
"അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക" (യോഹ 20:27). യേശു ഏകരക്ഷകൻ: ഏപ്രിൽ 03 ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ശരീരത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? ലോകത്തിലെ പല മതങ്ങൾക്കും, ശാസ്ത്രലോകത്തിനും ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങൾക്ക് ഈ ശരീരം മറുപടി നൽകുന്നു. ഉത്ഥിതനായ യേശു സ്പര്‍ശം, ഭക്ഷണത്തില്‍ പങ്കുചേരല്‍ എന്നിവ വഴി തന്‍റെ ശിഷ്യന്മാരുമായി നേരിട്ടു സമ്പര്‍ക്കം സ്ഥാപിക്കുന്നു. അങ്ങനെ താന്‍ ഒരു ഭൂതമല്ലെന്നു മനസ്സിലാക്കാന്‍ അവിടുന്ന് അവരെ ക്ഷണിക്കുന്നു. സര്‍വോപരി, താന്‍ അവര്‍ക്കു പ്രത്യക്ഷപ്പെടുമ്പോള്‍ കാണപ്പെടുന്ന, പീഡാസഹനത്തിന്‍റെ അടയാളങ്ങള്‍ ഇപ്പോഴും സംവഹിക്കുന്ന ആ ശരീരം പീഡിതവും ക്രൂശിതവുമായ അതേ ശരീരം തന്നെയാണെന്നു പരിശോധിച്ച് ഉറപ്പുവരുത്താനും അവിടുന്ന് അവരെ ക്ഷണിക്കുകയാണ്. "അതേസമയം സത്യവും യഥാര്‍ത്ഥവുമായ ഈ ശരീരം, മഹത്വപൂര്‍ണ്ണമായ ശരീരത്തിന്‍റെ പുതിയ ഗുണങ്ങളും കൂടിയുള്ളതാണ്. അതു സ്ഥലകാലങ്ങളുടെ പരിമിതിയില്ലാത്തതാണ്. എങ്ങനെ എപ്പോള്‍ കാണപ്പെടണമെന്നു അവിടുന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെ അപ്പോള്‍ പ്രത്യക്ഷപ്പെടാന്‍ കഴിവുള്ളതുമാണ്. കാരണം, അവിടുത്തെ മനുഷ്യത്വം ഇനിമേല്‍ ഭൂമിയില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. ഇനി അതു പിതാവിന്‍റെ ദൈവികമായ മണ്ഡലത്തിന്‍റേതു മാത്രമാണ്. അതുകൊണ്ട് കൂടിയാണ് ഉത്ഥിതനായ യേശു ഇഷ്ടം പോലെ പ്രത്യക്ഷപ്പെടാനുള്ള പരമമായ സ്വാതന്ത്ര്യം അനുഭവിക്കുന്നത്. ഒരു തോട്ടക്കാരനായിട്ടോ ശിഷ്യന്മാര്‍ക്കു പരിചയമുള്ള മറ്റേതെങ്കിലും രൂപത്തിലോ പ്രത്യക്ഷപ്പെടാന്‍ അവിടുത്തേക്കു കഴിയുന്നു." (CCC 645) ദൈവമായിരുന്നിട്ടും, കുരിശുമരണം വരെ ക്രിസ്തുവിന്റെ ശരീരം ഒരു സാധാരണ മനുഷ്യന്റെ ശരീരം പോലെ കാണപ്പെട്ടു. എന്നാൽ ഉത്ഥിതനായ യേശു, അവിടുന്ന് ആഗ്രഹിക്കുന്ന സമയത്ത്, ആവശ്യമുള്ള സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. വിചിന്തനം ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രത്യേകതകൾ ഓരോ മനുഷ്യന്റെയും മരണാനന്തര ജീവിതത്തിലേക്കും, ഉയിർപ്പിക്കപ്പെടുന്ന മനുഷ്യശരീരത്തിന്റെ അവസ്ഥയിലേക്കും വെളിച്ചം വീശുന്നു. ക്രിസ്തുവിന്റെ ഉത്ഥാനം സകല മനുഷ്യർക്കും വേണ്ടിയുള്ളതാണ്. അതിനാൽ ഒരു മനുഷ്യൻ ഏതു മതത്തിൽ വിശ്വസക്കുന്നവനാകട്ടെ, മരണശേഷം അയാൾക്ക് എന്തു സംഭവിക്കും എന്ന ചോദ്യത്തിന് ഏകരക്ഷകനായ ക്രിസ്തുവുമായി ബന്ധപ്പെടുത്തി മാത്രമേ ഉത്തരം കണ്ടെത്താൻ സാധിക്കൂ.