top of page
Writer's pictureEditor

യേശുവിനെ കൂടാതെ മറിയത്തിന് മറ്റു മക്കള്‍ ഉണ്ടായിരുന്നോ?


യേശുവല്ലാതെ മറിയത്തിനു മറ്റു മക്കള്‍ ഉണ്ടോ?

വിവിധ സഭകള്‍ തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഒരു വിഷയമാണിത്. എന്നാല്‍, പരിശുദ്ധ കന്യകാ മറിയത്തിനു മറ്റു മക്കളുണ്ടോ എന്നതിനെക്കുറിച്ച് വചനം എന്താണ് പറയുന്നതെന്നു ശ്രദ്ധിക്കാം. മുന്‍വിധി കൂടാതെ, യാഥാര്‍ത്ഥ്യത്തെ സമീപിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ഈ ലേഖനം വായനക്കാരുടെ മുന്നില്‍ സമര്‍പ്പിക്കുന്നത്. നിങ്ങള്‍ ഏതു സഭകളില്‍പ്പെട്ടവരാണെങ്കിലും ഇടുങ്ങിയ കാഴ്ചപ്പാടുകളില്‍നിന്നു പുറത്തുവന്ന് യാഥാര്‍ത്ഥ്യബോധത്തോടെ വചനത്തെ സമീപിച്ചാല്‍, അതു ഗ്രഹിക്കാനുള്ള പ്രകാശം പരിശുദ്ധാത്മാവ് നിങ്ങള്‍ക്കു പ്രദാനംചെയ്യും! ഓര്‍ക്കുക: അജ്ഞത ഒരു അനുഗൃഹമല്ല; ഇതറിയാവുന്ന സാത്താന്‍, സത്യം പലരില്‍നിന്നും മറച്ചുവച്ചിരിക്കുന്നു! പരിശുദ്ധ കന്യകയ്ക്കു വേറെയും മക്കളുണ്ട്! ഇതു വായിക്കുമ്പോള്‍ ആരും രോഷം കൊള്ളേണ്ട കാര്യമില്ല. കാരണം, വചനത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം സത്യമാണ്. ഇനി ആരൊക്കെയാണ് മറിയത്തിന്റെ മക്കള്‍ എന്നു നോക്കാം. വെളിപാടിന്റെ പുസ്തകം പന്ത്രണ്ടാം അദ്ധ്യായം പരിശോധിക്കുമ്പോള്‍, അതില്‍ ഒരു സ്ത്രീയെക്കുറിച്ച് വിവരിക്കുന്നുണ്ട്. "സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്സില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. അവള്‍ ഗര്‍ഭിണിയായിരുന്നു"(വെളി: 12; 1). ഈ സ്ത്രീ മറിയമാണെന്നുള്ള കാര്യത്തില്‍ സംശയമുള്ളവര്‍, അടുത്ത വചനഭാഗങ്ങള്‍ കൂടി വായിക്കണം. പിന്നീടുള്ള വചനത്തില്‍ അഗ്നിമയനായ ഒരു സര്‍പ്പത്തെക്കുറിച്ചു കാണാം. ഇവിടെ വചനം പറയുകയാണ്: "ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു; അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു; സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍. അവളുടെ ശിശു ദൈവത്തിന്റെയും അവിടുത്തെ സിംഹാസനത്തിന്റെയും അടുത്തേക്ക് സംവഹിക്കപ്പെട്ടു"(വെളി:12; 4, 5). യേശുവിനെക്കുറിച്ച് കേട്ടിട്ടുള്ള സകലര്‍ക്കും മനസ്സിലാകും, ആ സ്ത്രീയും ശിശുവും ആരാണെന്ന്! മറിയത്തെയും യേശുവായും കുറിച്ചാണ് ഇവിടെ വിവരിക്കുന്നതെന്നു മനസ്സിലാക്കാന്‍ കഴിയാത്തവര്‍ താഴോട്ടു വായിക്കുക.

