top of page
  • Writer's pictureEditor

പുണ്യവാന്മാരോട് നാം പ്രാർത്ഥിക്കുന്നതെന്തിന്?


”പുണ്യവാന്മാരുടെ ഐക്യത്തിൽ” ഞങ്ങൾ വിശ്വസിക്കുന്നു എന്ന വിശ്വാസ സത്യത്തെക്കുറിച്ച് നാം മനസിലാക്കണം. പുണ്യവാന്മാരുടെ ഐക്യം എന്നാൽ സഭ എന്നുതന്നെയാണ് അർത്ഥമാക്കുന്നത്. കാരണം സഭയുടെ മൂന്ന് അവസ്ഥകൾ അത് സൂചിപ്പിക്കുന്നുണ്ട്. ഭൂമിയിൽ ജീവിച്ചിരിക്കുന്ന വിശുദ്ധർ (സമരസഭ), ശുദ്ധീകരാത്മാക്കൾ (സഹന സഭ), സ്വർഗവാസികൾ (വിജയസഭ).

സമരസഭ

ജീവിച്ചിരിക്കുന്ന നമ്മൾ വിശുദ്ധരാകുന്നത് മാമ്മോദീസായിലൂടെ ക്രിസ്തുവിന്റെ ഭൗതീക ശരീരമായ സഭയിലെ അംഗങ്ങൾ ആകുന്നതിലൂടെയാണ്. വിശ്വാസത്തിന്റെ ഐക്യത്തിലും പ്രാർത്ഥനയിലും കൂദാശാജീവിതത്തിലും ക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധിയിൽ വളരുവാൻ പരിശ്രമിക്കുന്നവരുടെ കൂട്ടായ്മയാണ് സമരസഭ.

സഹനസഭ

മരിച്ച വിശ്വാസികളും വിശുദ്ധരാണ്. കാരണം ഈ ഭൂമിയിൽ നല്ല ഓട്ടം ഓടി, വിശ്വാസം കാത്തുസൂക്ഷിച്ച്, നീതിപൂർവ്വം വിധിക്കുന്ന കർത്താവ് ഒരുക്കി വച്ചിരിക്കുന്ന നീതിയുടെ കിരീടത്തിനായി കാത്തിരിക്കുന്നവരാണ് അവർ. മനുഷ്യ പുത്രൻ മഹത്വത്തിന്റെ ശോഭയിൽ എഴുന്നള്ളുമ്പോൾ ”എന്റെപിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ വരുവിൻ, ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സ്വർഗരാജ്യം കൈവശപ്പെടുത്തുവിൻ” (മത്തായി 25/34) എന്ന ആഹ്വാനത്തെ പ്രതീക്ഷിച്ചിരിക്കുന്നവരാണവർ.

ആടുകൾക്കുവേണ്ടി ജീവനർപ്പിച്ച നല്ലയിടയന്റെ ചാരെ അണയാൻ കാത്തിരിക്കുന്നവരാണവർ (യോഹ. 10/1-8). താൻ ആയിരിക്കുന്നിടത്ത് ആയിരിക്കുന്നതിനുവേണ്ടി ഈശോയാൽ കൂട്ടിക്കൊണ്ടുപോകപ്പെട്ടവരാണവർ (യോഹ. 14/1-3). അവർ സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ള, എണ്ണിയാൽ തിട്ടപ്പെടുത്താൻ ആർക്കും സാധിക്കാത്ത ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പിൽ നില്ക്കുന്നവരാണ് (വെളി. 7/9). ദൈവത്തിന്റെ കൃപാവരത്തിലും സൗഹൃദത്തിലും മരിച്ച അവർ സ്വർഗത്തിന്റെ ഉറപ്പുനേടിയവരാണ്. പൂർണ്ണമായി വിശുദ്ധീകരിക്കപ്പെടാത്തതിനാൽ സ്വർഗത്തിൽ പ്രവേശിച്ചിട്ടില്ലെന്ന് മാത്രം.

