മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം എങ്ങനെ വിശ്വസിക്കും?

Updated: Nov 23, 2019


1950-ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു: "ഉത്ഭവ പാപത്തിന്‍റെ എല്ലാ മാലിന്യങ്ങളില്‍ നിന്നും സ്വതന്ത്രയായി സൂക്ഷിക്കപ്പെട്ടിരുന്ന നിര്‍മ്മല കന്യക അവളുടെ ഇഹലോകവാസത്തിന്‍റെ പരിസമാപ്തിയില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു. കര്‍ത്താവ് അവളെ എല്ലാറ്റിന്‍റെയും രാജ്ഞിയായി ഉയര്‍ത്തി. ഇതു കര്‍ത്താക്കളുടെ കര്‍ത്താവും പാപത്തെയും മരണത്തെയും കീഴടക്കിയവനുമായ തന്‍റെ പുത്രനോട് അവള്‍ കൂടുതലായി അനുരൂപപ്പെടാന്‍ വേണ്ടിയായിരുന്നു." (Pious XII, Munificentissimus Deus)

ഈ വിശ്വാസ സത്യത്തെകുറിച്ച് പ്രൊട്ടസ്റ്റന്‍റ് സഹോദരങ്ങള്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് -"ഇതെങ്ങനെ വിശ്വസിക്കും? ഇത് ബൈബിളില്‍ പറയുന്ന കാര്യമല്ലല്ലോ."

മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് സംശയിക്കുന്നവര്‍ ആദ്യം വെളിപാടിന്‍റെ പുസ്തകം 12-ാം അധ്യായം വായിക്കുന്നത് നന്നായിരിക്കും. കൃപ ലഭിച്ചവര്‍ക്ക്, ഇവിടെ പ്രസ്താവിച്ചിരിക്കുന്ന "സ്ത്രീ" പരിശുദ്ധ കന്യകാ മറിയം തന്നെയാണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ പിന്നെയും ഒരു ചോദ്യം ഉയര്‍ന്നു വരാം. മറിയം ശരീരത്തോടെ സ്വര്‍ഗ്ഗത്തിലാണെന്ന് എങ്ങനെ വിശ്വസിക്കും?

"സ്വര്‍ഗ്ഗത്തില്‍ വലിയ ഒരു അടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം" (വെളി: 12:1) ഇവിടെ സ്ത്രീയുടെ അതായത് പരിശുദ്ധ അമ്മയുടെ ശിരസ്സിനെയും പാദത്തിനെയും ഉടയാടയെയും പറ്റി വചനം പ്രത്യേകം എടുത്തു പറയുന്നു. സ്വര്‍ഗ്ഗത്തിലായിരിക്കുന്ന വിശുദ്ധരെ ആത്മാക്കളായിട്ടാണ് ബൈബിള്‍ ചിത്രീകരിക്കുന്നത്. ഇവരെ "പരിപൂര്‍ണ്ണരാക്കപ്പെട്ട നീതിമാന്‍മാരുടെ ആത്മാക്കള്‍" (ഹെബ്രാ. 12:23) എന്നും "ദൈവവചനത്തെപ്രതി വധിക്കപ്പെട്ടവരുടെ ആത്മാക്കള്‍" (വെളി. 6:9) എന്നിങ്ങനെ വിശേഷിപ്പിക്കുമ്പോള്‍ പരിശുദ്ധ അമ്മയെ മാത്രമാണ് ശിരസ്സും പാദങ്ങളോടും ഉടയാടയോടും കൂടി ആയിരിക്കുന്ന അവസ്ഥയിൽ ബൈബിള്‍ ചിത്രീകരിക്കുന്നത്. ഈ വചനഭാഗത്തിൽ നിന്നും, പരിശുദ്ധ കന്യകാമറിയം ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്നു മനസ്സിലാക്കുവാൻ സാധിക്കും.