ഒരിക്കല്‍ യേശു അവിടുത്തെ അമ്മയെ സ്ത്രീയെന്നു സംബോധന ചെയ്തതിനെ തെറ്റായി വ്യാഖ്യാനിക്കുന്ന ചിലരെങ്കിലും നമ്മുടെയിടയിലുണ്ട്. എന്നാല്‍, 'സ്ത്രീ' എന്നത് ഒരു പ്രവചനമാണെന്ന് നാം തിരിച്ചറിയണം. ഉല്‍പത്തിയുടെ പുസ്തകത്തില്‍ സര്‍പ്പത്തോട്‌ യാഹ്‌വെ പറയുന്നത് ശ്രദ്ധിക്കുക: "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും"(ഉല്‍പ:3;15). ഇത് ലോകത്തു ജനിക്കാന്‍പോകുന്ന മുഴുവന്‍ സ്ത്രീകളെയും അവരുടെ സന്തതികളെയും കുറിച്ചായിരുന്നുവെങ്കില്‍, തീര്‍ച്ചയായും ബഹുവചനത്തില്‍ പ്രവചിക്കുമായിരുന്നു! ഈ പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ് കന്യകാമറിയത്തിലും യേശുവിലും പൂര്‍ത്തിയാകുന്നത്. അമ്മയെ സ്ത്രീയെന്നു പരിചയപ്പെടുത്തിക്കൊണ്ട് പിതാവിന്റെ വാക്കുകളെ പുത്രന്‍ നമുക്കുമുന്നില്‍ സ്ഥിരീകരിക്കുകയാണ് ചെയ്തത്! ഈ കാര്യങ്ങളെക്കുറിച്ച് ആരംഭത്തില്‍തന്നെ ചിന്തിക്കുവാന്‍ ഒരു കാരണമുണ്ട്. വെളിപാടില്‍ പറഞ്ഞിരിക്കുന്ന സ്ത്രീ ആരാണെന്നതിലും തര്‍ക്കം നിലനില്‍ക്കുന്നു. ഇതു പരിശുദ്ധ കന്യകാ മറിയമാണെന്നു തിരിച്ചറിയുമ്പോള്‍ മാത്രമെ; ഈ അമ്മയുടെ മക്കളെ മനസ്സിലാവുകയുള്ളൂ. മറിയത്തിനു മഹത്വം ലഭിക്കരുതെന്ന് ആഗ്രഹിക്കുന്നവരും, ഈ ഉദ്ദേശത്തോടുകൂടി സഭകള്‍ തട്ടിക്കൂട്ടിയവരും ചില ബാലിശമായ വാദങ്ങള്‍ ഉന്നയിക്കാറുണ്ട്. ശിശുവിനെ പ്രസവിക്കുന്ന സ്ത്രീ ഇസ്രായേലിന്റെ പ്രതീകമാണെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. ജനിക്കുന്ന ശിശു യേഹ്ശുവായാണെങ്കില്‍, പ്രസവിച്ച സ്ത്രീ കന്യകാമറിയം ആണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടാ! വെളിപാടിലെ പന്ത്രണ്ടാം അദ്ധ്യായത്തിന്റെ അവസാനത്തില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "ദൈവകല്പനകള്‍ കാക്കുന്നവരും, യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരിക്കുന്നവരോടു യുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു"(വെളി: 12;17). ഇവിടെ വ്യക്തമാകുന്ന ഒരു കാര്യം, ദൈവത്തിന്റെ കല്പനയനുസരിച്ച് ജീവിക്കുകയും യേശുവിൻ്റെ ശുശ്രൂഷകരായിരിക്കുകയും ചെയ്യുന്ന എല്ലാവരും