top of page
Writer's pictureEditor

തിരുപ്പട്ടം ഇല്ലായിരുന്നെങ്കിൽ…


ഇന്ന് ചാനലുകളിലും പത്രവാർത്തകളിലും സാമൂഹ്യമാധ്യമങ്ങളിലും വൈദികരെ മോശമായി ചിത്രീകരിക്കുകയും എതിർക്കുകയും താറടിച്ചു കാണിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നാം തിരിച്ചറിയേണ്ട ചില സത്യങ്ങൾ തിരുപ്പട്ടം എന്ന ദാനത്തിലുണ്ട്.

നൊമ്പരങ്ങൾ ഉള്ളിലൊതുക്കി ഒത്തിരി വേദനയോടെ പരിശുദ്ധ സക്രാരിക്ക് മുന്നിലിരുന്ന് കണ്ണീരൊഴുക്കുന്ന, ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന അനേകം പുരോഹിതർ നമ്മുടെയിടയിലുണ്ട്. പത്രങ്ങൾ, ദൃശ്യമാധ്യമങ്ങൾ, സോഷ്യൽ മീഡിയ എന്നിവയിൽനിന്ന് മനഃപൂർവം ഒരകലംവച്ച് വേദനിക്കുന്ന വൈദികരെ ഹൃദയത്തോട് ചേർത്തുവച്ച് പ്രാർത്ഥനാമുറികളിൽ തേങ്ങലടിച്ച് കരയുന്ന വൈദികരുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ നമുക്ക് ചുറ്റുമുണ്ട്. മറുവശത്ത് കുമ്പസാരിക്കുവാനും കുടുംബപ്രശ്‌നങ്ങൾ പങ്കിടുവാനും ഇനി വൈദികരെ എങ്ങനെ സമീപിക്കുമെന്ന സംശയത്തോടെ ജീവിക്കുന്നവർ. പാപം ചെയ്യുന്ന വൈദികരുടെ കുർബാനകളിൽ എന്ത് അർത്ഥമാണുള്ളത് എന്ന് ചോദിക്കുന്ന യുവതലമുറ. പുരോഹിതഗണത്തിന്റെ വീഴ്ചകൾ സഭയുടെതന്നെ വീഴ്ചയ്ക്ക് കാരണമാകുന്നുവെന്ന് വിലയിരുത്തുന്ന മുതിർന്നവർ.

പൗരോഹിത്യത്തിന്റെ ആഴവും അർത്ഥവും തിരിച്ചറിയേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. കുറച്ച് വൈദികരുടെ കുറവുകൾ നിമിത്തം ചാനലുകളിലും പത്രങ്ങളിലും വരുന്ന മോശപ്പെട്ട വാർത്തകൾമൂലം നിന്നുപോകുന്ന ഒരു ഉദ്യോഗം അല്ല പൗരോഹിത്യം. ഇന്ന് ലക്ഷക്കണക്കിന് വൈദികർ ഈ വെല്ലുവിളികൾക്ക് നടുവിൽ നിസ്വാർത്ഥമായ സേവനം അർപ്പിക്കുന്നുവെങ്കിൽ അതിനർത്ഥം ലോകത്തിന് തളർത്താൻ സാധിക്കാത്ത, തകർക്കാൻ കഴിയാത്ത ഒരു അടിത്തറ ഈ കൂദാശയ്ക്ക് ഉണ്ടെന്നുള്ളതാണ്. ആ സുന്ദരമായ അടിത്തറയുടെ കാഴ്ചകളിലേക്ക് നമുക്കൊരു തീർത്ഥാടനം നടത്താം. വിശുദ്ധനായ ആർസിലെ വികാരി ജോൺ മരിയ വിയാനി പൗരോഹിത്യത്തിന്റെ മാധുര്യം ആവോളം ആസ്വദിച്ച വ്യക്തിത്വമാണ്. അദ്ദേഹം പറയുന്നു: ”ലോകത്തിൽ വൈദികനാരെന്ന് യഥാർത്ഥത്തിൽ മനസിലാക്കിയാൽ നാം മരിക്കും, ഭയം കൊണ്ടല്ല സ്‌നേഹംകൊണ്ട്… യേശുവിന്റെ ഹൃദയത്തിലെ സ്‌നേഹമാണ് പൗരോഹിത്യം.” മൂന്ന് വിശേഷണങ്ങൾ നൽകിയാണ് വൈദികനെക്കുറിച്ച് മറ്റൊരു വിശുദ്ധൻ വിശേഷിപ്പിച്ചത്. അധരം സ്വർണമെന്ന് സഭ വിളിക്കുന്ന അന്ത്യേക്യയിലെ വിശുദ്ധ ജോൺ ക്രിസോസ്റ്റം പറയുന്നു: ”പുരോഹിതൻ സ്വർഗീയ നിധികളുടെ താക്കോൽ കൈവശം വയ്ക്കുന്നവനാണ്, പിതാവായ ദൈവത്തിന്റെ കാര്യസ്ഥനാണ് അദ്ദേഹം. അതിലുപരി തമ്പുരാന്റെ വസ്തുക്കളുടെമേൽ അധികാരമുള്ള കാര്യനിർവാഹകൻ.” വിശുദ്ധരുടെ ഈ ബോധ്യങ്ങൾ തന്നെ ധാരാളം പൗരോഹിത്യത്തിന്റെ യശസ് എത്രമാത്രം ഉയർന്നതാണെന്നറിയുവാൻ.

