top of page
  • Writer's pictureEditor

50 നോമ്പോ 40 നോമ്പോ? ഏതാണു ശരി?


ഈസ്റ്റര്‍ ആഘോഷത്തിനു ഒരുക്കമായി നടത്തപ്പെടുന്ന വലിയ നോമ്പ് പൗരസ്ത്യ സഭകളില്‍ 50 ദിവസവും റോമന്‍ കത്തോലിക്കാ സഭയില്‍ (ലത്തീന്‍ സഭ) 40 ദിവസവുമായിട്ടാണ് ആചരിക്കപ്പെടുന്നത്. അതില്‍ ശരിതെറ്റുകളേക്കാള്‍ സഭകളുടെ പാരമ്പര്യത്തിനാണു പരിഗണന കൊടുക്കേണ്ടത്.

റോമന്‍ കത്തോലിക്കാ സഭയില്‍ വിഭൂതി ബുധന്‍ മുതല്‍ നോമ്പ് ആരംഭിക്കുമ്പോള്‍ വിഭൂതി ബുധനു മുന്‍പു വരുന്ന തിങ്കള്‍ മുതലാണ് സീറോ മലബാര്‍ സഭയിലും മലങ്കര സഭയിലും നോമ്പാചരണം തുടങ്ങുന്നത്. 50 നോമ്പ് എന്നു പറഞ്ഞുപോരുന്നതുകൊണ്ട് 50 ദിവസം തികയ്ക്കുവാനുള്ള ഒരു ക്രമീകരണം ആയിരിക്കണം അത്. എന്നാല്‍ പ്രസ്തുത തിങ്കള്‍ മുതല്‍ വലിയ ശനിവരെ എണ്ണിയാലും 48 ദിവസമേ ആകുന്നുള്ളു. പേതൃത്തയും (നോമ്പിന്‍റെ തലേദിനം) ഈസ്റ്റര്‍ ഞായറുംകൂടി പരിഗണിക്കേണ്ടിവരും 50 നോമ്പ് എന്നു പറയാന്‍.

എന്നാല്‍ റോമന്‍ കത്തോലിക്കാ സഭയിലെ പാരമ്പര്യമനുസരിച്ച് വിഭൂതി ബുധന്‍ മുതല്‍ വലിയ ശനി വരെയുള്ള 40 ദിനങ്ങളാണ് നോമ്പുകാലമായി ആചരിക്കുന്നത്. ഞായര്‍ കര്‍ത്താവിന്‍റെ ദിവസം ആയതുകൊണ്ട് (ആഴ്ചയിലെ ആദ്യദിനമായ ഉത്ഥാനദിനം) ഇതിനിടയില്‍ വരുന്ന 6 ഞായറാഴ്ചകള്‍ നോമ്പുദിനങ്ങളായി കൂട്ടാറില്ല. (ഇക്കാരണത്താലാണ് ഞായറാഴ്ചകളില്‍ വിശുദ്ധരുടെ സ്മരണാദിനങ്ങള്‍ വന്നാലും ലത്തീന്‍ സഭയില്‍ ഇടവകതിരുനാളൊഴികെയുള്ള തിരുനാളാചരണം അടുത്ത ദിവസത്തേക്കു മാറ്റിവയ്ക്കുന്നത്.) ഞായറാഴ്ച നോമ്പുദിനമായി കണക്കാക്കുന്നില്ല എന്നുകരുതി അന്ന് നോമ്പാചരണം ഒഴിവാക്കാം എന്നര്‍ഥമില്ല.

വിഭൂതി ബുധന്‍ മുതല്‍ വലിയ ശനി വരെയുളള 40 ദിവസങ്ങള്‍ കഴിഞ്ഞുവരുന്ന ദിവസമാണ് റോമന്‍ കത്തോലിക്കാ സഭയില്‍ ഈസ്റ്ററായി ആചരിക്കുന്നത്.

യേശു മരൂഭൂമിയില്‍ 40 ദിവസം ഉപവസിച്ചതിന്‍റെ സ്മരണയിലാണ് സഭയില്‍ നോമ്പാചരണം ആരംഭിച്ചത് എന്നതുകൊണ്ട് 40 ദിവസത്തെ നോമ്പാചരണം എന്ന പാരമ്പര്യം വേദഗ്രന്ഥ പാരമ്പര്യത്തോടും ചേര്‍ന്നു നില്ക്കുന്നു.

മേല്പറഞ്ഞതുകൂടാതെ, ഒട്ടേറെ പ്രത്യേകതകള്‍ 40 എന്ന സംഖ്യക്കു ബൈബിള്‍ നല്കുന്നുണ്ട്.

1. നോഹയുടെ കാലത്തെ വെള്ളപ്പൊക്കം 40 ദിനം നീണ്ടുനില്ക്കുന്നുണ്ട് (ഉല്പ 7:12).

2. ഈജിപ്തില്‍ നിന്നും ഒളിച്ചോടുന്ന മോശ 40 വര്‍ഷങ്ങളാണ് മിദിയാനില്‍ ആടുമേയിച്ചു നടക്കുന്നത് (അപ്പപ്ര 7:30).

3. 10 കല്പന ഏറ്റുവാങ്ങുംമുമ്പ് മോശ സീനായ് മലമുകളില്‍ 40 രാവും പകലും പ്രാര്‍ഥനയില്‍ ചെലവഴിക്കുന്നുണ്ട് (പുറ 24:18).

4. മോശ ഇസ്രായേല്‍ ജനത്തിനുവേണ്ടി 40 ദിവസങ്ങള്‍ ദൈവത്തോടു മധ്യസ്ഥപ്രാര്‍ഥന നടത്തുന്നുണ്ട് (നിയമാ 9:18).

5. ഇസ്രായേല്‍ ജനം കാനാന്‍ ദേശം ഒറ്റുനോക്കാനായി 40 ദിവസമാണെടുക്കുന്നത് (സംഖ്യ 13:25).

6. ഇസ്രായേല്‍ ജനം 40 വര്‍ഷം മരുഭൂമിയില്‍ അലഞ്ഞുനടക്കുന്നുണ്ട് (നിയമാ 8:2-5).

7. ജസബെല്‍ രാജ്ഞിയില്‍നിന്നും രക്ഷപെട്ടോടുന്ന ഏലിയ 40 ദിവസമെടുത്താണ് ഹോറെബ് മലയിലെത്തുന്നത് (1രാജാ 19:8).

8. യേശു ഉത്ഥാനത്തിനുശേഷം 40 ദിവസങ്ങള്‍ കഴിഞ്ഞാണ് സ്വര്‍ഗാരോഹണം ചെയ്യുന്നത് (അപ്പപ്ര 1:3).


148 views0 comments
bottom of page