top of page

എന്തുകൊണ്ടാണ് യേശുവിനെ 'ക്രിസ്തു' എന്നു വിളിക്കുന്നത്?

Writer's picture: EditorEditor

'യേശു, ക്രിസ്തു ആകുന്നു' എന്ന് ലോകത്തിന് വെളിപ്പെടുത്തിയത് ആരാണ്? യേശുവിന്‍റെ പിറവിയെപ്പറ്റി മാലാഖ ആട്ടിടയന്‍മാരെ അറിയിച്ചത് ഇപ്രകാരമായിരുന്നു: "ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു." അതിനാൽ പിതാവായ ദൈവം തന്നെയാണ് നസ്രത്തിലെ യേശു, കർത്താവായ ക്രിസ്തുവാണെന്ന്, മാലാഖ വഴി ലോകത്തെ അറിയിച്ചത്. ക്രിസ്തു എന്ന പദം 'ക്രിസ്തോസ്' എന്ന ഗ്രീക്ക് വാക്കില്‍ നിന്നു വരുന്നു. ഗ്രീക്കിലെ ക്രിസ്തോസ് എന്ന വാക്കിനും ഹീബ്രുവിലെ 'മിശിഹാ' എന്ന വാക്കിനും 'അഭിഷേകം ചെയ്യപ്പെട്ടവന്‍' എന്നാണര്‍ത്ഥം. ഇസ്രായേലില്‍ പ്രത്യേകമായ ഒരു ദൗത്യത്തിനായി ദൈവത്തിനു സമര്‍പ്പിതരായവര്‍ അവിടുത്തെ നാമത്തില്‍ അഭിഷിക്തരായിരുന്നു. രാജാക്കന്മാരും, പുരോഹിതന്‍മാരും, ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രവാചകന്‍മാരും ഈ അഭിഷേകം സ്വീകരിച്ചിരുന്നു. തന്‍റെ രാജ്യം എന്നേക്കുമായി സ്ഥാപിക്കുവാന്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ട മിശിഹായെ സംബന്ധിച്ചിടത്തോളം ഈ അഭിഷേകം സര്‍വോപരി അന്വര്‍ത്ഥമാണ്. രാജാവും, പുരോഹിതനും, പ്രവാചകനുമായി കര്‍ത്താവിന്‍റെ ആത്മാവിനാല്‍ യേശു അഭിഷിക്തനാകുക ആവശ്യമായിരുന്നു. ഈ മൂന്നു ധര്‍മങ്ങളും നിര്‍വഹിച്ചു കൊണ്ട് ഇസ്രായേലിന്‍റെ മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷ യേശു സഫലമാക്കി. ആരംഭം മുതലേ യേശുവിനെ നാം ദര്‍ശിക്കുന്നത് 'പിതാവു വിശുദ്ധീകരിച്ചു ലോകത്തിലേക്ക് അയച്ചവനും', 'മറിയത്തിന്‍റെ കന്യോദരത്തില്‍' പരിശുദ്ധനായി ജനിച്ചവനുമായിട്ടാണ്. പരിശുദ്ധാത്മാവില്‍ നിന്നു ജനിച്ചവനെ ഗര്‍ഭം ധരിച്ചിരുന്ന മറിയത്തെ ഭാര്യയായി സ്വീകരിക്കുവാന്‍ ജോസഫ് ദൈവത്താല്‍ വിളിക്കപ്പെട്ടു. അങ്ങനെ 'ക്രിസ്തു' എന്നു വിളിക്കപ്പെടുന്ന യേശു, ജോസഫിന്‍റെ ഭാര്യയില്‍ നിന്ന്‍, ദാവീദിന്‍റെ മെസ്സയാനിക പരമ്പരയില്‍ ജനിച്ചു. യേശു, ക്രിസ്തു ആകുന്നു. കാരണം, ദൈവം അവിടുത്തെ പരിശുദ്ധാത്മാവു കൊണ്ടും ശക്തികൊണ്ടും അഭിഷേകം ചെയ്തു (cf:അപ്പ 10:38). യേശുവിന്റെ സനാതന മെസയാനികാഭിഷേകം അവിടുത്തെ ഭൗമിക ജീവിതകാലത്ത് സ്പഷ്ടമായത് സ്നാപക യോഹന്നാനില്‍ നിന്ന് അവിടുന്ന് മാമ്മോദീസ സ്വീകരിച്ചപ്പോളാണ്. ആ സന്ദര്‍ഭത്തില്‍ ദൈവം അവിടുത്തെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു. യേശു 'ദൈവത്തിന്‍റെ പരിശുദ്ധന്‍' ആകുന്നുവെന്ന് അവിടുത്തെ വാക്കുകളും പ്രവൃത്തികളും വെളിപ്പെടുത്തുന്നു.

'യേശു ക്രിസ്തു ആകുന്നു' എന്ന ഹ്രസ്വമായ ഫോര്‍മുല ക്രൈസ്തവവിശ്വാസത്തിന്‍റെ കേന്ദ്രം പ്രകാശിപ്പിക്കുന്നു. ക്രിസ്തു എന്ന പേരില്‍ നിന്നാണ് 'ക്രിസ്ത്യാനി' എന്ന് ഒരുവന്‍ വിളിക്കപ്പെടുന്നുന്നത്. എത്രയോ ഉന്നതമായ ഒരു വിളിയാണത്. നമ്മുടെ ഈ വിളിയുടെ മഹത്വം നാം തിരിച്ചറിയാറുണ്ടോ? യേശുവിനെ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും പ്രഘോഷിക്കുവാൻ ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നു. തന്നെ മിശിഹായായി അംഗീകരിച്ച് ഏറ്റുപറഞ്ഞ പത്രോസിന്‍റെ വിശ്വാസ പ്രഖ്യാപനം യേശു സ്വീകരിച്ചുവെങ്കിലും, അവിടുത്തെ പുനരുത്ഥാനത്തിനു ശേഷമാണ് യേശുവിന്റെ മെസയാനിക രാജത്വം ദൈവജനത്തോടു പ്രഘോഷിക്കുവാന്‍ പത്രോസിനു സാധിച്ചത്. അതിനാൽ ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ അവിടുത്തെ 'ഉത്ഥാനത്തിന്റെ' ശക്തിയാൽ നിറയഞ്ഞ് സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവാനുള്ള കൃപ ലഭിക്കുന്നതിനുവേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

50 views0 comments
bottom of page