ഈ വചനഭാഗത്തിന്‍റെയും ഇതിലേക്കു വിരല്‍ ചൂണ്ടുന്ന മറ്റ് വചനഭാഗങ്ങളുടെയും അടിസ്ഥാനത്തില്‍ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം ഒരു വിശ്വാസ സത്യമാണെന്ന് സഭ പ്രഖ്യാപിക്കുമ്പോള്‍ സഭക്ക് എങ്ങനെ ഇത് പറയാന്‍ കഴിയും എന്നു ചോദിക്കുന്നവരുണ്ടാകാം. അല്ലെങ്കില്‍ "പരിശുദ്ധ കന്യകാമറിയം ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു" എന്ന്‍ അപ്പസ്തോല പ്രവര്‍ത്തനങ്ങളിലോ മറ്റ് ലേഖനങ്ങളിലോ കാണുന്നില്ലല്ലോ എന്നും വാദിക്കുന്നവരുണ്ടാകാം. ഇത്തരം വാദമുഖങ്ങള്‍ ഉന്നയിക്കുന്നവര്‍ ദൈവിക വെളിപാടിന്‍റെ കൈമാറ്റത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും പഠിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

ഇത്തരം വാദമുഖങ്ങള്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള വിശ്വാസ പ്രബോധനങ്ങള്‍ക്കെതിരായി ചിലര്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്ക് സമാനമാണ്. മാര്‍ക്കോസ് സുവിശേഷകനും പുതിയ നിയമത്തിലെ ലേഖനകര്‍ത്താക്കളും ഈശോയുടെ കന്യകാ ജനനത്തെക്കുറിച്ച് മൗനം അവലംബിക്കുന്നതില്‍ ചിലപ്പോള്‍ ആളുകള്‍ അസ്വസ്ഥരാകാറുണ്ട്. മത്തായി സുവിശേഷകന്‍ അര്‍ത്ഥപൂര്‍ണ്ണമായി "മറ്റേ മറിയം" എന്നു വിശേഷിപ്പിക്കുന്ന മറ്റൊരു മറിയത്തിന്‍റെ മക്കളായ യാക്കോബും ജോസഫും യേശുവിന്‍റെ സഹോദരന്മാരാണ് എന്നു തെറ്റായി പ്രചരിപ്പിക്കുന്നവരെയും നമ്മുടെ വിശ്വാസ യാത്രയില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. ക്രിസ്തുവിന്‍റെ മനുഷ്യാവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള രക്ഷാകര സംഭവങ്ങളുമായി ബന്ധപ്പെടുത്തി മാത്രമേ മറിയത്തിന്‍റെ കന്യകാത്വത്തെയും സ്വര്‍ഗ്ഗാരോപണത്തെയും മനസ്സിലാക്കുവാന്‍ നമുക്ക് സാധിക്കൂ.

സുവിശേഷങ്ങളില്‍ യേശുവിന്‍റെ ജനനത്തെക്കുറിച്ചുള്ള വിവരണങ്ങളിലാണ് പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ച് പ്രധാനമായും എടുത്തു പറയുന്നത്. അപ്പസ്തോലപ്രവര്‍ത്തനങ്ങളുടെ ആരംഭത്തിലും മറിയത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും യേശുക്രിസ്തുവിന്‍റെ പരസ്യ ജീവിതത്തിലും പുതിയ നിയമത്തിലെ ലേഖനങ്ങളിലും കന്യകാ മറിയത്തെക്കുറിച്ച് മൗനം അവലംബിക്കുമ്പോള്‍ ഈ മൗനത്തിന് വലിയ അര്‍ത്ഥമുണ്ട് എന്ന്‍ നാം തിരിച്ചറിയണം.