ക്രിസ്തുനാഥനാണ് പൗരോഹിത്യത്തിന്റെ ഉറവിടവും അടിത്തറയും. ക്രിസ്തു അപ്പസ്‌തോലന്മാരെ ഏല്പിച്ച ദൗത്യത്തിന്റെ സാർവത്രികതയിൽ തിരുപ്പട്ട കൂദാശവഴി പുരോഹിതർ പങ്കുചേരുന്നു. ദൈവികകാര്യങ്ങളിൽ മനുഷ്യർക്കുവേണ്ടി പാപങ്ങളെപ്രതി കാഴ്ചകളും ബലികളും അർപ്പിക്കുവാൻ നിയുക്തരായ വൈദികർ യഥാർത്ഥത്തിൽ നൽകുന്നത് ക്രിസ്തുവിനെത്തന്നെയാണ്. അതുകൊണ്ടാണ് വൈദികന്റെ കരങ്ങൾ പരിശുദ്ധ അമ്മയുടെ ഗർഭപാത്രത്തിന് സമാനമെന്ന് വിശുദ്ധ അഗസ്റ്റിൻ പറയുന്നത്. മനുഷ്യനായി മന്നിലവതരിക്കുവാൻ ദൈവം പരിശുദ്ധ കന്യകാമറിയത്തെ ഉപകരണമാക്കിയെങ്കിൽ ഇന്ന് കർത്താവ് തന്റെ തിരുശരീരവും തിരുരക്തവും നമ്മിലേക്കെത്തിക്കുന്നത് പുരോഹിതന്റെ കരങ്ങളിലൂടെയാണ്. ആ കരങ്ങൾ പരിശുദ്ധമായ തൈലംകൊണ്ട് അഭിഷേകം ചെയ്യപ്പെട്ടതും മായാത്ത മുദ്രയാൽ പവിത്രമാക്കപ്പെട്ടതുമാണ്.

സഭയുടെ ശിരസായ ക്രിസ്തുവിന്റെ പ്രതിനിധിയായി അവിടുത്തെ പുരോഹിത, പ്രവാചക, രാജകീയ ധർമങ്ങൾ നിർവഹിക്കുവാൻ തിരുപ്പട്ടം ഒരുവനെ പ്രാപ്തനാക്കുമ്പോൾ, ക്രിസ്തുവിന്റെ ധർമത്തിലുള്ള ഈ ഭാഗഭാഗിത്വം മായാത്ത ആത്മീയ മുദ്രയായി ഒരിക്കൽ എന്നേക്കുമായി നൽകപ്പെടുകയാണ്. വൈദികന്റെ വ്യക്തിജീവിതത്തിലെ കുറവുകൾ പരികർമം ചെയ്യപ്പെടുന്ന കൂദാശകളിലൂടെ വിശ്വാസസമൂഹത്തിന് ലഭ്യമാകുന്ന അനുഗ്രഹങ്ങൾക്കോ കൃപകൾക്കോ ഒരിക്കലും തടസമാകില്ല. പുരോഹിതൻ എന്നും പുരോഹിതനാണ്. ഒരു മാലാഖയെയും വൈദികനെയും കണ്ടുമുട്ടുമ്പോൾ ഞാൻ ആദ്യം മുട്ടുകുത്തുന്നത് വൈദികന്റെ മുമ്പിലായിരിക്കുമെന്നാണ് വിശുദ്ധ ഫ്രാൻസിസ് അസീസി പറഞ്ഞത്. കാരണം തന്റെ ശരീരത്തിന്റെ ശിരസും തന്റെ അജഗണത്തിന്റെ ഇടയനും വീണ്ടെടുപ്പ് ബലിയുടെ മഹാപുരോഹിതനും സത്യത്തിന്റെ പ്രബോധകനും എന്ന നിലയിൽ ക്രിസ്തുതന്നെയാണ് തിരുപ്പട്ടം സ്വീകരിച്ച ശുശ്രൂഷകന്റെ സഭാശുശ്രൂഷയിലൂടെ തന്റെ സഭയിൽ സന്നിഹിതനാകുന്നത്. ക്രിസ്തുവിന്റെ വ്യക്തിത്വത്തോടും അവിടുത്തെ ശക്തിയോടുംകൂടി പ്രവർത്തിക്കാനുള്ള അധികാരം വൈദികന് കരഗതമായിരിക്കുന്നു. തിരുപ്പട്ട കൂദാശയുടെ ശക്തിയാൽ പുരോഹിതൻ ശിരസായ ക്രിസ്തുവന്റെ വ്യക്തിത്വത്തിൽ പ്രവർത്തിക്കുന്നു. ക്രിസ്തുവാണ് പൗരോഹിത്യത്തിന്റെ അടിത്തറ. അത് ഒരിക്കലും ഇളകുകയില്ല, തകർക്കപ്പെടുകയുമില്ല.

