top of page
Br Anu C

പാപത്തോടല്ല, പാപിയോടാണ് ദൈവം ക്ഷമിക്കുന്നത്



"പാപത്തോടല്ല, പാപിയോടാണ് ദൈവം ക്ഷമിക്കുന്നത്. തിന്മ പ്രവൃത്തിയെയും അത് ചെയ്ത വ്യക്തിയെയും വേർതിരിച്ചു കാണാൻ ദൈവം നമ്മെ പഠിപ്പിക്കുന്നു. കാരണം, തിന്മപ്രവർത്തി അപലപിക്കപ്പെടേണ്ട അല്ലെങ്കിൽ ശിക്ഷിക്കപ്പെടേണ്ട ഒന്നാണ്. എന്നാൽ, അത് പ്രവർത്തിച്ച വ്യക്തിക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള സാധ്യത ദൈവം നല്കുന്നുണ്ട്."

വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ വാക്കുകളാണിവ.

പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന കാരുണ്യവാനായ ദൈവത്തെയാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്നത്. യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായം ഒന്നു മുതൽ പതിനൊന്നു വരെയുള്ള വാക്യങ്ങളിൽ, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരും യേശുവിന്റെ മുൻപിൽ കൊണ്ടുവരുന്നതും അവരോടുള്ള യേശുവിന്റെ പ്രതികരണവുമാണ് നാം കാണുന്നത്. ഒലിവുമല, നിയമജ്ഞർ, ഫരിസേയർ, ഗുരു എന്നീ പദങ്ങൾ യോഹന്നാന്റെ സുവിശേഷത്തിൽ ഏഴാം അധ്യായം 53 മുതൽ മുതൽ എട്ടാം അധ്യായം 11 വരെയുള്ള വാക്യങ്ങളിൽ മാത്രമാണ് കാണുന്നത്. ഏഴും എട്ടും അധ്യായങ്ങളിൽ പാപത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചുമുള്ള പരാമർശങ്ങൾ ഉള്ളതിനാൽ യേശുവിന്റെ നീതിവിധി എപ്രകാരമാണെന്ന് യോഹന്നാൻ ഈ ഭാഗത്ത് ചിത്രീകരിക്കുന്നു.


ഒരാഴ്ച നീണ്ടു നില്ക്കുന്ന കൂടാരത്തിരുനാളിന്റെ പിറ്റേ ദിവസം നടക്കുന്ന സംഭവമാണ് ഇന്നത്തെ സുവിശേഷഭാഗം. ഏഴു ദിവസം നീണ്ടുനില്ക്കുന്ന ഈ തിരുനാൾ ദിനങ്ങളിൽ യേശു ദൈവാലയത്തിൽ വച്ച് പഠിപ്പിച്ച പലതും പ്രത്യേകിച്ച്, തിരുനാളിന്റെ ഏഴാംദിനമായ മഹാദിനത്തിൽ, തന്നെ 'ജീവന്റെ ജല'മായി പ്രഖ്യാപിച്ചതും നിയമജ്ഞരെയും ഫരിസേയരെയും കോപാകുലരാക്കി. യേശുവിനെ വധിക്കാൻ അവർ പലതവണ പദ്ധതികൾ ഒരുക്കി. അവർ അവനെതിരെ പലവിധത്തിലുള്ള വിധികൾ നടത്തുകയും ചെയ്തു. അതിനുശേഷം സുവിശേഷം രേഖപ്പെടുത്തുന്നത് അതായത് ഏഴാം അധ്യായത്തിലെ അവസാനത്തെ വചനം ഇപ്രകാരമാണ്: "ഓരോരുത്തരും താന്താങ്ങളുടെ വീടുകളിലേക്ക് പോയി." അതായത്, ലോകത്തിന്റെ പ്രകാശമായ, ലോകത്തെ രക്ഷിക്കാൻ വന്ന യഥാർഥ വിധിയാളനായ യേശുവിനെ കുറ്റം വിധിച്ചുകൊണ്ട് അവർ അവരിലേക്ക് തന്നെ വീണ്ടും ഒതുങ്ങിക്കൂടുന്നു. യേശുവിൽ പ്രകടമായ പിതാവായ ദൈവത്തിന്റെ പ്രവർത്തികളെ തിരിച്ചറിയാതെ യേശുവിനെ വിധിച്ചുകൊണ്ട് അവർ സത്യത്തിന് നേരെയുള്ള വാതിലുകൾ കൊട്ടിയടച്ചുകൊണ്ട് തങ്ങളിലേക്ക് തന്നെ ചുരുങ്ങുന്നു. ഇവിടെ അവർക്ക് നഷ്ടമാകുന്നത് കാരുണ്യവാനായ ഒരു ദൈവത്തെയാണ്.


