Marian Pilgrim Centre - Vlathankara
Diocese of Neyyattinkara
“ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും"
ജന്മദിന പ്രാര്‍ത്ഥന
സ്നേഹസമ്പന്നനായ ഈശോയേ,എന്‍റെ ജീവിതത്തില്‍ ഒരു വര്‍ഷം കൂടി എനിക്കങ്ങു തന്നതില്‍ ഞാനങ്ങയെ സ്തുതിക്കുന്നു.കഴിഞ്ഞ വര്‍ഷം എനിക്ക് ലഭിച്ച എല്ലാ നന്മകളെയും എനിക്കു തന്ന എല്ലാ നല്ല അനുഭവങ്ങളെയും ഓര്‍ത്തു നന്ദി പറയുന്നു.
കര്‍ത്താവേ, എനിക്കു കൈവന്ന വിജയങ്ങള്‍ സന്തോഷകരമായ ഓര്‍മ്മകളായും സംഭവിച്ച പരാജയങ്ങള്‍ എന്‍റെ തന്നെ ബലഹീനതകളുടെ ആഴങ്ങളെ മനസ്സിലാക്കി അങ്ങില്‍ കൂടുതല്‍ ആശ്രയിക്കുന്നതിനുള്ള അവസരങ്ങളായും എന്‍റെ ദു:ഖങ്ങള്‍ അങ്ങിലേയ്ക്ക് അടുപ്പിക്കുന്ന സന്ദര്‍ഭങ്ങളായും മാറ്റുവാന്‍ ഇടയാക്കണമേ. ഞാന്‍ നഷ്ടപ്പെടുത്തിയ മണിക്കൂറുകളും പാഴാക്കിക്കളഞ്ഞ അവസരങ്ങളും അങ്ങയെ വേദനിപ്പിച്ച നിമിഷങ്ങളും ഓര്‍ത്തു ദു:ഖിക്കുന്നു. എന്‍റെ ജീവിതത്തെ അങ്ങയുടെ ഇഷ്ടമനുസരിച്ച് നെയ്തെടുക്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.എങ്കിലും എന്‍റെ പോരായ്മകള്‍ പരിഹരിച്ച് ഈ പുതിയ വര്‍ഷം ഏറ്റവും നല്ല രീതിയില്‍ ജീവിക്കുന്നതിനും എന്‍റെ മാതാപിതാക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കും എനിക്കു തന്നെയും അഭിമാനിക്കാവുന്ന വിധത്തില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതിനും എന്നെ സഹായിക്കണമേ.
എനിക്കു ജന്മം നല്‍കുകയും വളര്‍ത്തുകയും ചെയ്ത മാതാപിതാക്കളെയും എനിക്കു സ്നേഹം നല്‍കി പരിപോഷിപ്പിക്കുന്ന ബന്ധുജനങ്ങളെയും ഈ ദിവസം എന്നെ ഓര്‍ക്കുകയും അനുമോദിക്കുകയും എനിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കുകയും ഉദാരമായി പ്രതിസമ്മാനിക്കുകയും ചെയ്യണമേ.
ആമ്മേന്‍