മറിയത്തിൻ്റെ മക്കളാണ്. മറിയത്തിനു യേശുവല്ലാതെ വേറെ മക്കളില്ലെന്നു ഇനിയാരും പറയരുത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, യേശുവിനുള്ള എല്ലാവരും മറിയത്തിന്റെ സന്താനങ്ങളാണ്. കന്യകാ മറിയത്തിന്റെ മക്കളല്ലാത്തവര്‍ക്ക് യേശുവിൻ്റെ സഹോദരങ്ങളാകുവാനോ അതുവഴി ദൈവത്തിന്റെ മക്കളാകുവാനോ കഴിയുകയില്ല എന്നു തന്നെയാണ് ഇതില്‍നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. വളരെ വ്യക്തമായ സത്യങ്ങള്‍പോലും മനുഷ്യരില്‍നിന്നു മറച്ചു വയ്ക്കപ്പെട്ടിരിക്കുകയാണ്. കാരണം, സത്യം അറിയരുതെന്ന് ആഗ്രഹിക്കുന്ന ശത്രുവായ സാത്താന്‍ അലറുന്ന സിംഹത്തെപോലെ ആരെ വിഴുങ്ങണം എന്നു തക്കം പാര്‍ത്തിരിക്കുന്നു. "ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ് അരിശംകൊണ്ട പിശാചു നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടുണ്ട്"(വെളി: 12; 12). ദൈവവചനം ഇത്ര കൃത്യമായി പറഞ്ഞിട്ടുണ്ടെങ്കിലും മറ്റുചില വചനങ്ങളെ തെറ്റായി പഠിച്ചവര്‍, അല്ലെങ്കില്‍ മറിയത്തിന്റെ കന്യകത്വത്തെ നിഷേധിക്കുന്ന സര്‍പ്പത്തിന്റെ പഠിപ്പിക്കലിനോട് ചേര്‍ന്നുനില്‍ക്കുന്ന ആളുകള്‍, യേശുവല്ലാതെ മറ്റു ചിലരെ കൂടി മറിയം പ്രസവിച്ചിട്ടുണ്ട് എന്ന് തര്‍ക്കിക്കാറുണ്ട്. ഇവരുടെ ന്യായവാദത്തെ ഉറപ്പിക്കാന്‍ ചില വചനങ്ങളും ഉപയോഗിക്കാറുണ്ട്. ആദ്യത്തെ മൂന്ന് സുവിശേഷകരുടെയും പുസ്തകത്തില്‍ ഒരു പ്രത്യേക സംഭവത്തെ വിവരിക്കുന്നത് വായിക്കാന്‍ കഴിയും. സംഭവം ഇങ്ങനെയാണ്, യേശു ജനക്കൂട്ടത്തെ പഠിപ്പിച്ചു കൊണ്ടിരിക്കെ, പുറത്തുനിന്നു ഒരുവന്‍ വന്നു പറയുന്നു; `നിന്റെ അമ്മയും സഹോദരങ്ങളും കാണാന്‍ വന്നിരിക്കുന്നു`. ഈ വചനമാണ് മറിയത്തിന്റെ മക്കള്‍ എന്ന ആശയത്തിലേക്ക് നയിച്ചത്. എന്നാല്‍, ഒരുകാര്യം ചിന്തിക്കാം! നമ്മുടെ മാതാപിതാക്കളുടെ സഹോദരങ്ങള്‍ക്ക് മക്കള്‍ ഉണ്ടെന്നിരിക്കട്ടെ! അവരെയും നാം സഹോദരങ്ങളായി പരിഗണിക്കാറില്ലേ? മാത്രവുമല്ല, ഇസ്രായേല്‍ ജനം പരസ്പരം തങ്ങള്‍ സഹോദരങ്ങളായി അംഗീകരിച്ചിരുന്നു. ഈ ഒറ്റ വചനം കൊണ്ടുമാത്രം മറിയത്തിന് വേറെയും മക്കളുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുമോ?