എന്നാൽ, എട്ടാം അധ്യായത്തിന്റെ ആദ്യത്തെ വചനം ഇങ്ങനെയാണ്: "യേശുവാകട്ടെ, ഒലിവുമലയിലേക്ക് പോയി." ഒലിവെണ്ണ അല്ലെങ്കിൽ ഒലിവുതൈലം ഒരു ലേപനവസ്തുവാണ്. അതുകൊണ്ടുതന്നെ, ഒലിവുമല തൈലാഭിഷേകത്തിന്റെ മലയാണ്. തൈലാഭിഷേകം എന്നർഥം വരുന്ന 'ക്രിസം' എന്ന വാക്കിൽ നിന്നാണ് 'അഭിഷിക്തൻ' എന്നർഥമുള്ള ക്രിസ്തു എന്ന പേര് വരുന്നത്. ഇവിടെ ക്രിസ്തു തൈലാഭിഷേകത്തിന്റെ മലയായ ഒലിവുമലയിലേക്ക് പോയി എന്നുപറയുന്നതുവഴി അവൻ തിന്മയുടെ ശക്തികൾക്കെതിരെ പോരാടാൻ നമ്മെ വിശുദ്ധ തൈലത്താൽ അഭിഷേകം ചെയ്തു എന്ന് അർഥമുണ്ട്. തൈലം കൊണ്ടുള്ള അഭിഷേകം തളർന്നുപോയതും വേദനയുള്ളതുമായ അവയവങ്ങൾക്ക് ആശ്വാസം നല്കുന്നു. അതുപോലെതന്നെ, ഒലിവുമല കർത്താവിന്റെ കാരുണ്യത്തിന്റെ ഉയരം സൂചിപ്പിക്കുന്നു. കാരണം, ഗ്രീക്കിൽ ഒലിവ് കാരുണ്യത്തെ സൂചിപ്പിക്കുന്നു. തൈലത്തിന്റെ ഗുണഗണങ്ങൾ ഈ രഹസ്യാത്മക അർഥത്തിലാണ് ഏറ്റവും യോജിച്ചിരിക്കുന്നത്. കാരണം, ഒലിവെണ്ണ മറ്റെല്ലാ ദ്രവങ്ങളുടെയും മീതെയായ് ഒഴുകുന്ന ഒരു വസ്തുവാണ്. അതുകൊണ്ടാണ് സങ്കീർത്തകൻ ഇപ്രകാരം പറയുന്നത്: കര്‍ത്താവ്‌ തന്റെ സര്‍വസൃഷ്‌ടിയുടെയും മേൽ കരുണ ചൊരിയുന്നു. (സങ്കീ 145 : 9).