വിജയസഭ

സ്വർഗവാസികൾ അതിനാൽത്തന്നെ വിശുദ്ധരാണല്ലോ. വിശുദ്ധർ എന്ന് നാം പൊതുവെ പറയുക വിശുദ്ധരായി സഭ നാമകരണം ചെയ്യപ്പെട്ടവരെയാണ്. തിരുസഭ ചിലരെ പ്രത്യേകം അംഗീകരിക്കുന്നു, മാത്രമല്ല, മരണത്തിന്റെ നിമിഷത്തിൽത്തന്നെ സ്വർഗം പുൽകി മഹത്വത്തിന്റെ കിരീടം വാങ്ങിച്ച അവർ സ്വർഗത്തിൽ നമുക്കായി ശക്തമായ പ്രാർത്ഥനാ സഹായം യാചിക്കാൻ കെല്പുള്ളവരാണെന്നും അവർ സ്വർഗത്തിൽ തന്നെയാണെന്നും സംശയലേശമെന്യേ തിരുസഭ പഠിപ്പിക്കുന്നു.

ഒരു വ്യക്തിയെ വിശുദ്ധനായി അല്ലെങ്കിൽ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ ഭൂമിയിലെ അവരുടെ മഹത്വമാർന്ന ജീവിതത്തെ തിരുസഭ അംഗീകരിക്കുകയും നമുക്ക് വേണ്ടി മാധ്യസ്ഥ്യം വഹിക്കുവാനുള്ള അവരുടെ സവിശേഷമായ വിശുദ്ധിയെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ സമരസഭയും, സഹനസഭയും വിജയസഭയും ഒന്നിച്ചുള്ള കൂട്ടായ്മയാണ് തിരുസഭ. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പറയുന്നത് തീർത്ഥാടകരായ നമ്മൾക്ക് ക്രിസ്തുവിന്റെ സമാധാനത്തിൽ നിദ്ര കൊള്ളുന്നവരോടുള്ള ഐക്യം ഒരു വിധത്തിലും ഭഞ്ജിക്കപ്പെടുന്നില്ല എന്നാണ്. അതുമാത്രവുമല്ല, ആദ്ധ്യാത്മീക നന്മകളിലുള്ള സംസർഗം വഴി ഈ ഐക്യം കൂടുതൽ ആഴപ്പെടുകയാണ് ചെയ്യുന്നത്.

വിശുദ്ധരുടെ മാധ്യസ്ഥ്യം തേടി നാം പ്രാർത്ഥിക്കുന്നതും ശുദ്ധീകരാത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതുമെല്ലാം അർത്ഥപൂർണമാകുന്നത് പുണ്യവാന്മരുടെ ഐക്യം എന്ന ഈ വിശ്വാസ സത്യത്തിന്റെ അടിസ്ഥാനത്തിലാണ്. വിശുദ്ധരുടെ ഐക്യം എന്നുപറഞ്ഞാൽ സ്വർഗത്തിലെ വിശുദ്ധർ തമ്മിലുള്ള ഐക്യത്തിലുള്ള വിശ്വാസമല്ല, മറിച്ച് തിരുസ്സഭയിലെ അംഗങ്ങൾ തമ്മിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരും സ്വർഗവാസികളും തമ്മിലുള്ള ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്.

വിശുദ്ധർക്ക് നമ്മെ സഹായിക്കാനാകും

ഒരു വ്യക്തിയെ വിശുദ്ധപദവിയിലേക്ക് തിരുസഭ നാമകരണം ചെയ്ത് ഉയർത്തുമ്പോൾ ആ വ്യക്തിയെ ആദരിക്കുകയും ബഹുമാനിക്കുകയുമാണ് ചെയ്യുന്നത്. കാരണം ആ വ്യക്തികൾ സ്വർഗത്തിലാണെന്ന് തിരുസഭ ഉറച്ച് വിശ്വസിക്കുന്നു. അവരെ അനുകരിക്കുവാനും അവരുടെ മാധ്യസ്ഥ്യം ചോദിക്കുവാനും തിരുസഭ നമ്മെ ഓർമിപ്പിക്കുന്നു.

