Marian Pilgrim Centre - Vlathankara
Diocese of Neyyattinkara
“ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും"
ദിവ്യപൂജയ്ക്കുശേഷമുള്ള ഉപകാരസ്മരണ
വിശുദ്ധ തോമസ് അക്വിനാസിൻ്റെ പ്രാർഥന
കർത്താവേ, പരിശുദ്ധനായ പിതാവേ, സർവശക്തനും നിത്യനു മായ ദൈവമേ, ഞാൻ പാപിയും അയോഗ്യനുമായ ദാസനായിരുന്നിട്ടും എൻ്റെ യോഗ്യതകൊണ്ടല്ല, പിന്നെയോ അങ്ങേ ദയാവായ്പ്പൊന്നു കൊണ്ടുമാത്രം, അങ്ങേ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശു ക്രിസ്തുവിന്റെ അമൂല്യമായ ശരീരരക്തങ്ങൾകൊണ്ട് അങ്ങ് എന്നെ പരിപോഷിപ്പിച്ചതിനെയോർത്ത് ഞാൻ അങ്ങേക്ക് കൃതജ്ഞതയർപ്പിക്കുന്നു. ഈ ദിവ്യകാരുണ്യസ്വീകരണം എൻ്റെ അപരാധങ്ങൾക്കുളള ശിക്ഷയായിത്തീരാതെ, പാപപ്പൊറുതിയും നിത്യരക്ഷയും എനിക്കു പ്രാപിച്ചുതരാൻ ഇടയാക്കണമെന്ന് ഞാൻ പ്രാർഥിക്കുന്നു. ഈ ദിവ്യകാരുണ്യസ്വീകരണം വിശ്വാസത്തിൻ്റെ രക്ഷാകവചവും സന്മനസ്സിൻ്റെ പരിചയുമായിത്തീരട്ടെ. അത് എൻ്റെ പാപങ്ങൾ മായിച്ചുകളയുകയും തിന്മനിറഞ്ഞ എൻ്റെ ആസക്തികൾക്ക് അറുതിവരുത്തുകയും ചെയ്യുമാറാകട്ടെ. അത് ദൈവസ്നേഹവും ക്ഷമയും വിനയവും വിധേയത്വവും എല്ലാ പുണ്യങ്ങളും വർധമാനമാക്കുകയും ദൃശ്യവും അദൃശ്യവുമായ എൻ്റെ എല്ലാവിധ ശത്രുക്കൾക്കുമെതിരേ നില്ക്കുന്ന ഉറപ്പേറിയ പ്രതിരോധമായി വർത്തിക്കുകയും ശാരീരികവും ആധ്യാത്മികവുമായ തിന്മനിറഞ്ഞ എല്ലാവിധ വിചാര വികാരങ്ങളെയും പരിപൂർണമായി ശാന്തമാക്കുകയും ചെയ്യുമാറാകട്ടെ. ഈ സ്വീകരണം ഏകസത്യദൈവമായ അങ്ങയോട് എന്നെ കൂടുതൽ ദൃഢമായി ഐക്യപ്പെടുത്തുകയും എൻ്റെ ജീവിതാന്ത്യം സന്തോഷപൂർണമാക്കുകയും ചെയ്യട്ടെ. അങ്ങേ പുത്രനോടും പരിശുദ്ധാത്മാവോടുംകൂടെ, അങ്ങേ വിശുദ്ധരുടെ സത്യവും പരിപൂർണവുമായ പ്രകാശവും മുഴുവൻ പൂർത്തീകരണവും നിത്യാനന്ദവും പരമമായ സന്തോഷവും പരിപൂർണാനന്ദവുമായിരിക്കുന്ന അങ്ങ്, അവർണനീയമായ ഈ വിരുന്നിലേക്ക് ഈ പാപിയെക്കൂടി ആനയിക്കാൻ കനിവുണ്ടാകണമെന്ന് ഞാൻ അങ്ങയോടു പ്രാർഥിക്കുന്നു. ഞങ്ങളുടെ കർത്താവായ ക്രിസ്‌തുവഴി ഈ പ്രാർഥന കേട്ടരുളണമേ, ആമേൻ.
പരമപരിശുദ്ധ രക്ഷകനോടുള്ള പ്രാർഥന
ക്രിസ്തുവിൻ്റെ ആത്മാവേ, എന്നെ ശുദ്ധീകരിക്കണമേ.
ക്രിസ്തുവിൻ്റെ ശരീരമേ, എന്നെ രക്ഷിക്കണമേ.
ക്രിസ്തുവിൻ്റെ രക്തമേ, എന്നെ ധൈര്യപ്പെടുത്തണമേ.
ക്രിസ്തുവിൻ്റെ പാർശ്വജലമേ, എന്നെ കഴുകണമേ.
ക്രിസ്‌തുവിൻ്റെ പീഡാനുഭവമേ, എന്നെ ശക്തിപ്പെടുത്തണമേ.
ഓ നല്ല യേശുവേ, എന്നെ ശ്രവിക്കണമേ.
അങ്ങേ മുറിവുകൾക്കുള്ളിൽ എന്നെ ഒളിപ്പിക്കണമേ.
അങ്ങിൽനിന്ന് പിരിയാൻ എന്നെ അനുവദിക്കരുതേ.
ദുഷ്ടശത്രുവിൽനിന്ന് എന്നെ കാത്തുകൊള്ളണമേ.
അങ്ങേ വിശുദ്ധരോടൊപ്പം എന്നെന്നും ഞാൻ അങ്ങയെ സ്തുതിക്കാൻ, എൻ്റെ മരണസമയത്ത് എന്നെ അങ്ങേപ്പക്കലേക്ക് വിളിക്കാൻ കല്പിക്കണമേ, ആമേൻ.