ഇന്നത്തെ സുവിശേഷത്തിലെ അടുത്ത വചനം "അതിരാവിലെ അവൻ വീണ്ടും ദേവാലയത്തിലേക്കു വന്നു" എന്നതാണ്. അനന്തതയോളം ഉയരമുള്ള കാരുണ്യത്തിന്റെ ഒലിവുമലയിൽനിന്ന് അവിടുന്ന് ദേവാലയത്തിലേക്കു വരുന്നു. "ദേവാലയത്തിലേക്ക് വന്നു" എന്നതിനർഥം ദൈവം തന്റെ കരുണ പ്രഭാതകിരണം പോലെ പുതിയനിയമത്തിലെ വിശ്വാസികളുടെ മേൽ അഥവാ തിരുസഭയിൽ നല്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു എന്നാണ്. 'അതിരാവിലെ' എന്ന വാക്ക് സൂചിപ്പിക്കുന്നത് കൃപയുടെ പുതിയ ഉദയത്തെയാണ്. ദൈവാലയത്തിൽ അഥവാ സഭയിൽ കൃപയാൽ വസിക്കുന്ന ദൈവത്തിലേക്ക് എല്ലാ ജനതകളും വരുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുന്നു എന്ന് 'ജനമെല്ലാം അവന്റെ അടുക്കലെത്തി' എന്ന വാക്യം അർഥമാക്കുന്നു. അവൻ ദേവാലയത്തിലേക്കുവന്നു, ജനമെല്ലാം അവന്റെ അടുക്കലെത്തി എന്നീ വാക്യങ്ങൾ യേശുവിന്റെ ദൈവത്വത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ, ഉടൻ തന്നെ കാണുന്ന 'അവൻ ഇരുന്ന് അവരെ പഠിപ്പിച്ചു' എന്ന വാക്യം യേശുവിന്റെ മനുഷ്യത്വത്തിലേക്കു വിരൽ ചൂണ്ടുന്നു. കാരണം, 'അവൻ ഇരുന്നു' എന്നത് മനുഷ്യാവതാരത്തിലെ അവിടത്തെ എളിമയും ശൂന്യവത്ക്കരണവും വെളിപ്പെടുത്തുന്നു. കരുണയുടെ ഉന്നതമായ മലയിൽ നിന്ന് അതായത്, സ്വർഗത്തിൽനിന്ന് ഇറങ്ങി താഴേക്കു തന്റെ ജനത്തിന്റെ അടുക്കലേക്ക് വരുന്നു. ദൈവത്തിന്റെ കരുണയുടെ ഏറ്റവും വലിയ പ്രകാശനമാണ് മനുഷ്യാവതാരം. 'ജനമെല്ലാം അവൻ്റെ അടുക്കലെത്തി' എന്നത് ഈ പശ്ചാത്തലത്തിൽ കൂടുതൽ അർഥമുള്ളതാകുന്നു. കാരണം, അവരെല്ലാം അവൻ്റെ അടുക്കലേക്ക് വന്നത് അവൻ ഇരുന്നപ്പോൾ അഥവാ മനുഷ്യപ്രകൃതി സ്വീകരിക്കുകയും അവർക്ക് കാണാൻ പറ്റുന്ന വ്യക്തിയായി മാറിയപ്പോഴുമാണ്. ധാരാളം പേർ അവനെ കേൾക്കുകയും വിശ്വസിക്കുകയും ചെയ്തത് അവൻ അവർക്ക് ഒരു സുഹൃത്തും അയല്ക്കാരനുമായി മാറിയപ്പോഴാണ്.