യുവവൈദികനായിരുന്നപ്പോൾ വിശുദ്ധ ഗ്രിഗറി നസിയാൻസൻ പുരോഹിതനെക്കുറിച്ച് ഇപ്രകാരം ഉദ്‌ഘോഷിച്ചു: ”മാലാഖമാരൊത്തുനിൽക്കുന്ന സത്യത്തിന്റെ സംരക്ഷകൻ, ഉന്നതത്തിലെ അൾത്താരയിലേക്ക് ബലികൾ ഉയർത്തുന്ന, അതിലുപരി ദൈവികത നൽകപ്പെട്ടവനും ദൈവികത നൽകുന്നവനുമാണ് ഓരോ വൈദികനും.” തമ്പുരാന്റെ വിളിയോട് പ്രത്യുത്തരിച്ചവന് കനിഞ്ഞു നൽകിയ ദാനമാണ് പൗരോഹിത്യം. കുറവുകളും പരിമിതികളും ഉള്ളവനെത്തന്നെയാണ് കർത്താവ് വിളിച്ചത്. പക്ഷേ ആ കുറവുകൾ തടസങ്ങളാക്കാൻ ദൈവം അനുവദിക്കുന്നില്ല. മായാത്ത ആത്മീയ മുദ്രയുടെ ആത്മാവിന്റെ അഭിഷേകമാണ് ഓരോ വൈദികനിലുമുള്ളത്. നമ്മുടെ വിശ്വാസം ശക്തിപ്പെടുക ആ അടിത്തറയിന്മേലാണ്. വൈദികരെ ഓർക്കാം അവർക്കുവേണ്ടി പ്രാർത്ഥനകളർപ്പിച്ച് നമുക്കവരെ ശക്തിപ്പെടുത്താം. അവരുടെ കരങ്ങൾവഴി സ്വർഗം നൽകപ്പെടട്ടെ, അവരുടെ അധരങ്ങൾവഴി വചനത്തിന്റെ നാളം കത്തട്ടെ, അവരുടെ സാന്നിധ്യങ്ങൾ സൗഖ്യങ്ങളായി ഭവിക്കട്ടെ. നീറുന്ന അവരുടെ ഹൃദയങ്ങളും നനയുന്ന അവരുടെ കണ്ണുകളും നാം കാണാതെ പോകരുത്. ഇന്ന് ലോകം ആവശ്യപ്പെടുന്നു – വൈദികർക്ക് തണലായി നമ്മുടെ പ്രാർത്ഥനകളും ആശംസകളും സാന്നിധ്യവും അകമഴിഞ്ഞ് കൊടുക്കണമെന്ന്. ഈ വാക്കുകൾ ഹൃദയത്തിൽ സൂക്ഷിക്കാം, ആർസിലെ വികാരിയുടെ വികാരപരമായ വാക്കുകൾ!

”തിരുപ്പട്ടം എന്ന കൂദാശ ഇല്ലായിരുന്നുവെങ്കിൽ, നമുക്കിന്ന് കർത്താവുണ്ടാകില്ലായിരുന്നു. ആരാണ് സക്രാരിയിൽ അവിടുത്തെ എഴുന്നള്ളിച്ച് വച്ചത്? പുരോഹിതൻ. ജീവിതാരംഭത്തിൽ നിന്റെ ആത്മാവിനെ കഴുകി സ്വീകരിച്ചത് ആരാണ്? പുരോഹിതൻ. ആത്മീയ തീർത്ഥാടനത്തിൽ നിന്റെ കൂടെനിന്ന് നിന്നെ വളർത്തിയതാരാണ്? പുരോഹിതൻ. കർത്താവിന്റെ തിരുരക്തത്താൽ നിന്നെ കഴുകി തമ്പുരാന്റെ മുന്നിൽ നിർത്തുവാൻ നിന്നെ യോഗ്യനാക്കിയത് ആരാണ്? പുരോഹിതൻ. മരണക്കിടക്കയിൽ നിനക്ക് ശാന്തിയും സമാധാനവും നൽകുന്നവൻ ആരാണ്? പുരോഹിതൻ.” പ്രിയരേ, സ്‌നേഹിക്കാം, ശക്തിപ്പെടുത്താം, കൂടെ നിൽക്കാം നമ്മുടെ വൈദികരോടൊപ്പം!

റവ.ഡോ. ജൻസൺ പുത്തൻവീട്ടിൽ

47 views0 comments
bottom of page