മറിയത്തിനു സഹോദരി ഉണ്ടായിരുന്നവെന്ന് വചനം പറയുന്നുണ്ട്. നേരിട്ടുള്ള സഹോദരിയാണോ എന്നു വ്യക്തമാക്കിയിട്ടില്ല. "യേശുവിൻ്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു"(യോഹ: 19; 25). ഈ സഹോദരിയുടെ മക്കളോ വി.യൗസേപ്പിന്റെ സഹോദരങ്ങളുടെ മക്കളോ ആകാം.

ഈ വചനത്തില്‍തന്നെ മറ്റൊരു സത്യവുംകൂടി തെളിഞ്ഞു നില്‍പ്പുണ്ട്; കുരിശിനരികെ 'അവന്റെ അമ്മയും അമ്മയുടെ സഹോദരിയും' എന്ന് പറഞ്ഞിരിക്കുന്നതു തന്നെയാണ് ഈ സത്യം! ചരിത്രം അറിയാവുന്നവര്‍ക്കും അതിനു ശ്രമിക്കുന്നവര്‍ക്കും വ്യക്തമായി അറിയാന്‍ സാധിക്കുന്ന ഒരുകാര്യമാണ്, മറിയത്തിന്റെ മാതാപിതാക്കളായ 'ജോവാക്കിം-ഹന്നാ' ദമ്പതികള്‍ക്ക് മറിയമല്ലാതെ മറ്റൊരു മകനോ മകളോ ഉണ്ടായിരുന്നില്ല എന്നത്. പിന്നെ എങ്ങനെയാണ് സലോമി മറിയത്തിന്റെ സഹോദരി ആകുന്നത്?! ഇതിനുള്ള ഉത്തരം പൂര്‍വ്വപിതാവായ അബ്രാഹം നല്‍കും! അബ്രാഹം തന്റെ സഹോദരന്റെ പുത്രനെപ്പോലും സഹോദരന്‍ എന്നു വിളിക്കുന്നത് ബൈബിളില്‍ വായിക്കാന്‍ കഴിയും. "അബ്രാം ഭാര്യ സാറായിയെയും സഹോദരപുത്രന്‍ ലോത്തിനെയും കൂടെക്കൊണ്ടുപോയി"(ഉല്‍പത്തി: 12; 5). മറ്റൊരു വചനം ശ്രദ്ധിക്കുക; "അബ്രാം ലോത്തിനോടു പറഞ്ഞു: നമ്മള്‍ തമ്മിലും നമ്മുടെ ഇടയന്മാര്‍ തമ്മിലും കലഹമുണ്ടാകരുത്. കാരണം, നമ്മള്‍ സഹോദരന്മാരാണ്"(ഉല്‍പത്തി: 13; 8). സ്വന്തം മാതാപിതാക്കള്‍ക്കു ജനിച്ചവരല്ലെങ്കിലും സഹോദരങ്ങളുടെ മക്കളും തലമുറകള്‍പോലും സഹോദരങ്ങളെന്നു വിളിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ദൈവവചനത്തിലൂടെ അനേകം തെളിവുകള്‍ കണ്ടെത്താന്‍ കഴിയും! യേശുവിൻ്റെ സഹോദരങ്ങള്‍ എന്ന് യഹൂദര്‍ പറഞ്ഞ ആളുകളെക്കുറിച്ച് ബൈബിളില്‍തന്നെ പരിശോധിക്കുമ്പോള്‍ ഇവര്‍ എപ്രകാരമുള്ള സഹോദരങ്ങളാണെന്നു വ്യക്തമാകുന്നുണ്ട്. യേഹ്ശുവായുടെ സഹോദരങ്ങളായി പറയപ്പെടുന്നവരെ ശ്രദ്ധിക്കുക: "ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസേ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ?"(മര്‍ക്കോ: 6; 3). ഈ വ്യക്തികളില്‍ ചിലരെ മറ്റുചില വചനങ്ങളില്‍ പരിചയപ്പെടുത്തുന്നത് ശ്രദ്ധിക്കുമ്പോള്‍ കാര്യം മനസ്സിലാകും. യേശുവിൻ്റെ കുരിശുമരണം കണ്ടുകൊണ്ട് നിന്നവരെക്കുറിച്ചു വചനം പറയുന്നതു നോക്കുക: "മഗ്ദലേനമറിയവും യോസേയുടെയും ചെറിയയാക്കോബിന്റെയും ആമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു"(മര്‍ക്കോ:15;40). യോസേയുടെയും യാക്കോബിന്റെയും അമ്മ ആരാണെന്ന് ഇതു വായിക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ കഴിയേണ്ടതാണ്.

ചരിത്രത്തെക്കുറിച്ച് വേണ്ടവിധം അവബോധമില്ലാത്തവര്‍ വചനം വ്യാഖ്യാനിക്കുകയും, സത്യം അന്വേഷിച്ചറിയാതെ അവ ഏറ്റുപിടിക്കുകയും ചെയ്തതുവഴി ഉണ്ടായ ദുരന്തമാണ് ഇത്തരം വാദങ്ങള്‍ക്ക് കാരണമായത്. മറിയത്തിനു വേറെയും മക്കള്‍ ഉണ്ടായിരുന്നെങ്കില്‍, യേശുവിൻ്റെ മരണ സമയത്ത് മറിയത്തെ യോഹന്നാനു അമ്മയായി നല്‍കുമായിരുന്നോ? യോഹന്നാനു സ്വന്തം അമ്മയുണ്ടെന്നു വചനത്തിലൂടെ നമുക്കറിയാം. പിതാവിന്റെ പേര് സെബദിയെന്നാണെന്നും കാണാം. ബൈബിള്‍ പറയുന്നു: "അപ്പോള്‍മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു"(യോഹ: 19; 27). സ്വന്തം മക്കള്‍ ജീവിച്ചിരിക്കുമ്പോള്‍; ഏതെങ്കിലും അമ്മ മകന്റെ സ്നേഹിതന്റെ വീട്ടില്‍ താമസമാക്കാന്‍ കൂട്ടാക്കുമോ? ശേഷിക്കുന്ന മക്കളോട് യേശുവിനു താത്പര്യം ഇല്ലെന്നാണോ ചിന്തിക്കേണ്ടത്? ഒരിക്കലും യേശു അപ്രകാരം ചെയ്യില്ല. തന്റെ അമ്മ തനിച്ചാകുന്നതിലുള്ള വേദന കൊണ്ടാണെന്ന് ഒരുതരത്തില്‍ ചിന്തിക്കാം. മാത്രവുമല്ല, മറിയത്തിന്റെ സഹോദരിയായ സലോമിയുടെ (സ്വന്തം സഹോദരിയല്ല) പുത്രനായിരുന്നു യോഹന്നാന്‍.