ഇവിടെ ഇതാ അനുകമ്പയും ലാളിത്യവുമുള്ള ധാരാളം മനുഷ്യർ യേശുവിന്റെ വാക്കുകൾ വിസ്മയത്തോടെ കേട്ടുകൊണ്ടു നില്ക്കുമ്പോൾ നിയമജ്ഞരും ഫരിസേയരും യേശുവിന്റെ അടുക്കൽ ചോദ്യങ്ങളുമായി കടന്നുവരുന്നു. അത് അവർക്ക് വ്യക്തിപരമായ ഉപദേശത്തിനു വേണ്ടിയായിരുന്നില്ല. മറിച്ച് അവനിൽ കുറ്റം ആരോപിക്കാൻ അവനെ പരീക്ഷിച്ചുകൊണ്ടുള്ളതായിരുന്നു. മറ്റുള്ളവരെ വിധിക്കാനാണ് അവർ കൂടുതൽ താത്പര്യപ്പടുന്നത്. കാരണം, അവർ വരുന്നത് തങ്ങളിലേക്ക് മാത്രം ചുരുക്കപ്പെട്ട, കരുണയില്ലാത്ത, സ്വാർഥത നിറഞ്ഞ താന്താങ്ങളുടെ ജീവിതങ്ങളിൽ നിന്നാണ്. എന്നാൽ, കരുണയുടെ മലയായ ഒലിവുമലയിൽ നിന്നുവന്ന യേശുവിന്റെ കരുണ നിറഞ്ഞ പ്രവർത്തിയാണ് നാം അതിനുപകരമായി കാണുന്നത്. നിയമജ്ഞരും ഫരിസേയരും വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ അവൻ്റെ അടുക്കൽ കൊണ്ടുവന്ന് നടുക്കുനിറുത്തി അവനോട് ചോദിച്ചു. "ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കല്പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് നീ എന്തു പറയുന്നു? വ്യഭിചാരം ചെയ്ത് പുരുഷനും സ്ത്രീയ്ക്കും മരണശിക്ഷ നല്കണം എന്ന് ലേവ്യരുടെ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇവിടെ സ്ത്രീയെ മാത്രമാണ് വിചാരണയ്ക്കായി കൊണ്ടുവരുന്നത്. അതുപോലെതന്നെ, ഒരു കുറ്റം തെളിയിക്കണമെങ്കിൽ രണ്ട് സാക്ഷികൾ ആവശ്യമാണെന്നും നിയമത്തിൽ പറയുന്നുണ്ട്. പക്ഷേ, അത്യാവശ്യമായി വേണ്ട രണ്ട് സാക്ഷികൾ ഇവിടെ ഇല്ല എന്നതും ശ്രദ്ധേയമാണ്. അപ്പോൾ യേശുവിൽ നിന്ന് നിയമോപദേശം തേടുകയല്ല അവരുടെ ലക്ഷ്യം. യേശുവിനെ അപകീർത്തിപ്പെടുത്തുകയും അവിടുത്തെമേൽ കുറ്റം ആരോപിക്കുകയും ചെയ്യാനുള്ള ഒരു കെണിയുമായാണ് അവർ വന്നിരിക്കുന്നത്. കാരണം, കല്ലെറിഞ്ഞു കൊല്ലാൻ യേശു കല്പിച്ചാൽ, അത് റോമാ സാമ്രാജ്യത്തിന്റെ അധികാരത്തിന് എതിരായ കുറ്റമാകും. കാരണം, യേശുവിന്റെ കാലത്തെ പാലസ്തീന റോമാ സാമ്രാജ്യത്തിന്റെ കീഴിലാണ്. നിയമം കയ്യിലെടുക്കാനോ മരണശിക്ഷ വിധിക്കാനോ യഹൂദർക്ക് അവകാശമോ അധികാരമോ ഇല്ല. അതുകൊണ്ടാണ്, യേശുവിനെ കുരിശിൽ തറച്ചു വധിക്കാൻ യഹൂദർ റോമൻ ഗവർണറായ പീലാത്തോസിനോട് ആവശ്യപ്പെടുന്നത്. എന്നാൽ, ഇവിടെ യേശു കല്ലെറിയുന്നതിനോട് വിയോജിക്കുകയാണെങ്കിൽ, നിയമജ്ഞരും ഫരിസേയരും യേശുവിനെ മോശയുടെ നിയമത്തെ നിഷേധിക്കുന്ന വ്യാജമിശിഹാ ആയി മുദ്രകുത്തും. മാത്രമല്ല, നിയമജ്ഞരുടെ സംഘത്തിന് ഇത്തരം കുറ്റകൃത്യങ്ങളിൽ വിധിപ്രസ്താവം നടത്താവുന്നതാണ്. എന്നിട്ടും അവർ യേശുവിനോട് അഭിപ്രായം ചോദിക്കുന്നത് തീർച്ചയായും നല്ല ഉദ്ദേശ്യത്തോടെ അല്ല. ഇവിടെ യേശുവിനോട് ഇപ്രകാരം ചോദിക്കുന്നതിന് മറ്റൊരു സാധ്യത കൂടിയുണ്ട്. അതായത്, യേശുവിന്റെ കരുണയെയും നീതിയെയും പരീക്ഷിക്കാൻ വേണ്ടിയാകാം ഇത്തരമൊരു ചോദ്യം. കാരണം, യേശു കാരുണ്യവാനും ദയാലുവുമായ ഒരു ഗുരു ആണെന്ന് ജനക്കൂട്ടം നേരത്തെ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ഒരിക്കൽ ഒരു ധനികനായ അധികാരി യേശുവിനെ 'നല്ലവനായ ഗുരു' (ലൂക്കാ 18:18) എന്ന് അഭിസംബോധന ചെയ്തിട്ടുണ്ട്. ജനക്കൂട്ടം പലതവണ യേശു എല്ലാ കാര്യങ്ങളും നന്നായി ചെയ്യുന്നു എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. യേശുവിന്റെ കരുണയെ അപ്പം വർധിപ്പിച്ചപ്പോഴും രോഗികളെ സുഖപ്പെടുത്തിയപ്പോഴും യേശുവിന്റെ മറ്റ് പ്രവർത്തികളിലൂടെ പലപ്രാവശ്യം ജനക്കൂട്ടം നേരിട്ട് കണ്ടിട്ടുള്ളതാണ്. "സത്യത്തിനും നീതിയുടെ സംരക്ഷണത്തിനുംവേണ്ടി പ്രതാപത്തോടെ വിജയത്തിലേക്ക് മുന്നേറുക" എന്ന് 145 -ആം സങ്കീർത്തനം നാലാം വാക്യത്തിൽ മിശിഹായെ പറ്റി പ്രവചനവും ഉണ്ട്. ഗുരു എന്ന നിലയിൽ സത്യവും വിമോചകൻ എന്ന നിലയിൽ ശാന്തതയും വിധികർത്താവ് എന്ന നിലയിൽ നീതിയും യേശു പ്രകടമാക്കിയിട്ടുണ്ട്. അവിടുന്ന് സംസാരിച്ചപ്പോൾ അവനിലുള്ള സത്യവും, തന്റെ ശത്രുക്കൾക്കെതിരായി തിരികെ ഒരക്രമവും ചെയ്യാതിരുന്നപ്പോൾ അവനിലുള്ള ശാന്തതയും ജനക്കൂട്ടം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ യേശുവിന്റെ നീതിയെ ആണ് അവർ പരീക്ഷിക്കുന്നത്. യേശു തനിക്ക് ജനക്കൂട്ടത്തിനിടയിൽ സ്വീകാര്യത നേടിത്തന്ന കരുണയെയും ശാന്തതയെയുംപ്രതി ഈ സ്ത്രീയെ വെറുതെ വിട്ടാൽ, മോശയുടെ നിയമം ലംഘിച്ചുകൊണ്ട് യേശു അനീതി പ്രവർത്തിച്ചു എന്ന് അവർക്ക് കുറ്റം ആരോപിക്കാം. അതിനാൽ, അവരുടെ ഈ ചോദ്യം യേശുവിനെ പരീക്ഷിക്കാനും കുറ്റം ആരോപിക്കാനും ആണെന്നതിൽ സംശയമില്ല.