പുണ്യപൂർണതയിലൂടെ ചരിച്ച് ദൈവത്തെ മുഖാമുഖം ദർശിക്കുന്ന വിശുദ്ധരെ ദൈവത്തിന്റെ ദൈവികതയിൽ പങ്കുചേരുന്നവരായി തിരുസഭ കണക്കാക്കുന്നു. ഈ ദൈവിക ചൈതന്യത്തിൽ പങ്കുചേരുന്നവർ ദൈവസ്‌നേഹത്തിന്റെ നിറവാണ് എന്നും അവർ ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന നമ്മെ ദൈവം സ്‌നേഹിക്കുന്നതുപോലെ തന്നെ സ്‌നേഹിക്കുന്നുവെന്നും തിരുസഭാ മാതാവ് പഠിപ്പിക്കുന്നു.

നമ്മുടെ എല്ലാക്കാര്യങ്ങളും അറിയുവാനുള്ള സവിശേഷ ജ്ഞാനം വിശുദ്ധർക്കുണ്ട്. ദൈവകൃപയാൽ ദൈവം കാണുന്നത് കാണുവാനും ദൈവം കേൾക്കുന്നത് കേൾക്കുവാനും അങ്ങനെ ദൈവിക ജീവന്റെ പങ്കാളികളായി മാറുവാനും വിശുദ്ധർക്ക് കഴിവുണ്ട്. അതുകൊണ്ട് നമ്മുടെ അപേക്ഷകൾ ശരിയായ രീതിയിൽ കേൾക്കുവാനും ആവശ്യമെങ്കിൽ ഇടപെടുവാനും അവർക്ക് സാധിക്കും.

സ്വർഗവാസികൾ ദൈവത്തിന്റെ ജ്ഞാനത്താൽ മാത്രമല്ല, അതിസ്വഭാവിക ശക്തിയാലും നിറഞ്ഞവരാണ്. അതുകൊണ്ട് തന്നെ ദൈവം ഇടപെടുന്നതുപോലെതന്നെ ഇടപെടുവാനും പ്രവർത്തിക്കുവാനുമുള്ള സവിശേഷ ശക്തി അവർക്കുണ്ട്. അവർ നമുക്ക് വേണ്ടി മാധ്യസ്ഥ്യം വഹിക്കുക മാത്രമല്ല, നമുക്ക് വേണ്ടി പ്രവർത്തിക്കുവാനും കഴിവുള്ളവരാണ്. ദൈവം അവരുടെ വിശുദ്ധ ജീവിതത്തിന് നൽകിയ പ്രതിഫലനമാണത്. വചനം പറയുന്നു. ”നീതിമാന്റെ പ്രാർത്ഥന ശക്തിയുള്ളതും ഫലദായകവുമാണ്” (യാക്കോബ് 5/16). ഇപ്പോൾ ഈ ലോകത്തിൽ നീതിയോടെ ജീവിച്ചിരിക്കുന്നവരുടെ വാക്കുകൾക്കും പ്രവർത്തികൾക്കും വിലയുള്ളതായി നാം കാണുന്നെങ്കിൽ അതിനേക്കാൾ എത്രയോ വിലപ്പെട്ടതാകും വിശുദ്ധരുടെ അപേക്ഷകൾ !!!

