷിക സംഘടനയായ ഫാവോ (FAO Food and Agricultural Organization) സ്ഥാപിച്ചതിന്‍റെ വാര്‍ഷികനാളില്‍ അനുവര്‍ഷം ആചരിക്കുന്ന “ആഗോള ഭക്ഷ്യദിന” ത്തില്‍ (World Food Day) ഡയറക്ടര്‍ ജനറല്‍, ഷീ ഡോങ്യൂവിന് അയച്ച സന്ദേശത്തിലാണ് പാവങ്ങളെ അനുസ്മരിക്കുന്ന ദിനമാണിതെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചത്. കഴിഞ്ഞ ഏതാനും ദശകങ്ങളിലായി മുന്നോട്ടു പോകുന്നതും, 2030-ല്‍ സമാപിക്കുന്നതുമായ സുസ്ഥിതി വികസന പദ്ധതിയിലൂടെ സമ്പൂര്‍ണ്ണ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ലോകത്ത് ആര്‍ജ്ജിക്കാമെന്നു വിചാരിച്ചെങ്കിലും, അത് ഇനിയും ഒരു വിദൂരസ്വപ്നമായി നിലകൊള്ളുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. 2. ഭക്ഷണവും പോഷകാഹാരവും തമ്മിലുള്ള വികലമായ ബന്ധം
“നമ്മുടെ പ്രവൃത്തികളാണ് ഭാവിയുടെ ഭാഗധേയം. പോഷകാഹാരം #സമ്പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജിതമായ ലോകത്തിന്” ആവശ്യമാണെന്ന യുഎന്‍ “ആഗോള ഭക്ഷ്യദിന”ത്തിന്‍റെ ആപ്തവാക്യം ഭക്ഷണവും പോഷകാഹാരങ്ങളും തമ്മിലുള്ള വികലമായ ബന്ധമാണ് വെളിപ്പെടുത്തുന്നത്. സുസ്ഥിതിക്ക് ആവശ്യമായ ഭക്ഷണമില്ലാതെ വരുന്നത് വ്യക്തികളുടെ വിനാശ കാരണമാണ്. 82 കോടി മനുഷ്യരാണ് ലോകത്തിന്ന് വിശപ്പനുഭവിക്കുന്നുണ്ട്. എന്നാല്‍ 70 കോടിയോളം പേര്‍ ശരിയായ ഭക്ഷണക്രമമില്ലാതെയും തെറ്റായ ആഹാരശീലങ്ങള്‍ക്ക് ഇരകളായും ദുര്‍മേദസ്സുകാരായി അല്ലെങ്കില്‍ അമിതവണ്ണക്കാരായി മാറിയിരിക്കുന്നു (Populorum Progressio, 3). അധികം ഭക്ഷണം കഴിച്ച് അമിതഭാരക്കാരായി തീര്‍ന്നിരിക്കുന്നവര്‍ സമ്പന്നരായവര്‍ മാത്രമല്ല, അങ്ങനെയുള്ളവര്‍ ദരിദ്രരാജ്യങ്ങളിലും ധാരാളമായി കാണാം. ആഹാരത്തിന്‍റെ ദൗര്‍ലഭ്യം ഉള്ളപ്പോഴും വികസിത രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത “പാക്കറ്റ്” ആഹാരശീലങ്ങള്‍ അനുകരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. പോഷകാഹാരമില്ലാതെ, താളംതെറ്റിയ ഭക്ഷണക്രമവും അമിതഭോജനവും മൂലം പ്രമേഹം, ഹൃദ്രോഗം, ഹൃദയധമനികളിലെ തടസ്സങ്ങള്‍ എന്നിവ ഇന്ന് വര്‍ദ്ധിച്ചുവരുന്നുണ്ട്. പോഷകങ്ങളുടെ കുറവുകൊണ്ടുണ്ടാകുന്ന വിളര്‍ച്ച, ശരീരശോഷണം എന്നീ ആരോഗ്യപ്രശ്നങ്ങള്‍ മൂലം മരിക്കുന്നര്‍, വിശിഷ്യാ കുട്ടികള്‍ ധാരാളമാണ്. 3. ജീവിതശൈലിയില്‍ മാറ്റം അനിവാര്യം