ഇനി മറ്റൊരു രസകരമായ യാഥാര്‍ത്ഥ്യം നോക്കുക: മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ആറാമത്തെ അദ്ധ്യായം മൂന്നാം വാക്യം കണക്കിലെടുക്കുമ്പോള്‍, യേഹ്ശുവായെക്കൂടാതെ കുറഞ്ഞത് ആറു മക്കള്‍ക്കൂടി മറിയത്തിന് ഉണ്ടായിരിക്കണം. യാക്കോബ്, യോസേ,യൂദാസ്,ശിമയോന്‍ എന്നിവരുടെ പേരുകള്‍ പറയുന്നതുകൂടാതെ സഹോദരിമാരെക്കുറിച്ചും ബൈബിളില്‍ സൂചനയുണ്ടെന്നു നമുക്കറിയാം. കാരണം, മുകളില്‍ നാം കണ്ട വചനം തുടരുന്നത് ഇപ്രകാരമാണ്: "ഇവന്റെ സഹോദരിമാരും നമ്മുടെകൂടെയില്ലേ?"(മര്‍ക്കോ: 6; 3). സഹോദരിമാര്‍ എന്ന പ്രയോഗംതന്നെ ഒന്നിലധികം പേരെ സൂചിപ്പിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെങ്കിലും ഉണ്ടായിരുന്നുവെന്ന് ചിന്തിക്കാം. അതായത്, ആറു സഹോദരങ്ങള്‍ എങ്കിലും യേശുവിന് ഉണ്ടായിരുന്നുവെന്ന് ചിന്തിക്കേണ്ടിവരും! ഇനി വായനക്കാര്‍ തങ്ങളുടെ സാമാന്യബുദ്ധിയെങ്കിലും ഉപയോഗിക്കാന്‍ തയ്യാറാകുക.

ജറുസലേമില്‍ ആരാധനയ്ക്കു പോകുന്ന യേശുവിനെയും ജോസഫിനെയും മറിയത്തെയും നാം ബൈബിളില്‍ കാണുന്നുണ്ട്. ഇവിടെ അവരോടൊപ്പം മറ്റു മക്കളെ ആരെയും കാണുന്നില്ല! മറ്റു മക്കള്‍ ആ കാലയളവില്‍ ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവരും കൂടെയുണ്ടാകും എന്നത് യഹൂദരുടെ ആചാരങ്ങളും വിശ്വാസങ്ങളും അറിയാവുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാക്കാന്‍ കഴിയും.

വിമര്‍ശകര്‍ക്കും തര്‍ക്കക്കാര്‍ക്കും എന്തുമാകാം എന്നതിനാല്‍, ഇതിനുശേഷമാണ് സഹോദരങ്ങള്‍ ജനിച്ചത് എന്നും സമ്മതിച്ചുകൊടുത്തേക്കാം. ജറുസലേമില്‍ ആരാധനയ്ക്കു പോയതിനുശേഷം ഓരോ വര്‍ഷവും ഓരോ കുഞ്ഞുങ്ങളെ മറിയം പ്രസവിച്ചാല്‍തന്നെയും യേശുവിൻ്റെ കുരിശുമരണ സമയത്ത് ഇളയ സഹോദരന് (സഹോദരി) പതിമൂന്നു വയസ്സില്‍ക്കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയില്ല! കാരണം, യേശുവിനു പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് ദൈവാലയത്തില്‍വച്ച് അവിടുത്തെ കാണാതാകുന്നത്! പിന്നീട് തുടര്‍ച്ചയായി ഓരോ വര്‍ഷവും മറിയം പ്രസവിച്ചാല്‍, ഏഴാമത്തെ വര്‍ഷം ആറാമത്തെ കുഞ്ഞു ജനിക്കും. അതിന് ഒരു വയസ്സാകുമ്പോള്‍ യേശുവിൻ്റെ പ്രായം ഇരുപതായിരിക്കും. മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ യേശു കുരിശുമരണം വരിച്ചുവെന്ന് എല്ലാ ക്രിസ്ത്യാനികള്‍ക്കും അറിയാം. ഈ സമയത്ത് മറിയത്തിന്റെ ഇളയ കുഞ്ഞിന്‍റെ പ്രായം വെറും പന്ത്രണ്ടോ പതിമൂന്നോ വയസ്സായിരിക്കും ആയിരിക്കും!