"ക്രിസ്തുവിന്‍റെ കുരിശ് തെളിയിക്കുന്നതു പോലെ തന്‍റെ മൗനത്തിലൂടെയും ദൈവം സംസാരിക്കുന്നു... ക്രൈസ്തവ വെളിപാടിന്‍റെ ചാലക ശക്തിയില്‍ ദൈവ വചനത്തി‍ന്‍റെ സുപ്രധാനമായ ഒരു ആവിഷ്ക്കരണമായി മൗനം കാണപ്പെടുന്നു" (Benedict XVI, VERBUM DOMINI). അന്തിയോക്യായിലെ വി.ഇഗ്നേഷ്യസ് ദൈവത്തിന്‍റെ നിശബ്ദതയില്‍ നിറവേറ്റുന്ന രഹസ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇപ്രകാരമുള്ള മൗനത്തിലൂടെയും നടപ്പിലാക്കപ്പെടുന്ന ദൈവിക പദ്ധതികളെ മനസ്സിലാക്കുവാനുള്ള വരവും പ്രഖ്യാപിക്കുവാനുള്ള അധികാരവും പരിശുദ്ധ കത്തോലിക്കാ സഭയ്ക്ക് നല്‍കപ്പെട്ടിരിക്കുന്നു. ഈ അധികാരത്തില്‍ നിന്നുമാണ് മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണം പോലുള്ള വിശ്വാസ സത്യങ്ങള്‍ പാരമ്പര്യത്തിലും ദൈവവചനത്തിലും അടിസ്ഥാനമാക്കി സഭ പ്രഖ്യാപിക്കുന്നത്.


ക്രിസ്തു അപ്പസ്തോലന്‍മാരോടു പറഞ്ഞു: "നിങ്ങളുടെ വാക്കു കേള്‍ക്കുന്നവന്‍ എന്‍റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു. " (ലൂക്കാ. 10:16) ക്രിസ്തു നല്‍കിയ ഈ അധികാരത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ വിശ്വാസ സത്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അത് പൂര്‍ണ്ണമായും വിശ്വസിക്കുവാനും ഇടയന്മാര്‍ വിവിധ രൂപങ്ങളില്‍ നല്‍കുന്ന പ്രബോധനങ്ങളും നിര്‍ദ്ദേശങ്ങളും വിധേയത്വത്തോടെ സ്വീകരിക്കുവാനും ഓരോ വിശ്വാസിക്കും കടമയുണ്ട്. അത് നിരസിക്കുക്കുന്നവർ ക്രിസ്തുവിനെയും പിതാവായ ദൈവത്തെയുമാണ് നിരസിക്കുന്നത് എന്ന്‍ ഓരോ വിശ്വാസിയും തിരിച്ചറിയണം. ആദ്യ തലമുറയിലെ ക്രിസ്ത്യാനികള്‍ക്ക് ലിഖിതമായ പുതിയ നിയമം ഇല്ലായിരുന്നു എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.

ഉദാഹരണമായി വി. മത്തായിയുടെ സുവിശേഷം AD 75-നും 90-നും ഇടയ്ക്ക് രചിക്കപ്പെട്ടതാണെന്നു കരുതപ്പെടുന്നു, വി. മർക്കോസിന്റെ സുവിശേഷം AD 65-നും 70-നും ഇടയ്ക്കും, വി. ലൂക്കായുടെ സുവിശേഷം AD 70-നു ശേഷവും, വി. യോഹന്നാന്റെ സുവിശേഷം AD 95-ലും എഴുതപ്പെട്ടതാണെന്നു കരുതപ്പെടുന്നു. ക്രിസ്തുവിനു ശേഷം ഈ കാലയളവിൽ വിശ്വാസികൾ വിശുദ്ധ പാരമ്പര്യമാണ് പിന്തുടർന്നു പോന്നിരുന്നത്. അതിനാൽ പുതിയ നിയമം എഴുതപ്പെടുന്നതിനു മുന്‍പു തന്നെ സഭയുടെ വിശുദ്ധ പാരമ്പര്യം നിലനിന്നിരുന്നു.