ശുദ്ധീകരാത്മാക്കൾക്കുള്ള പ്രാർത്ഥന

ഈശോയുടെ ഉത്ഥാനത്തിലൂടെ ഈശോ മരണത്തെ കീഴടക്കി. അതുകൊണ്ട് ഈശോയിൽ വിശ്വാസിക്കുന്നവരെ മരണത്തിലൂടെ വേർപ്പെടുത്താനാവില്ലല്ലോ. മരിച്ചവർ ശാരീരികമായി നമ്മിൽനിന്ന് വേർപ്പെടുന്നു എങ്കിലും, ഒരേ ശരീരത്തിലെ അവയവങ്ങളായി നിലനിൽക്കുന്നുണ്ടല്ലോ. ഈശോയിലൂടെ അഗാധമായ ഒരു ബന്ധത്തിലേക്കാണ് സ്വർഗവാസികളും ശുദ്ധീകരാത്മാക്കളും സ്വർഗത്തെ ലക്ഷ്യമാക്കി ഈ ഭൂമിയിൽ ജീവിക്കുന്ന നമ്മളും തമ്മിലുള്ളത്.

അതിനാൽത്തന്നെ ശുദ്ധീകരാത്മാക്കളെ നമ്മുടെ പ്രാർത്ഥനകളാലും ബലികളാലും സഹായിക്കുവാൻ സാധിക്കും. സ്വർഗത്തിലുള്ളവർക്ക് നമ്മെയും സഹായിക്കാനാകും. ഒരേ ശരീരത്തിലെ അവയവങ്ങൾ എന്ന നിലയിൽ നമുക്ക് പരസ്പരം ആത്മീയ നന്മകൾ പങ്കുവയ്ക്കാനും വളരാനും സാധിക്കും. ”ഇത് വിശുദ്ധരെ പരിപൂർണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലി ചെയ്യുന്നതിനും, ക്രിസ്തുവിന്റെ ശരീരത്തെ പണിതുയർത്തുന്നതിനും വേണ്ടിയാണ്. വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂർണ്ണ ജ്ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിന്റെ പരിപുർണ്ണതയുടെ അളവനുസരിച്ച് പക്വതയാർന്ന മനുഷ്യരാവുകയും ചെയ്യുന്നതുവഴി ഇത് തുടരേണ്ടിയിരിക്കുന്നു (എഫേ 4/12-13). നാം പരസ്പരം സഹായിക്കുമ്പോൾ ദൈവസ്‌നേഹമാണ് പരസ്പരം പങ്കുവയ്ക്കുന്നത്.

മധ്യസ്ഥത ആവശ്യമുണ്ടോ?

ചിലർ ചോദിക്കുന്ന ചോദ്യമാണിത്. ദൈവത്തിന് നേരിട്ട് ഇടപെടാമല്ലോ. സകല ബഹുമാനവും ദൈവത്തിനല്ലേ കൊടുക്കേണ്ടത്. അതുകൊണ്ട് വിശുദ്ധരുടെ മാധ്യസ്ഥ്യം ആവശ്യമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങൾ കേട്ടിട്ടുണ്ട്. പക്ഷേ ബഹുമാനം അർഹിക്കുന്നവർക്ക് ബഹുമാനം കൊടുക്കണമെന്ന് വചനം നമ്മെ പഠിപ്പിക്കുന്നു.

(റോമ 13/7). വിശുദ്ധർക്ക് ബഹുമാനവും ആദരവും നൽകുമ്പോൾ ദൈവത്തിന് അത് നാം നിഷേധിക്കുന്നുണ്ടോ. വാസ്തവത്തിൽ ”നാം ദൈവത്തിന്റെ കരവേലയല്ലേ” (എഫേ. 2/ 10). സൃഷ്ടിയെ മഹത്വപ്പെടുത്തുമ്പോൾ സ്രഷ്ടാവിന് തന്നെയല്ലേ മഹത്വം. ഒരു നല്ല കൊത്തുപണി കണ്ട് ആ കലയെ നാം അംഗീകരിക്കുമ്പോൾ കലാകാരനെത്തന്നെയാണല്ലോ നാം അംഗീകരിക്കുന്നത്. അതുകൊണ്ട് പുണ്യവാന്മാരുടെ ഐക്യത്തിലൂടെ സ്രഷ്ടാവായ ദൈവത്തെത്തന്നെയാണ് നാം ബഹുമാനിക്കുന്നതും, ആദരിക്കുന്നതും.

