top of page
  • അനു

"ആദിമസഭ സിനഡാത്മകതയുടെ ശരിയായ മാതൃക"

ബ്രദർ അനു സി.

നെയ്യാറ്റിൻകര രൂപത


“ഒരുമിച്ചു യാത്ര ചെയ്യുക എന്നതാണ്. തീർഥാടകയും പ്രേഷിതയുമായ സഭയുടെ യഥാർഥ സ്വഭാവം (Preparatory Document (PD), 1). രണ്ടാം വത്തിക്കാൻ കൗൺസിൽ മുന്നോട്ടുവച്ച “നവീകരണം, ഒരുമിച്ചുള്ള യാത്രയിലൂടെയും ഒരുമിച്ചുള്ള പരിചിന്തനത്തിലൂടെയുമാണ് സാധ്യമാകുന്നത്. അത് 'കൂട്ടായ്മ'യിൽ ജീവിക്കാനും 'പങ്കാളിത്തം' സാധ്യ മാക്കാനും പ്രേഷിതദൗത്യത്തോട് തുറവിയുള്ളതായിരിക്കാനും സഭയെ സഹായിക്കും (PD, 1).


ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ "മൂന്നാം സഹസ്രാബ്ദത്തിലെ സഭയിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്നത് അവളുടെ സുനഹദോസാത്മകതയാണ്." ഇന്നത്തെ സഭയ്ക്ക് സൂനഹദോസാ ത്മക സഭയുടെ (Synodal Church) മാതൃക എന്താണെന്ന് ചോദിച്ചാൽ അത് ആദിമസഭയാണെന്ന് സംശയലേശമന്യേ പറയാനാകും. അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ 2018-ൽ ഫ്രാൻസിസ് പാപ്പയുടെ അംഗീകാരത്തോടെ പുറത്തിറക്കിയ 'സിനഡാലിറ്റി ഇൻ ദ ലൈഫ് ആൻഡ് മിഷൻ ഓഫ് ദ ചർച്ച്' എന്ന രേഖയും ഇപ്പോഴത്തെ സിനഡിന്റെ മുന്നോടിയായി പുറത്തിറക്കിയ പ്രിപ്പറെയ്റ്ററി ഡോക്യുമെന്റും (PD) സൂനഹദോസാത്മക സഭയുടെ ഉദാഹരണമായി നല്കിയിരിക്കുന്നതും പ്രധാനമായി ആദിമ സഭയാണ്.


യഥാർഥത്തിൽ, സൂനഹദോസാത്മകത ആദിമസഭയുടെ കണ്ടുപിടുത്തമായിരുന്നില്ല. അത് ലോക സൃഷ്ടി മുതൽ ദൈവത്തിന്റെ പദ്ധതിയിലുണ്ടായിരുന്നതാണ്. പഴയനിയമത്തിൽതന്നെ പലയിടങ്ങളിലും അതിന്റെ പ്രാഥമികഭാവങ്ങൾ കാണാവുന്നതുമാണ്. ദൈവത്തിന്റെ ഈ പദ്ധതി യേശുവിന്റെ വരവിലൂടെ കൂടുതൽ സുവ്യക്തമായി. അവിടന്ന് തന്റെ പെസഹാരഹസ്യത്തിലൂടെ തന്നിൽ വിശ്വസിക്കുന്നവരെയെല്ലാം ഒന്നിച്ചു ചേർത്തു. തീർഥാടകൻ തന്നെയായ യേശുനാഥനാണ് ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നതും (ലൂക്കാ 4:14-15; 8:1, 9:57, 13:22, 19:11) 'ദൈവത്തിന്റെ വഴി' പഠിപ്പിക്കുന്നതും (ലൂക്കാ 20:21) അതിലേക്കുള്ള പാത ചൂണ്ടിക്കാണിക്കുന്നതും (ലൂക്കാ 9:51-19:28). യഥാർഥത്തിൽ, യേശു തന്നെയാണ് പിതാവിലേക്ക് നയിക്കുന്ന വഴി (യോഹ 14:6). എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ യാത്ര (ലൂക്കാ 24:13 -35), തന്റെ വചനത്താൽ പ്രകാശിപ്പിക്കുകയും ജീവന്റെ അപ്പത്താൽ പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഉത്ഥിതനായ കർത്താവിനാൽ നയിക്കപ്പെടുന്ന ദൈവജനമാകുന്ന സഭയെ സൂചിപ്പിക്കുന്നു.


