Marian Pilgrim Centre - Vlathankara
Diocese of Neyyattinkara
“ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും"
രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
"ആരോഗ്യവാന്മാര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യം" എന്നരുളിച്ചെയ്തുകൊണ്ട് രോഗികളോടും പീഡിതരോടും അവശരോടും വേദനയനുഭവിക്കുന്നവരോടും അതിയായ സ്നേഹവും പരിഗണനയും പ്രകടിപ്പിച്ച ഈശോയേ,അങ്ങയെ ഞങ്ങള്‍ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.ആല്‍മിയവും ശാരീരികവുമായി വേദനയനുഭവിക്കുന്ന എല്ലാ രോഗികളേയും അങ്ങുന്ന് ആശ്വസിപ്പിക്കുകയും സൌഖ്യപ്പെടുത്തുകയും ചെയ്യണമേ.അന്ധര്‍ക്ക് കാഴ്ചയും ചെകിടര്‍ക്ക് കേള്‍വിയും രോഗികള്‍ക്ക് സൌഖ്യവും നല്‍കിയ കര്‍ത്താവേ,അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയും അങ്ങയില്‍ ആശ്രയമര്‍പ്പിക്കുകയും ചെയ്യുന്ന ഞങ്ങളുടെമേല്‍ അങ്ങുന്ന് കരുണയായിരിയ്ക്കണമേ.അങ്ങേ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വി.യൌസേപ്പിതാവിന്റെയും ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥരായ വിശുദ്ധരുടേയും ഭൂമിയിലെ എല്ലാ നീതിമാന്മാരുടെയും സുകൃതങ്ങളും പ്രാര്‍ത്ഥനകളും പരിഗണിച്ച് രോഗത്താല്‍ വലയുന്ന ഞങ്ങളോട് അങ്ങുന്ന് കരുണ കാണിക്കണമേ.എല്ലാ വേദനകളും ആകുലതകളും ആല്‍മാവിനും ശരീരത്തിനും ഉപകരിക്കത്തക്കവിധം ക്ഷമയോടും സന്തോഷത്തോടും
ദൈവതിരുമനസ്സിനുള്ള വിധേയത്വത്തോടുംകൂടി ശാന്തമായി സ്വീകരിക്കുവാന്‍വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു
നല്കണമേ.ഞങ്ങളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്നവരെ അങ്ങുന്ന് ധാരാളമായി അനുഗ്രഹിക്കണമേ.രോഗികളുടെ ആശ്രയമായ ഈശോയേ,അങ്ങയുടെ സൌഖ്യദായകമായ വലതുകരം നീട്ടി ഞങ്ങളെ അനുഗ്രഹിക്കുകയും പൂര്‍ണ്ണസൌഖ്യം നല്‍കി ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യണമേ നിത്യം പിതാവും പുത്രനും പരിശുദ്ധാല്‍മാവുമായ സര്‍വ്വേശ്വരാ.
ആമ്മേന്‍.