ജീവിതശൈലിയിലും ചെയ്തികളിലും ഒരു വലിയ മാറ്റം വേണമെന്നാണ് ആദ്യമായി ഈ ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ നമ്മോടു വിളിച്ചുപറയുന്നത്. ഈ മാറ്റം സുപ്രധാനമായ ഒരു തുടക്കം കുറിക്കലായിരിക്കും. സൃഷ്ടിയുടെ ഫലങ്ങളിലാണ് നമ്മുടെ ജീവിതം ആശ്രിയിച്ചിരിക്കുന്നത്. അവ ഒരിക്കലും ക്രമക്കേടായും, യാതൊരു നിയന്ത്രണവുമില്ലാതെയും ഉപയോഗിക്കുന്ന വസ്തുക്കളായി മാറരുത്. ഒരു നല്ല ജീവിതക്രമം രൂപപ്പെടുത്തിക്കൊണ്ട് ആഹാരക്രമത്തിലെ ക്രമക്കേടുകള്‍ നിയന്ത്രിക്കാനാകും. അതിന്‍റെ പിന്നില്‍ ആത്മനിയന്ത്രണത്തിന്‍റയും, വിരക്തിയുടെയും, ഉപവാസത്തിന്‍റെയും, ഒപ്പം ഐക്യദാര്‍ഢ്യത്തിന്‍റെയും അരൂപിയുണ്ട്. മാനവികതയുടെ ചരിത്രത്തില്‍ ഉടനീളം തെളിഞ്ഞുനില്ക്കുന്ന ഈ പുണ്യങ്ങള്‍ നമ്മെ മിതത്വമുള്ള ജീവിതത്തിനും, മറ്റുള്ളവരുടെ, വിശിഷ്യ പട്ടിണി അനുഭവിക്കുന്ന സഹോദരങ്ങളെക്കുറിച്ച് അവബോധമുള്ളവരായി ജീവിക്കാനും സഹായിക്കുന്നു. സ്വാര്‍ത്ഥതയും വ്യക്തിമാഹാത്മ്യ ചിന്തകളും ഒഴിവാക്കുവാനും അതു നമുക്ക് ഉത്തേജനംപകരും. മാത്രമല്ല മറ്റുള്ളവരുമായി നല്ലബന്ധം പുലര്‍ത്തിക്കൊണ്ട് പരിസ്ഥിതി ബോധമുള്ളവരായി മുന്നോട്ടുപോകാനും ഈ ജീവിതരീതിയുടെ ക്രമീകരണം നമ്മെ സഹായിക്കും.
4. കുടുംബത്തില്‍ ആരംഭിക്കേണ്ട ഭക്ഷണക്രമം
ഭക്ഷണക്രമത്തില്‍ കുടുംബത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ടാണ് ഫാവോ ഇക്കാര്യത്തില്‍ ഗ്രാമീണ കുടുംബങ്ങളെ സംരക്ഷിക്കുന്നതിനും കുടുംബങ്ങളില്‍ കാര്‍ഷിക സംവിധാനങ്ങള്‍ ഒരുക്കുന്നതിലും ശ്രദ്ധപതിക്കുന്നത്. പൊതുഭവനമായ ഭൂമിയുടെ ഫലങ്ങള്‍ നശിപ്പിക്കാതെ അവ ആസ്വദിക്കേണ്ടത് കുടുംബങ്ങളാണ്. അതുപോലെ ആദരണീയമായ ഒരു ജീവിതരീതി കണ്ടെത്തുന്നതിനും അതു പ്രചരിപ്പിച്ചുകൊണ്ട് വ്യക്തികളെയും സമൂഹത്തെയും നിലനിര്‍ത്തുവാന്‍ കരുത്തുള്ളതും കുടുംബങ്ങള്‍ക്കാണ്. 5. ഉള്ള ഭക്ഷണം ലഭ്യമാക്കാത്ത ലോകത്തിന്‍റെ വിരോധാഭാസം
മറ്റു താല്പര്യങ്ങള്‍ മാറ്റിനിര്‍ത്തിക്കൊണ്ട് രാഷ്ട്രങ്ങളുടെ വര്‍ദ്ധിച്ച പരസ്പരാശ്രിതത്വം വളര്‍ത്തിയാല്‍ ജനതകള്‍ തമ്മില്‍ വിശ്വാസവും സൗഹൃദവും വളര്‍ത്തിയെടുക്കാനാകും (Social Doctrine of the church, Compendium, 482). അനാരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ധാരാളംപേര്‍ ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ ഈ വര്‍ഷത്തെ ഭക്ഷ്യദിനത്തിന്‍റെ പ്രതിപാദ്യവിഷയം സഹായകമാവട്ടെ. ലോകത്ത് എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണമുണ്ടെന്നും, എന്നാല്‍ അത് എല്ലാവര്‍ക്കും ലഭ്യമല്ലെന്നുള്ള ക്രൂരവും അനീതിപരവുമായ വിരോധാഭാസമാണ് നിലനില്ക്കുന്നത്. ലോകത്തിന്‍റെ ചില ഭാഗങ്ങളില്‍ ഭക്ഷണം പാഴാക്കിക്കളയുകയും, നശിപ്പിച്ചുകളയുകയും ചെയ്യുമ്പോള്‍, മറ്റിടങ്ങളില്‍ അത് അമിതമായി ഉപയോഗിക്കുകയോ, മറ്റു ചില ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ സര്‍പ്പിളവലയത്തില്‍നിന്നും രക്ഷപ്പെടാന്‍ അടിസ്ഥാനപരമായ ഭക്ഷ്യസ്രോതസ്സുക്കളിലേയ്ക്ക് എത്തിപ്പെടാന്‍ കരുത്തുള്ള സാമ്പത്തിക സ്ഥാപനങ്ങളെയും സാമൂഹിക പ്രസ്ഥാനങ്ങളെയും വളര്‍ത്തിയെടുക്കണം (Laudato Si’ 109).