ആത്മീയവരങ്ങൾ ആദിമസഭയിൽ


ആദിമസഭയിൽ നിന്നുള്ള മാതൃകയിലേക്ക് കടക്കുംമുമ്പ് സഭയിൽ നല്കപ്പെട്ടിട്ടുള്ള ആത്മീയവരങ്ങളെപ്പറ്റി (ദാനങ്ങൾ, ശുശ്രൂഷകൾ, പ്രവൃത്തികൾ മനസ്സിലാക്കുന്നത് തുടർന്നുള്ള വിചിന്തനത്തിന് ഉപകരിക്കും. കാരണം, ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാ വിശ്വാസികൾക്കും വിവിധങ്ങളായ രീതിയിൽ നല്കപ്പെടുന്ന ഈ ആത്മീയ വരങ്ങളാണ് സൂനഹദോസാത്മകതയുടെ അടിസ്ഥാനം. യേശുക്രിസ്തുവിന് പിതാവിൽനിന്ന് ലഭിച്ച പരിശുദ്ധാത്മാവിന്റെ ശക്തിയായ 'അധികാരം' ഉത്ഥാനശേഷം അവിടന്ന് അപ്പസ്തോലന്മാർക്കും നല്കി (മത്താ. 28:19-20). കർത്താവിന്റെ ഈ അധികാരം വിവിധ ആത്മീയവരങ്ങളിലൂടെയാണ് സഭയിൽ പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ഏക ശരീരം പടുത്തുയർത്തുന്നതിന് പരിശുദ്ധാത്മാവാണ് ഈ വരദാനങ്ങൾ ദൈവജനത്തിന്റെ മേൽ വർഷിക്കുന്നത്. അതിനാൽ, ജ്ഞാനസ്നാനം സ്വീകരിച്ച് സഭയിൽ അംഗങ്ങളായിരിക്കുന്ന എല്ലാവരും ഇക്കാര്യത്തിൽ പരസ്പരം പരിഗണിക്കുകയും സഹവർത്തിത്വത്തിൽ ആയിരിക്കുകയും വേണം. കാരണം, ഓരോരുത്തർക്കും പൊതുനന്മയ്ക്കുവേണ്ടിയാണ് ഈ ദാന ങ്ങൾ നല്കപ്പെടുന്നത് (1 കൊറി 12:4-11, 29 -30, എഫേ 4:7) എന്ന് ആദിമസഭയ്ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു.


ആദിമസഭയുടെ മാതൃക


ആദിമസഭയിലെ സൂനഹദോസിന്റെ മാതൃകയിലേക്ക് വരാം. പെന്തക്കോസ്താദിനം സഭയുടെമേൽ വർഷിക്കപ്പെട്ട പരിശുദ്ധാത്മാവാണ് അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളെയും വിശ്വാസിസമൂഹത്തെയും നയിച്ചിരുന്നത്. ശിഷ്യന്മാർ തങ്ങളുടെ ദൗത്യങ്ങൾ നിർവഹിക്കുന്നതിലും പോകേണ്ട വഴികൾ തീരുമാനിക്കുന്നതിലും പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കണമായിരുന്നു (അപ്പ. 5:19-21, 910, 20:22). മറ്റുദാഹരണങ്ങളാണ് “ആത്മാവും ജ്ഞാനവും" നിറഞ്ഞ ഏഴുപേരെ അപ്പസ്തോലന്മാർ തിരഞ്ഞെടുത്ത് അവരെ "മേശകളിൽ ശുശ്രൂഷിക്കുന്ന" ഉത്തരവാദിത്തം ഏല്പിക്കുന്നതും (അപ്പ 6:1-6) വിജാതീയരുടെ ഇടയിൽ പ്രേഷിത ദൗത്യം നടത്തുന്നതിനെപ്പറ്റിയുള്ള ചോദ്യവും അതിനുകൈക്കൊണ്ട് തീരുമാനവും (അപ്പ 10).


