top of page

ദിവ്യപൂജയ്ക്കുള്ള ഒരുക്കം


വിശുദ്ധ തോമസ് അക്വിനാസിൻ്റെ പ്രാർഥന


സർവശക്തനും നിത്യനുമായ ദൈവമേ, അങ്ങേ ഏകജാതനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്‌തുവിൻ്റെ കൂദാശയെ ഞാൻ സമീപിക്കുന്നു. ആതുരൻ ജീവൻ്റെ വൈദ്യനെ, അശുദ്ധൻ കരുണയുടെ ഉറവയെ, അന്ധൻ നിത്യവെളിച്ചത്തിൻ്റെ പ്രകാശത്തെ എന്നപോലെ ദരിദ്രനും ആലംബഹീനനുമായ ഞാൻ സ്വർഗത്തിൻ്റെയും ഭൂമിയുടെയും നാഥനെ സമീപിക്കുന്നു. അതിനാൽ, അങ്ങേ അതിരറ്റ ഔദാര്യത്തിനായി ഞാൻ യാചിക്കുന്നു. അങ്ങനെ, എൻ്റെ രോഗം കനിവാർന്ന് അങ്ങ് സുഖപ്പെടുത്തുകയും മാലിന്യങ്ങൾ കഴുകിക്കളയുകയും അന്ധതയെ പ്രകാശിപ്പിക്കുകയും ദാരിദ്ര്യത്തെ സമ്പന്നമാക്കുകയും നഗ്നതയെ മറയ്ക്കുകയും ചെയ്യണമേ. ഇപ്രകാരം ഏറെ ആദരത്തോടും എളിമയോടും ശുദ്ധതയോടും വിശ്വാസത്തോടും അനുതാപത്തോടും ഭക്തിയോടും എൻ്റെ ആത്മാവിൻ്റെ രക്ഷയിലേക്ക് നയിക്കുന്നതിനു സഹായകമായ ദൃഢലക്ഷ്യത്തോടുംകൂടെ, മാലാഖമാരുടെ ഭോജനവും രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവുമായ അങ്ങയെ ഞാൻ സ്വീകരിക്കട്ടെ. കർത്താവിൻ്റെ ശരീരരക്തങ്ങളുടെ കൂദാശ മാത്രമല്ല, ഈ കൂദാശയുടെ യാഥാർഥ്യവും ശക്തിയും ഞാൻ സ്വീകരിക്കാൻ ഇടയാക്കണമേ. ഏറ്റവും ദയാപരനായ ദൈവമേ, പരിശുദ്ധ കന്യകമറിയത്തിൻ്റെ ഉദരത്തിൽനിന്നു ജാതനായ അങ്ങേ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്‌തുവിൻ്റെ ശരീരം ഞാൻ ഉൾക്കൊള്ളുന്നതുവഴി, അവിടത്തെ മൗതികശരീരത്തിൽ സ്വീകരിക്കപ്പെടുകയും അവിടത്തെ അംഗങ്ങളുടെ ഗണത്തിൽ എണ്ണപ്പെടുകയും ചെയ്യുമാറാകട്ടെ. പരമ സ്നേഹനിധിയായ പിതാവേ, എൻ്റെ ഈ ലോകതീർഥയാത്രയിൽ കൂദാശയുടെ മറവിൽ അങ്ങേ പ്രിയസുതനെ സ്വീകരിക്കുന്നതുവഴി, അടത്തെ അഭിമുഖമായി നിത്യമായി കണ്ടാനന്ദിക്കുന്നതിന് ഒരുദിവസം എനിക്ക് ഇടവരുത്തണമേ. എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന അവിടന്ന് ഈ പ്രാർഥന കേട്ടരുളണമേ, ആമേൻ.


പരിശുദ്ധ കന്യകമറിയത്തോടുള്ള പ്രാർഥന


കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും മാതാവേ, ഏറ്റവും അനുഗൃഹീതയായ കന്യകമറിയമേ, ദരിദ്രനും അയോഗ്യപാപിയുമായ ഞാൻ പൂർണഹൃദയത്തോടും പ്രത്യാശയോടുംകൂടെ അങ്ങയെ അഭയം പ്രാപിക്കുകയും മാതൃസഹജമായ സ്നേഹം തേടുകയും ചെയ്യുന്നു. അങ്ങേ പ്രിയസുതൻ കുരിശിൽ തൂങ്ങി ജീവൻ വെടിയവേ, അങ്ങ് അവിടത്തെ സമീപം നിന്നുവല്ലോ. അപ്രകാരം, ഈ നീചപാപിയായ എൻ്റെയും ഇവിടെയും തിരുസഭ മുഴുവനിലും ഈ ദിവസം ദിവ്യബലി അർപ്പിക്കുന്ന എല്ലാ വൈദികരുടെയും സമീപം പ്രീതിപൂർവം അങ്ങു നിലകൊള്ളാൻ കനിവുണ്ടാകണമേ. അങ്ങനെ, അങ്ങേ കൃപാസഹായത്താൽ, ഞങ്ങളുടെ അത്യു ന്നതനും ഏകനുമായ ഏറ്റവും പരിശുദ്ധ ത്രിത്വത്തിൻ്റെ ദൃഷ്ടിയിൽ യോഗ്യവും സ്വീകാര്യവുമായ ബലിയർപ്പിക്കുന്നതിന് ഞങ്ങൾ പ്രാപ്തരാ കുമാറാകട്ടെ, ആമേൻ.


നിയോഗത്തിൻ്റെ പ്രാർഥനാരൂപം


റോമൻ കത്തോലിക്കാതിരുസഭയുടെ ആരാധനക്രമപ്രകാരം, സർവശക്തനായ ദൈവത്തിൻ്റെയും വിജയസഭ മുഴുവൻ്റെയും സ്തുതിക്കും എൻ്റെയും മുഴുവൻ സഹനസഭയുടെയും എൻ്റെ പ്രാർഥന പൊതുവായും പ്രത്യേകമായും യാചിച്ചിട്ടുള്ള എല്ലാവരുടെയും റോമൻ തിരുസഭയുടെയും നന്മയ്ക്കുംവേണ്ടി, ദിവ്യപൂജ അർപ്പിക്കുകയും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൻ്റെ ശരീരരക്തങ്ങൾ പരികർമംചെയ്യുകയും ചെയ്യുക എന്നതാണ് എൻ്റെ ലക്ഷ്യം, ആമേൻ.


സർവശക്തനും കാരുണ്യവാനുമായ കർത്താവ് നമുക്ക് സമാധാന ത്തോടെയുളള ആനന്ദവും ജീവിതനവീകരണത്തിനും യഥാർഥ അനുതാപത്തിനുമുള്ള അവസരവും പരിശുദ്ധാത്മാവിൻ്റെ കൃപയും ആശ്വസവും സത്പ്രവൃത്തികളിൽ സ്ഥിരതയും പ്രദാനംചെയ്യുമാറാകട്ടെ, ആമേൻ.






bottom of page