top of page

മെത്രാൻ വിവാഹം കഴിക്കണോ?

Jayan

24 Jan 2022

ചോദ്യം: മെത്രാന്‍ എകഭാര്യയുടെ ഭര്‍ത്താവ് ആയിരിക്കണം. സ്വന്തം കുടുംബം ഭരിക്കാൻ അറിയാത്തവർ സഭയെ എങ്ങിനെ ഭരിക്കും എന്നും വചനം ഇല്ലേ. വിശദീകരിക്കാമോ?

"മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും എകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസല്‍ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം. … അവന്‍ തൻ്റെ കുടുബത്തെ ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരണത്തിലും വിനയത്തിലും വളര്‍ത്തുന്നവനുമായിരിക്കണം. സ്വന്തം കുടുബത്തെ ഭരിക്കാന്‍ അിറഞ്ഞുകൂടാത്തവന്‍ ദൈവത്തൻ്റെ സഭയെ എങ്ങനെ ഭരിക്കും?" (1 തിമോ 3:2,4-5)

ഈ വചന ഭാഗമായിരിക്കാം അങ്ങ് ഉദ്ദേശിച്ചതെന്ന് തോന്നുന്നു. പലപ്പോഴും ഈ വചനം ചൂണ്ടിക്കാണിച്ച്കൊണ്ട് വൈദികരുടെയും മെത്രാന്മാരുടെയും ബ്രഹ്മചര്യം വചനത്തിന് വിരുദ്ധമാണെന്ന് വാദിക്കുകയാണ് പതിവ്. ഈ വചനത്തിൻ്റെ അർത്ഥം "ഒരു കുടുംബത്തെ നന്നായി പരിപാലിച്ച ഒരു മനുഷ്യൻ മാത്രമേ ദൈവത്തിൻ്റെ സഭയെ പരിപാലിക്കാൻ യോഗ്യനാകൂ എന്നാണ് എങ്കിൽ, അത് നമ്മെ നയിക്കുന്നത് വ്യക്തമായ പല അസംബന്ധങ്ങളിലേക്ക് ആയിരിക്കും.

1. "ഏക ഭാര്യയുടെ ഭർത്താവായിരിക്കണം" എന്നതിൻ്റെ അർത്ഥം മെത്രാൻ വിവാഹിതനായിരിക്കണം എന്നാണെങ്കിൽ, അതേ യുക്തിയനുസരിച്ച് നോക്കിൽ "സന്താനങ്ങളെ അനുസരണത്തിലും വിനയത്തിലും വളര്‍ത്തുന്നവനുമായിരിക്കണം" എന്നതിന് മെത്രാന് തീർച്ചയായും മക്കളുണ്ടായിരിക്കണം എന്നർത്ഥമാണ് ലഭിക്കുന്നത് . മക്കൾ ഇല്ലെങ്കിലോ അഥവാ ഒരു കുഞ്ഞാണെങ്കിലോ (കാരണം വി. പൗലോസ് ബഹുവചനമാണ് ഇവിടെഉപയോഗിച്ചിരിക്കുന്നത്) അദ്ദേഹം മെത്രാനാകാൻ യോഗ്യനല്ലാതെ ആകുന്നു. മാത്രമല്ല ഈ യുക്തിയനുസരിച്ച് ഭാര്യയോ മക്കളോ മരിച്ച ഒരു നിയുക്ത മെത്രാൻ ശുശ്രൂഷയ്ക്ക് അയോഗ്യനുമാകും! അതുകൊണ്ട് പദാനുപദ വാദം തീർത്തും ബാലിശമാണ്.

2. സഭയെ നയിക്കുന്നവർ വിവാഹിതരായിരിക്കണം എന്ന വാദം, വിവിധ സഭകളെ നയിച്ച്കൊണ്ടിരുന്ന പൗലോസ് അപ്പസ്തോലൻ തന്നെ അവിവാഹിതനായിരുന്നു എന്ന വസ്തുതയ്ക്ക് വിരുദ്ധമാണ്. അതിനാൽ വി. പൗലോസ് ഒരു കപട വിശ്വാസിയായിരുന്നുവെങ്കിൽ മാത്രമേ മെത്രാന്മാരുടെ മേൽ താൻ പാലിക്കാത്ത ഒരു നിബന്ധന ചുമത്താൻ അദ്ദേഹത്തിന് കഴിയുമായിരുന്നുള്ളു.

3. കൊറിന്തോസ് കാർക്കുള്ള ഒന്നാം ലേഖനം 7 ൽ ബ്രഹ്മചര്യത്തോടുള്ള പൗലോസിൻ്റെ പോസിറ്റീവ് മനോഭാവത്തെ സംബന്ധിച്ചുള്ള പ്രത്യാഘാതങ്ങളും പരിഗണിക്കുക: മെത്രാൻ ഏക ഭാര്യയുടെ ഭർത്താവായിരിക്കണം എന്നാണെങ്കിൽ വിവാഹിതർക്ക് ലൗകിക ഉത്കണ്ഠകളും ഭിന്ന താൽപ്പര്യങ്ങളും ഉണ്ട്, എന്നിട്ടും അവർ മാത്രമേ മെത്രാന്മാർ ആകാൻ യോഗ്യരായിട്ടുള്ളൂ; അവിവാഹിതർക്ക് കർത്താവിനോട് ഏകമനസ്സും ഭക്തിയുമുണ്ട്, എന്നിട്ടും ശുശ്രൂഷയിൽ നിന്ന് വിലക്കപ്പെട്ടിരിക്കുന്നു! എന്ന വിചിത്രമായ നിഗമനത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്.

അതിനാൽ "മെത്രാൻ ഏക ഭാര്യയുടെ ഭർത്താവ് ആയിരിക്കണം" എന്നത് അയാൾക്ക് ഒരു ഭാര്യ ഉണ്ടായിരിക്കണമെന്നല്ല (Requirement), മറിച്ച് അയാൾക്ക് ഒരു ഭാര്യ മാത്രമേ ഉണ്ടായിരിക്കാവൂ (Restriction) എന്നതാണ്. അതായത് ഒരു പരിമിതി കല്പിക്കുന്ന വചനമാണിത്. വിവാഹം കഴിച്ചിരിക്കണം എന്ന കല്പനയല്ല നൽകുന്നത്.

ചുരുക്കത്തിൽ കർത്താവിന്റെ കാര്യങ്ങളിൽ തത്പരനാകുന്നവൻ " (1 കൊറി 7:32), ദൈവ രാജ്യത്തെപ്രതി വിവാഹം ത്യജിച്ചവൻ (മത്താ 19:12), ക്രിസ്തുവിനെ അനുഗമിക്കാൻ "എല്ലാം ഉപേക്ഷിച്ച്" പോയവരുടെ കാൽച്ചുവടുകൾ പിന്തുടരാൻ അനുയോജ്യനായവൻ ( cfr മത്താ 19:27) അവനായിരിക്കണം സഭയെ നയിക്കുന്നവർ എന്നതാണ് ഈ വചനനത്തിന്റെ അർത്ഥം. അതാണ് സത്യവും.

bottom of page