ജറുസലേം കൗൺസിൽ


ഈ ചോദ്യം പിന്നീട് 'ജറുസലേമിലെ അപ്പസ്തോലിക കൗൺസിൽ' എന്ന് പാരമ്പര്യം വിളിക്കുന്ന ജറുസലേം കൗൺസിൽ കൈകാര്യം ചെയ്യുന്നുണ്ട് (അപ്പ് 15; ഗലാ 2:1-10). ഇവിടെയാണ് സൂനഹദോസ് സംഭവം വ്യക്തമായി നാം കാണുന്നത്. അതായത്, ഉത്ഥിതനായ ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ പ്രകാശിതരായി, സഭയുടെ പ്രേഷിതദൗത്യത്തെ അടിസ്ഥാനമാക്കി തന്റെ വിളി ജീവിക്കുന്ന അപ്പസ്തോലിക സഭയെ നാം ഇവിടെ കാണുന്നു.


ഈ സൂനഹദോസിന്റെ വ്യക്തമായ വിവരണ ത്തിലേക്ക് നമുക്ക് കടക്കാം. വിജാതീയരെ സഭയിലേക്ക് സ്വീകരിക്കുന്നതിനെപ്പറ്റിയും അവർ പരിച്ഛേദനം സ്വീകരിക്കണമോ വേണ്ടയോ എന്നുമുള്ള വിവാദം അന്തോക്യായിലെ സഭയിലുണ്ടായപ്പോൾ അവർ തീരുമാനിച്ചത് "ജറുസലേമിൽ അപ്പസ്തോലന്മാരുടെയും ശ്രേഷ്ഠന്മാരുടെയും പക്കലേക്ക്" പോയി ഇക്കാര്യം ചർച്ച ചെയ്യാനാണ് (അപ്പ 15:2). അതിനായി പൗലോസിനെയും ബർണബാസിനെയും മറ്റു ചിലരെയും നിയോഗിച്ചു. ജറുസലെമിലെ സഭയും അപ്പസ്തോലന്മാരും ശ്രേഷ്ഠന്മാരും അവരെ സ്വീകരിച്ചു. ദൈവം തങ്ങൾ മുഖാന്തരം പ്രവർത്തിച്ചതെല്ലാം ബർണബാസും പൗലോസും അവരെ അറിയിച്ചു. തുടർന്ന് സജീവവും തുറന്നതും നീണ്ടതുമായ ഒരു വാദപ്രതിവാദം നടന്നു (15:7). പിന്നെ അവർ പ്രത്യേകിച്ച്, പത്രോസിന്റെ അധികാരത്തോടെയുള്ള സാക്ഷ്യവും വിശ്വാസപ്രഖ്യാപനവും ശ്രവിച്ചു (15:7-12). ജറുസലേമിലെ സഭയുടെ തലവനായ യാക്കോബ് അപ്പസ്തോലൻ വിജാതീയരുടെ ഇടയിൽ സംഭവിച്ചവയെ ദൈവത്തിന്റെ സാർവത്രിക രക്ഷാകര പദ്ധതിയെപ്പറ്റിയുള്ള പ്രവചനങ്ങളുടെ വെളിച്ചത്തിൽ വ്യാഖ്യാനിച്ചു (ആമോ 9:11-12, അപ്പ് 15:14-18). അവസാനം തന്റെ തീരുമാനം രൂപവത്കരിക്കുന്നതോടൊപ്പം, വിജാതീയർ പാലിക്കേണ്ട ചില പെരുമാറ്റച്ചട്ടങ്ങളും യാക്കോബ് അപ്പസ്തോലൻ നല്കി (15:19-21).


