top of page
  • Writer's pictureEditor

ബസലിക്ക പള്ളിയും കത്തീഡ്രല്‍ പള്ളിയും തമ്മിലുള്ള വ്യത്യാസമെന്ത് ?


ബസലിക്ക ദേവാലയവും കത്തീഡ്രല്‍ പള്ളിയും. നമ്മുടെ വിശ്വാസ ജീവിതത്തില്‍ ഏറെ കേള്‍ക്കുന്ന രണ്ട് വാക്കുകളാണ് ഇവ. ഇവരണ്ടും തമ്മിലുള്ള വ്യത്യാസമെന്ത്? ഒരു ദേവാലയത്തിന് ഒരേസമയം ബസലിക്ക പള്ളിയും കത്തീഡ്രല്‍ പള്ളിയുമായിരിക്കുവാന്‍ കഴിയുമോ? ഇവയുടെ ചരിത്ര പശ്ചാത്തലമെന്ത്? ഈ വിഷയത്തെ കുറിച്ചാണ് നാം ചിന്തിക്കുവാന്‍ പോകുന്നത്. നിര്‍മ്മാണപരമായി പറഞ്ഞാല്‍ ദീര്‍ഘചതുരാകൃതിയിലുള്ള നീണ്ട കെട്ടിടത്തേയാണ് ബസലിക്ക എന്ന് വിശേഷിപ്പിക്കുന്നത്. മുകളിലായി അര്‍ദ്ധവൃത്താകൃതിയിലോ ബഹുഭുജകോണാകൃതിയിലോ ഉള്ള ഒരു താഴികകുടത്തോട് കൂടിയ ഇത്തരം കെട്ടിടങ്ങള്‍ പുരാതന റോമിലെ സാധാരണ കാഴ്ചയായിരുന്നു. ഈ താഴികകുടങ്ങളുടെ കീഴിലായിരിക്കും റോമന്‍ ചക്രവര്‍ത്തിമാരുടേയോ ന്യായാധിപന്‍മാരുടേയോ ഇരിപ്പിടം.

ആദ്യകാലങ്ങളില്‍ ബസലിക്ക എന്ന വാക്കിന് മതവുമായോ ദേവാലയവുമായോ യാതൊരു ബന്ധവുമില്ലായിരുന്നു. 'ബസലിയോസ്‌' എന്ന ഗ്രീക്ക്‌ വാക്കില്‍ നിന്നുമാണ് ബസലിക്ക എന്ന വാക്ക്‌ ഉത്ഭവിക്കുന്നത്. ‘രാജാവ്‌’ എന്നാണ് ഈ ഗ്രീക്ക്‌ വാക്കിന്റെ അര്‍ത്ഥം. അങ്ങനെ നോക്കുമ്പോള്‍ ബസലിക്ക എന്നത് പരമാധികാരിയുടെ ഇരിപ്പിടമാണ്. പിന്നീട് യേശുവിന്റെ രാജത്വവുമായി ബന്ധപ്പെടുത്തി ക്രൈസ്തവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വേദികള്‍ക്ക് ഈ കെട്ടിടത്തിന്റെ രൂപകല്‍പ്പനാ ശൈലി സ്വീകരിക്കുകയാണ് ഉണ്ടായത്‌. യഥാര്‍ത്ഥ ന്യായാധിപനും, ഭരണകര്‍ത്താവും ക്രിസ്തുവായതിനാല്‍ ക്രമേണ റോമന്‍ ന്യായാധിപന്‍മാരുടേയും ചക്രവര്‍ത്തിമാരുടേയും സ്ഥാനം ക്രിസ്തുവിനു സമര്‍പ്പിക്കപ്പെടുകയായിരിന്നു.


നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ലോകമാകമാനമായി എണ്ണമറ്റ കത്തോലിക്കാ ദേവാലയങ്ങള്‍ ഈ നിര്‍മ്മാണശൈലി സ്വീകരിച്ചു. അമേരിക്കയില്‍ മാത്രം ഏതാണ്ട് 86-ഓളം ബസലിക്ക ദേവാലയങ്ങള്‍ ഉണ്ട്. രണ്ടുതരം ബസലിക്കകള്‍ ഉണ്ട്. മേജര്‍ ബസലിക്കകളും, മൈനര്‍ ബസലിക്കകളും. റോമിലെ ചരിത്രപ്രാധാന്യമുള്ള ബസലിക്കകള്‍ മേജര്‍ ബസലിക്കകളില്‍ ഉള്‍പ്പെടുന്നു. സെന്റ്‌ പീറ്റേഴ്സ്, സെന്റ്‌ ജോണ്‍ ലാറ്ററന്‍, സെന്റ്‌ മേരി മേജര്‍, സെന്റ്‌ പോള്‍ തുടങ്ങിയ ബസലിക്കകളാണ് മേജര്‍ ബസിലിക്കകള്‍ക്ക് ഉദാഹരണം.