പിന്നീട് ഇതേ പാരമ്പര്യം വഴിയാണ് വിശുദ്ധ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തേണ്ട ഗ്രന്ഥങ്ങളുടെ പട്ടിക തയ്യാറാക്കി ലിഖിതമായ പുതിയ നിയമത്തെ സഭ വിശ്വാസികള്‍ക്ക് നല്‍കിയത്. വിശുദ്ധ പാരമ്പര്യം എന്നത് യേശുവിന്‍റെ പ്രബോധനങ്ങളില്‍ നിന്നും മാതൃകയില്‍ നിന്നും അപ്പസ്തോലന്‍മാര്‍ സ്വീകരിച്ചതും പരിശുദ്ധാത്മാവ് അവരെ പഠിപ്പിച്ചതുമായ കാര്യങ്ങളെ കൈമാറുന്നതാണ്. പുതിയ നിയമം തന്നെ സജീവ പാരമ്പര്യ രൂപീകരണ പ്രക്രിയയ്ക്കു തെളിവു നല്‍കുന്നു. എന്നാല്‍ ഇന്ന് നമുക്ക് വിശുദ്ധ ലിഖിതം മാതം മതി. ഈ വിശുദ്ധ ലിഖിതത്തെ ഇന്നത്തെ രൂപത്തില്‍ നമ്മുടെ കൈകളിലേക്കു തന്നെ സഭയുടെ പാരമ്പര്യം ആവശ്യമില്ല എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്.


"വിശുദ്ധ പാരമ്പര്യവും വിശുദ്ധ ലിഖിതവും തമ്മില്‍ ഗാഢമായി ബന്ധപ്പെട്ടിരിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നു. ഇവ രണ്ടും ഒരു ദൈവിക ഉറവയില്‍ നിന്നു പ്രവഹിച്ച്, ഒരു തരത്തില്‍ ഏകീഭവിക്കുകയും, ഒരേ ലക്ഷ്യത്തിലേക്കു നീങ്ങുകയും ചെയ്യുന്നു." ഇവയിലോരോന്നും "തനിക്കുള്ളവരോടൊത്തു ലോകാവസാനം വരെ" ഉണ്ടായിരിക്കുമെന്നു വാഗ്ദാനം ചെയ്ത ക്രിസ്തുവിന്‍റെ രഹസ്യം സഭയില്‍ സന്നിഹിതമാക്കുകയും ഫലപ്രദമാക്കുകയും ചെയ്യുന്നു.

"പരിശുദ്ധാത്മാവിന്‍റെ നിശ്വാസത്താല്‍ ലിഖിത രൂപത്തിലാക്കപ്പെട്ട ദൈവത്തിന്‍റെ സംഭാഷണമാണ് വിശുദ്ധ ഗ്രന്ഥം. വിശുദ്ധ പാരമ്പര്യമാകട്ടെ, കര്‍ത്താവായ ക്രിസ്തുവും പരിശുദ്ധാത്മാവും അപ്പസ്തോലന്മാരെ ഭരമേല്‍പ്പിച്ചിരുന്ന ദൈവവചനത്തെ സമഗ്രമായി അപ്പ്സ്തോലന്മാരുടെ പിന്‍ഗാമികള്‍ക്കു കൈമാറുന്നു. അവര്‍ സത്യാത്മാവിന്‍റെ പ്രകാശത്താല്‍ നയ്ക്കപ്പെട്ടു പ്രഘോഷണത്തിലൂടെ ഈ ദൈവവചനം വിശ്വസ്തതാപൂര്‍വ്വം സംരക്ഷിക്കുന്നതിനും വിശദീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണിത്.

ദൈവിക വെളിപാടിന്‍റെ കൈമാറലും വ്യാഖ്യാനവും ഭരമേറ്റിട്ടുള്ള സഭ, വെളിപ്പെടുത്തപ്പെട്ടിട്ടുള്ള എല്ലാ സത്യങ്ങളെയും കുറിച്ചുള്ള ഉറപ്പു കൈവരിക്കുന്നതു വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും മാത്രമല്ല. അതിനാല്‍ വിശുദ്ധ ഗ്രന്ഥവും പാരമ്പര്യവും സമാധാനമായ ഭക്തി ബഹുമാനങ്ങളോടെ സ്വീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ടതാണ്.

24 views0 comments

Our Lady Of Assumption Church

Vlathankara,Vlathankara P.O.

Thiruvananthapuram

Kerala, India Pin : 695134

  • Facebook Social Icon
  • WhatsApp

© 2020 BY SWARGAROPITHAMATHA CHURCH