top of page
  • Writer's pictureEditor

വിളികളെ തിരിച്ചറിയാം!സുജു. ഡി.ജെ


​ബാലനായ സാമുവേല്‍ കര്‍ത്താവി​ൻ്റെ​യും മനുഷ്യരുടേയും പ്രീതിയില്‍ വളര്‍ന്നുവന്നു (1 സാമുവല്‍:2-26). “സാമുവല്‍” എന്ന്‌​ ​വായിച്ച സ്ഥാനത്ത്‌ നമ്മുടെ ഓരോരുത്തരുടേയും മക്കളുടെ പേരുചേര്‍ത്ത്‌ വായിക്കാന്‍​ ​മോഹിക്കാത്തവരായി ആരുമുണ്ടാവുകയില്ലെന്നത്‌ പരമമായ സത്യംതന്നെ. പക്ഷെ ഈ​ ​വേഗതയാര്‍ന്ന കാലത്ത്‌ നാമെല്ലാവരും എന്തി​ൻ്റെയോ പുറകെ വേഗം പായുന്നതിനിടയില്‍ എവിടെയൊക്കെയോ കാലിടറുന്ന ഒരു​ ​പ്രതീതി.


സന്തതികള്‍ ദൈവത്തിനും സഹജീവികള്‍ക്കും പ്രിയങ്കരരായി വളരണം എന്ന അദമൃമായ ആഗ്രഹം സഫലമാക്കാനാകാത്തതി​ൻ്റെ നിരാശയിലാഴുന്നതിനുമുമ്പ്‌ എവിടെ?​ ആര്‍ക്കാണ്‌? കാലിടറുന്നത്‌ എന്ന ഒരു ചിന്തയില്‍ അല്‍പ്പനേരമായിരിക്കുന്നത്‌ നേര്‍വഴിയിലേക്കൊരു മിന്നല്‍ വെളിച്ചമായി മാറിയേക്കാം.


അവസാനത്തെ ന്യായാധിപനായ സാമുവലിനെത്തന്നെ ഇവിടെ ചൂണ്ടിക്കാട്ടാനായത്‌​ ​ഒരു നിയോഗമായി കരുതുന്നു. കാരണം പഴയനിയമത്തിലൂടെ സഞ്ചരിക്കുമ്പോള്‍ എന്നെ​ ​ഏറ്റവും സ്പര്‍ശിച്ച, എന്നും വെള്ളിത്തിരയിലെന്നപോലെ എ​ൻ്റെ​ മനസ്സില്‍ പതിഞ്ഞ ദൃശ്യം സാമുവലിനെ ദൈവം​ ​വിളിക്കുന്ന ആ​ ​ഭാഗം തന്നെയാണ്‌. ആ ഭാഗം എന്നെ ആകര്‍ഷിക്കുവാനും ധാരാളം കാരണങ്ങളുണ്ട്‌. ഇന്നത്തെ തലമുറ മാതാപിതാക്കളോടും പുരോഹിതരോടും ഗുരുസ്ഥാനീയരോടും പെരുമാറുന്ന രീതിയെപ്പറ്റിയും, വരുംതലമുറയുടെ ഭാവിയെപ്പറ്റിയും വാതോരാതെ പറയുകയും ആശങ്കപ്പെടുകയും ചെയ്യുന്ന മദ്ധ്യവയസ്കരുടേയും, അനുസരണത്തി​ൻ്റെയും ഭയഭക്തിയുടേയും ഗതകാലസ്മരണകള്‍ ആയവിറക്കികഴിഞ്ഞുകൂടുന്ന​ ​വൃദ്ധസമൂഹത്തി​ൻ്റെയും ഇടയിലാണ്‌ നാമിന്ന്‌. ഇവിടെ മുന്നുതരം കൂട്ടരെ​ ​നമുക്ക്‌ കാണാനാകും. ഒന്ന്‌, ഏറ്റവും അടക്കത്തോടും അനുസരണയോടും പുരോഹിതനായ ഏലിയുടെ കൂുടെയായിരുന്ന്‌ വിദ്യകള്‍ അഭ്യസിക്കുകയും, ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിശീലിക്കുന്ന സാമുവല്‍ എന്ന ബാലന്‍. രണ്ടാമതായി, കുടിച്ചും രമിച്ചും​ ​ഇഹലോക ജീവിതം മതിമറന്നാസ്വദിക്കുന്ന​ ​ഏലിയുടെ പുത്തന്മാര്‍ (ഇക്കൂട്ടരെ തത്കാലംവിസ്മരിക്കാം). അവസാനമായി തലമുറകള്‍​ ​കൊണ്ട്‌ ദൈവത്തി​ൻ്റെ അരുളപ്പാടുകള്‍ ശ്രവിച്ച്‌ ഇപ്പോള്‍ ജീവിതത്തി​ൻ്റെ സായാഹനത്തിലെത്തി നില്‍ക്കുന്ന ഏലി എന്ന ദൈവത്തി​ൻ്റെ പുരോഹിതന്‍.