എന്നാൽ, അവരുടെ ഈ ആവർത്തിച്ചാവർത്തിച്ചുള്ള ചോദ്യത്തോടുള്ള യേശുവിന്റെ പ്രതികരണം അല്പം വിചിത്രമായി തോന്നാം. കാരണം, ഈ സമയമെല്ലാം അവൻ കുനിഞ്ഞ് വിരൽകൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു. എന്താണ് അവൻ നിലത്ത് എഴുതിയത് എന്നതിന് പല അഭിപ്രായങ്ങളുണ്ട്. ഒന്നാമതായി, ജനക്കൂട്ടത്തിന്റെ പാപങ്ങളാണ് അവൻ എഴുതിയത് എന്നും രണ്ടാമതായി, അവൻ പറയാൻ പോകുന്ന വിധിവാചകമാണ് അവൻ എഴുതിയത് എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാൽ, ഇവ രണ്ടും വെറും ഊഹങ്ങൾ മാത്രമാണ്. എന്താണ് അവൻ എഴുതിയതെന്ന് സുവിശേഷം പറയാത്തതുകൊണ്ടുതന്നെ അതിനെപ്പറ്റിയുള്ള വെറും ഊഹങ്ങളും വ്യർഥമാണ്. എങ്കിലും, ബൈബിൾ പശ്ചാത്തലത്തിൽ ഇതിന് കൂടുതൽ പിൻബലമുള്ള വ്യാഖ്യാന സാധ്യതകളുണ്ട്. ലൂക്കാ 12- ആം അധ്യായം ഇരുപതാം വാക്യത്തിൽ "നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിൻ" എന്ന് യേശു ശിഷ്യന്മാരോട് പറയുന്നുണ്ട്. അതനുസരിച്ച് പാപികളുടെ പേര് സ്വർഗത്തിൽ അല്ല, മറിച്ച് ഭൂമിയിലാണ് എഴുതപ്പെടുന്നത് എന്ന് ഇവിടെ സൂചിപ്പിക്കുന്നു. രണ്ടാമതായി, "കര്‍ത്താവില്‍നിന്നു പിന്തിരിയുന്നവര്‍ പൂഴിയില്‍ എഴുതിയ പേരുപോലെ അപ്രത്യക്‌ഷരാകും. എന്തെന്നാല്‍, ജീവജലത്തിന്റെ ഉറവിടമായ കര്‍ത്താവിനെ അവര്‍ ഉപേക്‌ഷിച്ചു" എന്ന ജറെമിയായുടെ പുസ്തകത്തിലെ 17 ആം അധ്യായം 13 ആം വാക്യത്തെയാകാം യേശുവിന്റെ ഈ പ്രവൃത്തി സൂചിപ്പിക്കുന്നത്. കാരണം, 'ജീവജല'ത്തിന്റെ ഉറവയെന്ന് യോഹന്നാന്റെ സുവിശേഷം 7 ആം അധ്യായം 38 ആം വാക്യത്തിൽ വിശേഷിപ്പിക്കപ്പെട്ട യേശുവിനെ തിരസ്കരിച്ചതിനാൽ നിയമജ്ഞരും ഫരിസേയരും ഈ ഗണത്തിൽപ്പെട്ടവരാണ്. മൂന്നാമതായി, യേശുവിന്റെ ഈ നിലത്തെഴുത്ത് മോശയ്ക്ക് കല്പലകകളിൽ ദൈവം സ്വന്തം കൈവിരൽകൊണ്ട് എഴുതിനല്കിയ പത്തുകല്പനകളിലേക്കും അവയുടെ തുല്യപ്രാധാന്യത്തിലേക്കും സമഗ്രതയിലേക്കും വിരൽചൂണ്ടുന്നതായിരിക്കാം. വ്യഭിചാരം മാത്രമല്ല മറ്റ് കല്പനകളുടെ ലംഘനവും ശിക്ഷാവിധിക്ക് ഒന്നുപോലെ അർഹമാണെന്ന് യേശു സൂചിപ്പിക്കുകയാകാം. കാരണം, പഴയനിയമത്തിൽ ഇസ്രായേലും ദൈവവുമായുള്ള ബന്ധത്തെ വൈവാഹിക ബന്ധവുമായി താരതമ്യപ്പെടുത്തുന്നുണ്ട്. ദൈവിക കല്പനകളുടെ ലംഘനവും ദൈവത്തോടുള്ള അനുസരണക്കേടും വൈവാഹിക ഉടമ്പടിയുടെ ലംഘനമായി അഥവാ വ്യഭിചാരമായി പഴയനിയമം ചിത്രീകരിക്കുന്നു. അങ്ങനെയെങ്കിൽ കല്പനകൾ ലംഘിക്കുന്നവരെല്ലാം അവിശ്വസ്തയായ ഈ സ്ത്രീയെപോലെ ശിക്ഷയ്ക്ക് അർഹരാണ്. നാലാമതായി, നിലം നന്മയുടെയോ തിന്മയുടെയോ ഫലം പുറപ്പെടുവിക്കുന്ന ഹൃദയത്തെയും സന്ധിബന്ധങ്ങളും അയവുള്ളതുമായ വിരൽ വിവേചനത്തെയും സൂചിപ്പിക്കുന്നു. നമ്മുടെ അയല്ക്കാരിൽ എന്തെങ്കിലും തെറ്റ് കണ്ടാൽ ഉടനടി അവരെ വിധിക്കാതെ നമ്മുടെ ഹൃദയത്തിലേക്ക് തിരിഞ്ഞ് വിവേചനത്തിന്റെ വിരലുകൊണ്ട് ശ്രദ്ധയോടെ ഹൃദയത്തെ പരിശോധിക്കണമെന്ന് ഈ പ്രവൃത്തിയിലൂടെ യേശു നാഥൻ പഠിപ്പിക്കുന്നു. പാപരഹിതരാണെന്ന് നടിച്ചിരുന്ന ഫരിസേയരോട് കഴിഞ്ഞകാലത്തെ അവരുടെ പ്രവർത്തികളിലേക്കും നിയമപാലനത്തിലേക്കും തിരിഞ്ഞുനോക്കി ആത്മപരിശോധന നടത്താൻ യേശു ആവശ്യപ്പെടുന്നു എന്ന് മനസ്സിലാക്കാം. തുടർന്ന് യേശു നടത്തുന്ന വിധിവാചകം ഈ ആത്മപരിശോധനയുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നതുമാണ്.

"നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ" എന്നതാണ് യേശു നലികിയ വിധിവാചകം. നാം മുൻപ് കണ്ടതുപോലെ യേശുവിന്റെ കരുണയും ശാന്തതയും നീതിയും നിറഞ്ഞ വിധിവാചകമാണിത്. അവളെ കല്ലെറിയരുത് എന്നല്ല യേശു പറഞ്ഞത്. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അത് മോശയുടെ നിയമത്തിന്റെ ലംഘനം ആകുമായിരുന്നു. എന്നാൽ, അവളെ കല്ലെറിയുക എന്നും അവൻ പറഞ്ഞില്ല. കാരണം, അവൻ വന്നത് കണ്ടെത്തിയതിനെ നശിപ്പിക്കാൻ അല്ല മറിച്ച്, നഷ്ടപ്പെട്ടുപോയതിനെ അന്വേഷിച്ച് കണ്ടെടുക്കാനാണ്. അതുകൊണ്ട്, "നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ" എന്നത് നീതിയുടെ ശബ്ദമാണ്. പാപം ചെയ്ത വ്യക്തി ശിക്ഷിക്കപ്പെടണം. പക്ഷേ, അത് മറ്റു പാപികളാലാകരുത്. നിയമം പാലിക്കപ്പെടണം. പക്ഷേ, അത് മറ്റ് നിയമലംഘകർ വഴി ആകരുത്. ആദ്യം തന്നത്തന്നെ വിധിക്കാത്ത ഒരാൾക്ക് മറ്റൊരാളെ ശരിയായി വിധിക്കാൻ സാധിക്കില്ല.