ഇന്ന് പുണ്യവാന്മാരുടെ ഐക്യത്തിലുള്ള വിശ്വാസത്തിന്റെ കുറവ് പുതിയ തലമുറയിൽ കാണുന്നുണ്ട്. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്ന പുതുതലമുറയുണ്ട്. അവരോട് തിരുസഭ പറയുന്നത് ശ്രദ്ധിക്കുന്നത് നല്ലതാണ്. ”ക്രൈസ്തവ ചൈതന്യത്തിന് നിരക്കാത്ത ഒരു പേര് നല്കപ്പെടാതിരിക്കാൻ മാതാപിതാക്കളും തലതൊടുന്നവരും അജപാലകരും ശ്രദ്ധിക്കണം” (മതബോധനഗ്രന്ഥം 2156). ഒരു ക്രിസ്ത്യാനി തന്റെ പേര് സഭയിൽ സ്വീകരിക്കേണ്ടത് ഒരു വിശുദ്ധന്റെ പേര് സ്വീകരിച്ചുകൊണ്ടാകണം. കർത്താവിനോടുള്ള മാതൃകാപരമായ വിശ്വസ്തതയുടെ ജീവിതം നയിച്ച ഒരു ശിഷ്യന്റെ. ആ വിശുദ്ധൻ അല്ലെങ്കിൽ ആ വിശുദ്ധ സ്‌നേഹത്തിന്റെ മാതൃക നല്കുകയും തന്റെ മാദ്ധ്യസ്ഥ്യം നമുക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. (മതബോധന ഗ്രന്ഥം 2156)

പുണ്യവാന്മാരുടെ ഐക്യത്തിൽ വിശ്വസിക്കുന്നു എന്ന് ഏറ്റുപറയുന്ന ഓരോ വിശ്വാസിയും നിർബന്ധമായും ചെയ്തിരിക്കേണ്ട ഏതാനും കാര്യങ്ങളുണ്ട്.

@ സ്വന്തം വിശുദ്ധനോട്/വിശുദ്ധയോട്എന്നും പ്രാർത്ഥനാ സഹായം യാചിക്കണം. @ കാവൽദൂതന്മാരോട് പ്രാർത്ഥിക്കണം. @ കുടുംബത്തിലെ എല്ലാവരുടെയും വിശുദ്ധരുടെ മാധ്യസ്ഥ്യം യാചിക്കണം. @ പേരിന് കാരണക്കാരായ വിശുദ്ധരുടെ തിരുനാൾ ദിവസം കുമ്പസാരിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുക്കണം. @ ഇടവക മധ്യസ്ഥനോട് എന്നും പ്രാർത്ഥിക്കണം. @ ശുദ്ധീകരാത്മാക്കൾക്കായി ദിവസേന പ്രാർത്ഥിക്കണം. @ സകല വിശുദ്ധരുടെയും ലുത്തിനിയ ആഴ്ചയിൽ ഒരിക്കലെങ്കിലും കുടുംബപ്രാർത്ഥനയുടെ ഭാഗമാക്കണം. @ സകല ശുദ്ധീകരാത്മാക്കൾക്കുംവേണ്ടിയുള്ള ലുത്തിനിയ ചൊല്ലണം. @ മരിച്ചവർക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കുകയും പ്രാർത്ഥിക്കുകയും വേണം. ഇങ്ങനെ തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസ പൈതൃകത്തെ അടുത്ത തലമുറകളിലേക്ക് പകർന്നുകൊടുക്കുവാനും വിശുദ്ധരുടെ കൂട്ടായ്മയിൽ പങ്കുചേർന്ന് വിശുദ്ധരാകുവാനും നമുക്ക് പരിശ്രമിക്കാം. ദൈവം ഏവരേയും അനുഗ്രഹിക്കട്ടെ

ഫാ. ജോർജ് മുണ്ടനാട്ട്


48 views0 comments
bottom of page