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്, യോഹന്നാനോടൊപ്പം പോകാന്‍ തയ്യാറാകുന്ന ഒരു സ്ത്രീയെ യേശുവിനു ജന്മം നല്‍കാന്‍ യാഹ്‌വെ തിരഞ്ഞെടുക്കുമോ? പാപികളെപ്പോലും സ്നേഹിക്കുകയും അവരോടു കരുണകാണിക്കുകയും ചെയ്യുന്ന യേശു, അവിടുത്തെ കുഞ്ഞുസഹോദരങ്ങളെ അനാഥരാക്കിക്കൊണ്ട് തെറ്റായ മാതൃക നല്‍കുമോ? ജറുസലേമില്‍വച്ച് യേശുവിനെ കാണാതാകുന്ന മറിയം എത്രമാത്രം ദുഃഖിതയായി എന്നകാര്യം ബൈബിളിലുണ്ട്. മറിയത്തിന്റെ വാക്കുകള്‍ നോക്കുക: "മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്‌ക്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു"(ലൂക്കാ: 2; 48).ഏതൊരു അമ്മയുടെയും വേദനയാണ് നാം ഈ വചനത്തില്‍ കാണുന്നത്.

ഇനി വിഷയം പരിശോധിക്കാം: പെന്തക്കോസ്തുവാദം മുഖവിലയ്ക്ക് എടുത്താല്‍, യേശു അവിടുത്തെ ശിഷ്യനായ യോഹന്നാനു മറിയത്തെ അമ്മയായി നല്‍കുകയും മറിയത്തിനു മകനായി യോഹന്നാനെ നല്‍കുകയും ചെയ്യുമ്പോള്‍, പറക്കമുറ്റാത്ത പ്രായത്തിലുള്ള സഹോദരങ്ങള്‍ യേശുവിനുണ്ടെന്നു കരുതേണ്ടിവരും! അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു"(യോഹ: 19; 27). മറിയത്തെ മാത്രമല്ല, യേശുവിനെയും നീതിരഹിതനായി ചിത്രീകരിക്കാനുള്ള സാത്താന്റെ കൗശലം പെന്തക്കൊസ്തുകാരിലൂടെ അവന്‍ നടപ്പാക്കുകയാണ്!

എന്നാല്‍, അതിനെല്ലാം ഉപരിയായി ഈ സംഭവത്തിന് വലിയൊരു പ്രാധാന്യം ഉണ്ട്. വെളിപാടിലെ പന്ത്രണ്ടാം അദ്ധ്യായം, ഇതുമായി ചേര്‍ത്തു വായിക്കുമ്പോള്‍ ആ പ്രാധാന്യം മനസ്സിലാകും.

ദൈവത്തിൻ്റെ കല്പനകള്‍ കാക്കുന്നവരും, യേശുവിനു സാക്ഷികളുമായ എല്ലാവര്‍ക്കുമായിട്ടാണ് മറിയത്തെ അമ്മയായി നല്‍കിയത്. അതുപോലെ, യേശു അധികം സ്നേഹിക്കുന്നവര്‍ക്കാണ് അമ്മയെ കിട്ടിയത്. മറിയത്തെ ഭവനത്തില്‍ സ്വീകരിക്കുന്നവര്‍ക്ക് യേശുവിൻ്റെ സഹോദരനും സഹോദരിയും ആകാന്‍ സാധിക്കും. ദൈവവചനത്തിലൂടെ മറിയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മറ്റു ചില കാര്യങ്ങള്‍കൂടി മനസ്സിലാകും. ഒരിക്കല്‍ യേശു പറഞ്ഞു: "സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും,ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്"(ലൂക്ക: 7; 28). സ്നാപകനെക്കുറിച്ചുള്ള സാകഷ്യത്തിലാണ് യേശു ഇതു വ്യക്തമാക്കുന്നത്. തോബിത്തിന്റെ പുസ്തകത്തില്‍, ദൈവദൂതനായ റഫായേല്‍ പറയുന്നു: "ഞാന്‍ റഫായേലാണ്; വിശുദ്ധരുടെ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുകയും പരിശുദ്ധനായവന്റെ മഹത്വത്തിന്റെ സന്നിധിയിൽ പ്രവേശിക്കുകയും ചെയ്യുന്ന ഏഴു വിശുദ്ധ ദൂതന്മാരില്‍ ഒരുവന്‍"(തോബിത്: 12; 15). ഈ രണ്ടു വചനങ്ങളില്‍നിന്നും ഒരുകാര്യം വ്യക്തമാകുന്നുണ്ട്. സ്വര്‍ഗ്ഗരാജ്യത്തെ മാലാഖമാരില്‍ ഉന്നതരായ ഏഴു പേരുണ്ട്. മിഖായേല്‍ മാലാഖയെ ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നുണ്ടല്ലോ. ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭു എന്നാണ് മിഖായേലിനെ സൂചിപ്പിക്കുന്നത് (ദാനിയേല്‍: 12; 1). ദൈവത്തിന്റെ ദൂതുമായി വരുന്ന, മറ്റൊരു പ്രധാന ദൂതനാണ് ഗബ്രിയേല്‍!! ഇവര്‍ മൂന്നുപേരും സ്വര്‍ഗ്ഗരാജ്യത്തിലെ പ്രധാന ദൂതന്മാരാണ്. ഇവരില്‍ ഒരുവനായ ഗബ്രിയേല്‍, മറിയത്തിനു മുന്‍പില്‍ നിന്നുകൊണ്ട് പറയുന്നു: "ദൈവകൃപ നിറഞ്ഞവളെ! സ്വസ്തി! കർത്താവ് നിന്നോടുകൂടെ!"(ലൂക്കാ: 1; 28). സ്വര്‍ഗ്ഗരാജ്യത്തിലെ പ്രധാനികളില്‍ ഒരുവനായ ഗബ്രിയേല്‍, മറിയത്തിനു സ്വസ്തി പറഞ്ഞുവെങ്കില്‍, എന്തു കൊണ്ട് മനുഷ്യന് അതു പാടില്ല?

"പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല"(മത്താ: 1; 25). ഈ വചനത്തെ ചിലര്‍ വ്യാഖ്യാനിക്കുന്നത്; പ്രസവശേഷം അറിഞ്ഞുവെന്നാണ്! ഈ വചനത്തിന് അത്തരത്തില്‍ ഒരു വ്യാഖ്യാനമുണ്ടോ?

യേശുവിൻ്റെ സഹോദരങ്ങള്‍ എന്നു വചനം പരിചയപ്പെടുത്തുന്ന വ്യക്തികളില്‍ ആരെയെങ്കിലും മറിയത്തിന്റെ മക്കളെന്നു വെളിപ്പെടുത്തുന്ന ഭാഗമുണ്ടോ?

ഉയിര്‍പ്പിക്കപ്പെട്ട യേശു മഗ്ദലേനമറിയത്തിനു പ്രത്യക്ഷനായി പറയുന്നത് നോക്കുക: "എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എൻ്റെ സഹോദരന്മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്‍റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക. മഗ്ദലേനമറിയം ചെന്ന് ഞാന്‍ യേശുവിനെ കണ്ടു എന്നും അവന്‍ ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരെ അറിയിച്ചു"(യോഹ: 20; 17, 18).സഹോദരന്മാരെ അറിയിക്കുവാന്‍ യേശു നിര്‍ദ്ദേശിച്ചപ്പോള്‍, അവള്‍ പോയി ശിഷ്യരെ അറിയിച്ചത് എന്തുകൊണ്ടായിരിക്കാം? യേശുവിൻ്റെ സഹോദരങ്ങളെക്കുറിച്ച് അവള്‍ക്കു നല്ല ബോധ്യം ഉണ്ടായിരുന്നതുകൊണ്ടുതന്നെ!

