വിശുദ്ധ ലിഖിതങ്ങൾ പറഞ്ഞിരുന്നത് പോലെ യേശു പീഡകൾ സഹിച്ചു മരിച്ചു മൂന്നാം ദിനം ഉയർത്തെഴുന്നേറ്റു. ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.
യേശുവിൻറെ ഉത്ഥാനത്തിനുശേഷം സംഭവിച്ച പ്രത്യക്ഷപ്പെടലുകൾ ഏറെ ശ്രദ്ധാർഹമാണ്.
ഒന്നാമതായി ഒരു തോട്ടക്കാരനായി യേശുവിനെ മഗ്ദലന മറിയം കാണുന്നതാണ് (യോഹ 20:15).
ഏദൻ തോട്ടത്തിൽ നഷ്ടമായ വരപ്രസാദം വീണ്ടെടുക്കാൻ വന്ന രണ്ടാം ആദം തോട്ടക്കാരൻ ആകുന്നത് ദൈവികരഹസ്യങ്ങളുടെ പൂർണതകൂടിയാണ്. അവൻ തിരുസഭയാകുന്ന തോട്ടത്തിന്റെ അധികാരിയാണ്. അങ്ങനെ തിരുസഭ പറുദീസായുടെ പുനരാവിഷ്കാരമാകുന്നുവെന്ന് വെളിപ്പെടുകയാണിവിടെ. തോട്ടക്കാരനെ മഗ്ദലന മറിയം പിന്നീട് തിരിച്ചറിയുന്നത് അവിടുത്തെ വിളി കേട്ടിട്ടാണ്. തോട്ടക്കാരനെ, ഉത്ഥിതനെ, തിരിച്ചറിയാനുള്ള പ്രഥമ വഴിയും അവിടുത്തെ വചനം ശ്രവിക്കുക, വായിക്കുക എന്നുളളത് തന്നെയാണ്.
രണ്ടാമതായി എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ അനുഭവമാണ്. ഒരു വഴി യാത്രകനായിട്ടാണ് യേശുവിനെ അവർ കരുതിയിരുന്നത് (Cfr. ലൂക്ക 24: 13-35). അവർ യേശുവിനെ തിരിച്ചറിഞ്ഞതാകട്ടെ അപ്പം ആശീർവദിച്ച് മുറിച്ച് നൽക്കിയപ്പോഴും. ക്രിസ്തുവിനെ മനസിലാക്കാനും അനുഭവിക്കാനുമുള്ള രണ്ടാമത്തെ വഴി കൂദാശകളാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.
മൂന്നാമത്തെ പ്രത്യക്ഷപ്പെടൽ തിബേരിയാസ് കടൽത്തീരത്താണ് (യോഹ 21: 1-14). ഒരു രാത്രിയുടെ വ്യർത്ഥമായ അധ്വാനത്തിനൊടുവിൽ ശിഷ്യന്മാരോടുള്ള യേശുവിന്റെ ചോദ്യം നോക്കുക:"കുഞ്ഞുങ്ങളെ നിങ്ങളുടെ അടുക്കൽ മീൻവല്ലതുമുണ്ടോ ?" ഇല്ല എന്ന മറുപടിക്ക് േയശുവിന്റെ പ്രത്യുത്തരം വള്ളത്തിന്റെ വലത്തുവശത്ത് വലയിടുക എന്നായിരുന്നു. 153 വലിയ മത്സ്യങ്ങ്ൾ നിറഞ്ഞ ആ വല കണ്ടപ്പോൾ അവർ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു.
വല തിരുസഭയുടെ പ്രതീകമാണ്. വലതുവശത്ത് വലയിടുക എന്നത് ദൈവഹിതത്തിന് വിട്ടുകെടുക്കുന്നതിനെയും സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ മൂന്നാമതായി ഉത്ഥിതനായ ക്രിസ്തുവിനെ അന്വേഷിക്കേണ്ടതും കണ്ടുമുട്ടുന്നതും അനുഭവിക്കുന്നതും തിരുസഭയിൽ ആണെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.