യേശു ഇത് പറഞ്ഞു കഴിഞ്ഞ ശേഷം വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു. ചുറ്റും നിന്നവർക്ക് ആ സ്ത്രീയെ കല്ലെറിയുന്നതിനു മുമ്പ് തങ്ങളിൽ പാപമുണ്ടോ എന്ന് ആത്മപരിശോധന ചെയ്യാനുള്ള സമയമാണ് ഇത്. അവർ ആരും തന്നെ തങ്ങളെ പാപം ഇല്ലാത്തവരായി കാണാത്തതുകൊണ്ട് ഓരോരുത്തരായി അവിടം വിട്ടുപോയി.

ഇനി അവശേഷിക്കുന്നത് അലിവുള്ളവനും അലിവർഹിക്കുന്നവളും മാത്രം. പാപമില്ലാത്തവനും പാപിയും മാത്രം. യേശുവിൽ പാപം ഇല്ലാത്തതുകൊണ്ട് അവന് അവളെ വിധിക്കാൻ അവകാശമുണ്ട്. പക്ഷേ, യേശു കരുണയുള്ള കണ്ണുകൾ അവൾക്ക് നേരെ ഉയർത്തി പറഞ്ഞു: "ഞാനും നിന്നെ വിധിക്കുന്നില്ല." ഇങ്ങനെ യേശു പറഞ്ഞതിനർഥം അവിടുന്ന് പാപത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നല്ല. അവിടുന്ന് പാപത്തെ ലാഘവത്തോടെ കാണുകയുമല്ല. കാരണം, തുടർന്ന് അവിടുന്ന് പറയുന്നത് ഇപ്രകാരമാണ്: "പൊയ്ക്കൊള്ളുക. ഇനിമേൽ പാപം ചെയ്യരുത്." അതായത്, അവിടുന്ന് പാപത്തെ വിധിക്കുന്നു. അതുകൊണ്ടാണ്, "ഇനിമേൽ പാപം ചെയ്യരുത്" എന്ന് അവിടന്ന് പറഞ്ഞത്. അല്ലായിരുന്നുവെങ്കിൽ, നീ പോയി നിന്റെ ഇഷ്ടം പോലെ ജീവിക്കുക എന്നാണ് അവിടന്ന് പറയേണ്ടിയിരുന്നത്. ഇവിടെ അവിടന്ന് അവളുടെ ഭൂതകാലപാപങ്ങൾക്കു നല്കുന്ന മാപ്പ് അവൾക്ക് നിർമലമായ ഭാവി ജീവിതം നയിക്കാനുള്ള അടിത്തറയായി മാറുന്നു.