എന്നാല്‍ ലോകത്തെ മിക്ക രാജ്യങ്ങളിലും തന്നെ മൈനര്‍ ബസലിക്കകള്‍ കാണാവുന്നതാണ്. ഭാരതത്തില്‍ 22 ദേവാലയങ്ങള്‍ക്കാണ് മൈനര്‍ ബസലിക്കാ പദവി ലഭിച്ചിട്ടുള്ളത്. ഒരു ദേവാലയം മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെടണമെങ്കില്‍ പ്രാദേശിക മെത്രാന്റെ പ്രത്യേക അപേക്ഷ മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കണം. മാര്‍പാപ്പയുടെ അനുമതിയോടെ മാത്രമാണ് ദേവാലയത്തെ മൈനര്‍ ബസലിക്കയായി ഉയര്‍ത്തുക. എന്നാല്‍ ആ ദേവാലയം കാഴ്ചക്ക്‌ മനോഹരവും ചരിത്രസമ്പുഷ്ടവുമായിരിക്കണമെന്നുണ്ട്. മറ്റ് ദേവാലയങ്ങളെ അപേക്ഷിച്ച് (കത്തീഡ്രല്‍ ദേവാലയങ്ങള്‍ ഒഴികെ) അപ്പസ്തോലിക മണിയും, കുടയും പ്രദക്ഷിണങ്ങളില്‍ ഉപയോഗിക്കുവാനുള്ള ചില പ്രത്യേക അവകാശങ്ങള്‍ ബസലിക്ക ദേവാലയങ്ങള്‍ക്കുണ്ട്.


അതേ സമയം ഓരോ രൂപതയുടേയും ആസ്ഥാന ദേവാലയത്തെയാണ് കത്തീഡ്രല്‍ എന്ന് വിളിക്കുന്നത്. മെത്രാന്റെ കേന്ദ്ര ദേവാലയവും ഇതാണ്. മെത്രാന്റെ ഇരിപ്പിടമെന്ന നിലയിലാണ് ദേവാലയത്തിന് കത്തീഡ്രല്‍ പദവി നല്‍കുക. രൂപതയുടെ ആസ്ഥാന പരിസരത്തെ ഏറ്റവും പഴക്കമുള്ള ദേവാലയമായിരിക്കും കത്തീഡ്രല്‍ ദേവാലയം. ‘ഇരിപ്പിടം’ എന്നര്‍ത്ഥം വരുന്ന 'കത്തേഡ്രാ' എന്ന ലാറ്റിന്‍ വാക്കില്‍ നിന്നുമാണ് കത്തീഡ്രല്‍ എന്ന പദമുണ്ടായത്.

ചില കത്തീഡ്രല്‍ ദേവാലയങ്ങള്‍ക്ക് ബസലിക്ക പദവിയും ഉണ്ടായിരിക്കും. വാസ്തവത്തില്‍ മാര്‍പാപ്പ മെത്രാനായിട്ടുള്ള റോം രൂപതയുടെ കത്തീഡ്രല്‍ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയല്ല. സാങ്കേതികമായി പറഞ്ഞാല്‍ സെന്റ്‌ പീറ്റേഴ്സ് ബസലിക്ക റോം രൂപതയിലല്ല എന്നതാണ് ഇതിനു കാരണം. വത്തിക്കാന്‍ സിറ്റി എന്ന സ്വതന്ത്ര രാജ്യത്തിലാണ് സെന്റ്‌ പീറ്റേഴ്സ് ബസലിക്ക. റോം രൂപതയുടെ കത്തീഡ്രല്‍ സെന്റ്‌ ജോണ്‍ ലാറ്ററന്‍ ദേവാലയമാണ്. ചുരുക്കത്തില്‍ ഒരു രൂപതയില്‍ ഒന്നിലധികം മൈനര്‍ ബസലിക്കകള്‍ ഉണ്ടാകാമെങ്കിലും ഒരു കത്തീഡ്രല്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

29 views0 comments
bottom of page