top of page

വെഞ്ചിരിച്ച കുരുത്തോലകൾ എന്തു ചെയ്യണം?

  • Writer: Editor
    Editor
  • Mar 25, 2018
  • 1 min read

ഈശോയുടെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ അനുസ്മരണമായ ഓശാന ഞായറാഴ്ച ദേവാലയങ്ങളിൽ നിന്ന് നമ്മുക്ക് കുരുത്തോലകള്‍ ലഭിക്കുന്നു. ഇവക്ക് നാം നല്‍കുന്ന സ്ഥാനം എന്താണ്? ലഭിക്കുന്ന കുരുത്തോലകള്‍ അലക്ഷ്യമായി വലിച്ചെറിയുകയാണോ നാം ചെയ്യുന്നത്? എങ്കില്‍ നാം അറിയേണ്ട വളരെ വലിയ സത്യമുണ്ട്. വിശുദ്ധ കുര്‍ബാന മദ്ധ്യേ വൈദികന്‍ കുരുത്തോല വെഞ്ചരിച്ചു കഴിയുമ്പോള്‍ അത് വിശുദ്ധ വസ്തുവായി മാറുന്നു. അതിനാൽ നമ്മുടെ ഭവനത്തിലെ മറ്റു സാധാരണ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതുപോലെ വെഞ്ചരിച്ച കുരുത്തോലകൾ കൈകാര്യം ചെയ്യരുത്. കാനോൻ നിയമപ്രകാരം പൂജിത വസ്തുക്കൾ ഒരിക്കലും വഴിയിൽ ഉപേക്ഷിക്കാനോ മാലിന്യത്തിൽ നിക്ഷേപിക്കാനോ പാടില്ല (cf. #1171). അതായത് വിശുദ്ധ വസ്തുക്കൾക്കുതകുന്ന വിധത്തിലുള്ള ബഹുമാനത്തോടെ വേണം കുരുത്തോലകള്‍ കൈകാര്യം ചെയ്യുവാൻ. പ്രാർത്ഥനാമുറിയിലെ തിരുസ്വരൂപങ്ങളുടെ കൂടെ വേണം കുരുത്തോലകള്‍ പ്രതിഷ്ഠിക്കാൻ. അങ്ങനെ വെഞ്ചരിച്ച കുരുത്തോലകൾ വീടിന് സംരക്ഷണവും ഒരു അലങ്കാരമായി തീരുന്നു. അതുപോലെ തന്നെ വിശുദ്ധവാരത്തിന്റെ അനുസ്മരണം, വർഷം മുഴുവൻ നിലനിർത്തുന്ന ഉപാധിയായും കുരുത്തോലകൾ മാറുന്നു. അതേ സമയം മുന്‍വര്‍ഷങ്ങളിലെ കുരുത്തോലകളുടെ കാര്യവും നാം പരിഗണിക്കേണ്ടതുണ്ട്. ഭൂമിയിൽ അലക്ഷ്യമായി വലിച്ചിടാതെ ഏറ്റവും ശ്രദ്ധയോടെ വേണം ഇവ കൈകാര്യം ചെയ്യുവാന്‍. ഒന്നെങ്കില്‍ ഏറെ വിശുദ്ധമായ സ്ഥലത്തു അത് സൂക്ഷിക്കുക, അല്ലെങ്കില്‍ കത്തിച്ചു കളയുകയോ കുഴിച്ചുമൂടുകയോ ചെയ്യുക. ഇതിനും തയാറല്ലെങ്കില്‍ കുരുത്തോലകള്‍ ഇടവക വൈദികനെ തിരിച്ചേല്പിക്കുക. തുടർന്നു വരുന്ന വർഷം, വിഭൂതി തിരുനാളിനോടനുബന്ധിച്ച് ചാരം തയ്യാറാക്കാൻ അവ ഉപയോഗിച്ചേക്കാം.

Comments


bottom of page