ഇവിടെ ശിഷ്യന്മാരോടുള്ള യേശുവിന്റെ ചോദ്യത്തിലെ "നിങ്ങൾ " എന്ന പദം ശ്രദ്ധാർഹമാണ്. നിങ്ങൾക്ക് മീൻ വല്ലതും കിട്ടിയോ ? ഗുരുവിനെ ഒഴിവാക്കി പ്രവർത്തിക്കുന്ന ശിഷ്യരെല്ലാവരും "നിങ്ങൾ " എന്ന പദത്തിന്റെ പരിധിയിൽ വരും. യേശുവിനോടൊത്തല്ലാത്ത അധ്വാനങ്ങളുടെയെല്ലാം നിരർത്ഥകത ഇത് വെളിപ്പെടുത്തുന്നു. ഞായറാഴ്ച കുർബാന മുടക്കിയും സന്ധ്യാപ്രാർത്ഥന മുടക്കിയും ടിവിയിൽ വിനോദം ആസ്വദിച്ചിട്ടും സന്തോഷിക്കാൻ കഴിയാത്തവരോട് യേശു ഈ ചോദ്യം ഇന്നും ആവർത്തിക്കുന്നുണ്ട്.
അതിനാൽ ഉത്ഥിതനെ അനുഭവിക്കേണ്ട മൂന്ന് വഴികളായ വചനം, കൂദാശ, തിരുസഭ എന്നീ അടിസ്ഥാനങ്ങളെ മുറുകെ പിടിക്കാം. ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വിശ്വസിക്കുന്ന ഏവനും രക്ഷയിലേക്ക് നടന്നടുക്കാനുള്ള പ്രധാന ഉപാധിയാണ് വചനം (റോമ 1:16). വി.ഗ്രന്ഥത്തിന്‍റെ വാക്കുകളില്‍ക്കൂടിയെല്ലാം ദൈവം സംസാരിക്കുന്നത് ഒരേയൊരു വചനമാണ് - ക്രിസ്തു എന്ന തൻറെ അനന്ന്യവചനം. അതിലൂടെയാണു ദൈവം സ്വയം പൂര്‍ണമായി ആവിഷ്കരിക്കുന്നത്.(CCC 102). സഭയ്ക്ക് താങ്ങും ശക്തിയും സഭാതനയര്‍ക്ക് കരുത്തും ആത്മാവിനു പോഷണവും ആധ്യാത്മിക ജീവിതത്തിന് സംശുദ്ധവും സനാതനവുമായ ഉറവിടവും ആകത്തക്കവിധം ബലവും കഴിവും ഉള്ളതാണ് ദൈവവചനം( CCC 131). മാത്രമല്ല സഭയുടെ അടിസ്ഥാനം തന്നെ വചനം മാംസം ധരിച്ച ക്രിസ്തുവാണ്. ആ വചനത്തെ വ്യാഖ്യാനിക്കാനുള്ള അധികാരം സഭയ്ക്കാണ് നൽകിയിരിക്കുന്നത്. അതിനാൽ വിശുദ്ധഗ്രന്ഥത്തില്‍ സഭ നിരന്തരം തന്‍റെ പോഷണവും ശക്തിയും കണ്ടെത്തെുന്നു. അതേസമയം എന്നെന്നും ജീവിക്കുന്നതും ജീവൻ നൽകുന്നതുമായ ക്രിസ്തുവിന്റെ ശരീരത്തിൽനിന്ന് "പ്രവഹിക്കുന്ന ശക്തികൾ" ആണ് കൂദാശകൾ (CCC 1116). അവ കൃപാവരത്തിന്‍റെ ഫലദായകങ്ങളായ അടയാളങ്ങളാണ്. ക്രിസ്തു സ്ഥാപിച്ചവയും സഭയെ ഏല്‍പിച്ചവയുമായ കൂദാശകള്‍വഴി ദൈവികജീവന്‍ നമുക്കു നല്‍കപ്പെടുന്നു.(CCC 1131).
അതിനാൽ സോഷ്യൽ മീഡിയകളിലോ വാർത്താ മാധ്യമങ്ങളിലോ മറ്റെവിടെയെങ്കിലുമോ തേടിയാൽ യഥാർത്ഥ ക്രിസ്തുവിനെ കണ്ടെത്തില്ല. അതുകൊണ്ട് വള്ളത്തിന്റെ വലത്തുഭാഗത്ത് വലയെറിയുക എന്ന അപരിചിതന്റെ ഉപദേശം കേൾക്കാൻ തക്കവിധം എളിമയും തുറവിയുമുണ്ടായിരുന്ന ശിഷ്യരെപ്പോലെ നമുക്ക് വർത്തിക്കാം. അങ്ങനെ ബെറോയായിലെ ക്രിസത്യാനികളെ തിരുലിഖിതം മാന്യന്മാരെന്ന് വിളിച്ചത് പോലെ (അപ്പ 17:11) ജീവന്റെ പുസ്തകത്തിൽ നമ്മെയും മാന്യന്മാരെന്ന് വിളിക്കാൻ നാം അർഹരാകട്ടെ!
Comments