ദൈവവിളിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന


ലോകരക്ഷകനായ ഈശോ,അങ്ങില്‍നിന്നു ലഭിച്ചിട്ടുള്ള സകല അനുഗ്രഹങ്ങള്‍ക്കും പ്രത്യേകിച്ച്,സത്യവിശ്വാസത്തിനും ഞങ്ങള്‍ നന്ദി പറയുന്നു.ആ വിശ്വാസത്തില്‍ ദൃഡമായി നിലനില്‍ക്കുന്നതിനും, വളര്‍ന്നുവരുന്നതിനുമുള്ള കൃപാവരം ഞങ്ങള്‍ക്കു നല്കണമേ.കര്‍ത്താവേ,ഇനിയും അസംഖ്യം ജനങ്ങള്‍ അങ്ങയെ അറിയാതെയും അറിയുന്നതിനുള്ള മാര്‍ഗ്ഗമില്ലാതെയും ജീവിക്കുന്നുണ്ടെന്ന് അങ്ങ് ഓര്‍ക്കണമേ.വിളവിലേയ്ക്ക് 
വേലക്കാരെ അയയ്ക്കുവാന്‍ വിളവിന്റെ നാഥനോട് പ്രാര്‍ത്ഥിക്കണമെന്ന് അങ്ങ് ആവശ്യപ്പെട്ടുവല്ലോ.പരിശുദ്ധ
കന്യകാമറിയത്തിന്റെയും വിശുദ്ധ യൌസേപ്പിന്റെയും ഇന്ത്യയുടെ അപ്പസ്തോലനായ വി.തോമാശ്ലീഹായുടെയും സാര്‍വ്വത്രിക മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥരായ ഉണ്ണീശോയുടെ വി.കൊച്ചുത്രേസ്യ,വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ എന്നിവരുടെയും മാദ്ധ്യസ്ഥ്യം വഴി അങ്ങയുടെ പ്രേഷിതരാകുന്നതിന് ഉത്തമരായ അനവധി യുവതിയുവാക്കളെ സന്നദ്ധരാക്കണമേ.ആല്‍മാക്കളുടെ രക്ഷയ്ക്കായി തീക്ഷണതയോടെ വേല ചെയ്യുന്നതിനുള്ള അനുഗ്രഹം അവര്‍ക്കു നല്കണമേ.ഞങ്ങളുടെ കുടുംബങ്ങളില്‍ നിന്നും ഇടവകയില്‍ നിന്നും പ്രേഷിത രംഗങ്ങളില്‍ വേല ചെയ്യുന്നതിന് തീക്ഷ്ണമതികളായ ധാരാളം പ്രേഷിതരെ വിളിക്കുകയും ചെയ്യണമേ.

 

ആമ്മേന്‍