ഇവിടെ “പുരോഹിതം” ​മാത്രം ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട മാതാപിതാക്കള്‍, ബന്ധുക്കള്‍, ഗുരുസ്ഥാനീയര്‍ എന്നിവരെ ഒരുഭാഗത്തും ഇന്നത്തെ കാലത്തി​ൻ്റെ വിളികളോട്‌​ ​ശരിയായ പ്രത്യുത്തരം നല്‍കാന്‍ പരിശീലനം ആഗ്രഹിച്ച്‌ കാത്തിരിക്കുന്ന നമ്മുടെ മക്കളേയും വിദ്യാര്‍ത്ഥി സമൂഹത്തേയും മറുഭാഗത്തും നമുക്കു നിറുത്താം. ഉദരത്തിലുരുവായതുമുതല്‍ സാമുവലിനു ലഭിച്ച ശിക്ഷണത്തി​ൻ്റെ​യും മാതാപിതാക്കളുടെ ദൈവാശ്രയത്തി​ൻ്റെയും ഫലമായിട്ടാവണം ഉറക്കത്തില്‍​ ​എവിടെനിന്നോ കേട്ട വിളിക്ക്‌ പ്രത്യുത്തരവുമായി അവന്‍ തൻ്റെ കാണപ്പെട്ട ദൈവമായ​ ​ഏലിയുടെ പക്കലേക്ക്‌ ഓടിയെത്തിയത്‌. ആ​ ​വരവില്‍ ഒരു ആത്മബന്ധം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. നമ്മുടെ മക്കള്‍ക്ക്‌ വീട്ടിലോ വിദ്യാലയങ്ങളിലോ തൊഴിലിടങ്ങളിലോ​ ​വച്ചുണ്ടാകുന്ന ഏതെങ്കിലുമൊരു നല്ലതോ​ ​ചീത്തയോ ആയ വിളികള്‍ക്ക്‌ സ്പഷ്ടീകരണത്തിനായി നമ്മുടെയടുക്കല്‍ വരാനുള്ള​ ​സ്വാതന്ത്ര്യം, അടുപ്പം, സ്നേഹം എന്നിവ​ ​നാം അവര്‍ക്ക്‌ നല്‍കിയിട്ടുണ്ടോ? ഇവിടെ മൂന്നുപ്രാവശ്യവും നീ പോയി​ ​ഉറങ്ങിക്കൊള്ളുക എന്നുപദേശിക്കുന്ന ഏലി വീണ്ടും തന്നെ​ ​സമീപിച്ച ത​ൻ്റെ മകനില്‍ എന്തോ ഒരു അസ്വഭാവികത കണ്ടപ്പോള്‍, അതി​ൻ്റെ ​പൊരുളിലേക്ക്‌ കടന്നുചെല്ലുകയും ശരിയായ അര്‍ത്ഥം​ ​ഗ്രഹിച്ച്‌ ആ വിളിയോട്‌ ശരിയായി പ്രത്യുത്തരിക്കുവാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു പിതൃതുല്യനെ നാമിവിടെ കാണുന്നു. ഈ വിളി താനി​ത്രയുംനാള്‍ വിശ്വസ്തതയോടും സ്നേഹത്തോടും സേവിച്ച സര്‍വ്വശക്തനായ പിതാവി​ൻ്റെതാണെന്നും അരുള്‍ചെയ്താലും അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു എന്ന്‌ പ്രത്യുത്തരിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ഒരു ഗുരുവിനെ, പിതാവിനെ, പുരോഹിതനെ ഇവിടെ നമുക്ക്‌ കാണാനാകും.​ ​ഇപ്രകാരം ശരിയും തെറ്റുമായ വിളികളെവിവേചിച്ചറിയുവാനും അത്‌ തങ്ങളുടെ മക്കളിലേക്ക്‌ പകര്‍ന്നു നല്‍കുവാനുമുള്ള കൃപലഭിച്ചവരായിമാറാനും മാതാപിതാക്കളായ​ നാമോരുരുത്തര്‍ക്കും പരിശ്രമിക്കാം. നല്ല വഴികാട്ടികളായി മാറാം. നമ്മുടെ മക്കള്‍ ന്യായാധിപന്മാരായിമാറും. തീര്‍ച്ച.

42 views0 comments

Comments


bottom of page