തുടർന്ന് അവർ കൗൺസിലിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ വിശദീകരണവും പിൻതുടരേണ്ട നടപടിക്രമങ്ങളും ഉൾക്കൊള്ളുന്ന കത്ത് നല്കുവാൻ ചില പ്രതിനിധികളെ തിരഞ്ഞെടുത്ത് അയയ്ക്കുന്നു. (15:23-29). അയയ്ക്കപ്പെട്ടവർ കത്ത് അന്തോക്യായിലെ സഭയിൽ നല്കുകയും അവിടെ വായിക്കുകയും അവർ സന്തോഷപൂർവം അത് സ്വീകരിക്കുകയും ചെയ്തു (അപ്പ് 15:30 -31).


ഓരോരുത്തരും വ്യത്യസ്തമായ ഭാഗഭാഗിത്വവും സംഭാവനകളുമാണ് നല്കുന്നതെങ്കിലും "എല്ലാവരും" "സജീവമായി" കൗൺസിലിൽ പങ്കെടുക്കുന്നു. ജറുസലേമിലെ "മുഴുവൻ" സഭയോടുമാണ് വിവാദവിഷയം അവതരിപ്പിക്കപ്പെട്ടത് (15:12). "മുഴുവൻ" സഭയും ഈ ചർച്ചയിൽ ഉടനീളം സന്നിഹിതരായിരിക്കുകയും അവസാനം കൈക്കൊണ്ട തീരുമാനത്തിൽ പങ്കുകൊള്ളുകയും ചെയ്തു (15:22). തീരുമാനം കൈക്കൊണ്ടത് ജറുസലേമിലെ സഭയുടെ തലവനായ യാക്കോബ് അപ്പസ്തോലനാണെങ്കിലും ആത്യന്തികമായി പരിശുദ്ധാത്മാവിലൂടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. അതുകൊണ്ട് അപ്പസ്തോലൻ ഇപ്രകാരം കത്തിൽ എഴുതി: “പരിശുദ്ധാ താവിനും ഞങ്ങൾക്കും തോന്നി” (15:28). ജറുസലേമിലെ സഭ "മുഴുവൻ" ഈ തീരുമാനം അംഗീകരിച്ചു (15:28), ശേഷം അന്തോക്യായിലെ സഭയും (15:30-11).


ദൈവത്തിന്റെ പ്രവർത്തി നല്കിയ സാക്ഷ്യത്തിലൂടെ പരിശുദ്ധാത്മാവിനെ എല്ലാവരും കേൾക്കുകയും ഓരോരുത്തരും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്നു. തുടക്കത്തിൽ വ്യത്യസ്തങ്ങളായിരുന്ന അവ പതിയെ ഏകാഭിപ്രായത്തിലേക്കു നീങ്ങുന്നു (15:25).


ജറുസലേം കൗൺസിൽ എപ്രകാരം നടത്തി എന്നുള്ളത്, ഓരോ വ്യക്തിക്കും പ്രത്യേകം സ്ഥാനവും ഭാഗഭാഗിത്വവുമുള്ള, ക്രമവും ആലോചനയുമുള്ള ഒരു പാതയിലൂടെ ദൈവജനം മുന്നോട്ടു സഞ്ചരിക്കുന്നതിന്റെ ജീവിക്കുന്ന ഉത്തമ ഉദാഹരണമാണ്. മൂന്നാം സഹസ്രാബ്ദത്തിലെ സഭയിൽ നിന്ന് ദൈവം ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. ഓരോരുത്തരും പരസ്പരം കേൾക്കപ്പെടുകയും ഒരുമിച്ച് പരിശുദ്ധാത്മാവിനെ കേൾക്കുകയും ശരിയായി വിവേചിച്ചറിയുകയും ചെയ്യുന്ന ഒരുമിച്ചുള്ള യാത്രയാണ് ഇന്നത്തെ സഭയ്ക്ക് ആവശ്യം. സഭയും സൂനഹദോസും രണ്ടല്ല. വിശുദ്ധ ജോൺ ക്രിസോസ്തോം പറയുന്നതുപോലെ “സഭയും സൂനഹദോസും പര്യായങ്ങളാണ്."

47 views0 comments
bottom of page