സ്നേഹംനിറഞ്ഞവരേ, നമുക്ക് വീണ്ടും ഒലിവുമലയിലേക്ക് പോകാം. ആദ്യം സൂചിപ്പിച്ചതുപോലെ ഒന്നാമതായി, യേശുനാഥൻ തിന്മയുടെ ശക്തികൾക്കെതിരെ പോരാടാൻ നമ്മെ അഭിഷേകം ചെയ്തിരിക്കുന്നു. നമ്മുടെ ഞാനസ്നാന വേളയിലും സ്ഥൈര്യലേപന അവസരത്തിലും തിരുപ്പട്ട സ്വീകരണങ്ങളിലും തൈലാഭിഷേകം നടത്താറുണ്ട്. ഓരോരോ കാലഘട്ടങ്ങളിലും വിവിധങ്ങളായ ജീവിതാവസ്ഥകളിലും തിന്മയുടെ ശക്തികൾക്കെതിരെ പോരാടുവാൻ ഈ വിശുദ്ധ തൈലാഭിഷേകത്തിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെ ഉന്നതമായ കരുണ നമ്മെ ഓർമിപ്പിക്കുന്നു. "മേലിൽ പാപം ചെയ്യരുത്" എന്ന കല്പന തിന്മയുടെ ശക്തികളോട് പോരാടാനുള്ള ആഹ്വാനമാണ് നല്കുന്നത്.


രണ്ടാമതായി, ദൈവത്തിന്റെ കരുണയാകുന്ന ഈ വിശുദ്ധ തൈലം നമ്മുടെ ആത്മാവിൽ പതിഞ്ഞ പാപമുറിവുകളെ ലേപനം ചെയ്തു സുഖമാക്കുന്നുണ്ട്. ഈ ദിവ്യലേപനം തളർന്നുപോയ ആത്മാവിന് പുതിയ ഉണർവ് നല്കുന്നു. ഓരോ കുമ്പസാര വേളകളും ഈ കരുണയുടെ തൈലാഭിഷേകത്തിന്റെ നിമിഷങ്ങളാണ്. ആത്മാവിലെ കറകളും പാപമുറിവുകളും മായ്ച്ചുകളയുന്ന കരുണയുടെ ദിവ്യലേപനമാണ് കുമ്പസാരമെന്ന കൂദാശ. ഇനിമുതൽ ഓരോ തവണ കുമ്പസാരക്കൂടിനെ സമീപിക്കുമ്പോഴും ദൈവത്തിന്റെ കരുണയുടെ വിശുദ്ധതൈലാഭിഷേകത്താൽ നിറയാനുള്ള ദാഹം നമുക്കുണ്ടാകട്ടെ.


മൂന്നാമതായി, നമുക്കും ദൈവത്തിന്റെ ഉന്നതമായ ഒലിവു മലയിൽ ആയിരിക്കാം. നിയമജ്ഞരും ഫരിസേയരും ഒതുങ്ങിക്കൂടിയ കരുണയില്ലാത്ത, സ്വാർഥത നിറഞ്ഞ, അടഞ്ഞ വീടുകൾ ഉപേക്ഷിച്ച് കരുണയുടെ വിശാലവും ഉന്നതവുമായ മലയിലേക്കു നമുക്ക് പോകാം. അവിടെ നിന്ന് ദൈവത്തിന്റെ കരുണ അനുഭവിക്കുകയും ആ കരുണ മറ്റുള്ളവരോട് പങ്കുവയ്ക്കുകയും ചെയ്യാം. മറ്റുള്ളവരെ വിധിക്കുന്നതിനു മുമ്പ് നമുക്ക് നമ്മിലേക്ക് തന്നെ തിരിയാം. ആത്മപരിശോധന ചെയ്യാം. നാം എണ്ണമില്ലാത്തത്ര തവണ ക്ഷമിക്കപ്പെട്ട പാപികളാണെന്ന് തിരിച്ചറിയാം. അങ്ങനെ മറ്റുള്ളവരെ കരുണയോടെ കാണാൻ കരുണയുടെ ഒലിവുമല നല്കുന്ന ദിവ്യാഭിഷേകം നമ്മെ സഹായിക്കട്ടെ.

113 views0 comments

Recent Posts

See All

Comments


bottom of page