Marian Pilgrim Centre - Vlathankara
Diocese of Neyyattinkara
“ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും"
കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന
പരിശുദ്ധ കന്യാമാതാവേ, നിർമ്മല സ്നേഹത്തിൻ്റെ അമ്മേ, അങ്ങേ സഹായം ആവശ്യമുള്ള മക്കളുടെ അടുത്തെത്തുവാൻ സന്നദ്ധതയുള്ള മാതാവേ, അങ്ങയുടെ പ്രിയമക്കളെ സഹായിക്കാൻ ഒരിക്കലും മടിക്കാത്തവളാണല്ലോ അങ്ങ്. കാരണം, അങ്ങയുടെ സ്നേഹ ഹൃദയത്തിൽ നിറഞ്ഞു നില്ക്കുന്ന ദൈവസ്നേഹവും അളവില്ലാത്ത കാരുണ്യവും ആണ്, അവരെ മുമ്പോട്ടു നയിക്കുന്നത്. അങ്ങയുടെ ദയാവായ്‌പ് നിറഞ്ഞ കണ്ണുകളെ എൻ്റെ നേർക്ക് തിരിക്കേണമേ; എന്റെ ജീവിത ത്തിൽ നിലനിൽക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന കെട്ടുകളെ അങ്ങു കാണണമേ.
ഞാൻ എത്രമാത്രം ദുർബലനും വേദന നിറഞ്ഞവനും, ഈ കെട്ടുകളാൽ ബന്ധിതനുമാണെന്നു അങ്ങറിയുന്നുവല്ലോ. ഓ മറിയമേ എൻ്റെ അമ്മേ! ദൈവം തൻ്റെ മക്കളുടെ ജീവിതത്തിലെ കെട്ടുകളെ അഴിക്കുന്നതിനുള്ള ദൗത്യം, അങ്ങയെ ഭരമേല്പിച്ചിരിക്കയാണല്ലോ. എൻ്റെ ജീവിതത്തിലെ കുരുക്കു വീണ നാടയെ ഞാൻ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു. ആർക്കും, ദുഷ്‌ടനുപോലും, അങ്ങയുടെ ശക്തമായ സംരക്ഷണത്തിൽ നിന്നും അതെടുത്തുമാറ്റാൻ സാധിക്കുകയില്ല. അഴിക്കപ്പെടാൻ പറ്റാത്ത ഒരു കുരുക്കും അങ്ങയുടെ കൈകളിൽ ഇല്ല എന്നു ഞാൻ അറിയുന്നു.
അങ്ങേ പുത്രനും എൻ്റെ രക്ഷകനുമായ ഈശോയുടെ അടുത്ത് അങ്ങേയ്ക്കുള്ള ശക്തമായ മാധ്യസ്ഥ്യശക്തിയാൽ, ഇന്ന് എന്റെ ജീവിതത്തിലെ ഈ കെട്ടിനെ അങ്ങ് കരങ്ങളിലെടുക്കേണമേ. ദൈവ മഹത്വത്തിനായി അതഴിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. അങ്ങാണ് എൻ്റെ ശരണം. ഓ എൻ്റെ നാഥേ! ക്രിസ്‌തുവിനോടൊപ്പം ദൈവം എനിയ്ക്ക് നൽകുന്ന ഏക ആശ്വാസവും, ദുർബലനായ എനിയ്ക്കുള്ള ശക്തിയുടെ കോട്ടയും, ദാരിദ്ര്യത്തിൽ എൻ്റെ സമ്പത്തും ബന്ധന ചങ്ങലകളിൽ നിന്നുള്ള വിടുതലും അങ്ങാണല്ലോ. എൻ്റെ യാചനയുടെ സ്വരം കേൾക്കേണമേ.
ഓ ഏറ്റവും സുരക്ഷിതമായ അഭയമേ ! എന്നെ ഓർക്കേണമേ, എന്നെ നയിക്കേണമേ! എന്നെ സംരക്ഷിക്കേണമേ! ആമേൻ,
കുരുക്കഴിക്കുന്ന മാതാവേ,
എനിയ്ക്കുവേണ്ടി പ്രാർത്ഥിക്കണമേ (3)
