പരിത്യാഗത്തിൻ്റെ കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പരിത്യാഗമെന്നാല്‍ മനസ്സിലുറച്ച് ഉദിച്ചു നില്‍ക്കുന്ന ഇഷ്ടങ്ങളെ ഉപേക്ഷിക്കുകയും ഇഷ്ടമില്ലാത്തതിനെ വാരിപുണരുകയും ചെയ്യുന്ന അവസ്ഥയാണല്ലോ. തൃജിക്കലിൻ്റെ ഉണര്‍ത്തുകളാണ് പരിത്യാഗത്തിനാധാരം. നോമ്പുകാലം പരിത്യാഗത്തിൻ്റെ മരുഭൂമിയിലേക്കാണ് നമ്മെ ആനയിക്കുന്നത്. ത്യാഗവും ത്ൃജിക്കലും ക്രിസ്തു ശിഷ്യൻ്റെ ആപ്തവാക്യങ്ങളാണ്. സ്വയം ഇല്ലാതായി മറ്റുള്ളതിന് വളമാകണം എന്ന ക്രിസ്ത്വനുഭവ സാക്ഷ്യപ്പെടുത്തലാണ് ഈ നോമ്പുകാലത്തില്‍ നമ്മുടെ വീഥികള്‍ക്ക് വിളക്ക്.
ജറീക്കോയിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന യേശു ചുങ്കക്കാരില്‍ പ്രധാനിയായ സക്കേവൂസിനെ കണ്ടുമുട്ടുന്നു. (ലൂക്ക 19:1-10). യേശുവിനെ കണ്ടറിഞ്ഞ് അനുഭവിച്ച സക്കേവൂസ് തനിക്കന്നു വരെ സന്തോഷമായിരുന്ന പലതിനെയും ഉപേക്ഷിക്കുന്നു. അവൻ്റെ തീരുമാനങ്ങള്‍ ക്രിസ്തു പാത തെരെഞ്ഞെടുക്കലിന്റേതാണ്. ക്രിസ്തുവിലൂടെ വഴി നടക്കുന്നവന്‍ “അന്‍പായ് തിനെ വലിച്ചെറിഞ്ഞ് യേശുവിന് ഇമ്പമുള്ളവനായി മാറും. അതൊരു പുതിയ അനുഭവത്തിൻ്റെ തുടക്കമാണ്. ദൈവത്തിൻ്റെ ഉള്ളംകൈയാല്‍ പൊതിയപ്പെടുന്ന സമ്പൂര്‍ണ്ണ സുരക്ഷിതത്വത്തിൻ്റെ അവസ്ഥ. മനം നിറയെ ദൈവവും കരം നിറയെ ദൈവീക കര്‍മ്മവും അനിര്‍ഗ്ഗളമായി കളകളാരവത്തോടെ സഹോദരനിലേക്ക് ഒഴുകിയിറങ്ങുന്ന നീര്‍ച്ചാലനുഭവമാണത്.
ബൈബിളിലെ മറ്റൊരു സംഭവം കൂടെ നമുക്കോര്‍ക്കേണ്ടതുണ്ട്. ധനികനായ ഒരു യുവാവ് യേശുവിനെ സമീപിച്ച് “നിത്യജീവന്‍ പ്രാപിക്കുന്നതിന് എന്താണു ചെയ്യേണ്ടത്” എന്നു ചോദിക്കുന്നു (ലൂക്ക 18:18-30). സ്വന്തമായവയെ എല്ലാം ദരിദ്രര്‍ക്കു വേണ്ടി ഉപേക്ഷിക്കാന്‍ യേശു അവനോട് ആവശ്യപ്പെട്ടു. വിഷണ്ണനായി മടങ്ങിപ്പോകുന്ന അവനെ നോക്കി യേശു പറഞ്ഞു “ധനികന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്രയോ അസാദ്ധ്യം" !! ഉപേക്ഷിക്കുവാന്‍ തയ്യാറാകുന്നവനേ ദൈവദര്‍ശനമുണ്ടാകു. ഈ നോമ്പുകാലം നമ്മിലുയര്‍ത്തുന്ന ചിന്തകളും ഉപേക്ഷിക്കലുകളുടേതാകണം. ഏറ്റവും ഇഷ്ടപ്പെട്ട ഒന്നോ, രണ്ടോ കാര്യങ്ങളെങ്കിലും മാറ്റിവയ്ക്കാന്‍ നമ്മള്‍ സന്നദ്ധരാകണം. ദൈവീകതയുടെ പുതിയ മാനങ്ങള്‍ നമ്മളും തേടണം.
നമ്മുടെ ഇടവകയില്‍ നോമ്പുകാലത്ത് നടത്തപ്പെടുന്ന “നോമ്പുകാല പരിത്യാഗ കാണിയ്ക്ക"യും നമ്മുടെ ഉപേക്ഷിക്കലുകളുടെ ആകെതുകയാകണം. ദിനംതോറും നമ്മള്‍ മാറ്റിവയ്ക്കുന്ന നമ്മുടെ ഇഷ്ടങ്ങള്‍ അതാത് ദിവസങ്ങളില്‍ ഈ കാണിയ്ക്കയില്‍ വീഴണം. അങ്ങനെ ഒരു ഭവനരഹിതൻ്റെ മോഹങ്ങള്‍ക്ക് നിറച്ചാര്‍ത്തേകുന്നവരായി നമുക്കും മാറാം.
വി.ജി.തമ്പിയുടെ “പഴയ മരുഭൂമിയും പുതിയ ആകാശവും” എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു പോലെ “യേശു എനിക്ക് ജീവിതം മുഴുവനും വായിച്ചെടുക്കാനുള്ള, പകര്‍ത്തി എഴുതാനുള്ള ഹൃദയ ഭേദകമായ കവിതയാണ്. ഏതൊരു നിസാര മനുഷ്യൻ്റെയും ജീവിതത്തെ സരളവും അഗാധവുമാക്കുന്ന ഇന്ദ്രജാലം”. ജീവിതത്തില്‍ ആശനശിച്ചവരുടെ, തകര്‍ന്നുപോയവരുടെ, ദു:ഖിതരുടെയൊക്കെ ഇന്ദ്രജാലമാണ് യേശു. ഈ നോമ്പുകാലത്തിലെ
ഇന്ദ്രജാലാനുഭവത്തിനായി നമുക്കും കൈകോര്‍ക്കാം...
ചീഫ് എഡിറ്റര്‍