ചീഫ് എഡിറ്റര്
എൻ്റെ പിറകെ നടക്കരുത്. ഞാന് നിങ്ങളെ ഒരിക്കലും നയിക്കുകയില്ല. എൻ്റെ മുന്നിലും നടക്കരുത്. ഞാന് നിങ്ങളെ പിന്തുടരുകയില്ലു. എന്നോടൊപ്പം നടക്കൂ. എന്നിട്ട് എന്നെ സുഹൃത്താക്കൂ”. ഫ്രഞ്ച് തത്വചിന്തകനായ അല്ബേര് കാമുവിൻ്റെ വാക്കുകള് ക്രിസ്തുശിഷ്യൻ്റെ വഴിയിലെ തെളിനീരാണ്. കൂടെ നടക്കുവാന് - മുന് പിന് അവകാശവാദങ്ങള്ക്ക് പ്രസക്തിയേകാതെ -- പ്രശ്നരഹിതനായി തുല്യതയുടെ മകുടവാഹകരാകാന് ആദ്യനാലുശിഷ്യന്മാരെ യേശു വിളിക്കുന്നു. (മത്തായി 4:18-22). വള്ളവും വലയും ബന്ധുജനങ്ങളും യേശുവിൻ്റെ വിളി തിരസ്ക്കരിക്കാനുള്ള കാരണമായില്ല. അതുകൊണ്ടുതന്നെ മനുഷ്യരെ തേടിയുളള യാത്രക്ക് അത് ശുഭാരംഭമായി, ദൈവപുത്രനിലലിഞ്ഞു ചേര്ന്നുള്ള ജീവിതത്തിൻ്റെ തുടക്കവും. നെഞ്ചിനുള്ളില് വര്ണ്ണോജ്ജലമായ വികാരവായ്പോടെ സമര്പ്പിക്കപ്പെടുന്ന വിശ്വാസത്തിൻ്റെ തീക്ഷ്ണതയായി അതുമാറി എന്നതും അത്ഭു
തകരമല്ല.
കണ്ണുകണ്ടിട്ടില്ലാത്തതും കാതുകേട്ടിട്ടില്ലാത്തതുമായവ ഉണ്ട് എന്നും അവ ലഭിക്കുമെന്ന ഉറപ്പുമാണ് വിശ്വാസം (ഹ്രെബാ.11:1). വിശ്വാസം പ്രത്യാശ നല്കുന്നു. ക്രിസ്തുവില് ജീവിക്കുന്നവന് വീണ്ടെടുപ്പിൻ്റെ പ്രത്യാശാനുഭവം ലഭിക്കുമെന്ന ഉറപ്പിക്കലാണ് ഉത്ഥാനം. യേശുവിൻ്റെ മരണം നമ്മുടെയൊക്കെ പാപങ്ങളുടെ ആകെ തുകയായിരുന്നല്ലോ. നമ്മളവനിലേല്പിച്ച മാരകമുറിവുകളെ സ്വയംവഹിച്ച് മഹത്വവത്ക്കരിച്ചതാണ് ഉത്ഥാനം. മാലിന്യപൂര്ണ്ണമായ നമ്മുടെ ഹൃദയങ്ങള് ചുമലില് വഹിച്ചുകൊണ്ട് അവയ്ക്ക് പനിനീര്പുവിൻ്റെ നറുമണവും മാര്ദ്ദവത്വവും നല്കി, വെണ്ചേലയുടെ ശുഭ്രത നല്കി, വെണ്മേഘത്തിൻ്റെ പതുപതുപ്പേകി മഹത്വവത്ക്കരിച്ചതാണ് ഉത്ഥാനം. കൂടെ നടന്നവന് നമ്മെയും കൂടെ വഹിച്ചു എന്നുസാരം.
ഉത്ഥാന ദിനത്തില്, ഭീതിദായകമായ അന്തരീക്ഷത്തില് ജറുസലേമില് നിന്നും അറുപത് സ്താദിയോണ് ദൂരത്തിലേക്ക് (ഏകദേശം 11 കിലോമീറ്റര് ദൂരം ) രണ്ടുപേര് നടന്നുപോകുന്നുണ്ട് (ലൂക്ക 24:13-35). ക്ലയോഫാസും മറ്റൊരാളും. രണ്ടുപേരും ക്രിസ്തു അനുയായികളാണ്. പക്ഷെ കൂടെ നടക്കുന്നവനെ കണ്ടെത്താന് കഴിയാത്തവിധം അവരുടെ കണ്ണുകള് മൂടപ്പെട്ടിരുന്നു, തിരിച്ചറിവ് നശിച്ചിരുന്നു. സഹായാത്രിക ൻ്റെ വചനവ്യാഖ്യാനം പോലും ഒരുവ്യതിയാനവും ഉണ്ടാക്കിയില്ല. കണ്ണുകള് തുറക്കുന്നതിന് അപ്പം മുറിക്കേണ്ടി വന്നു. മുറിക്കപ്പെടല് ഒരനുഭവമായി. അന്ധതമാറിയവര് എമ്മാവുസില് നിന്നും ശീലം ശിഷ്യന്മാരുടെ അടുത്തേക്ക് മടങ്ങി. എമ്മാവൂസ് യാത്രയിലെ ത്രസിപ്പിക്കുന്ന അനുഭവം ഈ മടക്കയാത്രയാണ്. കൂടെ നടക്കുന്നവന് ഒപ്പമുണ്ടെന്ന, ഉണ്ടാകുമെന്ന പ്രത്യാശയാണ് ഈ മടക്കയാത്ര. അതൊരു പ്രഘോഷണമാണ്. അറിയുന്നതിനെക്കുറിച്ച് പറയുന്നതാണ
ല്ലോ പ്രഘോഷണം. ഉത്ഥിതന് നമുക്ക് നല്കുന്ന വെളിപാടും ഇതാണ്. എൻ്റെ സുഹൃത്തായ നീ എന്നെ പ്രഘോഷിക്കുക, കൂടെആയിരിക്കുക. അവസാന മണിക്കൂറില് ജോലിക്കെത്തുന്നവന് തുല്യനീതിയും തുല്യകൂലിയും (ലൂക്ക20:14) ലഭ്യമാക്കുന്ന സുവിശേഷാനുഭവമാണ് ഉത്ഥിതനേകുന്ന പ്രത്യാശ. ഒരു സുഹൃത്ദൈവം നമുക്കു ലഭ്യമാക്കുന്ന സവിശേഷമായ കരുതലാണ് അത്. യേശുവിൻ്റെ അതി വിശാലമായ മുന്തിരിതോട്ടത്തില് ആദ്യമണിക്കൂറില് തന്നെ എത്തിച്ചേരാനുള്ള വൃഗ്രതയോടെ, നമുക്കും കൂടെ നടക്കാം, ഉത്ഥിതരാകാം ഉയര്ത്തവന് നമുക്ക് ഉണര്വ്വേകട്ടെ ഉത്ഥാനാശംസകളോടെ.
ചീഫ് എഡിറ്റര്
Comments