ഇനിയും ഒരു തെളിവുകൂടി ബൈബിളില്‍നിന്നു നല്‍കാം: അപ്പസ്തോലനായ പൌലോസിന്റെ വാക്കുകള്‍ നോക്കുക: "യേശുവിൻ്റെ സഹോദരനായ യാക്കോബിനെയല്ലാതെ അപ്പസ്തോലന്മാരില്‍ മറ്റാരെയും ഞാന്‍ കണ്ടില്ല"(ഗലാ: 1; 19). യേശുവിൻ്റെ ശിഷ്യന്മാരില്‍ ഒരുവനാണ് ഈ യാക്കോബ് എന്നകാര്യം അപ്പസ്തോലന്‍ എന്ന സംബോധനയിലൂടെ വ്യക്തമാകുന്നുണ്ട്. അപ്പസ്തോലന്മാരില്‍ രണ്ടു യാക്കോബുമാരുണ്ടായിരുന്നു എന്ന് വചനത്തിലൂടെ നമുക്കറിയാം. ഒന്നാമന്‍ യോഹന്നാന്റെ സഹോദരനും സെബദി-സലോമി ദമ്പതികളുടെ പുത്രന്മാരില്‍ ഒരുവനുമായ യാക്കോബ്. രണ്ടാമന്‍ ഹെല്‍പയുടെ പുത്രനായ യാക്കോബ്. ഈ യാക്കോബിനെ ചെറിയ യാക്കോബ് എന്നും വിളിക്കാറുണ്ട്. അപ്പസ്തോലന്മാരില്‍ മറ്റൊരു യാക്കോബ് ഇല്ലെന്നു വചനം വായിച്ചിട്ടുള്ള എല്ലാവര്‍ക്കും അറിയാം (മത്താ: 10; 1-4). പൗലോസ് പറയുന്ന ഈ യാക്കോബ് ഒരു ലേഖനം എഴുതിയിട്ടുണ്ടെന്നു നമുക്കറിയാമല്ലോ! ഈ ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്: "ദൈവത്തിന്റെയും യേശുവിൻ്റെയും ദാസനായ യാക്കോബ്, വിജതിയരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്ക് എഴുതുന്നത്"(യാക്കോ: 1; 1). പൌലോസ് അപ്പസ്തോലന്‍ പറഞ്ഞ, യേശുവിൻ്റെ സഹോദരനും അപ്പസ്തോലനുമായ യാക്കോബ് എപ്രകാരമുള്ള സഹോദരനാണെന്ന് മനസ്സിലാക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇതിലപ്പുറമൊരു തെളിവിന്റെ ആവശ്യമില്ല. കാരണം, ഈ യാക്കോബുമാരില്‍ ആരുടേയും പിതാവിന്റെ പേര് ജോസഫ് എന്നല്ല! ഈ രണ്ടുപേരെക്കൂടാതെ മറ്റു യാക്കോബുമാര്‍ അപ്പസ്തോലന്മാരുടെ ഗണത്തില്‍ ഇല്ലാത്തതുകൊണ്ടും, പൗലോസ് കണ്ടുവെന്നു പറയുന്ന യാക്കോബ് യേശുവിൻ്റെ സഹോദരനും അപ്പസ്തോലനും ആയതുകൊണ്ടും, ഈ രണ്ടുപേരില്‍ ഒരുവനെയാണ് പൗലോസ് കണ്ടത്! ഇവരുടെ ആരുടേയും പിതാവ് ജോസഫ് അല്ല. ഒരുവന്റെ പിതാവ് സെബദിയും മറ്റൊരുവന്റെ പിതാവ് ഹെല്‍പയുമാണ്‌!

ഇനി, മറ്റൊരു ലേഖനത്തിന്റെ രചയിതാവായ യൂദാസിനെ പരിചയപ്പെടുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകും. യൂദാസ് ലേഖനം ആരംഭിക്കുന്നത് നോക്കുക: "യേശുവിൻ്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാസ്, പിതാവായ ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നവരും യേശുവിനുവേണ്ടി കാത്തുസൂക്ഷിക്കപ്പെടുന്നവരുമായ വിളിക്കപ്പെട്ടവര്‍ക്ക് എഴുതുന്നത്"(യൂദാസ്:1;1). യൂദാസ് യോഹന്നാന്റെ സഹോദരനായ യാക്കോബിന്റെയല്ല; മറിച്ച്, ചെറിയ യാക്കോബിന്റെ സഹോദരനാണെന്നു മനസ്സിലാക്കാനും 'ഐന്‍സ്റ്റിന്റെ' ബുദ്ധിയൊന്നും ആവശ്യമില്ല! ഈ വചനങ്ങളില്‍നിന്നെല്ലാം വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്.

1. ദൈവത്തിന്റെ കല്പനകള്‍ കാക്കുകയും യേശുവിനു സാക്ഷിയാകുകയും ചെയ്യുമ്പോള്‍ മറിയത്തിന്റെ മക്കളാകും.

2. യേശുവിനെ സ്നേഹിക്കുന്നവര്‍ക്കെല്ലാം മറിയത്തെ അമ്മയായി ലഭിക്കും.

3. യേശുവിന് ള്ളവര്‍ മറിയത്തെ ഭവനത്തില്‍ സ്വീകരിക്കും.

4. മറിയത്തിന്റെ സമീപത്തേക്കു സാത്താനു സമീപിക്കാന്‍ കഴിയാത്തതു കൊണ്ട്; മറിയം ഭവനത്തിലുണ്ടെങ്കില്‍ നാം സംരക്ഷിക്കപ്പെടും.

നമുക്കും ദൈവത്തിന്റെ കല്പനകള്‍ കാത്ത്, യേശുവിന് സാക്ഷിയായി, പരിശുദ്ധ കന്യകാ മറിയത്തിന്റെ മക്കളാകാം!!! അമ്മയെ നമ്മുടെ ഭവനത്തില്‍ സ്വീകരിക്കാം!

308 views0 comments
bottom of page