6. പാഴാക്കുന്ന ഭക്ഷണം പാവപ്പെട്ടവന്‍റെ അന്നം!
മനുഷ്യന്‍റെ ഭക്ഷണത്തിന് സാമൂഹികവും സാംസ്കാരികവും പ്രതീകാത്മകവുമായ ഒരു അര്‍ത്ഥമുണ്ട്. എന്നാല്‍ അത് വെറും ഉപഭോഗവസ്തുവോ കച്ചവടസാധനമോ ആയി തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്. അങ്ങിനെ ലാഭത്തിന്‍റെയും കമ്പോളത്തിന്‍റെയും യുക്തിഭദ്രത നിലനിര്‍ത്തുന്നിടത്തോളം കാലം ലോകത്തു വര്‍ദ്ധിച്ചുവരുന്ന വിശപ്പിനും (Hunger) പോഷക വൈകല്യത്തിനും (malnutrition) എതിരായ യുദ്ധത്തിന് അറുതിയുണ്ടാവില്ല. എവിടെയും എപ്പോഴും പ്രഥമ ഉത്ക്കണ്ഠ മനുഷ്യരെക്കുറിച്ചായിരിക്കണം.
വ്യക്തിയായിരിക്കണം എന്തിന്‍റെയും കേന്ദ്രം. ആവശ്യത്തിനു ഭക്ഷണമില്ലാതെ ജീവിക്കുന്ന സ്ത്രീ- പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങളെയും സാമൂഹിക ബന്ധങ്ങളെയും കൈകാര്യംചെയ്യുവാന്‍ ഏറെ പരിമിതികളുണ്ട് (Laudato Si’ 112, 113). അതിനാല്‍ മനുഷ്യനു മുന്‍തൂക്കം നല്കിക്കൊണ്ടു പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹിക സഹായ പദ്ധതികള്‍ക്കും വികസന പരിപാടികള്‍ക്കും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ഫലപ്രാപ്തിയുണ്ടാകും. ഓര്‍ക്കണം, പലപ്പോഴും നാം കൂട്ടിവയ്ക്കുന്നതും, ചിലപ്പോള്‍ പൂഴ്ത്തിവയ്ക്കുന്നതും, അല്ലെങ്കില്‍ പാഴാക്കിക്കളയുന്നതുമായ ഭക്ഷണ സാധനങ്ങള്‍ പാവപ്പെട്ടവന്‍റെ അന്നമാണ്!
7. ആശംസകളോടെ ഉപസംഹാരം
ആഗോള ഭക്ഷ്യദിനത്തില്‍ ഈ ചിന്തകള്‍ പങ്കുവച്ചുകൊണ്ട്, ഫാവോയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. മനുഷ്യകുടുംബത്തിന്‍റെ സമഗ്രപുരോഗതിക്കും സമാധാനത്തിനുമായി എടുക്കുന്ന ഓരോ ചുവടുവയ്പ്പും ഫലപ്രാപ്തി അണിയട്ടെയെന്നും ഡയറക്ടര്‍ ജനറല്‍, ഷീ ഡോങ്യൂവിന് അയച്ച സന്ദേശത്തില്‍ ആശംസിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്.